Wednesday, August 23, 2023

ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ മൗലവി

ആദരണീയനായ വി.എം മുഹമ്മദ് സലീം മൗലവി ഓര്‍‌മ്മയായിരിക്കുന്നു. ഏറെ വേദനയോടെയാണ്‌ ഇത് കുറിക്കുന്നത്.എമ്പതുകളിലാണ്‌ ഖത്തറില്‍ എത്തിയത്.എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഈ മഹാവൃക്ഷത്തണലില്‍ സം‌ഗമിക്കാന്‍ സൗഭാഗ്യം ലഭിച്ചത്.


ഖത്തറിന്റെ ഹൃദയമായി ഇന്ന്‌ അറിയപ്പെടുന്ന മുശേരിബില്‍ വെച്ചായിരുന്നു ആദ്യസമാഗമം.ഖത്തറില്‍ ഏറെ പ്രസിദ്ധമായ ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്‍ സം‌ഘടിപ്പിക്കുന്ന ഈദ് സൗഹൃദ സം‌ഗമത്തിലേക്കുള്ള ഒരു കവിതാവതരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍‌ശനം.തിരക്ക് പിടിച്ച അദ്ദേഹത്തിന്റെ ഒഴിവും സൗകര്യവും എന്റെ ജോലി ഒഴിവും എല്ലാം ഒത്തിണങ്ങുമ്പോഴൊക്കെ ഈ സന്ദര്‍‌ശനം തുടര്‍‌ന്നുപോന്നു സൗഹൃദവും.

വിവിധ ഭാഷകളും കലയും സാഹിത്യവും ചരിത്രവും ദര്‍‌ശനങ്ങളും എല്ലാം ചര്‍‌ച്ചയില്‍ വിഷയമാകുമായിരുന്നു.തന്നെ കാണാനെത്തുന്നവരുടെ അഭിരുചിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍‌ക്ക് മുന്‍‌തൂക്കം കൊടുക്കുന്നതായി രുന്നു അദ്ദേഹത്തിന്റെ പതിവ് എന്ന്‌ തോന്നി.ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷന്റെ മുശേരിബ് യൂണിറ്റിലൂടെയാണ്‌ അസോസിയേഷനിലെത്തിയത്.

പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള മഹദ് വ്യക്തിത്വങ്ങള്‍ പലരും മുശേരിബിലുണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.യോഗം ആരം‌ഭിക്കും മുമ്പ് തന്നെ അധികപേരും സന്നിഹിതരാകുമായിരുന്നു.പ്രാരം‌ഭത്തിലെ മൗലവിയുടെ ഖുര്‍‌ആന്‍ ക്ലാസ്സില്‍ നിന്നും ഒന്നും നഷ്‌ടപ്പെടാതിരിക്കാന്‍ ഓരോ അംഗവും ആഗ്രഹിച്ചിരുന്നു എന്നതാണ്‌ വാസ്‌‌തവം.ഭാഷാപരമായി വലിയ പ്രാവീണ്യം ഇല്ലാത്തവര്‍ പോലും മൗലവിയുടെ ആഴത്തിലും ഈണത്തിലും അതിലുപരി മനോഹരവുമായ മലയാള സാഹിത്യ ശൈലിയിലുമുള്ള മധുമൊഴിയില്‍ അലിഞ്ഞില്ലാതാകും.വിശുദ്ധ ഖുര്‍‌ആനും തദനുസാരമുള്ള ഭാഷാപഠനത്തിലും സാധാരണക്കാരില്‍ സാധാരണക്കാര്‍‌ക്ക് പോലും പ്രചോദനവും പ്രോത്സാഹനവുമായിരുന്നു മൗലവി. 

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച ദോഹ നഗരത്തിലെ മസ്‌ജിദുകളില്‍ പലതിനും ഇന്ന്‌ സ്ഥന ചലനം സം‌ഭവിച്ചിരിക്കുന്നു.മൗലവിയുടെ പഠന പരമ്പരകൊണ്ട് മലയാളികള്‍‌ക്കിടയില്‍ ഏറെ പ്രസിദ്ധമായിരുന്ന ദിവാന്‍ അമീരിക്ക് തൊട്ടടുത്തുള്ള വലിയപള്ളി പഴയകാല ഓര്‍‌മ്മകളുടെ സ്‌‌മാരകമാണ്‌.

ഒരു സമൂഹത്തെ ആസൂത്രിതമായി സം‌സ്‌‌കരിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം എഴുപതുകളില്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സ്വാധീനമുള്ള അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.പ്രാരം‌ഭ ഘട്ടം മുതല്‍ അസോസിയേഷന്റെ മുന്നണിപ്പോരാളികളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി. 

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം പ്രവാസലോകത്ത് അതിസങ്കീര്‍‌ണ്ണമായിരുന്നു. ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത  ഒരു വലിയ ജനക്കൂട്ടം.കേരളത്തിലങ്ങളമിങ്ങോളം തുഴതെറ്റിയ ഒട്ടേറെ ഇത്തരം ജീവിതങ്ങളെ ശാന്തസുന്ദരമായ തീരത്തെത്തിക്കുന്നതില്‍ അസോസിയേഷന്‍ വഹിച്ച പങ്ക് ചെറുതല്ല. ഇതിനെല്ലാം ദീര്‍‌ഘവീക്ഷണത്തോടെ നേതൃത്വം കൊടുത്ത മൗലവിയെപ്പോലുള്ളവരുടെ പ്രവര്‍‌ത്തനവും പ്രയത്നവും തൂലികയില്‍ ഒതുങ്ങുകയുമില്ല.

===========
ഒടുവിലത്തെ സമാഗമം 

2023 ഫിബ്രുവരി അവസാനവാരമായിരുന്നു മൗലവിയെ ഏറ്റവും ഒടുവില്‍ കാണാന്‍ കഴിഞ്ഞത്.അദ്ദേഹത്തെ സന്ദര്‍‌ശിക്കാന്‍ ലഭിച്ച അസുലഭാവസരമാണ്‌ പങ്കുവെക്കുന്നത്.

ടലഫോണ്‍ വഴി സന്ദര്‍‌ശനാനുവാദം ചോദിച്ചപ്പോള്‍ , സന്ദര്‍‌ശനം എന്ന്‌ അര്‍‌ധവിരാമത്തില്‍ നിശബ്‌ദമായ നിമിഷങ്ങള്‍.ഒരു സന്ദര്‍‌ശനം ഉദ്ദേശിച്ച് ഇത്രയും ദൂരമൊക്കെ വരേണ്ടതുണ്ടോ എന്നായിരുന്നു പിന്നത്തെ അന്വേഷണം.മൊറയുര്‍ പരിസരത്ത് നിന്നു തന്നെയാണ്‌ വിളിക്കുന്നത്.ഈ പ്രദേശത്ത് എത്തിയിട്ട് മൗലവിയെ കാണാതെ എങ്ങനെപോകും.എന്നൊക്കെ പറഞ്ഞപ്പോഴാണ്‌ ഒരു വിധത്തില്‍ സന്ദര്‍‌ശനത്തിന്‌ സമ്മതിച്ചത്.

വീട്ടിലെത്തി പൂമുഖ വരാന്തയില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു.താമസിയാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ  അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി.ആദ്യം എന്റെ മക്കളെ പരിചയപ്പെടുത്തി. മക്കളൊക്കെ കവിതയെഴുതുമോ എന്ന നര്‍‌മ്മഭാവത്തിലാണ്‌ സം‌സാരം തുടങ്ങിയത്. സ്‌നേഹാന്വേഷണങ്ങള്‍‌ക്ക് ശേഷം സന്ദര്‍‌ശകരെ തല്‍‌ക്കാലം അനുവദിക്കുന്നില്ലെന്ന വിവരം കാര്യകാരണ സഹിതം ഹ്രസ്വമായി അദ്ദേഹം വിശദീകരിച്ചു തന്നു.

ക്ഷണനേരം കൊണ്ട് എമ്പതുകളിലെ - തൊണ്ണൂറുകളിലെ ഖത്തര്‍ പ്രവാസകാലത്തെ അസോസിയേഷന്‍ വര്‍‌ത്തമാനങ്ങള്‍‌ക്ക് തുടക്കമിട്ടു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികളില്‍ വിശേഷപ്പെട്ട പലതും അദ്ദേഹം ഓര്‍‌ത്തെടുത്തു.ഇത്തരം സം‌വിധാനങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചവരേയും മൗലവി ഓര്‍‌ത്തെടുത്തു. തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള  കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് ഇന്ത്യന്‍ ഇസ്‌‌ലാമിക് അസോസിയേഷനായിരുന്നു.

ഇങ്ങനെ സം‌ഭാഷണം പടിപടിയായി നീണ്ടു കൊണ്ടിരിക്കെ കൂടുതല്‍ സമയം ഈ സാഹചര്യത്തില്‍ ചെലവഴിക്കേണ്ടതില്ലെന്നു ഇടക്ക് ഞാന്‍ സൂചിപ്പിച്ചു.

പ്രസന്നവദനനായിരുന്നുവെങ്കിലും അതിഥികള്‍‌ക്ക്‌ വേണ്ടി കൂടുതല്‍ ഇരുന്നു തരാനുള്ള ആരോഗ്യസ്ഥിതിയല്ല എന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടുത്ത വാരം മുതല്‍ ചികിത്സക്ക് വിധേയനാകുന്ന വിവരവും മൗലവി ഞങ്ങളോട്‌ പങ്കുവെച്ചു.ഇതിന്നിടെ ഞാന്‍ ഒന്നു പകര്‍‌ത്തിക്കോട്ടെ എന്നു പറഞ്ഞ് എ.വി.എം ഉണ്ണി ചിലത് വീഡിയോവില്‍ പകര്‍‌ത്തിക്കൊണ്ടിരിക്കേ അദ്ദേഹം വിശ്രമിക്കാനായി എഴുന്നേറ്റു.സ്നേഹസമ്പന്നനായ വ്യക്തിത്വത്തിന്റെ ഒരു വലിയ പണ്ഡിതന്റെ സാമിപ്യം തൊട്ടറിഞ്ഞ നിര്‍‌വൃതിയില്‍ ഞങ്ങള്‍ പടിയിറങ്ങി.

നാല്‌ പതിറ്റാണ്ടുകള്‍‌ക്ക്‌ മുമ്പ് മുശേരിബില്‍ വെച്ച് മൗലവിയെ കണ്ടു മുട്ടിയതും ഘട്ടംഘട്ടമായി മുശേരിബ് യൂണിറ്റ് അം‌ഗമായി അസോസിയേഷന്‍ അം‌ഗത്വമെടുത്തതും തൊണ്ണൂറുകളിലെ സര്‍‌ഗാത്മകമായ അജണ്ടകളും പദ്ധതികളും പരിപാടികളും അതിലെ പ്രവര്‍‌ത്തന നൈരന്തര്യവും എണ്ണപ്പെട്ട മുഹൂര്‍‌ത്തങ്ങള്‍ പോലും ശിലാലിഖിതങ്ങള്‍ പോലെ മനസ്സിലുണ്ട്.പ്രസ്ഥാന പ്രവര്‍‌ത്തന മാര്‍‌ഗത്തില്‍ ഇതു പോലെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ അപൂര്‍‌വമാണ്‌.

2021 ഏപ്രില്‍ മാസത്തില്‍  അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്‌ കീഴില്‍ നടത്തിയ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍ ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ സര്‍‌ട്ടിഫിക്കറ്റുകള്‍  ആദരണീയനായ മൗലവിയില്‍ നിന്നും സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായി.

ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ്  മുഹമ്മദ് സലീം മൗലവിയില്‍ നിന്ന്‌ തന്നെ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി മധുരം പോലെ അനുഭവപ്പെട്ടിരുന്നു.....

ധന്യമായ ഓര്‍‌മ്മകളുടെ ഓരോ പൊന്‍ തൂവലും വേവുന്ന മനസ്സോടെ തൊട്ട് തലോടുമ്പോള്‍ പ്രാര്‍‌ഥനകള്‍ ഉയരുന്നുണ്ട്‌.കണ്ണൂകള്‍ നനയുന്നുണ്ട്.നാഥാ നീ അനുഗ്രഹിക്കേണമേ..

=====
ഒരു പെരുന്നാളോഘഷപ്പൊലിമ 
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 2

ഓര്‍‌മ്മയായ മൗലവിയുമായി ബന്ധപ്പെട്ട് ഓര്‍‌ത്തെടുക്കാന്‍ തുടങ്ങിയാല്‍ തിട്ടപ്പെടുത്താന്‍ കഴിയില്ല.

തൊണ്ണൂറുകളിലെ അതീവ ഹൃദ്യമായ ഓര്‍‌മ്മ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഒരു പെരുന്നാളിനോടനുബന്ധിച്ച്‌ പ്രവാസിയുടെ വേപഥുകളെ ഹൃദയാവര്‍‌ജ്ജമാക്കി ഒപ്പിയെടുക്കുന്ന ഒരു നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌.അറക്കല്‍ ഖാലിദിന്റെതാണ്‌ നാടകം.എ.വി.എം ഉണ്ണി സം‌വിധാനവും.ഇതില്‍ ഒരു ഗാന രം‌ഗമുണ്ട്‌ . നിഷ്‌കളങ്കമായ സ്‌നേഹ സം‌ഗീതോപഹാരം സമര്‍‌പ്പിക്കും മട്ടിലാണ്‌ പ്രസ്‌തുത രം‌ഗം.

നിര്‍ദേശിക്കപ്പെട്ട പോലെ രചന നിര്‍‌വഹിച്ചു.ഖാലിദ്‌ വടകരയും,പ്രമോദ്‌ ഐ.സി.ആര്‍.സിയും ചേര്‍ന്ന്‌ സംഗീതവും പശ്ചാത്തലവും ഒരുക്കി.ഫൈനല്‍ റിഹേഴ്‌സല്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു കൊണ്ടിരിക്കെ ഈ ഗാനത്തിന്റെ ഓഡിയൊ പ്ലേ ചെയ്‌തു.

ആഴിക്കടിയിലെ ചിപ്പിയാണു ഞാന്‍
ആശിച്ചു നിനക്കൊരു സമ്മാനം നല്‍കാന്‍
അറ തുറന്നതിലെന്റെ കണ്ണുനീര്‍ വീഴ്‌ത്തി
ഇമയടച്ചിരുന്നൊരു പവിഴം തീര്‍ത്തു.....

റിഹേഴ്‌സല്‍ സമയത്ത്‌ ഗാനത്തിന്റെ ഈരടികള്‍ മധുര മനോഹരമായി  കൂടെക്കൂടെ ആലപിക്കപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത നിര്‍‌വൃതിയിലായിരുന്നു. ഹാളിനോട് ചേര്‍‌ന്ന ഓഫീസ് മുറിയിലിരുന്ന് മൗലവിയും ഈ ഗാനം ആസ്വദിക്കുന്നുണ്ടായിരുന്നു.മൗലവിയുടെ അഭിപ്രായമറിയാന്‍ മനസ്സ് ധൃതികൂട്ടി കൊണ്ടിരുന്നെങ്കിലും അതിനു മുതിര്‍‌ന്നില്ല.കൂട്ടത്തില്‍ ചിലരൊക്കെ ഇത് മഞ്ഞിയില്‍ രചനയാണോ എന്ന്‌ ചോദിക്കുന്നുമുണ്ടായിരുന്നു.നാടക സംവിധായകന്‍ എ.വി.എം ഉണ്ണി ഏറെ സന്തോഷത്തോടെ വന്നു അഭിനന്ദിച്ചതും ആലിം‌ഗനം ചെയ്‌തതും ഇപ്പോഴും ഓര്‍‌മ്മയിലുണ്ട്‌.എല്ലാം സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗഫൂര്‍‌ സാഹിബ് അടുത്ത്‌ വന്ന്‌ പ്രസ്‌തുത രചനയിലെ പരാമര്‍‌ശങ്ങളെ വളരെ വിശദമായി അന്വേഷിച്ചറിഞ്ഞു.മൗലവിക്ക്‌ മഞ്ഞിയില്‍ രചന ഇഷ്‌ടമായി എന്നു പറഞ്ഞ്‌ കൊണ്ടായിരുന്നു തുടങ്ങിയത്.സലീം മൗലവിയെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍‌ശം.മൗലവിയുടെ അനുകൂലമായ അഭിപ്രായമാണെന്ന്‌ കേട്ട സന്ദര്‍‌ഭം വിവരണാതീതമായിരുന്നു.ഒരു കീര്‍‌ത്തി മുദ്ര ലഭിച്ച പ്രതീതിയിലായിരുന്നു രചയിതാവ്‌ എന്നു ചുരുക്കം.

മുത്ത്‌ രൂപപ്പെടാനുള്ള ബീജം അടങ്ങുന്ന ജലകണം ചിപ്പി സ്വീകരിച്ച്‌ ആഴിയുടെ അഗാധതയില്‍ കിടന്നു കൊണ്ട്‌ മുത്തുണ്ടാകുന്നു.അതല്ല ആകസ്‌മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യ വസ്‌‌തുവിനെ ആവരണം ചെയ്‌‌ത്‌ കട്ടപിടിക്കുന്നു.എന്നിങ്ങനെ രണ്ട്‌ വിധങ്ങള്‍ മുത്തുണ്ടാകുന്ന പ്രക്രിയയെ കുറിച്ച് വിശ്വസിച്ചു പോരുന്നു.ഏതായാലും ഈ സര്‍‌ഗാത്മകയുടെ സാധനയായിരുന്നു കവിതയിലെ ആകര്‍‌ഷണീയത.എന്ന്‌ വിശദീകരിക്കപ്പെടുകയും ചെയ്‌തു.

കവിതയില്‍ പരാമര്‍‌ശിക്കപ്പെടുന്ന മുത്ത്‌ രൂപപ്പെടുന്നതിലും അനര്‍ഘമായ നിമിഷങ്ങളിലായിരിക്കണം ഈ രചന പിറന്നത് എന്ന്‌ വിലയിരുത്തപ്പെട്ടതും ഇന്നും ഓര്‍‌മ്മകളില്‍ തിളങ്ങി നില്‍‌ക്കുന്നു.ഇവ്വിധമുള്ള അമൂല്യ നിമിഷങ്ങള്‍ ഒരു ചിത്രത്തിലെന്ന പോലെ ചിത്രീകരണത്തില്‍ എന്നപോലെ മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ടു കിടക്കുന്നു.

30.08.2023

============
അണയാത്ത ഓര്‍‌മ്മകള്‍
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 3

തൊണ്ണൂറുകളില്‍ അസോസിയേഷന്‍ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന പഠനപാരായണ രീതി ഏറെ ഫലപ്രദമായിരുന്നു.നിശ്ചിത അധ്യായത്തിലെ ഒന്നോ രണ്ടോ സൂക്തങ്ങള്‍ പഠനവിധേയമാക്കും.വാക്കര്‍‌ഥം വിശകലനം ഒരുവേള പാരായണ ശാസ്‌‌ത്രവും വ്യാകരണവും വളരെ പ്രാഥമികമായി പരാമര്‍‌ശിക്കുകയും ചെയ്‌തു പോന്നിരുന്നു. ഓരോ വാരാന്ത്യ യോഗത്തിലും കഴിഞ്ഞ വാരത്തില്‍ പഠനവിധേയമാക്കിയ ഭാഗം  ഹൃദിസ്ഥമാക്കിയത് ഓരോ അം‌ഗവും പാരായണം ചെയ്യുമായിരുന്നു.അതിനു ശേഷമാണ്‌ പുതിയ പഠനഭാഗം തുടങ്ങിയിരുന്നത്.ഇതുപോലെ മാതൃകാപരമായ പഠനപരമ്പരകളില്‍ ആദരണീയനായ മൗലവിയെപ്പോലെയുള്ള പണ്ഡിത ശ്രേഷ്‌‌ഠന്മാര്‍ അധ്യാപകരായെത്തുകയും ചെയ്‌താല്‍ മഹാ സൗഭാഗ്യം തന്നെ.ഇത്തരത്തിലുള്ള സുവര്‍‌ണ്ണാവസരങ്ങളെ പ്രയോജനപ്പെടുത്തിയവരും ധാരാളമത്രെ.

വിശുദ്ധ ഖുര്‍‌ആനിലെ വചനസുധയെ തനിമായാര്‍‌ന്ന രീതിയില്‍ പഠിതാവില്‍ സന്നിവേശിപ്പിക്കാന്‍ മൗലവിക്ക് അനായാസം സാധിച്ചിരുന്നു.ബഹുഭാഷാ പണ്ഡിതന്‍ എന്നതിലുപരി പ്രഭാഷണ കലയുടെ സകല മാനങ്ങളും അതിവിദഗ്‌‌ദമായി ഒരു മാന്ത്രികനെപ്പോലെ സ്വാം‌ശീകരിച്ചു കൊണ്ട് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ  സര്‍‌ഗാത്മകമായ പ്രാവീണ്യം കൊണ്ടും ജന്മസിദ്ധമായ കഴിവ് കൊണ്ടും കൂടെയായിരുന്നു ഇത്.

ആശയ സം‌വേദന രീതിലുള്ളവ,ഉദ്‌ബോധന പ്രദമായവ,ശാസനാ സ്വഭാവമുള്ളവ,പ്രത്യാശ നല്‍‌കുന്നവ,മുന്നറിയിപ്പുകളും സാന്ത്വന സമാശ്വാസവും നല്‍‌കുന്നവ തുടങ്ങിയ ഖുര്‍‌ആനിക ശൈലികളെ അതിന്റെ ആത്മാവ് നഷ്‌‌ടപ്പെടാതെ പാരായണം ചെയ്‌തു കൊണ്ടായിരുന്നു മൗലവിയുടെ അധ്യാപനം.ഒരു പക്ഷെ അദ്ദേഹത്തിന്റെ പാരായണ സ്വഭാവം കൊണ്ട് മാത്രം ആശയങ്ങള്‍ ശ്രോതാവിന്‌ - പ്രേക്ഷകന്‌ മനസ്സിലാക്കാന്‍ പോലുമായേക്കും എന്നത് അതിശയോക്തിയല്ല.അധ്യാപന പ്രഭാഷണ കലയില്‍ അവതാരകന്റെ സൗന്ദര്യബോധവും ശരീരഭാഷയും അതിമനോഹരമായി പ്രയോഗവല്‍‌കരിച്ച അത്യപൂര്‍‌വ്വ പണ്ഡിതവര്യന്മാരില്‍ ഒരു മഹാപ്രതിഭയായിരുന്നു മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി.

മണ്‍ മറഞ്ഞ ആദരണീയനായ ഗുരുനാഥന്‍ തന്റെ കൂട്ടില്‍ പൊഴിച്ചിട്ട പൊന്‍ തൂവലുകള്‍ തൊട്ടുതലോടി പ്രാര്‍‌ഥനാ നിര്‍‌ഭരമാകുമ്പോള്‍ അടര്‍‌ന്നു വീഴുന്ന ഈ കണ്ണീര്‍ കണങ്ങള്‍‌ക്ക് പോലും സ്വര്‍‌ഗ്ഗീയമായ ആനന്ദവും സൗന്ദര്യമുണ്ട്.നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. 

31.08.2023
=======

മൗലവി പഠിപ്പിച്ച അധ്യായം 
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 4

വിശുദ്ധ ഖുര്‍‌ആനിലെ ഹദീദ് എന്ന അധ്യായം പൂര്‍‌ണ്ണമായും  പഠിപ്പിച്ച് തന്നത് മൗലവിയായിരുന്നു.ജീവിതത്തെ കുറിച്ച് ഭൗതികന്മാര്‍ വെച്ചു പുലര്‍‌ത്തുന്ന വ്യര്‍‌ഥ സങ്കല്‍‌പങ്ങളെയും അതിന്റെ അത്യന്തം ശോചനീയമായ അവസ്ഥയേയും കണ്ണില്‍ കാണും വിധമുള്ള ഖുര്‍‌ആനിക പാഠത്തെ അതീവ ഹൃദ്യമായി ഉസ്‌താദ് പകര്‍‌ന്നു തന്നു.

തൊണ്ണൂറുകളില്‍ പഠിപ്പിക്കപ്പെട്ട ഈ പാഠത്തിലെ പ്രസ്‌തുത ഭാഗം മൂന്നു പതിറ്റാണ്ടുകള്‍‌ക്ക്‌ ശേഷം 2021 ല്‍ ശാന്തപുരം അല്‍‌‌ജാമിഅയുടെ വേദിയില്‍ ശിഷ്യന്‍ ഓര്‍‌ത്തെടുക്കുമ്പോള്‍ അഭിവന്ദ്യനായ ഗുരുനാഥന്‍ വേദിയിലുണ്ടായിരുന്നു.

ഒരു പ്രഭാഷകനൊന്നും അല്ലെങ്കിലും വലിയ പരിക്കുകളൊന്നുമില്ലാതെ ഏതു വേദിയിലാണെങ്കിലും വാചാലമകുമായിരുന്ന ശിഷ്യന്റെ വാക്കുകള്‍ മുറിഞ്ഞു കണ്‌‌ഠമിടറി. അര്‍‌ധവിരാമത്തില്‍ നിന്നു പോയ പ്രഭാഷണം ഏറെ പ്രയാസപ്പെട്ടാണ്‌ വീണ്ടൂം തുടരാനായുള്ളൂ.

വിശുദ്ധ ഗ്രന്ഥവും അറബി ഭാഷയുമായും ബന്ധപ്പെട്ട് സാമ്പ്രദായിക പാരമ്പര്യ ധാരണകള്‍‌ക്കപ്പുറം പറയത്തക്ക കാഴ്‌ചപ്പാടുകള്‍ ഒന്നും ഇല്ലായിരുന്നു. ഇതുപോലൊരാളെ വിശുദ്ധ ഖുര്‍‌ആനിലെ സൗന്ദര്യാസ്വാദനവുമായി ബന്ധപ്പെട്ട് ഒരു സദസ്സിനെ അഭിമുഖീകരിക്കാന്‍ വണ്ണം പാകപ്പെടുത്തുന്നതിലേക്ക്‌ നയിക്കാന്‍ സാധാരണ ഒരു അധ്യാപകന്‌ സാധ്യമാകുന്ന കാര്യമല്ല.വിവരണാതീതമായ ഒരു മാനസികാവസ്ഥയിലായിരുന്നു ശിഷ്യന്‍.ഒരു പക്ഷെ ഗുരുനാഥനും.അല്‍ ജാമിഅയിലെ പ്രസ്‌‌തുത വേദിയും സദസ്സും ജീവിതത്തിലെ അനര്‍‌ഘ നിമിഷങ്ങളിലൊന്നായിരുന്നു.

മൗലവി വിടപറയുന്നതിന്‌ കൃത്യം 6 മാസം മുമ്പ് (2023 ഫിബ്രുവരി 23) അദ്ദേഹത്തിന്റെ വസതിയില്‍ മക്കളോടൊപ്പം സന്ദര്‍‌ശിക്കാന്‍ സാധിച്ചതും വലിയ സൗഭാഗ്യമായി കരുതുന്നു.

പാരത്രിക ലോകത്തെ തൂവെളിച്ചം സത്യവിശ്വാസത്തിന്റേതും സല്‍ക്കര്‍മത്തിന്റേതുമാകുന്നു.വിശ്വാസത്തിലെ നിഷ്‌‌കളങ്കതയും വിശുദ്ധിയും അവിടെ പ്രകാശമായി മാറുകയാണ്. അതുവഴി സച്ചരിതരുടെ വ്യക്തിത്വം വെട്ടിത്തിളങ്ങുന്നു.പരലോകത്തെ ജീവിത വിജയത്തിന്റെ നിതാനം ഒരാളുടെ ജീവിത വീക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹദീദ് എന്ന അധ്യായത്തിലെ ഏറെ പ്രസക്തമായ ഈ ഭാഗം ഇന്നും ഹരിതാഭമായി ഓര്‍‌മ്മയിലുണ്ട്.

ജീവിതത്തെ കുറിച്ച് ഒരു ഭൗതികന്റെ കാഴ്ചപ്പാട് കൃത്യമായി വിവരിക്കുന്ന  ഭാഗം സാന്ദര്‍‌ഭികമായി പങ്കുവെക്കുന്നു. സാങ്കല്‍പിക ലോകത്തിരുന്ന് മനപ്പായസമുണ്ണുന്നവരുടെ ദൗര്‍ഭാഗ്യവും  ബുദ്ധിപരമായ സമീപനം കൈകൊള്ളുന്നവരുടെ സൗഭാഗ്യവും കാവ്യാത്മകമായി വരച്ചിടുന്നു ഖുര്‍ആന്‍. ഭൗതികാലങ്കാരങ്ങളുടെ വര്‍ണ്ണപ്പകിട്ട് തികച്ചും നൈമിഷികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ വളരെ ശക്തമായി പ്രതിധ്വനിക്കുന്നുണ്ട് ഈ വിശുദ്ധ വചനത്തില്‍.  

മഴപെയ്‌‌ത് ചെടികള്‍ കിളിര്‍ത്ത് വളരുമ്പോഴും വിളയുമ്പോഴും ഏതു കര്‍ഷകനാണ് സന്തോഷിക്കാതിരിക്കുക എന്ന ചോദ്യം സ്വന്തം നെഞ്ചിലേയ്ക്ക് വിരല്‍ ചൂണ്ടി ഉന്നയിക്കുമ്പോള്‍ പുതിയ ചിലമാനങ്ങള്‍ ഈ സൂക്തത്തിലൂടെ ഉരുത്തിരിയും. അഥവാ ശരാശരി കര്‍ഷകരുടെയെല്ലാം സങ്കല്‍പം ഇത്തരത്തില്‍ തന്നെ എന്ന പരമാര്‍ഥം ഓര്‍മ്മവരും. ഈ കൃഷിയിടം ഭൗതികലോകമാണെന്നും ഈ പാടവരമ്പത്തെ കര്‍ഷകന്‍ ആദം സന്താനങ്ങളുടെ പ്രതീകമാണെന്നും തിരിച്ചറിയും. ഈ തിരിച്ചറിവ് അനായാസം സാധിച്ചെന്ന് വരില്ല, സാക്ഷാല്‍ ഉടമയെകുറിച്ച് അടിമയില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വവും ആദരവും ആരാധനയും യഥാവിധി പാലിച്ചുകൊണ്ടല്ലാതെ. പ്രഭുവും പ്രജയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ജീവിത വ്യവഹാരങ്ങളില്‍ പ്രകടമാകും. അധരങ്ങള്‍ സ്‌ത്രോത്രങ്ങള്‍ കൊണ്ട് നനയും, അകതാരില്‍ ആരോഗ്യകരമായ ചിന്തകള്‍ വിളയും, പരാതികളും പരിഭവങ്ങളുമില്ലാത്ത മനുഷ്യനെ കണ്ട് മാലാഖമാര്‍ അത്ഭുതം കൂറും. സ്രഷ്ടാവും സൃഷ്ടിയും പരസ്പരം തൃപ്തിപ്പെടുന്ന വിതാനം. വിശ്വാസിയുടെ കാര്യം അത്ഭുതകരമെന്ന് പ്രവാചക ശ്രേഷ്‌‌ഠന്‍ വിശേഷിപ്പിച്ച സന്ദര്‍ഭം.

വികല സങ്കല്‍പ പൂജകരായ ആധുനിക ആസറുമാരുടെ അഗ്‌നികുണ്ഡങ്ങളില്‍ വിശ്വാസിയുടെ മനോധൈര്യം കത്തിയമരുകയില്ല. അഹങ്കാരികളായ ഫറോവമാരുടെ മായാജാല കസര്‍ത്തുകള്‍ കണ്ട് അവന്റെ കണ്ണുകളില്‍ ഇരുട്ട് പടരുകയും ഇല്ല. തിന്മയുടെ വിഷ ബീജങ്ങള്‍ പടര്‍ത്തുന്ന പൗരോഹിത്യപരിശകളുടെ വിടുപണിയില്‍ നിരാശനാകുകയും ഇല്ല. മറിച്ച് വിശ്വാസിയുടെ ശുഭപ്രതീക്ഷയില്‍ അഗ്‌നികുണ്ഡം തണുത്തുറക്കും.വിഷ സര്‍പ്പങ്ങള്‍ അപ്രത്യക്ഷമാകും. പ്രതിരോധവും പരിഹാരവുമായി ഒരു വിമോചകന്‍ അവതരിക്കും.

ജീവിതത്തിന്റെ പളപളപ്പില്‍ ഗതിതെറ്റിപ്പോകുന്നവര്‍‌ക്കും അത്ഭുതങ്ങളിലും വ്യര്‍‌ഥ സങ്കല്‍‌പങ്ങളിലും പെട്ട് വഴിതെറ്റുന്നവര്‍‌ക്കും ദിശാബോധം നല്‍‌കുന്ന - ആത്മ വിശ്വാസം പകരുന്ന ഖുര്‍‌ആനിന്റെ വചനസുധയുടെ മാസ്‌‌മരിക ലോകത്തേക്ക് സ്‌‌നേഹ വാത്സല്യത്തോടെ കൈപിടിച്ചു കൊണ്ടു പോകുന്ന അഭിവന്ദ്യനായ ഗുരുനാഥന്റെ ഓര്‍‌മ്മകള്‍‌ക്ക് മരണമില്ല. 

01.09.2023
=======
തിരയടങ്ങിയ വിജ്ഞാന സാഗരം 
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 5

മൗലവിയുമായി കുറച്ചു സമയം ചെലവഴിക്കാന്‍ അവസരമുണ്ടായാല്‍ പോലും വലിയ നേട്ടമായി മാറുമെന്നതാണ്‌ വസ്‌തുത.താനുമായി സം‌ഭാഷണത്തിലേര്‍‌പ്പെട്ട വ്യക്തിയുടെ താല്‍‌പര്യങ്ങള്‍ പ്രഥമദൃഷ്‌ട്യാ മനസ്സിലാക്കി തദനുസാരം സം‌ഭാഷണത്തിന്റെ ഗതിയും ഘടനയും മാറ്റുന്നതിലും മൗലവി സൂക്ഷ്‌‌മത പുലര്‍‌ത്തിയിരുന്നു.മാത്രമല്ല തന്റെ മുന്നിലെത്തിയ വ്യക്തിയുടെ താല്‍‌പര്യമുള്ള മേഖലകളില്‍ നിന്നു കൊണ്ട് തന്നെ വിശുദ്ധ ഖുര്‍‌ആനും പ്രവാചകാധ്യാപനങ്ങളും സമര്‍‌ഥമായി സം‌യോജിപ്പിക്കുന്നതിലുള്ള നൈപുണ്യവും അതിശയകരമായിരുന്നു.

ഒരു സാഹിത്യകാരന്റെ മുന്നില്‍ മൗലവി സമുന്നതനായ സാഹിത്യകാരനായിരുന്നു.അതുപോലെ മനശാസ്‌ത്രജ്ഞനാണെങ്കിലും ഭിഷഗ്വരനാണെങ്കിലും പ്രഭാഷകനാണെങ്കിലും അധ്യാപകനാണെങ്കിലും ആധുനിക സാങ്കേതിക വിവര വിജ്ഞാന മേഖലയിലുള്ളവരാണെങ്കിലും കലാകായിക രം‌ഗത്ത് പ്രവര്‍‌ത്തിക്കുന്നവരാണെങ്കിലും ഒക്കെ അദ്ദേഹം അതുക്കും മേലെയെന്നതുപോലെ ഒരു മഹാപ്രതിഭയായിരുന്നു.താന്‍ കൈവെക്കുന്ന ഏതു മേഖലയിലും അതിന്റെ അറ്റവും ആഴവും കണ്ടെത്താന്‍ പരിശ്രമിക്കുന്ന മഹദ് വ്യക്തിത്വം.

ഏതു മേഖലയിലും പൂര്‍‌ണ്ണത കൈവരിക്കാനുള്ള അതി ജാഗ്രതയാണ്‌ മൗലവിയെ മറ്റുള്ളവരില്‍ നിന്നും തീര്‍‌ത്തും വ്യതിരിക്തനാക്കുന്നത് എന്നു പറയാം.ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം ഭാഷയുടെ സകല സൗന്ദര്യവും ആസ്വദിക്കുന്നതിലും ആസ്വദിപ്പിക്കുന്നതിലും നിഷ്‌ഠപുലര്‍‌ത്തിയിരുന്നു. ഖുര്‍‌ആനുമായി ബന്ധപ്പെട്ട് കേട്ട് ശിലിച്ച പല പ്രയോഗങ്ങളും പുതുമയോടെയും അത്യാകര്‍‌ഷകമായും പ്രയോഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഉത്സുകനായിരുന്നു. വിശുദ്ധഖുര്‍‌ആനിന്റെ ആലങ്കാരിക പ്രയോഗങ്ങളെയും ഉപമകളെയും കാലത്തിനൊത്ത കൗതുകകരമായ ശീലിലും ശൈലിയിലും പുനഃക്രമീകരിക്കാനും പുനഃസൃഷ്‌‌ടിക്കാനും പുനരാവിഷ്‌‌ക്കരിക്കാനും സാധിക്കും വിധം വിശുദ്ധ ഖുര്‍‌ആനിന്റെ ആഴങ്ങള്‍ കണ്ടെത്തിയ പ്രതിഭാധനനായിരുന്നു മുഹമ്മദ് സലീം മൗലവി. 

തിരയടങ്ങിയ വിജ്ഞാന സാഗരം പോലെ മഹാമനീഷി അന്ത്യവിശ്രമം കൊള്ളുമ്പോള്‍ ആ തീരത്തിരുന്നു കൈകളുയര്‍‌ത്തിയുള്ള പ്രാര്‍‌ഥനകളുടെ അലയൊലികള്‍ സാഗര സം‌ഗീതം പോലെ തിരതല്ലിക്കൊണ്ടേയിരിക്കുന്നു.

02.09.2023
=========
വലിയ പള്ളിയും മൗലവിയും
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 6

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച ദോഹ നഗരത്തിലെ പ്രസിദ്ധങ്ങളായ പള്ളികളായിരുന്നു പഴയ സൂഖ് പരിസരത്തുണ്ടായിരുന്ന തുര്‍‌ക്കി പള്ളിയും,ശാരിഅ്‌ അസ്‌‌മഖിലെ പള്ളിയും മസ്‌‌ജിദുല്‍ ശ്യൂഖും, മസ്‌ജിദ്‌ ഗാനവും, മസ്‌ജിദ്‌ ഖലീഫയും.

ഈ പള്ളികളില്‍  ദീര്‍‌ഘകാലം  വെള്ളിയാഴ്‌ചകളിലെ പ്രഭാഷണ പരമ്പരകൊണ്ട് അടയാളപ്പെടുത്തിയവരാണ്  കെ.എ ഖാസിം മൗലവി, മര്‍‌ഹൂം അബ്‌‌ദുല്‍ കരീം മൗലവി, മര്‍‌ഹൂം കെ അബ്‌ദുല്ല ഹസന്‍, മര്‍‌ഹൂം സലീം മൗലവി,വി.കെ അലി സാഹിബ്‌,കെ സുബൈര്‍ സാഹിബ് തുടങ്ങിയവര്‍.

ദിവാന്‍ അമീരിയോട് ചേര്‍‌ന്നുള്ള മസ്‌‌ജിദുല്‍ ശ്യൂഖ് വലിയപള്ളി എന്ന പേരില്‍ മലയാളികള്‍‌ക്കിടയില്‍ പ്രസിദ്ധമായിരുന്നു.അസോസിയേഷന്‍ പ്രഥമ പ്രസിഡണ്ട്‌ കെ.എ ഖാസിം മൗലവി തുടങ്ങി വെച്ച വെള്ളിയാഴ്‌ച പ്രഭാഷണം ഒരു പ്രത്യേക സാഹചര്യത്തില്‍ മൗലവി ഏറ്റെടുക്കുകകയായിരുന്നു.മുഹമ്മദ് സലീം മൗലവിയുടെ ഖുര്‍‌ആന്‍ പരമ്പര കൊണ്ട് ധന്യമായ പള്ളിയാണിത്.

വെള്ളിയാഴ്‌‌ചകളിലെ പ്രഭാഷണങ്ങള്‍ റെക്കാര്‍‌ഡ് ചെയ്യാനും കാസറ്റുകളുടെ പകര്‍‌പ്പുകള്‍ യഥാവിധി സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ അസോസിയേഷനില്‍ ഉണ്ടായിരുന്നു. കാസറ്റുകളുടെ പ്രചരണം വഴിയും വെള്ളിയാഴ്‌ച ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍‌ത്ത അറിഞ്ഞാല്‍ തൊട്ടടുത്ത വെള്ളിയാഴ്‌‌ച സൗകര്യപ്പെടുന്ന പള്ളികളില്‍ ബന്ധുമിത്രാധികളും പ്രിയപ്പെട്ടവരും ഒത്തു കൂടി മയ്യിത്ത് നമസ്‌‌‌ക്കാരം നിര്‍‌വഹിക്കുമായിരുന്നു. സൂഖ് വാഖഫിലെ ബിസ്‌മില്ല പള്ളിയിലായിരുന്നു കൂടുതലും ഇതു പോലെ ഒത്തു കൂടിയിരുന്നത്.വലിയ പള്ളിയില്‍ മൗലവിയുടെ ക്ലാസ്സിനു ശേഷവും ഇങ്ങനെ അവസരം അനുവദിച്ചിരുന്നു.മയ്യിത്ത് നമസ്‌‌ക്കാരത്തിനായി യാദൃശ്ചികമായി എത്തിപ്പെടുന്നഅതിഥികള്‍ക്ക്‌ പള്ളിയിലെ മലയാള പ്രഭാഷണം കേള്‍‌ക്കാന്‍ അവസരം ലഭിക്കുന്നതോടെ പിന്നീട് വിജ്ഞാന സദസ്സിലെ സ്ഥിരം ശ്രോതക്കളായി മാറുമായിരുന്നു.

പഠന പരമ്പരപോലെയായിരുന്നു ഖുര്‍‌ആന്‍ ദര്‍‌സ്സ് പുരോഗമിച്ചു കൊണ്ടിരുന്നത്. ഓരോ വാരവും കഴിയുമ്പോള്‍ അടുത്ത വാരത്തെ പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം ഓരോ ശ്രോതാവും പള്ളിയില്‍ നിന്നും പടിയിറങ്ങുക. അധ്യാപകനും പഠിതാക്കളും പരസ്‌‌പരം അറിഞ്ഞും അറിയാതെയും സം‌വദിച്ചു കൊണ്ടേയിരിക്കുന്ന പ്രതീതിയിലായിരുന്നു വിജ്ഞാന സദസ്സ്.ഈ വിശുദ്ധ ഗ്രന്ഥം കേവല പാരായണത്തിനു മാത്രമല്ല എന്ന് ഓരോ പഠിതാവിനും ബോധവും ബോധ്യവും വരുന്ന സമ്പന്നമായ പാഠ പഠനങ്ങള്‍ ആയിരങ്ങളെ സം‌സ്‌ക്കരിക്കുന്നതിനും സമുദ്ധരിക്കുന്നതിനും നിമിത്തമായിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ ഒരു മത ദര്‍‌ശനമാണ്‌.ധാര്‍‌മ്മികമായ അധ്യാപനങ്ങളെ ക്രമപ്രകാരം അധ്യായം തിരിച്ചു കൊണ്ട്‌ വിവരിക്കുന്ന ഒരു രീതിയിലല്ല വിശുദ്ധ ഗ്രന്ഥത്തിലെ പ്രതിപാദന ശൈലി. ഇതില്‍ വിശ്വാസ കാര്യങ്ങളും അനുബന്ധമായ ശാസനാ ശിക്ഷണ പാഠങ്ങളും സാംസ്‌കാരിക മര്യാദകളുമുണ്ട്. സച്ചരിതരുടെ മാതൃകകളും ഗുണപാഠങ്ങളുമുണ്ട്. ദുര്‍ വൃത്തരുടെ ചരിത്രവും പര്യവസാനവുമുണ്ട്. ഇവയെല്ലാം ഇടകലര്‍ത്തിയും അവസരത്തിനൊത്ത് ആവര്‍ത്തിച്ചും ചിന്തയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് വിവരിക്കുന്നത്. ഇതുപോലെ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് ആധികാരികമായ ഒരു അവബോധം സൃഷ്‌ടിച്ചു കൊണ്ടായിരുന്നു ആദരണീയനായ ഉസ്‌താദിന്റെ അത്യാകര്‍‌ഷകമായ ഖുര്‍‌ആന്‍ പ്രഭാഷണ പരമ്പരയുടെ വലിയ പള്ളിയിലെ വിജയ ഗാഥ.

ഒരു സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന അത്യാകര്‍‌ഷകമായ സിദ്ധികളെ വെല്ലുന്ന അമാനുഷികമായ അതിശയങ്ങളായിരുന്നു അതതു കാലത്തെ പ്രവാചകന്മര്‍‌ക്ക്‌ നല്‍‌കപ്പെട്ടു കൊണ്ടിരുന്നത്.അന്ത്യ പ്രവാചകന്റെ കാലഘട്ടം വൈജ്ഞാനിക വളര്‍‌ച്ചയുടെ പ്രാരം‌ഭമായിരുന്നു.അതു കൊണ്ട്‌ തന്നെ സകല വിജ്ഞാന ശാഖകളേയും ലോകാവസാനം വരെ വെല്ലുന്ന വിശുദ്ധ ഖുര്‍‌ആന്‍ തന്നെയായിരുന്നു അന്ത്യ പ്രവാചകന്റെ ദൃഷ്‌ടാന്തം.

വിശുദ്ധ ഖുര്‍‌ആന്‍ എന്ന അമാനുഷികമായ ദൃ‌ഷ്‌‌ടാന്തത്തെ - പ്രകാശത്തെ ഉയര്‍‌ത്തിപ്പിടിച്ചു കൊണ്ട് അന്ധകാരങ്ങളെ ഭേദിച്ച് കൊണ്ടുള്ള ജൈത്രയാത്രയില്‍ ബഹുദൂരം സഞ്ചരിക്കാന്‍ സൗഭാഗ്യം സിദ്ദിച്ച വ്യക്തിത്വമായിരുന്നു മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി.പണ്ഡിതന്‍‌മാര്‍ പ്രവാചകന്മാരുടെ പിന്തുടര്‍‌ച്ചക്കാരാണെന്ന അധ്യാപനത്തെ അക്ഷരാര്‍‌ഥത്തില്‍ സ്വാം‌ശീകരിച്ച പ്രബോധകൻ.

നന്മയുടെ വെള്ളി വെളിച്ചം പ്രകാശിപ്പിക്കുന്നതിന്‌ അത്യധ്വാനം ചെയ്‌ത മഹാരഥന്‍മാരെ അല്ലാഹുവിന്റെ സം‌പ്രീതരായ സജ്ജനങ്ങളോടൊപ്പം ഉന്നത പദവികള്‍ നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ...

03.09.2023
============
മുശേരിബ് ഒരോര്‍‌മ്മ
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 7

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ദോഹ നഗരത്തിലെ പ്രബലമായ മൂന്ന്‌ കേന്ദ്രങ്ങളായിരുന്നു ശാരിഉല്‍  ഖലീജ്‌, ശാരിഅ് മുശേരിബ്‌,അല്‍ ബിദ എന്നീ യൂണിറ്റുകള്‍.യഥാക്രമം മര്‍‌ഹൂം അബ്‌‌ദുല്ല ഹസന്‍,മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി,വി.കെ അലി സാഹിബ് എന്നിവരുടെ ശക്തമായ നേതൃത്വത്തിലായിരുന്നു പ്രസ്‌‌തുത യൂണിറ്റുകള്‍ പ്രവര്‍‌ത്തിച്ചിരുന്നത്.നജ്‌മ, മന്‍‌സൂറ,ശാരിഅ്‌ അബ്‌ദുല്‍ അസീസ്, ദോഹ ജദീദ്, മുഗളിന, ബിന്‍ മഹ്‌മൂദ് തുടങ്ങിയ യൂണിറ്റുകള്‍ പിന്നീട് പിറന്നതും ശക്തമായ സാന്നിധ്യം വിളിച്ചറിയിക്കുന്നവയുമായിരുന്നു.

യൂണിറ്റുകളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ഏരിയകളായും  പിന്നീട് സ്വതന്ത്ര സോണുകളായും അസോസിയേഷന്റെ ഘടനയെ കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി പുനഃക്രമീകരിച്ചു.

മുശേരിബ് യൂണിറ്റില്‍ മുപ്പതില്‍ കുറയാത്ത അം‌ഗങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു.അതില്‍ പലരും ഖത്തര്‍ വിട്ടു പോയവരും ഈ ലോകത്തോട്‌ വിടപറഞ്ഞവരും ഉണ്ട്.പി അബ്‌‌ദുല്ല കുട്ടി മൗലവി,എ.വി അബ്‌‌ദുല്‍ മജീദ് സാഹിബ്,ഷാഹുല്‍ ഹമീദ് സാഹിബ്,ജുനൈദ് മാള,എം.ടി കുഞ്ഞലവി,എം.ടി ഇസ്‌‌മാഈല്‍,എ.സൈനുദ്ദീന്‍,ടി.കെ അബ്‌ദു റഹ്‌‌മാന്‍,അബ്‌ദുല്‍ ശുകൂര്‍ കണ്ണൂര്‍,അബ്‌ദുല്‍ ശുകൂര്‍ തൃശൂര്‍,ഷരീഫ് ടൈലര്‍,കുഞ്ഞു മുഹമ്മദ് കോഡൂര്‍,അഷ്‌‌റഫ് നന്മണ്ട,റഷീദ് വടകര,കെ.കെ ഇബ്രാഹീം,സി.വി ഇസ്‌‌മാഈല്‍,ഗള്‍‌ഫ് എയര്‍ മൂസ സാഹിബ്,കെ.കെ അലി മാഹി,യൂനുസ് സലീം,എം അബ്‌ദുല്‍സലാം,എ.മുഹമ്മദലി സാഹിബ് ആലത്തൂര്‍  , നാസിമുദ്ദീന്‍ കുന്ദമം‌ഗലം,ഒ.പി അബ്‌‌ദു റഹ്‌‌മാന്‍,എ.ടി ഉമ്മർ,പി.വി ഷരീഫ്,വി.ടി ഫൈസല്‍,അബ്‌‌ദു സലാം  കോട്ടയം,മുഹമ്മദ് സുലൈമാൻ കൂർക്കഞ്ചേരി,മുഹമ്മദ് അൻവർ തിരൂർക്കാട്,അബ്‌‌ദു റഹീം,അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍  തുടങ്ങി വലിയ ഒരു നിര മുശേരിബില്‍ ഉണ്ടായിരുന്നു.

ഖുര്‍‌ആന്‍ ഹദീഥ് പാഠപഠനങ്ങള്‍‌ക്ക്‌ പുറമെ സര്‍‌ഗവാസനകളെ പരിപോഷിപ്പിക്കാനും സാഹിത്യ  സാം‌സ്‌ക്കാരിക ലോകത്തെ കുറിച്ച് അവബോധമുണ്ടാക്കാനും സറ്റഡി സര്‍‌ക്കിളുകള്‍ ഉണ്ടാകുമായിരുന്നു.അതത് യൂണിറ്റുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പരിപാടി സം‌യുക്തമായി സം‌ഘടിപ്പിക്കുന്ന രീതിയിലേക്ക് പുരോഗമിച്ചിരുന്നു.

ഒരു യൂണിറ്റ് യോഗത്തിന്റെ അവസാനത്തില്‍ അടുത്ത മാസം ആദ്യ വാരം സ്റ്റഡിസര്‍‌ക്കിളാണ്‌ ഒരു വിഷയം നിര്‍‌ദേശിക്കാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമു കലയും എന്ന്‌ വളരെ പതുക്കെ പറഞ്ഞത് മൗലവി കേട്ടു.സ്റ്റഡി സര്‍‌ക്കിളില്‍ അസീസ് പ്രബന്ധം അവതരിപ്പിക്കും എന്ന പ്രഖ്യാപനവും ഉണ്ടായി.

'വിഷയമൊന്നും ഇല്ലാതെയല്ല നിര്‍‌ദേശിച്ച ആള്‍ അവതരിപ്പിക്കേണ്ടി വരും' എന്ന്‌ തൊട്ടടുത്തുണ്ടായിരുന്ന സഹോദരന്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.

രണ്ടോ മൂന്നോ നിര്‍‌ബന്ധ പ്രഭാഷകരുടെ പേരുകളും രേഖപ്പെടുത്തപ്പെട്ടു. അതിലൊരാള്‍ മുഹമ്മദലി സാഹിബായിരുന്നു.പ്രബന്ധാവതാരകന്റെ മനസ്സും മസ്‌തിഷ്‌‌കവും അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധവുമായി ബന്ധപ്പെട്ട ആശയ സമാഹരണത്തിനുള്ള പ്രയത്നങ്ങളില്‍ മുഴുകാന്‍ തുടങ്ങി.

അലിജാ ഇസ്സത്ത് ബഗോവിച്ചിന്റെ എന്‍.പി മുഹമ്മദ് പരിഭാഷപ്പെടുത്തിയ ഇസ്‌‌ലാം രാജമാര്‍‌ഗം ഒന്നും രണ്ടും തവണയൊക്കെ തിരിച്ചും മറിച്ചും വായിച്ചു കൊണ്ടിരുന്ന കാലമയിരുന്നു.അതില്‍ ഒരു സമൂഹത്തിന്റെ ശക്തമായ സാന്നിധ്യം വേരോടിക്കുന്നതില്‍ ധാര്‍‌മ്മികമായ വിഭാവനയോടൊപ്പം കലാ സാഹിത്യ സാം‌സ്‌ക്കാരിക മാധ്യമങ്ങളിലും നന്മയുടെ പ്രാധിനിത്യം സാധ്യമാകുന്നത്ര അനിവാര്യമാണെന്ന്‌ ഗ്രന്ഥകാരന്‍ സമര്‍‌ഥിക്കുന്നതായി വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.

ശക്തമായ നാഗരിതകളുടെ ബാക്കി പത്രങ്ങള്‍ പിന്‍‌ഗാമികള്‍‌ക്ക്‌ ലഭിക്കാന്‍ സാം‌സ്‌ക്കാരികമായ അടയാളപ്പെടുത്തലിലൂടെ സാധ്യമാകുന്നതിന്റെ സാധ്യതകളും സവിസ്‌തരം ഗ്രന്ഥകാരന്‍ പറഞ്ഞു വെക്കുന്നുണ്ട്.സമൂഹ ഗാത്രത്തിന്റെ കലാ സാഹിത്യ സാം‌സ്‌‌ക്കാരിക ഭൂമികയെ നിരുത്സാഹപ്പെടുത്തുകയൊ നിരാകരിക്കുകയൊ ചെയ്യുന്നതിനു പകരം അവയെ പുനഃക്രമീകരിക്കുകയും പുനരാവിഷ്‌‌കരിക്കുകയും ചെയ്യുന്നതാണ്‌ അഭികാമ്യം എന്നും രാജമാര്‍‌ഗം പറഞ്ഞു തരുന്നുണ്ടെന്നു മനസ്സിലാക്കിയിരുന്നു.

കലാ സാഹിത്യ സാം‌സ്‌‌ക്കാരിക മുന്നേറ്റങ്ങളുടെ അനിവാര്യത അടിവരയിട്ടു കൊണ്ടായിരുന്നു പ്രബന്ധം തയാറാക്കിയത്.

വേദങ്ങള്‍ എത്രയൊക്കെ പൊതുവത്കരിച്ച് പരിചയപ്പെടുത്തപ്പെട്ടാലും അതത് ജാതിമത സമൂഹ വൃത്തങ്ങളില്‍ തന്നെയായിരിക്കും ഒരു പരിധിവരെ അതിന്റെ വായനയും വ്യാപനവും.എന്നാല്‍ കലയും സാഹിത്യവും ആസ്വാദന പ്രിയങ്ങളായ ആവിഷ്‌‌കാരങ്ങളും പൊതു സമൂഹം ഏറ്റെടുത്തേക്കും.

രാജ്യത്ത്  പാഠശാലകളും സാം‌സ്‌ക്കാരിക കേന്ദ്രങ്ങളും  ആതുരാലയങ്ങളും ആരാധനാലയങ്ങളും ഒരേ കുടക്കീഴില്‍ ഒരുക്കിയാണ്‌ ക്രൈസ്‌‌തവര്‍ സുസജ്ജമായത്.വിശ്വാസപരമായ അശാസ്‌ത്രീയതകളൊക്കെ ഉണ്ടായിരുന്നിട്ടും ശക്തമായ വേരോട്ടം നടത്താന്‍ അവര്‍‌ക്ക് സാധിച്ചു.അഥവാ വിജ്ഞാനവും സം‌സ്‌ക്കാരവും സേവന സന്നദ്ധതയും ആത്മീയതയുടെ അടയാളങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും സര്‍‌ഗാത്മകമായി അവതരിപ്പിച്ചതിന്റെ പരിണിതി അത്ഭുതകരമത്രെ.

ഇവ്വിഷയങ്ങളില്‍ അതി ശക്തമായ പ്രാധിനിത്യം ഉണ്ടാകേണ്ട വിശുദ്ധ ഖുര്‍‌ആനിന്റെ അനുധാവകര്‍ ഇതര സമൂഹങ്ങളുടെ തെറ്റിദ്ധാരണകള്‍‌ക്ക് പാത്രമായി കൊണ്ടേയിരിക്കുന്ന ദുരവസ്ഥയിലുമാണ്‌.ഇതായിരുന്നു  പ്രബന്ധത്തിലെ കാതല്‍.

കലാ സാം‌സ്‌ക്കാരിക രം‌ഗത്ത് പൂര്‍‌വ്വികര്‍ തുടങ്ങി വെച്ചതും,രാജ്യത്തിന്റെ സാം‌സ്‌ക്കാരിക ഭൂമികയില്‍ അരങ്ങു വാഴുന്നതും ആകര്‍‌ഷകമായതും പുതു പുത്തന്‍ ആവിഷ്‌കാരങ്ങളോടെ യാഥാവിധി പരിപാലിച്ചും പരിപോഷിപ്പിച്ചും നന്മയുടെ പ്രാധിനിത്യം ഉറപ്പാക്കാനുള്ള ആഹ്വാനത്തോടെ സ്റ്റഡി സര്‍‌ക്കിള്‍ സമാപിച്ചു.

യോഗാനന്തരം നടന്ന അനൗദ്യോഗിക ചര്‍‌ച്ചയില്‍ കേരളീയ സമൂഹത്തില്‍ ഇനിയും വളര്‍‌ന്നു വികസിക്കേണ്ട ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെക്കപ്പെട്ടു.

തൊണ്ണൂറുകളില്‍ മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ച് യുവ ജനങ്ങള്‍‌ക്കിടയില്‍ ഒരു നവജാഗരണ മുന്നേറ്റത്തിന്റെ തൊങ്ങും പൊടിപ്പും വെച്ച വാര്‍‌ത്തകള്‍ സകല മാധ്യമങ്ങളിലും വെണ്ടക്ക വിളമ്പിയിരുന്ന കാലമായിരുന്നു.അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ പ്രസ്‌തുത നായകന്റെ പേരും പെരുമകളും വിളിച്ചു പറയുന്നുണ്ട് എന്നും അതേ സമയം വര്‍‌ഷങ്ങളായി രൂപീകരിക്കപ്പെട്ടവരും ഗോദയിലുണ്ടെന്നു അവകാശപ്പെടുന്നവരും എവിടെ എന്നും ഒരു  പ്രവര്‍‌ത്തകന്‍ സങ്കടപ്പെട്ടു.

മനോഹരമായ ഒരു പുഞ്ചിരിയോടെ മൗലവി പ്രതികരിച്ചത് പലപ്പോഴും ഓര്‍‌ക്കാറുണ്ട്.ഇപ്പോഴും ഓര്‍‌ക്കുകയും അത് പങ്കുവെക്കുകയും ചെയ്യുന്നു. 

നോക്കൂ സാഹിബേ ....
കടലാസുകള്‍ തീപിടിക്കുന്നത് പോലെ കത്തിയമരാനുള്ളതല്ല ഈ പ്രസ്ഥാനം.എന്ന്‌ ഒറ്റവാക്കില്‍ ഒരു മറുപടിയായിരുന്നു ആദ്യം നല്‍‌കിയത്.

പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് രാജ്യത്തിനും രാജ്യനിവാസികള്‍ക്കും വേണ്ടിയാണ്.അത് പ്രസരിപ്പിക്കുന്നത് നന്മ മാത്രമായിരിക്കണം. എല്ലാവരുടെയും നന്മ.സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മ. ഇതാണ്‌ ഖുര്‍ആനിക സങ്കല്‍പം.നന്മയിലേക്ക് ക്ഷണിക്കുന്നവരാകണം വിശ്വാസികള്‍ എന്നതും ജനിച്ചതും ജീവിക്കുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്‌ എന്നതും പ്രാധാന്യത്തോടെ മനസ്സിലാക്കിയിരിക്കണം.നന്മയുടെ കൂട്ടായ്‌‌മ എന്ന അടിസ്ഥാനമാണ് അതിന്റെ പ്രവര്‍‌ത്തന രൂപ രേഖയില്‍ എപ്പോഴും ജ്വലിച്ചു നില്‍‌ക്കുക.വിവരവും വിവേകവുമുള്ളവരുടെ ഒരു സം‌ഘമായി പ്രവര്‍‌ത്തന നിരതരാകുക എന്നതാണ്‌ പ്രസ്ഥാനത്തിന്റെ മാതൃക. മൗലവി വിശദീകരിച്ചു. 

മാതൃകാപരമായി ജീവിതം കാഴ്‌ചവെക്കുന്നവരില്‍ ഉള്‍‌പ്പെടുത്തി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

04.09.2023
===========
കലാ സാം‌സ്‌‌ക്കാരിക രം‌ഗത്തെ അസോസിയേഷന്‍
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 8

കലയും സാഹിത്യവും ചിത്രങ്ങളും ചിത്രീകരണങ്ങളും സം‌ഗീതവുമൊക്കെ എല്ലാ സമൂഹത്തിലുമെന്നതു പോലെ മുസ്‌‌ലിം സമൂഹത്തിലും നില നില്‍‌ക്കുന്നുണ്ട്.ചിത്രങ്ങളും ചിത്രീകരണങ്ങളും ഒരു പരിധിവരെ തെറ്റില്ലെന്ന ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും സം‌ഗീതവും അഭിനയ കലയുമൊക്കെ വര്‍ജ്ജിക്കേണ്ടതാണെന്നോ യഥാര്‍‌ഥ വിശ്വാസികള്‍‌ക്ക് രാജിയാകാന്‍ പറ്റാത്തതാണെന്നോ ഒക്കെയുള്ള ധാരണകള്‍ ഇപ്പോഴും സജീവമാണ്‌.

കഴിഞ്ഞു പോയ ഓരോ  കാലഘട്ടവും പരിശോധിക്കുമ്പോള്‍ അതതു കാലത്തെ ജനസ്വാധീനമുള്ളവയില്‍ ഏറ്റവും മികച്ചത്‌ പ്രബോധകന്മാരും അനുയായികളും ഉപയോഗപ്പെടുത്തിയിരുന്നു എന്നു കാണാം.അക്കാലത്തെ ജീവിത വിഭവങ്ങളിലെ എല്ലാ മേത്തരം സംവിധാനങ്ങളും സാമ്പത്തിക സ്‌ഥിതിയനുസരിച്ച്‌ സ്വന്തമാക്കുന്നതില്‍ വിലക്കുകളുണ്ടായിട്ടില്ല.എന്നാല്‍ ഒന്നിലും അതിരു കവിയുമായിരുന്നില്ല.

കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലും ആറാം നൂറ്റാണ്ടിലും അതിനു ശേഷവും കായികവും കലാപരവുമായ പരിപാടികളില്‍ അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗപ്പെടുത്തുകയും താളത്തിനൊത്ത്‌ പാട്ടു പാടുകയും, ചെയ്‌തിരുന്നു.എന്നാല്‍ വിശ്വാസികള്‍‌ക്കിടയില്‍ എല്ലാറ്റിനുമുണ്ടായിരുന്നു ഒരു സന്തുലിതത്വം.

അനുവദനീയം,നിഷിദ്ധം എന്നിങ്ങനെ ഖണ്ഡിതമായി തരം തിരിച്ച കാര്യങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഉള്‍‌പെടുന്നില്ലെന്നന്നത് എല്ലാവര്‍‌ക്കും അറിയാം.എന്നിട്ടും നല്ലൊരു ശതമാനം വിശ്വാസികളിലും വാദ്യോപകരണങ്ങളുടെ കാര്യത്തില്‍ എന്തോ ഒരു ദുരൂഹത നിലനില്‍‌ക്കുന്നുണ്ട്.ഒരു പക്ഷെ ഇതൊക്കെ നന്നായി ഉപയോഗ പ്പെടുത്തുന്നവര്‍ പോലും ഈ ആശങ്കയില്‍ നിന്നും മുക്തരല്ലെന്നതും സത്യമാണ്‌.

കേരളീയ സാഹചര്യം പരിശോധിച്ചാല്‍ മാപ്പിളപ്പാട്ടെന്ന ഒരു സം‌ഗീത ശാഖതന്നെ വിശ്വാസി സമൂഹത്തിനിടയില്‍ ശക്തമായി പ്രചാരത്തിലുണ്ട്. വായ്‌പാട്ടായും,വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും അത്‌ ആലപിച്ചു പോരുന്നുണ്ട്.

ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്‌ (571) പ്രവാചകന്റെ ജനനം.നാല്‍‌പതാമത്തെ വയസ്സിലാണ്‌ (611) ദിവ്യബോധനം ലഭിക്കുന്നത്. ഏകദേശം അതേകാലയളവില്‍ തന്നെ സത്യ സന്ദേശം കേരളക്കരയിലും തുടക്കം കുറിച്ചുവെന്നാണ്‌ ചരിത്രങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നത്‌.എ.ഡി 629 ല്‍ കൊടുങ്ങലൂരില്‍ ചേരമാന്‍ പള്ളിയുടെ നിര്‍‌മ്മാണം നടന്നതായി ചരിത്ര രേഖകളില്‍ കാണുന്നു.

മലയാളം കേവല സംസാര ഭാഷ മാത്രമായിരുന്ന കാലത്ത്‌ അറബി മലയാളത്തിലായിരുന്നു ആശയ വിനിമയങ്ങളും വേദോപദേശ പാഠങ്ങളും പഠനങ്ങളും എഴുതപ്പെട്ടിരുന്നത്‌.സത്യ സന്ദേശം സ്വീകരിച്ച്‌ അറബി അക്ഷരമാലകള്‍ അഭ്യസിച്ച ആളുകള്‍ക്ക്‌ മാത്രമേ ഇത്തരം കയ്യെഴുത്തുകള്‍  പ്രാപ്യമായിരുന്നുള്ളൂ.കേവലം വിശ്വാസപരമായ കാര്യങ്ങള്‍ക്കപ്പുറമുള്ള പൊതു വിഷയങ്ങള്‍ ഒട്ടേറെ അറബി മലയാളത്തില്‍ വിരചിതമായിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ്‌ മലയാളത്തിന്‌ ലിപിയുണ്ടാകുന്നതും മുദ്രണം തുടങ്ങുന്നതും എന്നാല്‍ അറബി മലയാളത്തിലുള്ള കയ്യെഴുത്തുകള്‍ മലയാളത്തിനു ലിപിയുണ്ടാകുന്നതിനു മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ മുദ്രണം ചെയ്‌തു തുടങ്ങിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നെന്നും ചരിത്രം പറയുന്നു.മലയാളം കേവലം സംസാര ഭാഷയായിരുന്ന കാലത്ത്‌ ഇസ്‌ലാമികാധ്യാപനങ്ങളും വിശ്വാസികള്‍ക്കിടയിലെ വ്യവഹാരഭാഷയായും അറബിമലയാളം സജീവമായിരുന്നു.മലയാളത്തിന്‌ തനതായ ലിപിയും മുദ്രയും രൂപം കൊണ്ടപ്പോഴും വിശ്വാസി സമൂഹം അറബിമലയാളത്തെ കയ്യൊഴിഞ്ഞിരുന്നില്ല.എന്നതും ചരിത്രം

കലയും കളിയും കവിതയും ചരിത്രവും സാമൂഹ്യാവബോധവും വിജ്ഞാന ശാഖകളും ഇതില്‍ പെടും. അഥവാ അറബി മലയാള സംസ്‌ക്കാരം തന്നെ ജന്മം കൊണ്ടിരുന്നു.ഖിസ്സപാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ ചരിത്ര ഗാനങ്ങളും നശീദകളായി ഖ്യാദിനേടിയ പ്രവാചക കീര്‍ത്തനങ്ങളും നസ്വീഹത്തുകളായി രചിക്കപ്പെട്ട സന്ദേശ ഗാനങ്ങളും ആസ്വാദന കലയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന മാപ്പിളപ്പാട്ടുകളും അറബി മലയാളത്തെ ഏറെ സമ്പന്നമാക്കിയിരുന്നു.ഇതൊക്കെ ആലപിക്കാന്‍ അതതു കാലത്തെ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.

ഖത്തറില്‍ തൊണ്ണൂറുകളിലും ഓര്‍‌മ്മ ശരിയാണെങ്കില്‍ രണ്ടായിരമാണ്ടിന്റെ തുടക്കം വരെയും മത സമൂഹ്യ  സാം‌സ്‌‌ക്കാരിക രം‌ഗങ്ങളില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അല്ലാതെ  അറിയപ്പെട്ട മറ്റൊരു സം‌വിധാനവും മലയാളികള്‍‌ക്കിടയില്‍ ഉണ്ടായിരുന്നില്ല.

പെരുന്നാളോഘോഷങ്ങളുടെ ഭാഗമായി  വിപുലമായ പൊതു പരിപാടികള്‍ സം‌ഘടിപ്പിക്കുമായിരുന്നു.ഖത്തറിലെ സാം‌സ്‌ക്കാരിക നായകന്മാരും പണ്ഡിത വര്യന്മാരും അതിഥികളായെത്തുന്ന പരിപാടിയില്‍ ആയിരങ്ങളുടെ പങ്കളിത്തം കൊണ്ട് ധന്യവുമായിരുന്നു.

വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അക്കാലത്ത് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നിര്‍‌വഹിച്ച കാര്യങ്ങള്‍ വിശേഷിച്ച് പൊതു സമൂഹത്തെ ഉദ്ദേശിച്ച് കൊണ്ട് സം‌ഘടിപ്പിക്കപ്പെട്ടിരുന്ന സാമൂഹിക സാം‌സ്ക്കാരിക വൈജ്ഞാനിക കലാ സാഹിത്യ പരിപാടികള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.തുള്ളല്‍ പാട്ടും വില്ലു പാട്ടും വഞ്ചിപ്പാട്ടും തുടങ്ങി മലയാളത്തനിമയുള്ള  കലാരൂപങ്ങള്‍‌ക്കും വിനോദങ്ങള്‍‌ക്കും ആദ്യമായി വേദിയൊരുക്കിയത് അസോസിയേഷനായിരുന്നു.പില്‍‌ക്കാലത്ത് പ്രവാസി സമൂഹത്തില്‍ പ്രസിദ്ധരായി അറിയപ്പെട്ട പല കലാകാരന്മാര്‍‌ക്കും ആദ്യമായി അവസരവും വേദിയും നല്‍‌കിയതും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനായിരുന്നു.

സഹൃദയരായ പ്രേക്ഷകര്‍‌ക്കായി ഒരുക്കിയിരുന്ന സകല കലാ വിഭവങ്ങളിലുമുള്ള നെല്ലും പതിരും തിരിക്കുന്നതില്‍ ക്രാന്തദര്‍‌ശിയായി കലാ ഹൃദയനായ മൗലവി സജീവമായി അണിയറയിലുണ്ടകുമായിരുന്നു.

05.09.2023

=====
ഒരു ശൈത്യകാല രാത്രിയില്‍
ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി 9
--------
ഉമര്‍ ഇബ്‌‌നു അബ്‌‌ദില്‍ അസീസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകം എ.വി.എം ഉണ്ണിയുടേയും അഷ്‌റഫ് പെരിങ്ങാടിയുടേയും സം‌യുക്ത സം‌വിധാനത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.ഒരു ശൈത്യകാല രാത്രിയില്‍ എന്ന പേരിലാണ്‌ നാടകം അരങ്ങേരിയത്.മൗലവിയായിരുന്നു ഈ നാടകത്തിന്റെ ഒരുക്കങ്ങള്‍‌ക്ക്‌ പ്രചോദനവും പ്രോത്സാഹനവും നല്‍‌കിയത്.

ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അഞ്ചാം ഖലീഫ എന്ന പുസ്‌തകമാണ്‌ ഈ ചരിത്ര നാടകത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയത്.ചരിത്ര രേഖപ്രകരം എട്ടാമത്തെ ഉമവി ഖലീഫയായിരുന്നു ഉമർ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ഉമർ ഇബ്‌‌നു അബ്‌‌ദില്‍ അസീസ്.സുലൈമാൻ ഇബ്‌‌നു  അബ്‌‌ദില്‍ മലിക്കിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് കിരീടാവകാശി അല്ലാതിരുന്നിട്ടും ഉമറിനെ തന്റെ പിൻഗാമിയാക്കുന്നത്. രാജഭരണം ഏറ്റതോടെ ആർഭാടങ്ങളും കൊട്ടാരവും ഉപേക്ഷിക്കുകയും, ജനകീയപിന്തുണയോടെ ഭരണം നടത്തുകയും ചെയ്‌‌തു. 717 മുതൽ 720 വരെയുള്ള ചെറിയ ഒരു കാലയളവാണ്‌ അദ്ദേഹം ഖലീഫയായിരുന്നത്. രണ്ടാം ഖലീഫയായിരുന്ന ഉമറിനുശേഷം വന്ന ഉമർ എന്ന നിലക്ക് രണ്ടാം ഉമർ എന്ന് പരക്കെ അറിയപ്പെടുന്നു. സച്ചരിതരായ നാല് ഖലീഫമാർക്ക് ശേഷം അഞ്ചാമത്തെ റാശിദൂൻ ഖലീഫയായി അദ്ദേഹം വിശേഷിക്കപ്പെടുന്നു.

അഞ്ചാം ഖലീഫ എന്ന പുസ്‌തകത്തെ അധികരിച്ച് നാടകാവിഷ്‌കാരം ചെയ്യാനായിരുന്നു മൗലവി നിര്‍‌ദേശിച്ചത്.ഈജിപ്‌തിലെ ഒരു സിനിമാ നിര്‍‌മ്മാണ വിഭാഗം ഒരുക്കിയ ചരിത്ര രേഖകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പലതും ദോഹ പ്രസാരണ ശേഖരത്തില്‍ നിന്നും മൗലവിയുടെ ശ്രമഫലമായി സം‌ഘടിപ്പിച്ചിരുന്നതായി എ.വി.എം ഉണ്ണി ഓര്‍‌ക്കുന്നു.പ്രസ്‌തുത ചരിത്ര ഭാഗത്തിന്റെ അവതരണ രീതിയും ചരിത്രപരമായ സം‌ഭവ വികാസങ്ങളുടെ ഭൂമികയും വേഷ വിതാനവും ഒക്കെ ഒരുക്കുന്നതിന്‌ ഇത് ഉപകരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ചിത്രീകരണത്തില്‍ ഉപയോഗിച്ച കാര്യങ്ങളുടെ ഒരു ഏകദേശ പതിപ്പ് നമ്മുടെ പരിധിയിലും പരിമിതിയിലും നിന്നു കൊണ്ട് ഒരുക്കാന്‍ കഴിഞ്ഞേക്കും എന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലുള്ള മൗലവിയുടെ പരിശ്രമങ്ങളും പരീക്ഷണങ്ങളും പ്രോത്സാഹ ജനകമായിരുന്നു എന്നും ഈ നാടകക്കാരന്‍ പറഞ്ഞു.

ചുരുക്കത്തില്‍ നാടകാവിഷ്‌ക്കാരവും അവതരണ രീതിയും അണിനിരക്കേണ്ടവരും അഭിനയിക്കേണ്ടവരും ഒക്കെ തീരുമാനിക്കപ്പെട്ട സമയത്ത് നിയുക്ത സം‌വിധായകന്‌ ദുബൈയിലേക്ക്‌ ഗാനിം സുലൈത്തിയുടെ നാടകവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നു.പിന്നീട് ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് പൂര്‍‌ത്തീകരിച്ച് സ്റ്റേജില്‍ അവതരിപ്പിച്ചത് അഷ്‌റഫ് പെരിങ്ങാടിയായിരുന്നു.

ചരിത്രപരമാണെങ്കിലും മറ്റു കലാ സൃഷ്‌ടികളാണെങ്കിലും അതി സൂക്ഷ്‌മമായ നിരീക്ഷണങ്ങള്‍ മൗലവിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതിന്റെ ഉദാഹരണങ്ങളും എ.വി.എം പങ്കുവെച്ചു.ഭൗതിക സഹാചര്യങ്ങളുടെ വളര്‍‌ച്ചക്ക് അനുസരിച്ച് മതപരമായ വിഷയങ്ങളില്‍ കൃത്യവും വ്യക്തവുമായ നിലപാടുകളെടുക്കുന്നതിലുള്ള മൗലവിയുടെ അസാധ്യമായ കഴിവുകള്‍ പറയുമ്പോള്‍ ഈ കലാപ്രേമി വാചാലനാകും.

ഉമര്‍ ഇബ്‌‌നു അബ്‌‌ദില്‍ അസീസിന്റെ ജീവിത ചരിത്രം മനോഹരമായ ഒരു ചല ചിത്രമാക്കിയെടുക്കാനുള്ള ഒരു സ്വപ്‌നം മനസില്‍ ഇപ്പോഴും താലോലിച്ച് നടക്കുകയാണ്‌ പ്രതിജ്ഞാബദ്ധനായ കലാകാരന്‍.

ആദ്യകാല ഈദാഘോഷങ്ങളില്‍ ശ്രദ്ദേയമായ ഒരു പരിപാടിയായിരുന്നു ബിന്‍ ദിര്‍‌ഹത്തില്‍ സം‌ഘടിപ്പിച്ച ഈദാഘോഷം.മര്‍‌ഹൂം പി.സി ഹം‌സ സാഹിബ്‌ പ്രഭാഷകരില്‍ ഒരാളായിരുന്നു.

പുഷ്‌‌പന്‍ തൃപ്രയാര്‍ സം‌വിധാനം നിര്‍‌വഹിച്ച കാറ്റുറങ്ങുന്ന കൂട് എന്ന നാടകം ഏറെ പ്രശം‌സിക്കപ്പെട്ടിരുന്നു.പ്രസ്‌തുത പരിപാടിയില്‍ വിവിധ തരത്തിലുള്ള കലാപരിപാടികളും അവതരിപ്പിച്ചിരുന്നു.ഭഗല്‍‌പൂര്‍ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ വി.എം അബ്‌ദുല്‍ മജീദും മഞ്ഞിയിലും ചേര്‍‌ന്ന് രൂപപ്പെടുത്തിയ ടാബ്ലോ പ്രേക്ഷകരുടെ പ്രശം‌സ നേടിയ മറ്റൊരു കലാവിരുന്നായിരുന്നു.പ്രസ്‌തുത കോമ്പൗണ്ട് പിന്നീട് ഐ.സി.ആര്‍.സിയുടെ കേന്ദ്രമായി കുറെകാലം പ്രവര്‍‌ത്തിച്ചതായി ഓര്‍‌ക്കുന്നു.

പൊതു പരിപാടികളും കലാ പരിപാടികളിലും അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിക്കാന്‍ സുശക്തമായ ഒരു സം‌ഘം തന്നെയുണ്ടായിരുന്നു. ചിത്രകാരനായ നജീബ് മാടായിയുടെ വിശ്രമമില്ലാത്ത സഹകരണം എടുത്തു പറയാതിരിക്കാന്‍ കഴിയില്ല.നിതാന്ത ജാഗ്രതയോടെ അരങ്ങിലും അണിയറയിലുമുണ്ടായിരുന്നവരുടെ പട്ടിക നീണ്ടതാണ്‌.

ഇഖ്‌ബാല്‍ ചേറ്റുവ,മോഹന്‍ അയിരൂര്‍,അബ്‌ദുല്ല കൊയിലാണ്ടി,ബാവ വടകര,അന്‍‌വര്‍ ബാബു,സലീം ചേറ്റുവ,ഖിഫ്‌‌ലി പാലയൂര്‍,വിന്‍‌സന്റ് പാവറട്ടി,ജബ്ബാര്‍ കേച്ചേരി,ബഷീര്‍ കേച്ചേരി,അഷ്‌‌റഫ് വാടാനപ്പള്ളി, ജമാല്‍ വേളൂര്‍,അഷ്‌റഫ് കാരക്കാട്,ഹുസൈന്‍ ബി.വി,അബ്‌ദുല്‍ കലാം പാവറട്ടി,സകരിയ്യ വാവാട്, അഷ്‌‌റഫ് പിലാക്കല്‍, എന്‍.കെ മുഹിയദ്ദീന്‍,അസീസ് എം.കെ,ഹക്കീം ചേന്ദമം‌ഗല്ലൂര്‍,അബ്‌‌ദുല്‍ റഷീദ്, ആദം,അയ്യൂബ് ഖാന്‍ തുടങ്ങിയ ഒരു നീണ്ട നിര അസോസിയേഷന്‍ നാടകങ്ങള്‍‌ക്കായി ചായം തേച്ചവരില്‍ പെടുന്നു.

അസോസിയേഷനു വേണ്ടി  നാടകങ്ങള്‍ അധികവും എഴുതിയതെല്ലാം അഡ്വ.അറക്കല്‍ ഖാലിദ് ആയിരുന്നു.സം‌വിധാനം നിര്‍‌വഹിച്ചിരുന്നത് എ.വി.എം ഉണ്ണിയും ആവശ്യമായ ഗാനങ്ങള്‍ മഞ്ഞിയിലും ഇതായിരുന്നു രീതി.അറക്കല്‍ ഖാലിദിനെ നാടകക്കാരനാക്കിയതും നാടകാഭിനയത്തിലും സം‌വിധാന രം‌ഗത്തും മാത്രം ശ്രദ്ദകേന്ദ്രീകരിച്ചിരുന്ന എ.വി.എം ഉണ്ണിയെ നാടക രചനാ രംഗത്തേക്ക് നിര്‍‌ബന്ധത്തോടെ കൊണ്ടു വന്നതും മൗലവിയായിരുന്നു.

അക്ഷരവിരുത് എന്ന ചിത്രീകരണത്തിലൂടെയായിരുന്നു അറക്കലിന്റെ തുടക്കം.പിന്നീട് മടക്കയാത്ര,അകത്തളങ്ങള്‍,കേദാരം,പറയാതെ പോകുന്നവര്‍,ഇടത്താവളം തുടങ്ങിയ ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അസോസിയേഷന്റെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.ഈ രചനകളിലെല്ലാം മൗലവിയുടെ കയ്യൊപ്പ് ചാര്‍‌ത്തപ്പെട്ടിട്ടുണ്ട് എന്ന്‌ അഡ്വ,ഖാലിദ് പറയുന്നു.മൗലവിയുമായുള്ള യാദൃശ്ചികമായ പരിചയപ്പെടല്‍  അഥവാ നാടകീയമായ സമാഗമം ഭാവി ജീവിതത്തിലെ പല രം‌ഗങ്ങളേയും ഏറെ ധന്യമാക്കി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശ്രമ വീഥിയില്‍ പൂക്കള്‍ വിരിഞ്ഞപ്പോള്‍,പ്രവാസിയുടെ മകന്‍ തുടങ്ങിയ നാടകങ്ങളും അസോസിയേഷന്‍ അരങ്ങിലെത്തിച്ച നാടകങ്ങളുടെ പട്ടികയില്‍ ഉണ്ട്‌.

സഹൃദയരുടെ സര്‍‌ഗ്ഗ വാസനകള്‍ തിരിച്ചറിഞ്ഞ് അവരെ യഥോചിതം ഉപയോഗപ്പെടുത്തുന്നതിനും അവരുടെ സിദ്ധികളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും മൗലവിയുടെ നിസ്വാര്‍‌ഥമായ പരിശ്രമങ്ങള്‍ അത്യാദരവോടെ സ്‌‌മരിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.

06.09.2023
=========

ഗുരുനാഥന്‍

ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി  10


തൃശൂര്‍ ജില്ലയിലെ തീരദേശ മേഖലയില്‍ വൈജ്ഞാനിക സദസ്സുകളുടെ പേരില്‍ ചില പള്ളികള്‍ പ്രസിദ്ധമാണ്‌.പരിശുദ്ധ റമദാനില്‍ വിശേഷിച്ചും  വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട്‌ വര്‍‌ദ്ധിതമായ രീതിയില്‍ സജീവമാകുന്ന പള്ളികളും ധാരാളമുണ്ട്.

റമദാന്‍ മാസത്തില്‍ രാത്രി നമസ്‌‌ക്കാരത്തിലും നമസ്‌ക്കാരാനന്തരമുള്ള  മജ്‌ലിസുകളും വിശ്വാസികളാല്‍ സമ്പന്നമാകും.ഒരിക്കല്‍ റമദാനില്‍ പ്രദേശത്തെ പ്രസിദ്ധമായ ഒരു പള്ളിയില്‍ റമദാന്‍ സന്ദേശം നല്‍‌കാനായി ക്ഷണിക്കപ്പെട്ടു.നല്ല പരിചയമുള്ളവരും മുഖപരിചയമുള്ളവരും അല്ലാത്തവരുമൊക്കെ സദസ്സിലുണ്ടായിരുന്നു.

പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പലരും പരിചയപ്പെടാനും പരിചയം പുതുക്കാനും അടുത്ത് വന്നു.ചിലരൊക്കെ ഇസ്‌‌ലാമിക കലാലയ പഠനത്തെ കുറിച്ചും അധ്യാപകരെ കുറിച്ചും അന്വേഷിക്കുന്നുണ്ടായിരുന്നു.

ആദരണീയ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ പ്രദേശത്തെ ദര്‍‌സുകളിലെ മതപഠനവുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെയായിരുന്നു പങ്കുവെച്ചത്. അഥവാ മനസ്സാ ശിഷ്യത്വം സ്വീകരിച്ച പ്രമുഖരുടെ പേരുകളൊന്നും പ്രതിപാദിച്ചിരുന്നില്ല.

പാരമ്പര്യ പഠനങ്ങള്‍‌ക്കപ്പുറമുള്ള വിശേഷങ്ങള്‍ കൂടെ അറിയാന്‍ അന്വേഷകര്‍‌ക്ക് താല്‍‌പര്യമുള്ളതായി മനസ്സിലായപ്പോള്‍, മതപഠനത്തിന്റെ സര്‍‌ഗാത്മകവും സൗന്ദര്യാത്മകവുമായ പുരോഗതിയിലേക്ക് ദിശകാട്ടിയ എ.വി ഹം‌സ സാഹിബ്‌ മുതല്‍ ഖത്തറില്‍ വിജ്ഞാന സദസ്സുകളില്‍ പ്രശോഭിച്ചു നിന്നിരുന്ന പണ്ഡിത ത്രയങ്ങളായ മര്‍‌ഹൂം അബ്‌ദുല്ല ഹസന്‍, മര്‍‌ഹൂം എം.വി മുഹമ്മദ് സലീം മൗലവി,വി.കെ അലി സഹിബ്‌ എന്നിവരുടെ പേരുകള്‍ കൂടെ പറഞ്ഞു തീര്‍‌ന്നപ്പോഴാണ്‌ അന്വേഷകര്‍ തൃപ്‌തരായത്.വിശേഷിച്ചും ആദരണീയനായ ഗുരുനാഥന്‍ എം.വി മുഹമ്മദ് സലീം മൗലവിയുടെ പേര്‌ കേട്ടപ്പോള്‍ സഹോദരങ്ങള്‍ വലിയ മതിപ്പ് രേഖപ്പെടുത്തി.

ദോഹയിലെ വലിയ പള്ളിയില്‍ അദ്ദേഹം നടത്തിയിരുന്ന വിജ്ഞാന സദസ്സ് സാധാരണക്കാരായ ആളുകള്‍‌ക്ക് മറ്റൊരു പാഠ ശാലയില്‍ നിന്നും ലഭിക്കുമായിരുന്നില്ല.ആധുനികവും പൗരാണികവുമായ രണ്ട്‌ തഫ്‌സീറുകളുടെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ വൈജ്ഞാനിക പരമ്പര ജീവിതത്തില്‍ ലഭിച്ച അമൂല്യമായ അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു.

പ്രഭാഷണം ഒരു കലയാണ്‌.കേവലം ആസ്വാദനം എന്നതിനും അപ്പുറമാണ്‌ കലകളുടെ മാനം എന്ന്‌ പൊതുവെ നിരീക്ഷിക്കപ്പെടുന്നുണ്ട്. എതിരഭിപ്രായമുള്ളവരും ഉണ്ടാകാം.എന്നാല്‍ പ്രഭാഷണങ്ങള്‍ ഉദ്‌ബോധന പ്രദമൊ സമൂഹത്തിന്‌ ഉപകാര പ്രദമോ ആകണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരുണ്ടാവില്ല എന്നു മനസ്സിലാക്കുന്നു.സദസ്സിനെ ആകര്‍‌ഷിപ്പിക്കുന്നതില്‍ കലാകാരനെപ്പോലെ പ്രഭാഷകനും ജാഗ്രത കാണിക്കണമെന്ന പാഠം പരമാവധി പാലിക്കാന്‍ ശ്രമിച്ചു പോരാറുണ്ട്. അവതരിപ്പിക്കാനുദ്ദേശിക്കുന്ന വിഷയം നന്നായി പഠിക്കുന്നതോടൊപ്പം അനുബന്ധ ഭാഗങ്ങള്‍ കൂടെ  പ്രാഥമികമായെങ്കിലും അന്വേഷിച്ചറിയാനും ശ്രദ്ദിക്കാറുണ്ട്.

ഉദ്‌ബോധനപ്രദമായ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രചോദനവും പ്രോത്സാഹനവും ലഭിച്ചത് മേലുദ്ധരിച്ച പണ്ഡിത ത്രയങ്ങളില്‍ നിന്നും ഇവിടെ പ്രത്യേകം പരാമര്‍‌ശിച്ചിട്ടില്ലാത്ത  പണ്ഡിത വര്യന്മാരില്‍ നിന്നും തന്നെയാണ്‌. പ്രവാസ ലോകത്ത് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനെത്തിയ ആയിരങ്ങങ്ങള്‍ക്ക്‌ തങ്ങളുടെ കലാലയ ജീവിത കാലത്ത് കണ്ടിട്ട് പോലുമില്ലാത്ത വ്യക്തിത്വങ്ങളെ  ഗുരുനാഥന്മാരായി പതിച്ച് കിട്ടിയത് ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളായി കാണുന്ന എത്രയോ പഠിതാക്കളുണ്ട് എന്നത് ഒരു വസ്‌‌തുതയാണ്‌.അഥവാ  വിജ്ഞാന ദാഹികള്‍‌ക്ക് വഴിയും വിളക്കും വെളിച്ചവും തെളിച്ചവും കാട്ടിക്കൊടുത്ത എല്ലാമായിരുന്നു ഈ മഹാരഥന്‍മാര്‍.സ്‌‌നേഹാദരണീയരായ ഗുരുവര്യന്മാരെ ലോക രക്ഷിതാവായ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

തുടരും

07.09.2023


=============

പ്രവാസികള്‍‌ക്കായി ഒരു സം‌ഘടന

ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി - 11

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതി സങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ വ്യക്തമായ പാന്ഥാവിലേക്ക് നയിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി ഈ സം‌വിധാനം പ്രവാസികളായ മലയാളികള്‍‌ക്ക് വേണ്ടി പ്രവര്‍‌ത്തന നിരതമാണ്‌. 

പ്രവാസികള്‍‌ക്കിടയില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതിലും സി.ഐ.സി പ്രതിജ്ഞാബദ്ധമാണ്‌.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം  പരിരക്ഷിച്ചു പോരുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച സാം‌സ്‌ക്കാരിക പാതയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

മൗലവിയെക്കുറിച്ചുള്ള ഓര്‍‌മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തെ പോലെയുള്ള മഹാരഥന്‍മാര്‍ ദീര്‍‌ഘ വീക്ഷണത്തോടെ പടുത്തുയര്‍‌ത്തിയ സം‌വിധാനവും അത് സമൂഹത്തിന്‌ നല്‍‌കിയ സം‌ഭാവനകളുടെ നഖ ചിത്രങ്ങളും വരച്ചു വെച്ചത് വായനക്കാര്‍‌ക്ക് വായിച്ചെടുക്കാന്‍ സാധിച്ചുവെങ്കില്‍ ഈ ലേഖകന്‍ കൃഥാര്‍‌ഥനാണ്‌.

അവസാനിച്ചു

08.09.2023


✍🏻ഓര്‍‌മ്മകളില്‍ ഒളിമങ്ങാതെ സലീം മൗലവി
✍🏻ഒരു പെരുന്നാളോഘഷപ്പൊലിമ
✍🏻അണയാത്ത ഓര്‍‌മ്മകള്‍
✍🏻മൗലവി പഠിപ്പിച്ച അധ്യായം
✍🏻തിരയടങ്ങിയ വിജ്ഞാന സാഗരം
✍🏻വലിയ പള്ളിയും മൗലവിയും
✍🏻മുശേരിബ് ഒരോര്‍‌മ്മ
✍🏻കലാ സാം‌സ്‌‌ക്കാരിക രം‌ഗത്തെ അസോസിയേഷന്‍
✍🏻ഒരു ശൈത്യകാല രാത്രിയില്‍
✍🏻ഗുരുനാഥന്‍
✍🏻പ്രവാസികള്‍‌ക്കായി ഒരു സം‌ഘടന

=========

0 comments:

Post a Comment

Note: Only a member of this blog may post a comment.