Monday, March 4, 2024

കെട്ടു നാറുന്ന ആധുനിക സമൂഹം

ഒരു ഫലസ്തീനി യുവാവുമായി കുറച്ചു സമയം സം‌സാരിച്ചു.മുഹമ്മദ് ഹഷീഷ് എന്നാണ്‌ അവന്റെ പേര്‌.മുഹമ്മദിന്റെ രണ്ട് സഹോദരങ്ങള്‍ മധ്യേഷ്യയിലുണ്ട്. ഉസ്‌ബക്കിസ്ഥാനില്‍ ഉപജീവനം നടത്തിയിരുന്ന പിതാവ്‌ ഈയിടെ മരണപ്പെട്ടു. റഷ്യയില്‍ ഉമ്മയുടെ അടുത്ത് വെച്ചായിരുന്നു അന്ത്യം.മരിക്കുമ്പോള്‍ ഉമ്മയും മക്കളും ഒക്കെ അടുത്തുണ്ടായിരുന്നു.മുഹമ്മദിന്റെയും സഹോദരങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസം ഗസ്സയിലും തുടര്‍‌ പഠനം നടന്നത് ഈജിപ്‌തിലുമായിരുന്നു.

സയണിസ്റ്റുകളുടെ കൊടും ക്രൂരതകള്‍‌ക്ക് അകലെ നിന്നും അടുത്ത് നിന്നും ഒക്കെ പലപ്പോഴും സാക്ഷിയാകേണ്ടിവന്ന കഥകള്‍ പലതും അവന്‍ പങ്കുവെച്ചു. ബുദ്ധിവെച്ച നാള്‍ മുതല്‍ ഏതു സമയവും അക്രമത്തിന്‌ ഇരയാകുമെന്ന ബോധം എല്ലാവര്‍‌ക്കും ഉണ്ട്.യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇതു തന്നെയാണ്‌ അവസ്ഥ. ഗസ്സ മുനമ്പിലുള്ളവര്‍‌ക്ക് ഈ ബോധ്യം കൂടുതലാണെന്നും യുവാവ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

ഈയിടെ നടന്ന ദാരുണമായ ഒരു കൂട്ടക്കുരുതിയുടെ കഥ വിവരിച്ചപ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ സജലങ്ങളായി.റഫയില്‍ ഒരു വലിയ കെട്ടിടത്തില്‍ ഗസ്സയിലെ വിവിധ പ്രദേശത്തുകാര്‍ സുരക്ഷിതമെന്നു കരുതി താമസിച്ചിരുന്നുവത്രെ.പടു വൃദ്ധരും പിറന്നു വീണ കുട്ടികളും എന്നവിധം എല്ലാ പ്രായക്കാരും അതിലുണ്ടായിരുന്നു.
ഒടുവില്‍ ഈ സുരക്ഷാ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലവും ലോകത്തെ മുഴുവന്‍ മനുഷ്യരേയും സാക്ഷിയാക്കികൊണ്ട് കാപാലികരുടെ കൊടും ക്രുരതക്ക് ഇരയായി.

മധ്യേഷയിലെ പലയിടങ്ങളിലായുള്ള രണ്ടോ മൂന്നോ പേരൊഴികെ മുഹമ്മദിന്റെ കുടും‌ബത്തിലും ഇനിയാരും ബാക്കിയില്ല.

ശത്രുക്കളുടെ ബോം‌ബിങ് രീതിയും അവന്‍ വിവരിച്ചു.കെട്ടിടത്തില്‍ ചുറ്റുപാടും പതിക്കുന്ന ബോം‌ബുകള്‍,കെട്ടിടത്തെ ഇളക്കി ഭൂമിക്കടിയില്‍ പോയി സ്‌ഫോടനമുണ്ടാക്കും.അതിനു ശേഷം തീമഴപോലെ പ്രദേശം മുഴുവന്‍ വര്‍‌ഷിക്കുന്ന വിധമാണ്‌ ഭീകരരുടെ അക്രമണ സ്വഭാവം.ഒരു ചെറിയ പ്രാണിപോലും അവശേഷിക്കാതിരിക്കാനുള്ള അതി സൂക്ഷ്‌മത.

പൈശാചികത താണ്ഡവമാടി കരിയും പൊടിയും ഒക്കെ ശാന്തമായപ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പ്രദേശം തന്നെ ശ്‌മശാനമാക്കി ഗണിക്കാനേ കഴിയുകയുള്ളൂവത്രെ.ദിവസങ്ങള്‍‌ക്ക് ശേഷം രക്ഷാ പ്രവര്‍‌ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങളിലൂടെ നടക്കുമ്പോള്‍ പൂര്‍‌ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ലാത്ത ഒരു സിമന്റ് തൂണ്‌ ശ്രദ്ധയില്‍ പെട്ടു.അത് വലിച്ചൂരിയപ്പോള്‍ സാരമായ കേടുപാടില്ലാത്ത ഒരു വനിതയുടെ ജഢം ദൃശ്യമായി.അവരുടെ മാറില്‍ അമര്‍‌ന്നു കിടന്നു അമ്മിഞ്ഞ നുകരുന്ന ഒരു കുഞ്ഞും.കുഞ്ഞ് പൂര്‍‌ണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി അവര്‍‌ക്ക് ബോധ്യമായി.ഉമ്മയുടെ ജീവന്‍ പോയതിനു ശേഷവും കുഞ്ഞിന്‌ മുലപ്പാല്‍ ലഭിച്ചിരുന്നു എന്നാണ്‌ ആരോഗ്യ രം‌ഗത്തുള്ളവരുടെ നിരീക്ഷണം.എണ്ണമറ്റ കുടും‌ബ വേരുകളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു എന്നു സാരം.

റഫ അതിര്‍‌ത്തിയിലൂടെ വരുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ചു സമയം മൗനിയായി.റഫയിലൂടെ വരുന്ന ട്രക്കുകളില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പൊതിയാനുള്ള കഫന്‍ പുടവകളാണെന്നു തോന്നിപ്പോകും.അവന്‍ വിതുമ്പലമര്‍‌ത്തി പറഞ്ഞു തീര്‍‌ത്തു.

ജഢങ്ങള്‍ കുന്നു കൂടിയ ഇടങ്ങളില്‍ അനുഭവവപ്പെടാത്ത ദുര്‍‌ഗന്ധം ആധുനിക സമൂഹങ്ങള്‍‌ക്കിടയില്‍ നിന്നും വമിച്ചു കൊണ്ടിരിക്കുന്നുണ്ട്.ജീവന്‍ ബലി നല്‍‌കിയവര്‍‌ക്ക് യഥാര്‍‌ഥത്തില്‍ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.ജീവച്ഛവങ്ങളായ കാഴ്‌ച്ചക്കാരുടെ അവസ്ഥയെക്കുറിച്ചോര്‍‌ത്താണ്‌ എന്റെ നോവും വേവും.അവന്‍ കണ്ണീരൊപ്പി.തിരിച്ചൊന്നും ഉരിയാടാനാകാതെ ഞാനും വിതുമ്പി.
==================
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.