Friday, October 27, 2023

ഇരുട്ടിനെ എത്ര പുണര്‍‌ന്നുറങ്ങിയാലും നേരം പുലരും

ജാതിയും മതവും വര്‍‌ഗ്ഗ വര്‍‌ണ്ണങ്ങളും കൂട്ടികുഴച്ച് രാജ്യത്തെ അസ്വസ്ഥപ്പെടുത്തി അസ്ഥിരപ്പെടുത്തി അധികാരത്തില്‍ വാണരുളുന്നവരുടെ  വിശേഷാല്‍ ആഘോഷ ദിന സന്ദേശം രാഷ്‌ട്രീയ സ്വയം സേവകരെ ആനന്ദനൃത്തം ചവിട്ടിക്കും എന്നതില്‍ സം‌ശയമില്ല.

'രാജ്യത്തിന്റെ എല്ലാ തിന്മകള്‍‌ക്കും മേല്‍ ദേശസ്‌‌നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം വിജയദശമി. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ പ്രതിജ്ഞയെടുക്കണം. വികസനത്തിന്റെ പാതയില്‍ പുത്തന്‍ ഊര്‍‌ജ്ജവും പുതിയ പ്രമേയങ്ങളുമായി നാം മുന്നോട്ട് പോകും. നമ്മള്‍ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം ഉണ്ടാക്കും.'പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞു.മാത്രമല്ല ഒരു പടികൂടെ കടന്ന് തന്റെ അനുയായികളെ ആവേശം കൊള്ളിക്കുക കൂടെ ചെയ്യുന്നുണ്ട്.

'ദീഘനാളത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം പണിയുന്നത് കാണാന്‍ ഇന്ന് നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ അടയാളമാണ്‌.'

തങ്ങളുടെ തച്ചു തകര്‍‌പ്പന്‍ വം‌ശീയ വര്‍‌ഗ്ഗീയ അജണ്ടയില്‍ ഊറ്റം കൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരിയെ കുറിച്ചോര്‍‌ത്ത് നമുക്ക് സഹതപിക്കാം.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച പ്രധാനമന്തിയുടെ ഉപാധികളില്ലാത്ത സയണിസ പിന്തുണയും ഇതോടൊപ്പം ചേര്‍‌ത്തു വായിക്കാം.

സം‌ഹാരാത്മകതയുടെ പൈശാചിക മുഖമുള്ള ലോകമെമ്പാടുമുള്ള ഫാഷിസം അട്ടഹസിക്കുകയാണ്‌. സ്വജനപക്ഷപാതിത്വവും അനാരോഗ്യകരമായ സാമൂഹ്യ ഇടപെടലുകളും അക്രമവാസനകളും അസഹിഷ്‌‌ണുതയും നിറഞ്ഞ ഉറഞ്ഞാട്ടം നടത്തി സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്‌‌ടിച്ചു കൊണ്ട് ഫാഷിസം തേരോട്ടം തുടരുകയാണ്‌.ഇങ്ങനെ നാടു തകര്‍‌ക്കാനും മുടിക്കാനുമൊരുങ്ങിയവര്‍‌ നൂറ്റാണ്ടുകളുടെ പഴക്കമുള്ള  സാം‌സ്‌‌ക്കാരിക സ്‌മാരകങ്ങളും, പാരമ്പര്യങ്ങളുടെ കഥ പറയുന്ന ചരിത്ര സ്‌തൂപങ്ങളും നാമാവശേഷമാക്കുന്നതിലും അവരുടെ താല്‍‌പര്യത്തിനൊത്ത് പുനഃക്രമീകരിക്കുന്നതിലും പുനര്‍ നാമം ചെയ്യുന്നതിലും വ്യാപൃതരാണ്‌. ഇതിനൊക്കെ എണ്ണിയൊലൊടുങ്ങാത്തത്ര ഉദാഹരണങ്ങള്‍ നിരത്താനാകും.

നൂറ്റാണ്ടുകള്‍‌ക്ക് മുമ്പ് ഇന്ത്യയില്‍ ഇസ്‌‌ലാമിന്‌ വേരോട്ടം കിട്ടിയിട്ടുണ്ടെന്നത് ചരിത്ര സാക്ഷ്യം.വിശിഷ്യാ മലയാളക്കരയില്‍ പ്രവാചകന്റെ കാലത്ത് തന്നെ അത് വ്യാപിച്ചു കൊണ്ടിരുന്നു.ഇസ്‌ലാമിനെ ഒരു വിമോചന മന്ത്രമായി സ്നേഹ സാഹോദര്യത്തിന്റെ തുരുത്തായി അഭയസ്ഥാനമായി മനസ്സിലാക്കി അധസ്ഥിതരും അരിക്‌ വത്കരിക്കപ്പെട്ടവരും ഐത്തവും തീണ്ടലും കൊണ്ട് പൊറുതിമുട്ടിയവരുടെയുമൊക്കെ മനംമാറ്റം ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാരം‌ഭ കാലങ്ങളില്‍ ഇസ്‌‌ലാമിലേക്ക്‌ കടന്നുവന്നവരില്‍ നല്ലൊരു ശതമാനം  കേരളത്തിലെ പ്രസിദ്ധങ്ങളായ സവര്‍‌ണ്ണ ഇല്ലങ്ങളില്‍ നിന്നും മഠങ്ങളില്‍ നിന്നും നായര്‍ വീടുകളില്‍ നിന്നും കാവുകളില്‍ നിന്നും അമ്പലവീടുകളില്‍ നിന്നുമൊക്കെ ഉണ്ടായിരുന്നു എന്നതും ചരിത്ര സാക്ഷ്യം തന്നെ.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏതെങ്കിലും ഇല്ലത്തെ മുസ്‌‌ലിം കുടുംബക്കാര്‍ തങ്ങളുടെ മൂന്നാം പേരില്‍ നിന്നും ഇല്ലം നീക്കം ചെയ്‌തതായി ചൂണ്ടികാണിക്കാന്‍ കഴിയില്ല.പുഴങ്കര ഇല്ലത്ത് ഇബ്രാഹീമുമാരും മമ്മസ്രായില്ലത്തെ അബ്‌‌ദുല്‍ ഖാദര്‍ മാരും,  പോക്കാക്കിലത്ത് മുഹമ്മദുമാരും ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌.

പ്രവാചകന്റെ കാലത്തും ഇതുപോലെയുള്ള ചരിത്ര സത്യങ്ങള്‍ പ്രസിദ്ധങ്ങളത്രെ.ഏക ദൈവ വിശ്വാസത്തിന്‌ നിരക്കാത്ത വ്യക്തികളുടെ പേരുകള്‍ മാത്രമേ പുതു വിശ്വാസികള്‍ പോലും തിരുത്തിയിരുന്നുള്ളൂ.എന്നാല്‍ പിതാക്കളുടെയും പിതാമഹാന്മാരുടെയും പേരുകള്‍ അവരുടെ വാല്‍‌കഷ്‌‌ണങ്ങളായി തുടരുകയായിരുന്നു.

ചരിത്രത്തെ മായ്‌‌ക്കാനും മറയ്‌ക്കാനും മറക്കാനുമുള്ള ഫാസിഷ രീതി അവരുടെ മാത്രം സ്വഭാവ വൈകൃതത്തില്‍ നിന്നും ഉടലെടുത്തതാണ്‌.

ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഉണര്‍‌ത്തുപാട്ടുകള്‍ കേവലം ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ള ബാധ്യതപോലെ ചുരുക്കി കെട്ടപ്പെടുന്ന കാലത്ത് കൂടുതല്‍ സൂക്ഷ്‌‌മതയും ജാഗ്രതയും ആവശ്യമത്രെ. ലോകമെമ്പാടുമുള്ള ഫാഷിസ സമീപനങ്ങള്‍ മനുഷ്യത്വത്തിനും മാനവികതയ്‌ക്കും എതിരാണെന്നു കാണാന്‍ കഴിയും.മുതലാളിത്ത ചിന്താ ഗതിയുടെ രാക്ഷസീയ മുഖം 'ഞങ്ങളുടെ രാജ്യ താല്‍‌പര്യം' എന്ന ഒരു മുദ്രാവാക്യത്തിലാണ്‌ മന്ത്രിച്ച് വെച്ചിട്ടുള്ളത്.

ഇതു പോലെ പൗരോഹിത്യ സം‌ജ്ഞകളും കമ്മ്യൂണിസ്റ്റ് - ലിബറല്‍ വാദങ്ങളും ഒക്കെ എടുത്തു നോക്കിയാല്‍ മനുഷ്യന്‍ എന്ന വിഭാവന പച്ചക്കള്ളമാണെന്നു ബോധ്യം വരും.

മുതലാളിത്ത ബിം‌ബമായ കപട രാജ്യ സ്‌നേഹവും,പൗരോഹിത്യ നിര്‍‌മ്മിതിയുടെ ചൂഷണ തന്ത്രവും നിര്‍‌മ്മിത ദര്‍‌ശനങ്ങളില്‍ നിഴലിട്ട ക്രിത്രിമ സമത്വ വാദവും ഒക്കെ അവിയല്‍ പോലെ പാകപ്പെടുത്തിയെടുത്തതാണ്‌ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം.വര്‍‌ത്തമാന കാലത്ത് ദൗര്‍‌ഭാഗ്യകരം വളരെ സുലഭമായി ലഭിക്കുന്ന അങ്ങാടി മരുന്നു പോലെയുള്ള ഇസ്‌‌ലാമോഫോബിയയും പരമത - ധര്‍‌മ്മ നിന്ദയും ചേരുംപടിയാകുമ്പോള്‍ ഒന്നും പറയാനില്ല.കൂരാകുരിട്ടത്തെ ആഭാസ നൃത്തം അരങ്ങ് വാഴുകയാണ്‌.

അന്ധമായ ആചാരാനുഷ്‌‌ഠാനങ്ങളും അതിനെക്കാള്‍ അന്ധമായ വെറുപ്പും വിദ്വേഷവും ദുര്‍‌ഗന്ധം വമിപ്പിക്കുന്ന ഈ ഭൂമികയില്‍ സുഗന്ധമുണ്ടാകണം. കെട്ട കാലത്തിന്റെ കൊടും വേനലില്‍ തേന്മാരി വര്‍‌ഷിക്കണം.ഇരുള്‍ മൂടിയ ഈ ലോകത്തിന്‌ നന്മയുടെ വിളക്കും വെളിച്ചവും വേണം.

സുഗന്ധവാഹിനികാളാകാന്‍ ആത്മീയതമായി ഉണരണം.ഉരുണ്ടുകൂടിയ കാര്‍‌മേഘങ്ങളെ കൂട്ടിമുട്ടിക്കാനാകും വിധം ധാര്‍‌മ്മികമായ ചിന്തകളുയരണം. നന്മയുടെ പ്രസാരണത്തിനുതകുന്ന കൈതിരികളില്‍ ഊര്‍‌ജ്ജം വേണം. അതില്‍ കൊളുത്തിയെടുക്കുന്ന വിളക്കും വെളിച്ചവും തെളിച്ചവുമായി മുന്നേറുമ്പോള്‍ പുതിയ പ്രഭാതം ഉദിച്ചുയരും.

കൂരാകൂരിരുട്ടിനെ ആരൊക്കെ എങ്ങിനെയൊക്കെ പുണര്‍‌ന്നുറങ്ങിയാലും നേരം പുലരുക തന്നെ ചെയ്യും.

0 comments:

Post a Comment

Note: Only a member of this blog may post a comment.