Thursday, June 19, 2025

മഞ്ഞുതുള്ളികളിലെ മാസ്‌മരികത

അറുപതോളം രചനകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്.നിരാകരിക്കാനാകില്ല എന്ന ഒമ്പത് അക്ഷരം ശീർഷകത്തിൽ ഏഴ് വരികളിൽ ആശയം വ്യക്തമാക്കുന്നതാണ് ഇതിലെ ഏറ്റവും ചെറിയ കവിത. വൈവിധ്യപൂർണമായ ഇതിവൃത്തങ്ങളാൽ സമ്പന്നമാണ് ഒട്ടും ദിർഘമല്ലാത്ത മറ്റു സൃഷ്ടികൾ.

ആമുഖത്തിൽ സ്വയം പരിചയപ്പെടുത്തുന്ന കവിയിൽ നിന്നും  കാല്പനികതക്ക് പ്രാമുഖ്യം നൽകുന്ന സൃഷ്ടികളാണ് നാം പ്രതീക്ഷിക്കുക.അത്രയധികം വൈയക്തികമായ  അനുഭവങ്ങൾ ബാല്യം   മുതൽ അദ്ദേഹത്തെ  സ്വാധീനിച്ചിരുന്നതായി കാണാം. 

എന്നാൽ കാല്പനിക കവികളുടെ അന്തർമുഖ പ്രകൃതം ഗ്രാമീണ ഏകാന്തതയോടും സൗന്ദര്യത്തോടുമുള്ള ആഭിമുഖ്യം, ദാർശനികത, ആദർശവത്കരണം ഇതെല്ലാം തന്റെ രചനകളിൽ ഒരുമിന്നായം പോലെ പ്രകടമാക്കി ഇന്നിന്റെ ആവശ്യകതയോട് ചേർന്ന് നിൽക്കുന്ന നവീനതയുടെ  ചലനാത്മക ശക്തിയാണ് ആ തൂലികയിലൂടെ പ്രതിഫലിക്കുന്നത്.

വാക്കുകളിലും വരികളിലും പ്രാദേശിക  ചുവനൽകി  ആർക്കും സുപരിചിതങ്ങളായ സങ്കേതങ്ങളിലൂടെ തന്റെ കാവ്യ മനസ്സിനെ നടത്തിപ്പിക്കുമ്പോഴും ആസ്വാദകനിലേക്ക് പരിമിതപ്പെടാതെ അപ്രാപ്യമെന്നു തോന്നുന്ന വിതാനങ്ങളിലേക്ക് അനുവാചക ചിന്തയെ നയിക്കുന്നത് കാണാം.  

ഓരോ മഞ്ഞു തുള്ളിയും ക്രമമായ  നൈരന്തര്യത്തിനകത്ത് പതിക്കുന്ന നനുത്ത ഹിമകണം പോലെ സൂക്ഷ്മ വിശകലനമർഹിക്കുന്ന ചലന വിസ്മയമാണ്.മനുഷ്യനും പ്രകൃതിയും തന്നെയാണ് എല്ലാ കവിതകളിലെയും മുഖ്യ  ഇതിവൃത്തം. 

പശ്ചിമേഷ്യയിലെ ദുരന്തങ്ങൾ സ്വന്തം ഗ്രാമത്തിൽ അനുഭവപ്പെടും വിധം കവിയിൽ വിങ്ങലും വിഹ്വലതകളും സൃഷ്ടിക്കുന്നത് മാനവികതാ സങ്കല്പത്തിന്റെ സ്വാധീനം തന്നെയാണ്..   

മനുഷ്യ മഹത്വം  അംഗീകരിക്കുന്ന മാനവികത  ഹ്യുമനിസം  ഒട്ടേറെ കവിതകളിൽ കടന്നു വരുന്നത് യാദൃശ്ചികമല്ല.ഇതിൽ മതാധിഷ്ടിത മാനവികതക്ക് ഊന്നൽ നൽകുന്ന രചനകളിലൂടെ കവിയിലെ  ധർമാവലംബ ജീവിത ചര്യയുടെ താളക്രമങ്ങൾ വായനക്കാർക്ക് അനുഭവപ്പെടും. 

ഈ സമാഹാരത്തിലെ രചനങ്ങളെല്ലാം തന്നെ മനസ്സിന്റെ ആർദ്രതയും ആത്മ ചൈതന്യത്തിന്റെ അനിഷേധ്യ യാഥർഥ്യങ്ങളും ഒളിമിന്നുതായി കാണാൻ കഴിയും.ഈ സ്നേഹാർദ്ര മനസ്സിന്റെ ഇടക്കിടെ സംഭവിക്കുന്ന ഉരുൾപൊട്ടലുകളാണ് ചില രചനകൾ.

വൃത്ത നിബന്ധനകളുടെ തച്ചു ശാസ്ത്രം നിരാകരിച്ച് നിർവൃത്തമായി  ഗദ്യ കവിതയുടെ സമാന സ്വഭാവമുള്ള കവിതകൾ രചിക്കുക വഴി ശില്പ ഘടനയിൽ പരീക്ഷണം നടത്തുന്നതായി കാണാൻ കഴിയും. 

ജീവിതത്തിൽ പിന്നിടുന്ന കാലഘട്ടങ്ങൾ വേറെ വേറെ അടയാള ശിലകളാണെന്നാണ് ദുരം എന്ന കവിതയിലൂടെ ഓർമ്മിപ്പിക്കുന്നത്. വൈവിധ്യങ്ങൾ ഉൾകൊള്ളാൻ വിമുഖതകാണിക്കുന്ന സമൂഹ മനസ്സിന്റെ വൈകല്യമാണ് പൂക്കള കാഴ്ച കണ്ട് മടുത്ത്  മടങ്ങുന്ന കവിയിലൂടെ പ്രകടമാകുന്നത്.  

മുപ്പതാം മഞ്ഞു തുള്ളിയിൽ മനസ്സുടക്കി എത്ര നേരമാണ് തരിച്ചിരുന്നതെന്നു അറിയില്ല.അകാലത്തിൽ പൊലിഞ്ഞ പ്രിയ പുത്രൻ, ശൈശവം മുതൽ ഞാനറിയുന്ന അബ്സാർ,അന്ത്യ വിശ്രമ കൊള്ളുന്ന മകന്റെ ഖബറിടത്തിലെ സ്മാരകശിലയിലേക്ക് നോക്കിയുള്ള കവിയുടെ ആത്മഗതം,പിതൃ പുത്ര സംവാദം,ഖബറടക്കം ചെയ്യാനാകാത്ത ഓർമ്മകളിലെ വൈകാരിക തീഷ്ണത ഹൃദയവ്യഥ വായന പൂർത്തികരിക്കാനാകാതെ മിഴിനീർ മഞ്ഞു തുള്ളികളിൽ  വിലയം പ്രാപിക്കുകയായിരുന്നു. 

ശുഭാപ്തിയും പ്രതീക്ഷയും നിലനിർത്തിയാണ് എല്ലാ കവിതകളുടെയും ക്രമീകരണമെന്ന് ആസ്വാദകർ തിരിച്ചറിയണമെങ്കിൽ ആവർത്തിച്ചുള്ള വായന അനിവാര്യമായേക്കാം. 

വചനം പബ്ലിഷിംഗ് ഹൗസിലൂടെ അക്ഷരലോകത്തേക്ക് മിഴിതുറക്കുന്ന മഞ്ഞിയിൽ കവിതകൾ വായനക്കാരൻ്റ മനസ്സിൽ അനുഭൂതിയുടെ മഞ്ഞുതുള്ളികൾ പെയ്‌തിറക്കും..

-------------------

അഡ്വ.ഖാലിദ് അറക്കൽ

0 comments:

Post a Comment

Note: Only a member of this blog may post a comment.