Tuesday, March 28, 2017

വ്യഭിചരിക്കപ്പെട്ട ജനാധിപത്യം

വ്യഭിചരിക്കപ്പെട്ട ജനാധിപത്യം
അഭിവന്ദ്യനായ അധ്യാപകന്‍ പുറത്ത്‌ പോകുമ്പോള്‍ കണ്ണട മേശപുറത്ത്‌ വെയ്‌ക്കും.മേശപ്പുറത്തിരിക്കുന്ന കണ്ണടയില്‍ അധ്യാപകനെ സങ്കല്‍‌പിക്കുന്നതിനാല്‍ അദ്ധേഹം സ്ഥലത്തില്ലാത്തപ്പോള്‍ പോലും കുട്ടികള്‍ അച്ചടക്കം പാലിക്കുന്നു. സദാ നിരീക്ഷണ വിധേയനാണെന്ന ബോധ്യത്തില്‍ ധര്‍മ്മത്തിനു വിരുദ്ധമായതൊന്നും സാധാരണഗതിയില്‍ ഒരു ദൈവ വിശ്വാസിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.പൊതു നിയമങ്ങള്‍ നിര്‍‌ദേശങ്ങള്‍ ഉത്തരുവകള്‍ എന്നിവ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സാധാരണ  സമൂഹത്തിന്റെ മനോധര്‍‌മ്മവും സുവിദിതമാണ്‌.അഥവാ വൈചാരിക വൈകാരിക നിയമാധിഷ്‌ടിത വ്യവസ്ഥാപിത ചിട്ടകളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങാനാകുന്ന അത്ഭുതകരമായ അവസ്ഥയിലാണ്‌ ലോകവും ലോകരും നില നില്‍‌ക്കുന്നത്‌.ഇതു മഹത്തായ ദൈവാനുഗ്രഹമാണ്‌.

ഇതുപോലെ പരസ്‌പര വിശ്വാസവും ബഹുമാനവും ഒക്കെയാണ്‌ ഒരു ഗ്രാമ സഭ മുതല്‍ ലോക സഭവരെ നില നില്‍ക്കുന്നതിന്റെ ആധാരം.ഇവ്വിധമുള്ള ലിഖിതവും അല്ലാത്തതുമായ ധാരണകള്‍  രൂപപ്പെടുത്തിയതിന്റെ അടിസ്ഥാനങ്ങള്‍ അന്തര്‍‌ദേശിയ തലത്തില്‍ തന്നെ വികസിപ്പിച്ചെടുത്തതിന്റെ തിണ്ണ ബലത്തിലാണ്‌ ലോക രാഷ്‌ട്രങ്ങള്‍ പോലും നില നില്‍ക്കുന്നത്.ആഗോളാടിസ്ഥാനത്തിലുള്ള ഈ പ്രക്രിയയെ മാനിക്കുന്നതില്‍ വിമുഖത കാണിച്ചവരും കാണിക്കുന്നവരും ഒരു വിഭാഗം മാത്രമായിരിക്കാം.ആ ദുശ്ശക്തിയത്രെ സയണിസത്തിന്റെ ആള്‍ രുപമായ ഇസ്രാഈല്‍.ഒരു ജാര സന്താനം എന്നാണ്‌ ഈ രാഷ്‌ട്രത്തിന്റെ പിറവിയെക്കുറിച്ച്‌ പോലും ബഹു ഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളുടേയും അഭിപ്രായം.

അധാര്‍മ്മിക രീതിയില്‍ രാഷ്‌ട്രം പിറന്നതിന്റെ തിക്തഫലങ്ങള്‍ക്ക്‌ ലോകം സാക്ഷിയാണ്‌.ഈ അവിഹിത ജന്മത്തിന്റെ  ദുഷ്‌ചെയ്‌തികള്‍ അനന്തമായ ദുരന്തമായി തുടരുകയും ചെയ്യുന്നു.ഇപ്രകാരം അടിച്ചേല്‍‌പിക്കപ്പെട്ട ഒരു ഭരണ ക്രമം നിലവില്‍ വന്നതിന്റെ മഹാ ദുരിതത്തിലാണ്‌ നമ്മുടെ പ്രിയപ്പെട്ട ഇന്ത്യാ മഹാ രാജ്യം.എന്നു വേദനയോടെ പങ്കുവെയ്‌ക്കുന്നു.

മര്‍‌ഹൂം.അബുല്‍ അ‌അ്‌ലാ മൗദുദിയുടെ കമ്മ്യൂണിസത്തെ കുറിച്ചും,മുതലാളിത്തത്തെ കുറിച്ചും പ്രകടിപ്പിച്ച ദീര്‍ഘ വീക്ഷണം ഏറെ പ്രസിദ്ധമാണ്‌.ഇന്ത്യയിലെ സവര്‍‌ണ്ണ ഫാസിസത്തെ കുറിച്ചും മൗദുദി സാഹിബിന്റെ തൂലിക വ്യക്തമാക്കിയിട്ടുണ്ട്‌.അവരുടെ കൊടിയേറ്റവും കൊടിയിറക്കവും അക്കമിട്ട്‌ നിരത്തിയപോലെ ഈ പണ്ഡിത വര്യന്‍ പ്രവചിച്ചിട്ടുണ്ട്‌. 

പ്രബോധനം വാരികയില്‍ വര്‍‌ഷങ്ങള്‍ക്ക്‌ മുമ്പ്‌ വായിച്ചു പോയ ഒരു ചെറുകഥയിലെ ഇതിവൃത്തം ഭാഗികമായി ഓര്‍ത്തു പോകുന്നു.ജാഗ്രതയില്ലാത്ത ഒരു സമൂഹത്തെ പ്രതിനിധിയായി സങ്കല്‍പിച്ചുള്ള രചന. ഓര്‍മ്മയില്‍ തങ്ങിയ കഥയുടെ ഇതിവൃത്തം ഹ്രസ്വമായി ഇങ്ങനെ :- ഒരാള്‍തന്റെ ശയ്യയില്‍ വിശ്രമിക്കുന്നു.കാല്‍ വിരലില്‍ ഒരു പുഴു അരിക്കുന്നു.വിരലില്ലേ സാരമില്ല.സ്വാഭാവികമായ ഒരു തട്ടിമാറ്റല്‍ മാത്രം നടത്തി അയാള്‍ ഉറക്കം തുടരുന്നു.പുഴുക്കള്‍ സാവകാശം അരിച്ചരിച്ചരിച്ച്‌ പിന്നെ പാദത്തിലും,കാല്‍ മുട്ടിലും,തുടയിലും,അരയിലും,മുതുകിലും,ശരീരമാസകലവും പടി പടിയായി അരിച്ചു കയറുന്നു.അപ്പോഴെക്കെ തന്റെ സ്വൈര്യമായ ഉറക്കം നഷ്‌ടമാകുന്നതില്‍ പരിമിതമായിരുന്നു അയാളുടെ പരിഭവം.ഒടുവില്‍ മസ്‌തിഷ്‌കത്തില്‍ വരെ അരിച്ചെത്തിയപ്പോള്‍ മാത്രമാണ്‌ ഗാഢ നിദ്ര വിട്ടുണരാന്‍ അയാള്‍ ഒരുങ്ങുന്നത്.അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.സ്വാര്‍‌ഥരും അലസരുമായ ഒരു സമൂഹത്തിന്റെ അനിവാര്യമായ പരിണിതി മനോഹരമായി ചിത്രീകരിച്ച അറിയപ്പെടാത്ത എഴുത്തുകാരന്‍ അഭിനന്ദനമര്‍‌ഹിക്കുന്നു.വര്‍‌ത്തമാന കാലത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ നേര്‍‌ചിത്രമായിരുന്നു രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്ക്‌  മുമ്പുള്ള മനോഹരമായ ഭാവന എന്നോര്‍‌ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍.ഭൗതികാസക്തിയുടെ കമ്പിള്‍ പുതപ്പ്‌ ഉയര്‍‌ത്തി ഉറക്കമുണരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌ ഇന്ത്യന്‍ സമൂഹം വിശിഷ്യാ മത ന്യുനപക്ഷവും ഹരിജനവും.തലച്ചോറില്‍ വരെ പുഴുക്കള്‍ ഇഴഞ്ഞെത്തിയിരിക്കുന്നു.

ആള്‍പെരുമാറ്റമില്ലാതിരിക്കുമ്പോഴും അശ്രദ്ധമായ ചുറ്റുപാടിലും ചിതലുണ്ടാകാം.വേണ്ടവിധം ഉപയോഗപ്പെടുത്താത്ത നിലങ്ങളില്‍ പടര്‍ പുല്ലുകളും.ഇന്ത്യന്‍ അവസ്ഥയെ ചികഞ്ഞന്വേഷിച്ചാല്‍ സം‌ഭവിച്ചതും ഇതൊക്കെ തന്നെ.തണ്ണീര്‍ പന്തലുകളും,ആല്‍ തറകളും,കളി സ്ഥലങ്ങളും,വായനശാലകളും,കുളക്കടവുകളും,കിണറ്റിന്‍ കരകളും,നാട്ടു കൂട്ടങ്ങളും,തെങ്ങിന്‍ തോപ്പുകളും,കൃഷിയിടങ്ങളും ഒക്കെ നമുക്ക്‌ വലിയ അനുഗ്രഹങ്ങളായിരുന്നു.ഇത്തരം ഓഫ്‌ലൈന്‍ ഭൂമികയില്‍ നിന്നും ഓണ്‍‌ലൈനിലേയ്‌ക്ക്‌ ചുവടുമാറ്റം നടത്തിയപ്പോള്‍ സം‌ഭവിച്ച നഷ്‌ടങ്ങളുടെ കണക്ക്‌ ഭീമമായിരിക്കുന്നു.ഇവിടെ ഒഴിഞ്ഞ ഭൂമികയില്‍ ചിതലരിച്ചു കയറി.കളകള്‍ പടര്‍‌ന്നു കാടു കയറി.കണ്ണുകള്‍ തുറക്കാനാകാത്ത വിധം എല്ലാവരും പരിഭ്രമിച്ചു നില്‍ക്കുകയാണ്‌.

എന്തായാലും ഫാഷിസം വലിയ വട വൃക്ഷം പോലെ വളര്‍ന്നു പന്തലിച്ച്‌  എന്നതിനോട്‌ യോജിക്കാനാകുന്നില്ല.കാരണം നശീകരണ സ്വഭാവമുള്ളത്‌ വളരുകയില്ല.ഒരു പക്ഷെ ചിതല്‍ പുറ്റു പോലെ പടരും.അതുമല്ലെങ്കില്‍ ഭൂമിയുടെ ഉപരി തലത്തില്‍ മാത്രം വേരോട്ടമുള്ള ദുര്‍‌ബലമായ പടര്‍ പുല്ലുപോലെ വളര്‍ന്നിരിയ്‌ക്കാം.ഇപ്പറഞ്ഞ രണ്ടവസ്ഥയും ശുദ്ധിയാക്കാവുന്നതേയുള്ളൂ.നിഷ്‌കപടമായ മനസ്സോടുകൂടെ സേവന സന്നദ്ധമായ തയ്യാറെടുപ്പോടെ ഇറങ്ങിപ്പുറപ്പെടണമെന്നു മാത്രം.തട്ടിക്കുടയാന്‍ കഴിയാത്ത ചിതല്‍ പുറ്റോ,നീക്കം ചെയ്യാനാകാത്ത കളകളോ ഉണ്ടാകുകയില്ല.

ഉത്തമ വചനത്തിന് ദൈവം നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരം പോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.ദൈവം ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചു കൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല.{14:24,25,26 }

ജനാധിപത്യം വ്യഭിചരിക്കപ്പെട്ട കാലം.നിയമ വാഴ്‌ചയും നീതി പീഠങ്ങളും നോക്കു കുത്തികളാകുന്ന ഭയാനകമായ അന്തരീക്ഷം.വംശീയ ഉന്മൂലനത്തിന്‌ പടനയിച്ചവര്‍ രാജ്യം ഭരിക്കുന്ന ഒരു രാഷ്‌ട്രീയ തട്ടകം.ദേശീയാടിസ്ഥാനത്തില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ അഭിരമിക്കുന്നവരുടെ പോര്‍‌വിളികളാല്‍ മുഖരിതമായ രാജ്യം, പരസ്യമായി തന്നെ വംശീയ ഉന്മൂലനത്തിനുള്ള നിരന്തര വീര്‍‌വാണങ്ങളും ഗര്‍ജ്ജനവും,വര്‍ഗീയ ദ്രുവീകരണത്തിന്‌ കോപ്പു കൂട്ടുന്നവരുടെ സ്വൈര്യമായ തപ്പും തുടിയും വദ്യാഘോഷവും. ഇക്കാഴ്‌ചകള്‍ ആസ്വദിക്കുന്ന സാംസ്‌കാരിക നായകന്മാരുടെ അര്‍ഥ ശൂന്യമായ മൗനം,നികൃഷ്‌ടര്‍‌ക്കും നീചന്മാര്‍‌ക്കും  ഓശാന പാടുന്ന മതൃകാ ഭൂമികകളും മാഫിയകളും.ഈ ദുരന്ത ഭൂമികയില്‍ അടിയന്തരമായ എന്തെങ്കിലും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടോ?എന്ന ചോദ്യം വായനക്കാര്‍ക്ക്‌ പകരുന്നു.

സമാശ്വസിക്കാനായി ഒരു വിശുദ്ധവചനം ഉദ്ധരിച്ചു കൊണ്ട് നിര്‍‌ത്താം.'അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ദൈവം അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ'.{14:42}
28.03.2017
IslamOnlive

0 comments:

Post a Comment

Note: Only a member of this blog may post a comment.