ഒരു പട്ടണത്തില്‍ ജനവഞ്ചകനായ ഒരാള്‍-വര്‍ത്തമാന മലയാള ശൈലിയില്‍ ആള്‍ദൈവം-ബുദ്ധിശൂന്യരായ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരുന്നു. കച്ചവട സാമ്രാജ്യം വളര്‍ന്നു പന്തലിച്ചു. ഒരു ദിവസം സാത്വികനായ ഒരു ശൈഖ് അതു വഴി വന്നു. ജനങ്ങള്‍ ബഹളം വെക്കുന്നതിന്റെയും വട്ടം കൂടി നില്‍ക്കുന്നതിന്റെയും പൊരുള്‍ അന്വേഷിച്ചപ്പോള്‍ ശൈഖ് സ്തബ്ധനായി. ആള്‍ദൈവം സ്വര്‍ഗരാജ്യം ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ്! ഇത്തരം കുത്സിത ശ്രമങ്ങളെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാനുള്ള തിരുമാനത്തില്‍ തന്ത്രജ്ഞനായ ശൈഖ് ആള്‍ദൈവത്തെ സമീപിച്ചു. സ്വര്‍ഗത്തിലെ ഒരു തുണ്ടിന് 100 ദീനാറാണ് വില. ഇതു കേട്ട ശൈഖ് അയാളോട് നരകത്തിന്റെ വില അന്വേഷിച്ചു. നരകത്തിലെ സ്ഥലത്തിന് വിലയൊന്നും തരേണ്ടതില്ലെന്ന് ആള്‍ദൈവം പ്രതികരിച്ചു. അതു വേണ്ട, വില തരാന്‍ തയാറാണെന്ന് സമര്‍ഥനായ ശൈഖ് മറുപടി നല്‍കി. എന്നാല്‍ കാല്‍ ഭാഗം നരകവും താങ്കള്‍ എടുത്തുകൊള്ളുക. 100 ദീനാര്‍ മതി. അങ്ങനെയാണെങ്കില്‍ 400 ദീനാര്‍ തരാം നരകം മുഴുവന്‍ തന്നേക്കുക എന്ന ശൈഖിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. കച്ചവടം ഉറപ്പിച്ചു. സാക്ഷിപത്രവും വാങ്ങി. സ്വര്‍ഗം മാത്രമല്ല നരകവും വാങ്ങാന്‍ ആളെ കിട്ടുന്നു എന്നത് ആള്‍ദൈവത്തെ വല്ലാതെ ആഹ്ലാദഭരിതനാക്കി.
ശേഷം സാത്വികനായ ശൈഖ് ജനങ്ങളെ അഭിസംബോധന ചെയ്തു: ''സഹോദരങ്ങളേ, നിങ്ങളാരും വല്ലാതെ ഓടിക്കിതക്കേണ്ട കാര്യമില്ല. നരകം പൂര്‍ണമായും ഈ ആള്‍ദൈവം എനിക്ക് തീറെഴുതിത്തന്നിരിക്കുന്നു. അതിനാല്‍ ഇനി ഇയാളില്‍നിന്ന് സ്വര്‍ഗം വാങ്ങിയാലും ഇല്ലങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.'
അന്ധവിശ്വാസ കച്ചവടം നടത്തി തടിച്ചുവീര്‍ക്കുന്ന പൗരോഹിത്യത്തെ കണ്ടപ്പോഴാണ് ഈ അറബിക്കഥ ഓര്‍മ വന്നത്.
പ്രബോധനം
0 comments:
Post a Comment
Note: Only a member of this blog may post a comment.