സോഷ്യല്‍ മീഡിയാ പരിപാലനവുമായി ബന്ധപ്പെട്ട ചിട്ടവട്ടങ്ങളും മര്യാദകളും പരാമര്‍ശിച്ചും ബ്‌ളോഗിന്റെയും ബ്‌ളോഗിങിന്റെയും ചരിത്ര വഴികളിലൂടെയും വിഷയാവതരണത്തിലേയ്‌ക്ക് പ്രവേശിക്കാം.
സോഷ്യല്‍ മീഡിയകളിലെ പ്രതിനിധാനം
ആശയവിനിമയ രംഗത്ത് അത്യഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.വിവര സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ലോകത്ത് കൈവരിച്ച നേട്ടം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പിക്കാന്‍ പോലും സാധ്യമായിരുന്നില്ല. ഇന്റര്‍നെറ്റ് അക്ഷരാര്‍ഥത്തില്‍ കൈപിടിയിലൊതുങ്ങി.ആദ്യമൊക്കെ വിപ്‌ളവകരമായ സാങ്കേതിക സൗകര്യങ്ങളായി അറിയപ്പെട്ടിരുന്ന പലതും പഴഞ്ചനായി മാറിയിരിക്കുന്നു.
ആന്‍ഡ്രോയിഡിന്റെ കടന്നുവരവ് വലിയ അത്ഭുതങ്ങള്‍ തന്നെയാണ് ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇനിയും പുതിയ പലതും ഗൂഗിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിന്റെ തന്നെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡായി മാറിയിരിക്കുന്നു.
അന്തര്‍ ദേശീയം മുതല്‍ പ്രാദേശികമായ കാര്യങ്ങള്‍ വരെ ട്വിറ്ററും ഫേസ്ബുക്കും ബ്ലോഗുകളുമൊക്കെ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അതി വിപുലമാണ്.കാലം മാറിക്കൊണ്ടേയിരിക്കുന്നു.ആശയവിനിമയ രീതി പിന്നെയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.വരും നാളുകളില്‍ ഇനി എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല.
അതത് കാലഘട്ടത്തില്‍ ലഭ്യമായ സാങ്കേതിക വിദ്യകളെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അത് സമൂഹത്തിനാകമാനം അനുഗ്രഹമായി മാറുന്നു. അതേസമയം ഇത്തരം വിദ്യകളെ ദുരുപയോഗപ്പെടുത്തുന്നതാകട്ടെ വന്‍ നാശങ്ങള്‍ക്ക് ഹേതുവായിത്തീരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്വതന്ത്രമായ ആശയവിനിമയത്തിന് വഴിയൊരുക്കുന്നു. ഇത് ഒരു മേന്മ എന്നതോടൊപ്പം ഒരു ശാപവുമാണ്.സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അതുതന്നെ ദുരന്തമായി മാറും.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ആശയ വിനിമയത്തില്‍ ഒരുതരത്തിലുള്ള പെരുമാറ്റച്ചട്ടമോ നിയന്ത്രണമോ പാലിക്കേണ്ടതില്ലെന്ന് ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നു. അപവാദ പ്രചാരണം, വ്യക്തിഹത്യ, പരിഹാസം, കള്ളക്കഥകള്‍, വ്യാജ സന്ദേശങ്ങള്‍ തുടങ്ങിയവ ഈ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പലപ്പോഴും എല്ലാവരും പങ്കാളികളായിത്തീരുകയാണ്. നിത്യ ജീവിതത്തില്‍ പാലിക്കുന്ന വിശുദ്ധിയും സൂക്ഷ്മതയും സാംസ്‌കാരിക ബോധവും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.
വാട്ട്‌സ്അപ് പോലുള്ള ആശയവിനിമയ സൗകര്യം പുതിയ തലമുറക്ക് ലഭിച്ച വലിയൊരനുഗ്രഹമായി കണക്കാക്കാം. എന്നാല്‍, ആ അര്‍ഥത്തില്‍ ഇതിനെ ഗൗരവമായി സമീപിക്കുന്നവര്‍ വിരളമാണ്. പോസ്റ്റുകള്‍ പലര്‍ക്കും ഒരു തമാശ മാത്രം. അതല്ലെങ്കില്‍ ഒരു ‘നേരംകൊല്ലലോ’ വിനോദമോ ആയി കണക്കാക്കുന്നു. തരംതാണ പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണ് മിക്കപ്പോഴും കാണാന്‍ സാധിക്കുന്നത്. കിട്ടുന്നതൊക്കെ എന്തായാലും ഫോര്‍വേര്‍ഡ് ചെയ്യുന്നതിലൊതുങ്ങിയിരിക്കുകയാണ് സന്ദേശ കൈമാറ്റം. അതുതന്നെ ഒട്ടും സൂക്ഷ്മതയില്ലാതെയും നിജസ്ഥിതി ഉറപ്പുവരുത്താതെയുമാണ് നടക്കുന്നത്.
സോഷ്യല്‍ മീഡിയകളിലെ പ്രതിനിധാനത്തെ സമയം കൊല്ലി പ്രവണതകളില്‍ നിന്നും മുക്തമാക്കിയിരിക്കണം എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.സാങ്കേതിക സൗകര്യങ്ങളുള്ള ഒരു സെല്‍ഫോണുണ്ടെങ്കില്‍ ഒരു സോഷ്യല്‍ മീഡിയാ/വിശിഷ്യാ എഫ്.ബി എക്കൗണ്ട് എന്ന പ്രവണത അഭികാമ്യമല്ല.കൃത്യമായി പരിചരിക്കാനാകുകയില്ലെങ്കില്‍ ഇതിനു മെനക്കടാതിരിക്കലാണ് ഉത്തമം.പേരും വിലാസവും കൃത്യവും വ്യക്തവുമായിരിക്കുക.വ്യക്തിയെ തിരിച്ചറിയുന്ന പ്രൊഫയില്‍ സ്വീകരിക്കുക.ആരിലും അരോചകം സൃഷ്ടിക്കാത്ത കവര്‍ ഫോട്ടൊ തെരഞ്ഞെടുക്കുക.തുടങ്ങിയ പ്രാഥമികമായ മര്യാദകള്‍ പാലിച്ചിരിക്കണം.സ്വന്തം പൂമുഖത്ത് കാണിക്കാത്ത സ്വാതന്ത്ര്യമാണ് പലരും ടൈംലൈനില്‍ കാണിക്കുന്നത്.മുഖ പുസ്‌തകം വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് മറന്നു പോകരുത്.ചുരുക്കത്തില്‍ പൂമുഖം മനോഹരമായിരിക്കണം എന്നു സാരം.
സോഷ്യല്‍ മീഡിയ വലിയൊരു ലോകമാണ്.സംസ്‌കാരമുള്ളവരും ഇല്ലാത്തവരും രാഷ്‌ട്രീയമുള്ളവരും ഇല്ലാത്തവരും വിശ്വാസമുള്ളവരും ഇല്ലാത്തവരും തുടങ്ങി വിവിധ ഘടകങ്ങളും ഉപ ഘടകങ്ങളും ജാതികളും ഉപജാതികളും ഭാഷക്കാരും ദേശക്കാരും ഒക്കെയുള്ള വലിയൊരു ലോകമാണ് സോഷ്യല്‍ മീഡിയ.ഈ ഇലോകത്തെ വായനക്കാര്‍ ശ്രോതാക്കള്‍ വിഭിന്ന അഭിരുചിയുള്ളവരാണ്.ഈയൊരു ബോധത്തോടെയായിരിക്കണം സൂക്ഷ്‌മാലുവായ ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവിന്റെ സമീപനം.
പറയാനുള്ളത് ഹ്രസ്വമായും ഭംഗിയിലും അപരനെ വേദനിപ്പിക്കാതെയും പറയുക.പരിഹാസവും നിശിത വിമര്‍ശനവും ഒഴിവാക്കുക.കുത്തുവാക്കുകളും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കും പകരം മാന്യമായ ഭാഷയും ശൈലിയും ഉപയോഗിക്കുക.വിഭിന്ന ആശയാദര്‍ശങ്ങളിലുള്ള വലിയൊരു ലോകത്തോടാണ് സംവദിച്ചു കൊണ്ടിരിക്കുന്നത് എന്ന ബോധത്തോടെ മാത്രം പ്രതികരിക്കുന്ന ശീലും ശൈലിയും സ്വീകരിക്കുക എന്നതും സ്വീകാര്യനായ ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
വലിയ ബാനറുകളിലും ഫോണ്ടുകളിലും എത്ര മനോഹരമായ സന്ദേശങ്ങളാണെങ്കിലും ന്യൂസ് ഫീഡില്‍ നിന്നും പെട്ടെന്നു സ്‌ക്രോള്‍ ചെയ്‌തു കളയാനാണ് സാധ്യത.അക്ഷര തെറ്റുകളുണ്ടെങ്കില്‍ സ്‌ക്രോളിങ് വേഗത വര്‍ദ്ധിക്കുകയും ചെയ്യും.ഇതു വായിക്കാതെ പോകരുത്.ഇതു വായിച്ചില്ലെങ്കില്‍ വലിയ നഷ്‌ടം.ഇതിനെ ഷയര്‍ ചെയ്യാത്തവന്‍ നല്ലവരാകുകയില്ല.മനുഷ്യനാണെങ്കില്‍ ഇതു ഷയര്‍ ചെയ്യും.ഒരു വിശ്വാസിയാണെങ്കില്‍ ഷയര്‍ ചെയ്യുക തന്നെ ചെയ്യും ഇവിടെ ഒരു ലൈക് അടിക്കാതെ പോകാന്‍ എങ്ങെനെ കഴിയും തുടങ്ങിയ അടിക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയാ ഉപയോക്താക്കളില്‍ സൃഷ്‌ടിക്കുന്ന അറപ്പും വെറുപ്പും വിവരണാതീതമത്രെ.
നന്മയെ ഇഷ്‌ടപ്പെടുന്ന തിന്മയെ ഇഷ്‌ടപ്പെടാത്ത ധര്‍മ്മത്തെ കാംക്ഷിക്കുന്ന അധര്‍മ്മത്തെ നിരാകരിക്കുന്ന ഒരു ശൈലി മാത്രമേ സ്വികരിക്കാവൂ.അമിതാവേശ പ്രവണത പാടില്ലാത്തതു തന്നെ.അത് നന്മയുടെ പേരിലായാല്‍ പോലും.
ഉപയോക്താവിന്റെ ആശയാദര്‍ശങ്ങളിലേയ്‌ക്ക് കടന്നു വരുന്നവരെ കുറിച്ചുള്ള വീരാരാധനകള്‍,ഇതര ആശയാദര്‍ശങ്ങളിലുള്ളവരുടെ അധാര്‍മ്മികമായ കാര്യങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ള പരിഹാസം തുടങ്ങിയവ ഒരു പൊതു സമ്മതന്‍ എന്ന വ്യാഖാനത്തിന് വിലങ്ങു തടിയാകുന്ന ഘടകങ്ങളാണ്.
ബ്‌ളോഗിങ്
ബ്‌ളോഗുകളിലെ സാധ്യതകളെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിലും തെളിച്ചത്തിലും ഊന്നി നിന്നു കൊണ്ട് ചിലത് വിവരിക്കാന്‍ ശ്രമിക്കാം.
രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ ഫ്രീസര്‍വറുകള്‍ വഴി നിര്‍മ്മിക്കുന്ന വെബ് പേജുകള്‍ മുഖേനയായിരുന്നു സാധാരണ ഉപയോക്താക്കള്‍ ബ്‌ളോഗിങിനു തുടക്കം കുറിച്ചിരുന്നത്.ഹൈപര്‍ ടക്‌സ്‌റ്റ് മാര്‍ക്കപ്പ് ലാന്‍ഗ്വാജ് അറിയാവുന്നവര്‍ക്ക് മാത്രമേ ഇത്തരം പേജുകള്‍ ക്രിയേറ്റു ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.താമസിയാതെ ഫ്രീസര്‍വര്‍ ദാതാക്കള്‍ തന്നെ ലേ ഔട്ടുകളും ഫോര്‍മാറ്റുകളും ഒരുക്കിക്കൊണ്ടുള്ള സേവനങ്ങള്‍ അനുവദിച്ചു തുടങ്ങി.ഇത്തരം പേജുകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും ക്രമേണ വര്‍ദ്ധിച്ചു കൊണ്ടിരുന്നു.ഇന്നു പ്രചാരത്തിലുള്ളത്ര മലയാളത്തില്‍ ഇത്തരം സൈറ്റുകള്‍ ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ വളര്‍ന്നിട്ടില്ലായിരുന്നു.2003 ആകുമ്പോഴേക്കും അനായാസം മലയാളം കൈകാര്യം ചെയ്യാനാകും വിധം സാങ്കേതിക സൗകര്യങ്ങള്‍ വളരുകയും ഗൂഗിളില്‍ ബ്‌ളോഗിങിനുള്ള പ്രത്യേക സേവനം അനുവദിക്കുകയും ചെയ്‌തപ്പോള്‍ ഫ്രീസര്‍വര്‍ സൈറ്റുകള്‍ ഉപയോഗപ്പെടുത്തിയിരുന്നവര്‍ ബ്‌ളോഗ് സ്‌പോട് സര്‍വറുകളിലേയ്‌ക്ക് മാറുകയായിരുന്നു.ബ്‌ളോഗ് സ്‌പോട് സര്‍വറുകളിലാണെങ്കില്‍ എല്ലാം ക്രമികരണങ്ങളും സൗകര്യ പ്രദമായി ഒരുക്കപ്പെട്ടിരുന്നതിനാല്‍ ഫ്രീസര്‍വറുകള്‍ പരിപാലിക്കുന്നതിലും എളുപ്പത്തില്‍ ബ്‌ളോഗ് സ്‌പോട് പരിപാലിക്കാന്‍ സാധിക്കുമെന്നതും ഈ മീഡിയ ധൃതഗതിയില്‍ വളരാന്‍ കാരണമായിരിക്കണം.
രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച വിന്‍ഡൊ എന്ന ഓണ്‍ ലൈന്‍ മാഗമാസിന്‍ ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ഓണ്‍ ലൈന്‍ മാഗസിനായി ഗണിക്കപ്പെടുന്നു.മധ്യേഷ്യയില്‍ നിന്നുള്ള ആദ്യ ദ്വിഭാഷാ സൈറ്റെന്ന ഖ്യാദിയും വിന്‍ഡൊ ഓണ്‍ ലൈന്‍ മാഗസിന് സ്വന്തമാണ്.ഈയുള്ളവനാണ് പ്രസ്‌തുത മാഗസീന്‍ പ്രസരിപ്പിച്ചു കൊണ്ടിരുന്നത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.വിന്‍ഡൊ ഓണ്‍ ലൈന്‍ മാഗസിന്‍ ഇന്നും നിലവിലുണ്ട്.2003 ല്‍ ബ്‌ളോഗ് സ്‌പോടിലേയ്‌ക്ക് പ്രവേശിച്ചതിനു ശേഷം മാഗസിന്‍ പരിപാലിച്ചിട്ടില്ലെന്നു മാത്രം.
വ്യക്തികൾ തങ്ങളുടെ സ്വകാര്യ ജീവിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള പല പേരുകളിലും ബ്‌ളോഗര്‍മാര്‍ അറിയപ്പെട്ടിരുന്നു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളിൽ ഓൺലൈൻ-ജേണൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു.1994ൽ സ്വാത്ത്‌മോർ കോളേജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നു വർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ബ്‌ളോഗിങ് എന്നാല്‍ ഒരു വിധ തടസ്സങ്ങളുമില്ലാതെ തങ്ങൾക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാധ്യമമായി പ്രശസ്‌തമായിരിക്കുന്നു.ഗൗരവമുള്ള എഴുത്തുകാരും വിശിഷ്യാ മാധ്യമ പ്രവര്‍ത്തകരും ബ്‌ളോഗിങിനോട് തുടക്കത്തില്‍ അകലം പാലിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ബ്ലോഗ് എഴുതുന്നുണ്ട് — സൈബർ ജേർണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരം നൂറുകനക്കിന് മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ ബ്‌ളോഗിങ് രംഗത്തുണ്ട്.. 1998 ആഗസ്റ്റിലാണ് വാർത്തകൾക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്,ഷാർലറ്റ് ഒബ്സർവറിലെ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ചായിരുന്നു പ്രസ്‌തുത ലേഖനം.
ബ്ലോഗ് എന്നാൽ ജേർണ്ണൽ പോലെ കുറിപ്പുകളോ ചെറു ലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ് പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീത സമയക്രമത്തിൽ അഥവാ പുതിയ കുറിപ്പുകൾ പേജിന്റെ മുകൾഭാഗത്തും, പഴയവ പേജിന്റെ തൊട്ടു താഴെയും വരാൻ പാകത്തിലാണു സാധാരണയായി ചിട്ടപ്പെടുത്താറ്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി സാഹിത്യം,സാംസ്‌കാരികം,രാഷ്‌ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ ഒക്കെയാണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്ര ബ്ലോഗുകൾ, വീഡിയോ ബ്ലോഗുകൾ, ശബ്ദ ബ്ലോഗുകൾ എന്നിവയും ഉണ്ട്.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്.വളരെ പ്രചുര പ്രചാരമുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നും തികച്ചും ഭിന്നമാണ് ബ്‌ളോഗ്.എന്നാല്‍ ബ്‌ളോഗിന്റെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയകളെ സമര്‍ഥമായി ഉപയോഗപ്പെടുത്താനും സാധിക്കും.എഫ്.ബിയിലും ട്വിറ്ററിലും വാട്ട്‌സാപ്പിലും ഇന്‍സ്‌ടാഗ്രാമിലും ഒക്കെ തല്‍സമയ നിമിഷാര്‍ധ വായനകളും നിരീക്ഷണങ്ങളും മാത്രം നടക്കുമ്പോള്‍ ബ്‌ളോഗുകള്‍ സാവകാശ വായനകള്‍ക്കും പഠന നിരീക്ഷണങ്ങള്‍ക്കും ഗൗരവമുള്ള ചര്‍ച്ചകള്‍ക്കും കാരണമാകുന്നുണ്ട്.
ബ്‌ളോഗ് അക്കാദമി,ജാലകം പോലുള്ള സൈബര്‍ ഇടങ്ങളിലൂടെ ബ്‌ളോഗുകളിലെ പുതിയ പോസ്റ്റുകള്‍ കണ്ടെത്താനാകും.ഏറെ പ്രചാരമുള്ള എഫ്.ബി യും ട്വിറ്ററും തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ബ്‌ളോഗുകളെയും അതതു പോസ്റ്റുകളേയും അനായാസം പരിചയപ്പെടുത്താന്‍ സാധിക്കും.
ജിമെയില്‍ എക്കൗണ്ട് ഇല്ലാത്തവര്‍ ഉണ്ടാകുകയില്ല എന്നു പോലും പറയാന്‍ കഴിയും വിധം എല്ലാവര്‍ക്കും ജിമെയില്‍ സ്വന്തമാണ്.ഒരു ജിമെയില്‍ എക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിലൂടെ ഒട്ടനവധി സേവനങ്ങള്‍ അനുവദിക്കപ്പെടുന്നുണ്ട്.ഇ-മെയില്‍,ബ്‌ളോഗ്,യുട്യൂബ്,ഗൂഗിള്‍ പ്‌ളസ്,ഫോട്ടൊ ആള്‍ബം,ഡി.ഡ്രൈവ്,ഡോകുമന്റ്,ഡോകുമന്റ് ഷയറിങ്,ഹാങ് ഔട് തുടങ്ങി വിവിധ രീതിയിലുള്ള സര്‍വേകള്‍ പോലും നടത്താനുള്ള സേവനങ്ങളും സൗകര്യങ്ങളും ഒരു ഗൂഗിള്‍ എക്കൗണ്ട് ഉടമയ്‌ക്ക് അനുവദിച്ച് കിട്ടുന്നുണ്ട്.
ബ്‌ളോഗിലേയ്‌ക്ക് വായനക്കാരെ ആകര്‍ഷിക്കാന്‍ രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ അഥവാ എഫ്.ബിയൊന്നും ജനകീയമാകാത്ത കാലത്ത് ഫോളോ ഗഡ്‌ജറ്റ് ബ്‌ളോഗില്‍ ഒരുക്കുന്ന രീതി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു.അതു പോലെ ബ്‌ളോഗുകളുടെ കെട്ടും മട്ടും വിവിധ ഗഡ്‌ജറ്റുകളുടെ സഹായത്താല്‍ അലങ്കരിച്ചിരുന്ന പതിവും ഉണ്ടായിരുന്നു.ഗ്രൂപ്പ് ഇമെയില്‍ സമ്പ്രദായവും വ്യാപകമായിരുന്നു.വര്‍ത്തമാന കാലത്ത് ബ്‌ളോഗ് പേജുകള്‍ രചനകളാല്‍ സമ്പന്നമാക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ വായനക്കാരെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്.
ബ്‌ളോഗിങ് അനുഭവം
ഒരു തരത്തില്‍ അവനവനിസം എന്ന ഒരു പ്രകിയ തന്നെയാണ് ബ്‌ളോഗിങ്.ബ്‌ളോഗ് എന്ന ആശയം തന്നെ തുടങ്ങുന്നതും അങ്ങിനെ തന്നെയായിരുന്നു എന്നതും വാസ്‌തവമത്രെ.
പണ്ഡിതന്മാരും വിവിധ മേഘലകളില്‍ പ്രാശോഭിക്കുന്നവരും പ്രഗത്ഭരും പ്രശസ്‌തരും ബ്‌ളോഗുലകത്തിലുണ്ട്.ദിനേനയെന്നോണം തങ്ങളുടെ നിരീക്ഷണങ്ങള്‍ ബ്‌ളോഗുകളിലൂടെ പങ്കുവെക്കുന്ന പണ്ഡിതന്മാരുണ്ട്.പല മാധ്യമങ്ങളും ഇത്തരം ബ്‌ളോഗുകളെ ആശ്രയിക്കുന്നുമുണ്ട്.പ്രഗത്ഭരും പ്രശസ്‌തരുമായവരുടെ വ്യക്തിപരമായ ദിനസരി യായിരിക്കും ബ്‌ളോഗു ചെയ്യുക.പ്രശസ്‌തരായവരുടെ ഇത്തരം കുറിപ്പുകള്‍ അനുയായികള്‍ ഏറെ താല്‍പര്യത്തോടെ വായിക്കുകയും ഒരു വേള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.ഒരു പരിധിവരെ സാഹിത്യകാരന്മാരുടെയും കവികളുടെയും ബ്‌ളോഗുകളും ഇവ്വിധം പ്രചരിക്കുന്നുണ്ട്.സാങ്കേതികമായ അറിവുകള്‍,വിശ്വാസപരമായ കാര്യങ്ങള്‍,സംഘങ്ങള്‍ സംഘടനകള്‍,ആരോഗ്യ കാര്യങ്ങള്‍,പാചകം,കലാ രൂപങ്ങള്‍,സിനിമ ,നാടകം ഡിസൈനിങ് തുടങ്ങി വിവരണാതീതമായ വിഷയങ്ങളിലുള്ള ബ്‌ളോഗുകളും ഈ ഇലോകത്തുണ്ട്.
നന്മയുടെ പ്രസാരണം ലക്ഷ്യമാക്കി ബ്‌ളോഗുലകത്തില്‍ വാഴാന്‍ ശ്രമിക്കുന്നവര്‍ അല്‍പം അധ്വാനിക്കാതെ തരമില്ല.പ്രശസ്‌തരും പ്രഗതഭരും അടക്കി വാഴുന്ന പോലെ ബ്‌ളോഗിങ് വിജയിച്ചു കൊള്ളണമെന്നില്ലന്നര്‍ഥം.
ബ്‌ളോഗിലേയ്‌ക്ക് സ്വന്തക്കാരെയും പ്രദേശ വാസികളേയും ഒപ്പം പടി പടിയായി നല്ലൊരു വായനാ വൃത്തം തന്നെ ഉണ്ടാകാന്‍ സഹായിക്കുന്ന ചില രസ തന്ത്രങ്ങള്‍ ഉദാഹരിക്കാം.
പൊതു സമുഹം അറിയുന്നതില്‍ വിരോധമില്ലാത്ത തികച്ചും വ്യക്തി പരമായ വിശേഷങ്ങള്‍,കുടുംബ വിശേഷങ്ങള്‍ ഒക്കെ ഉള്‍കൊള്ളുന്ന ഒരു ബ്‌ളോഗ് തുടങ്ങുക.പ്രസ്‌തുത ബ്‌ളോഗില്‍ പ്രദേശത്തെ വായന ശാലയെ കുറിച്ച് ,പ്രാദേശിക വര്‍ത്തമാനങ്ങള്‍ സ്വരൂപിച്ചത്,ദേവാലയങ്ങളെ കുറിച്ച്,വിദ്യാലയങ്ങളെ കുറിച്ച് എന്നല്ല ഗ്രാമത്തെ കുറിച്ചും ഗ്രാമീണതയെ കുറിച്ചും ഒക്കെ എഴുതാവുന്നതാണ്.ഇങ്ങനെ ബ്‌ളോഗിങ് പുരോഗമിക്കുമ്പോള്‍ കുടുംബങ്ങളും കൂട്ടു കുടുംബങ്ങളും പ്രദേശ വാസികളും വിവിധ ആശയാദര്‍ശമുള്ളവരും ഒക്കെ ബ്‌ളോഗിലേയ്‌ക്ക് ആകര്‍ഷിക്കപ്പെടും.ഇവ്വിധം ബ്‌ളോഗറുടെ ദിനസരി പുരോഗമിക്കുമ്പോള്‍ വൈജ്ഞാനികമായ ബുദ്ധിപരമായ ചില പോസ്റ്റുകളും ബ്‌ളോഗിങിനായി ഉപയോഗപ്പെടുത്താം.ഇങ്ങനെ ഘട്ടം ഘട്ടമായി പുരോഗമിക്കുന്ന ബ്‌ളോഗര്‍ക്ക് വായനക്കാരുടേയും അനുഗാമികളുടേയും ഒരു സുഹൃദ് വൃത്തം സ്ഥാപിച്ചെടുക്കാന്‍ സാധിക്കും.സാഹിത്യത്തിലും കലയിലും ഒക്കെ പ്രാവീണ്യമുള്ളവര്‍ക്കാണെങ്കില്‍ നന്മയോട് ആഭിമുഖ്യമുള്ള നല്ല ഒരു സുഹൃദ് വലയം തന്നെ രൂപപ്പെടുത്താന്‍ നിഷ് പ്രയാസം കഴിയും.
ആകര്‍ഷകമായ തലക്കെട്ടുകളും അനുയോജ്യമായ ഇമേജുകളും സരളവും സാഹിത്യ ഭംഗിയും കൊണ്ട് സമ്പന്നമായ രചനകളും ബ്‌ളോഗുകളെ ആകര്‍ഷിക്കാനുതകുന്ന പ്രധാന ഘടകങ്ങളാണ്.പോസ്റ്റു ചെയ്‌ത സൃഷ്‌ടി ഏതു മീഡിയ വഴിയും പങ്കുവെയ്‌ക്കാനുള്ള സൗകര്യങ്ങള്‍ ബ്‌ളോഗില്‍ അനുവദിക്കുന്നുണ്ട്.പങ്കുവെക്കാനുദ്ദേശിക്കുന്ന പോസ്റ്റിലെ ആകര്‍ഷകമായ ചില വരികള്‍ പ്രത്യേകം എടുത്തു കൊണ്ടുള്ള പങ്കുവെക്കലുകളാണ് അഭികാമ്യം.പങ്കുവെക്കപ്പെടുന്ന പോസ്റ്റുകളുടെ ലിങ്കുകള്‍ വഴി വായനക്കാര്‍ എത്തുകയും തൊട്ടു താഴെ അനുവദിക്കുന്ന പ്രതികരണ ബോക്‌സില്‍ അഭിപ്രായങ്ങള്‍ കുറിക്കുകയും തുടര്‍ന്ന് ചര്‍ച്ചകളായി പുരോഗമിക്കുകയും ചെയ്‌തേക്കും.ബ്‌ളോഗില്‍ കുറിക്കപ്പെടുന്ന കമന്റുകള്‍ യഥാസമയം നോക്കാനും പ്രതികരിക്കാനും സാധിക്കാത്ത പക്ഷം ബ്‌ളോഗിലെ ഇത്തരം ബ്‌ക്‌സുകളെ നിര്‍ജീവമാക്കുന്നതായിക്കും ഭംഗി.പ്രതികരിക്കാന്‍ താല്‍പര്യമുള്ളവര്‍ പങ്കുവെയ്‌ക്കപ്പെട്ട മീഡിയാ ലിങ്കിനു കീഴെയും വിശിഷ്യാ എഫ്.ബിയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
മനസ്സില്‍ രൂപപ്പെടുന്ന ആശയങ്ങളുടെ ഹ്രസ്വമായ രുപം എഫ്.ബിയില്‍ പോസ്റ്റു ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തി വിപുലമായ രചനകള്‍ സാവകാശം ബ്‌ളോഗില്‍ കുറിക്കുന്ന രീതിയും അവലംഭിക്കാവുന്നതാണ്.ഏതു വിഷയത്തേയും എങ്ങിനെ സമീപിക്കുന്നു എന്നത് ഏറേ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
ബ്‌ളോഗില്‍ പോസ്റ്റു ചെയ്‌ത ശേഷം എത്ര പേര്‍ വായിച്ചു.ഏതെല്ലാം പ്രദേശത്തുള്ളവര്‍,ഏതൊക്കെ ദേശക്കാര്‍ തുടങ്ങി വായനക്കാര്‍ ഉപയോഗപ്പെടുത്തിയ ഡിവൈസുകള്‍ വരെയുള്ള സ്‌റ്റാറ്റസ്സുകള്‍ ബ്‌ളോഗ് സെറ്റിങില്‍ നിന്നും നിരീക്ഷിക്കാനും കഴിയും.
സോഷ്യല്‍ മീഡിയകളിലെ ഏതു സാധ്യതകളേയും എന്ന പോലെ ബ്‌ളോഗെഴുത്തിലെ സാധുതകളും സാധ്യതകളും അനന്തമാണ്.ആത്മാര്‍പ്പണത്തോടെ യുക്തി ഭദ്രമായി ഉപയോഗപ്പെടുത്തിയാല്‍ നന്മയുടെ പ്രസാരണ രംഗത്ത് വിപ്‌ളവങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല.
0 comments:
Post a Comment
Note: Only a member of this blog may post a comment.