Friday, August 30, 2024

വായനയെ സംസ്‌കരിച്ച വാരിക

കൗമാരകാലം മുതല്‍ തുടങ്ങിയ വായനാഭ്രമത്തെ പ്രബോധനം വാരികയുടെ വായനയിലേക്ക് കൂടെ പടര്‍ന്നു വളര്‍‌ന്നതിന്റെ പശ്ചാത്തലം ഓര്‍‌ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌.

എഴുപതുകളിലെ ഒരു റമദാന്‍ മാസം.ഉമ്മയുടെ സഹോദരിയുടെ മകന്‍ അബ്‌ദു റഹിമാന്‍ കേലാണ്ടത്ത് വീട്ടില്‍ വന്നു.കയ്യില്‍ കുറച്ചു പുസ്‌തകങ്ങളുണ്ടായിരുന്നു.അതിലൊരെണ്ണം എനിക്ക് തന്നു.ഒപ്പം പുസ്‌തകവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങളും പരസ്‌പരം ചര്‍‌ച്ച ചെയ്‌തു.വായന തുടങ്ങി.മറ്റു പുസ്‌തകങ്ങള്‍ വായിച്ചെടുക്കുന്നത്ര എളുപ്പമായിരുന്നില്ലെങ്കിലും വായിച്ചു തീര്‍‌ത്തു.ചില ഭാഗങ്ങള്‍ ആവര്‍‌ത്തിച്ചു വായിക്കേണ്ടി വന്നു.കീഴടക്കാനാകാത്ത ഒരു മേഘല കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.ഇത്തരം വായനകള്‍ തുടരണമെന്ന ആഗരഹവും മനസ്സില്‍ മുളപൊട്ടി. 

ദിവസങ്ങള്‍‌ക്ക് ശേഷം പ്രിയപ്പെട്ട സഹോദര്‍ന്‍ വീണ്ടും വന്നു.ആദ്യം അന്വേഷിച്ചത് പുസ്‌തകത്തെ കുറിച്ചായിരുന്നു.എനിക്ക് പറയാനുണ്ടായിരുന്നതും അതു തന്നെ.അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വായിച്ചു തീര്‍‌ത്തതിലുള്ള സന്തോഷം സം‌തൃ‌പ്തി പ്രകടിപ്പിച്ചു കൊണ്ട്,ചിലകാര്യങ്ങള്‍ കൂടെ അദ്ദേഹം പകര്‍‌ന്നു തന്നു.കൂട്ടത്തില്‍ ഒരിടം‌വരെ പോകണമെന്ന കാര്യവും സൂചിപ്പിച്ചു.

തൃശുരുള്ള ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.അഭിവാദ്യങ്ങളോടെ പരസ്‌പരം പരിചയപ്പെടുത്തി.അഥവാ റഹീം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

ഈ വാരാന്തവായന ജീവിതത്തിന്റെ അലകും പിടിയും എല്ലാ അര്‍‌ഥത്തിലും മാറ്റി എന്നു പറയുന്നതാവും ശരി.

സര്‍‌ഗാത്മകമായി വിമര്‍‌ശിക്കാനും സം‌യമനത്തോടെ പ്രതികരിക്കാനും അളന്നു മുറിച്ച് സം‌സാരിക്കാനും ഭാഷയെ ശുദ്ധീകരിക്കാനും ആരെയും മനസാന്നിധ്യത്തോടെ കേള്‍‌ക്കാനും പ്രബോധനം വായന നിമിത്തമായിട്ടുണ്ട്.അഥവാ ജീവിതത്തെ വായനയെ  സംസ്‌കരിച്ച വാരിക.

പ്രാര്‍‌ഥനകള്‍ ....

അസീസ് മഞ്ഞിയില്‍

Wednesday, July 10, 2024

ആസ്വാദനങ്ങളിലെ വിരാമം

ഓരോ താഴ്‌വരയിലും ഉയര്‍‌ന്നു നില്‍‌ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്‌വരയിലുള്ളവരില്‍ ചിലര്‍‌ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍‌ന്നു നില്‍‌ക്കുന്ന പര്‍‌വതനിരകളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായെന്നും വരാം.ഒരു പക്ഷെ ആഗ്രഹം സഫലമായേക്കും. കീഴടക്കേണ്ടത് കീഴടക്കിയാല്‍ തിരിച്ച് സമതലത്തിലേക്ക് തിരിച്ച് വരിക എന്നതും സ്വാഭാവികമാണ്‌.

പ്രകൃതിദത്തമായ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായതും അനുവദിച്ച് നല്‍‌കപ്പെട്ട അനുഗ്രഹങ്ങളില്‍ ഏറെ ശ്രേ‌ഷ്‌ഠമായതും സകലവിധത്തിലുള്ള ആസ്വാദനങ്ങള്‍‌ക്കും ഒരു വിരാമം സാധ്യമാകുന്നു എന്നതത്രെ.

നല്ല ദാഹം അനുഭവപ്പെടുകയും ദാഹശമനം സാധ്യമാകുകയും ചെയ്യുന്നതോടെ ദാഹാര്‍‌ത്തന്‌ സംതൃ‌പ്‌തി ഉണ്ടാകുന്നു.ദാഹമുള്ളപ്പോള്‍ ദാഹജലത്തെ കുറിച്ചുള്ള ദാഹിച്ചുവലയുന്നവന്റെ സങ്കല്‍‌പങ്ങള്‍ വിവരണാതീതമായിരിയ്‌ക്കും.ദാഹവും വിശപ്പും എന്നതിനപ്പുറമുള്ള മനുഷ്യന്റെ മാനസീക ശാരീരിക വൈകാരിക വൈചാരിക വിഷയങ്ങളുടെയും എന്നതുപോലെ ആത്മീയമായ നിര്‍‌വൃതിയുടെ അവസ്ഥയും ഇതുതന്നെയാണ്‌.അഥവാ സകലവിധത്തിലുള്ള ആഗ്രഹാഭിലാഷങ്ങള്‍‌ക്കും അതിമനോഹരമായ പരിസമാപ്‌തി ഒരു  സമാശ്വാസം സാധ്യമാകുന്നു.ഇത് ഒരുവേള മനുഷ്യര്‍ ഓര്‍‌ക്കാതെ പോകുന്ന മഹാ സൗഭാഗ്യമാണ്‌.

മനുഷ്യന്റെ കൊതിയും പുതിയും അതിന്റെ ശമനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സം‌ഭവിക്കുന്ന ഒന്നല്ല.ഇടവിട്ട് അനുഭവിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന അനിര്‍‌വചനീയമായ  അനര്‍‌ഘനിമിഷങ്ങള്‍ ജീവിതത്തെ ധന്യമാക്കുന്നു.

എഴുത്തുകാരന്റെ ജീവിതം ഒരു പടികൂടി മുന്നിലാണ്‌.സമൂഹത്തോട് വിളിച്ചു പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അയാള്‍ അശാന്തനാണ്‌ .

പച്ചമനുഷ്യരില്‍ അത്യധികം പച്ചയായ മനുഷ്യനാണ്‌ കവി.തനിക്ക് ചുറ്റുമുള്ള ജീവിത ചിത്രങ്ങളും ചിത്രീകരണങ്ങളും മോഹങ്ങളും മോഹഭം‌ഗങ്ങളും സന്തോഷ സന്താപങ്ങളും വേവും നോവും പ്രകൃതിയും പ്രപഞ്ചവും മഞ്ഞും മഴയും രാവും പകലും മാനവും ഭൂമിയും അതിലെ വര്‍‌ണ്ണങ്ങളും വര്‍‌ണ്ണനകളും കാറ്റും കോളും ഒക്കെ നിറഞ്ഞ ജീവിതത്താളുകള്‍ മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗ്രതയിലുള്ളവനത്രെ കവി.

കവി പകര്‍‌ത്തിയെടുത്ത ഭാവനയുടെ മാനത്ത്,മനസ്സിന്റെ പ്രതലത്തില്‍ പാകപ്പെടുത്തുന്നതാണ്‌ കവിതയിലെ ഓരോ അക്ഷരവും.ഈ അക്ഷരപ്പെരുമഴ പെയ്‌തിറങ്ങുന്നത് വരെ കവി അസ്വസ്ഥനായിരിക്കും. പെയ്‌തിറങ്ങിയ വരികളില്‍ മഷിപുരണ്ട് കഴിയുമ്പോഴൊക്കെ കവിയുടെ ദീര്‍‌ഘ നിശ്വാസങ്ങള്‍ ഉയരും.പിന്നീട് തൂലിക തളര്‍‌ന്നു അര്‍‌ധവിരാമത്തില്‍ വിശ്രമിക്കും.

തൂലിക സഞ്ചരിച്ച  നിമിഷങ്ങളുടെ ആനന്ദവും അനുഭൂതിയും ആഘോഷവും താളവും മേളവും വര്‍‌ണ്ണ വിസ്‌മയവും പരന്നൊഴുകിയ ഭാവനാലോകത്തെ തീരവും തിരമാലകള്‍ കവര്‍‌ന്നെടുത്ത കരയില്‍ തെളിയാന്‍ വെമ്പുന്ന മിനുസമുള്ള മണ്ണും കല്ലും കക്കയും  തീരത്തണഞ്ഞ കുതിര്‍‌ന്നലിയുന്ന ശേഷിപ്പുകളുമാണ്‌ വായനക്കാരന്‍ ആസ്വദിക്കുന്നത്.

വായനക്കാരന്റെ ആസ്വാദനക്ഷമതയുടെ ആഴവും പരപ്പും അറിയാനും അവസരത്തിനൊത്ത് ഉണരാനും ഉയരാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാര്‍ ഒരു കാലത്തിന്റെ കാലഘട്ടത്തിന്റെ സാം‌സ്‌കാരിക പരിസരത്തെ സമ്പന്നമാക്കുന്നവരത്രെ.

സാമ്പത്തിക വിശേഷം


പലിശയിലധിഷ്‌ടിതമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പലിശ എന്ന പേരിലും, പലിശ രഹിത സം‌വിധാനങ്ങളില്‍ നിന്നും മാസാന്തം ചെറിയ ഏറ്റക്കുറച്ചിലുകളോടെ ലാഭവിഹിതം എന്ന ലേബലിലും ലഭിക്കുന്നു.ഇതിലെന്താണ്‌ ഇത്രവലിയ കാര്യം.?

ലാഭ നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരില്ലെന്ന ഉറപ്പില്‍ നിശ്ചിത വിഹിതമാണ്‌ പലിശ.കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ലാഭനഷ്‌ടങ്ങളില്‍ എല്ലാ പങ്കാളികളും തങ്ങളുടെ ഓഹരികളുടെ വിഹിതം പോലെ സഹിക്കാന്‍ തയറായി ഒരുമിച്ച് സഹകരിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട സാമ്പത്തിക ക്രയവിക്രിയമത്രെ അനുവദനീയമായ (ഹലാല്‍) സമ്പാദനം.

എന്നാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ഉറപ്പില്‍ ഹലാല്‍ എന്ന ധാരണയില്‍ പണം നിക്ഷേപിക്കുന്നവരും അധികം താമസിയാതെ സ്ഥാപനം തകരുന്നതും പങ്കുകാര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യവുമെന്നോണം കേള്‍‌ക്കാനാകുന്നുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഇതൊരു സം‌രം‌ഭമല്ലെ കച്ചവടമല്ലേ ലാഭ നഷ്‌ടങ്ങള്‍ സ്വാഭാവികമല്ലേ..?എന്ന മറുപടികൊണ്ട് നഷ്‌ടം സഹിക്കേണ്ടിവരില്ലെന്നു ഉറപ്പ് പറയപ്പെട്ടവരെ ആശ്വസിപ്പിക്കുകയൊ ഒരു വേള അവര്‍‌ക്ക് നേരെ അക്രോശിക്കുകയൊ ഒക്കെ പതിവ് കാഴ്‌ചയുമാണ്‌.

പദ്ധതിയുടെ പ്രാരം‌ഭത്തില്‍ അതല്ലെങ്കില്‍ പങ്കുകാരായി ചേര്‍‌ക്കുന്നവരില്‍ നിന്നും ഓഹരി ശേഖരിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുകയില്ല എന്ന ഉറച്ച തീരുമാനം ഉണ്ടാകുന്നതോടെ പ്രസ്‌തുത സം‌രം‌ഭം ഹലാല്‍ മാതൃകയില്‍ നിന്നും വഴിമാറുന്നുണ്ട്.

തനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത കൂട്ടു സം‌രം‌ഭത്തില്‍ നിക്ഷേപിക്കുകയാണെന്ന കരുത്തോടെ പങ്കാളിയാകുന്ന നിമിഷം, അനുവദനീയമായ മാര്‍‌ഗത്തിലൂടെ എന്നതിന്റെ സകല പരിശുദ്ധിയും കളഞ്ഞു പോയി എന്നതും ഓര്‍‌മിച്ചിരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഹലാല്‍ സംരംഭങ്ങള്‍ :-

ഓരോ പുതിയ സം‌രം‌ഭം വരുമ്പോഴും താല്‍‌പര്യമുള്ളവരെ ക്ഷണിക്കും.ഓരോ സംരം‌ഭത്തിലും നിശ്ചിത യൂനിറ്റുകളുടെ ഓഹരികള്‍ പങ്കാളികള്‍ സ്വന്തമാക്കും.ഒരാള്‍‌ക്ക് ഒരേ സമയം വിവിധ സം‌രഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരവും ഉണ്ടാകും.സം‌രം‌ഭത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഇടവേളകളില്‍ ലാഭവിഹിതം ലഭിക്കും.വിവിധ സം‌രം‌ഭങ്ങളുടെ ലാഭവിഹിതങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നുമില്ല. 

സാധാരണ ബാങ്കിങ് സം‌വിധാനങ്ങളോടുള്ള സഹകരണത്തില്‍ തങ്ങളുടെ വിഹിതം തിരിച്ചു കിട്ടാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന ധാരണയിലാണ്‌.

ഇസ്‌ലാമിക് ബാങ്കിങ് ഹലാല്‍ സം‌വിധാനം ലാഭനഷ്‌ടങ്ങളില്‍ സഹകരിക്കാനുള്ള മാനസിക തീരുമാനത്തോടെയാണ്‌.

ഇതര ബാങ്കിങ് സം‌വിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം ഇസ്‌ലാമിക് ബാങ്കിങ് സംരം‌ഭങ്ങളിലാണ്‌ എന്നാണ്‌ പ്രസ്‌തുത മേഖലയില്‍ നിന്നുള്ളവരുടെ അനുഭവവും അഭിപ്രായവും.

അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രസ്‌തുത വിന്‍ഡോകളിലൂടെയാണ്‌ സമാഹരിക്കപ്പെടുന്നത്.

അതുകൊണ്ടാണ്‌ ഇസ്‌ലാമിക് ബാങ്കിങ് അല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്നുകൊണ്ടിരിക്കുന്നത്.

എത്രമനോഹരം ഈ വേദം...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍‌ആനിലെ സൂക്തം സുവിദിതമാണ്‌.ദൗര്‍‌ഭാഗ്യകരമെന്നു പറയട്ടെ,ഖുര്‍‌ആന്‍ വ്യക്തവും കൃത്യവുമായി പറഞ്ഞു തരുന്ന കാര്യങ്ങള്‍, വിശ്വാസികള്‍ അധികപേരും തങ്ങളുടെ ജീവിതത്തില്‍  പാലിക്കുന്നതില്‍ ജാഗ്രത പുലര്‍‌ത്താറില്ല. പ്രസ്‌തുത നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ എത്രനന്നായേനേ ... എന്ന്‌ പിന്നീട് ഖേദിക്കുന്ന സാഹചര്യങ്ങളും പലപ്പോഴും സം‌ഭവിക്കാറുമുണ്ട്.

ആറാം നൂറ്റാണ്ട് എന്നു പരിഹസിക്കുന്ന നിരീശ്വര നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വക്താക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ ഉപദേശം വിശ്വാസികളായി അറിയപ്പെടുന്നവരില്‍ പലര്‍‌ക്കും മനസ്സിലാകാതെ പോകുന്നു എന്നത് ഖേദകരമത്രെ..

വിശുദ്ധ ഖുര്‍‌ആനിലെ അല്‍ ബഖറ എന്ന അധ്യായത്തിലെ ഏറ്റവും ദീര്‍‌ഘമായ സൂക്തമാണ്‌ 282 ആമത്തെ വചനം.ഖുര്‍‌ആന്‍ പാരായണം എന്ന മിനിമം ശൈലിയില്‍ നിന്നും ഖുര്‍‌ആന്‍ പാരായണം ചെയ്‌തും പഠിച്ചും ജീവിതത്തില്‍ പകര്‍‌ത്തിയും ഒക്കെയാണ്‌ പരിശുദ്ധ ദര്‍‌ശനത്തിന്റെ വാഹകര്‍ മാതൃകയാകേണ്ടത്.

അല്‍ ബഖറ എന്ന അധ്യായിലെ 282 ആമത്തെ സൂക്തത്തിന്റെ സാരം....

അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധിവെച്ചു പരസ്‌പരം കടമിടപാടു നടത്തുമ്പോള്‍, അത് എഴുതിവെക്കുവിന്‍.ഇരു കക്ഷികള്‍ക്കുമിടയില്‍ ഒരാള്‍ നീതിപൂര്‍വം അതു രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവു നല്‍കിയിട്ടുള്ളവന്‍ അതെഴുതാന്‍ വിസമ്മതിക്കരുത്; അവന്‍ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവന്‍ (അധമര്‍ണന്‍) പറഞ്ഞുകൊടുക്കട്ടെ. അവന്‍ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഒരുവിധ ഏറ്റക്കുറവും വരുത്താന്‍ പാടുള്ളതല്ല. ഇനി കടംകൊള്ളുന്നവന്‍ വിഡ്ഢിയോ ദുര്‍ബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്‌തനോ ആണെങ്കില്‍, അവനുവേണ്ടി അവന്റെ കൈകാര്യക്കാരന്‍ നിഷ്‌പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ. ഒരുവള്‍ മറന്നുപോയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണത്. ഈ സാക്ഷികള്‍, നിങ്ങള്‍ക്കിടയില്‍ സ്വീകാരയോഗ്യരായ സാക്ഷികളില്‍പെട്ടവരായിരിക്കേണ്ടതാകുന്നു. സാക്ഷികളാവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി നിര്‍ണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതില്‍ ഉദാസീനരാവരുത്. ഈ മാര്‍ഗമാണ് അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ സംശയങ്ങളില്‍ അകപ്പെടാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങള്‍ രൊക്കമായി നടത്തുന്ന കച്ചവടമാണെങ്കില്‍, അത് എഴുതിവെക്കാതിരിക്കുന്നതില്‍ വിരോധമില്ല.വ്യാപാര ഇടപാടു നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷിനിര്‍ത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവന്‍ നിങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനരീതി പഠിപ്പിക്കുന്നു. അവന്‍ സര്‍വസംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു.

===============

മഞ്ഞിയില്‍

Monday, March 4, 2024

കെട്ടു നാറുന്ന ആധുനിക സമൂഹം

ഒരു ഫലസ്തീനി യുവാവുമായി കുറച്ചു സമയം സം‌സാരിച്ചു.മുഹമ്മദ് ഹഷീഷ് എന്നാണ്‌ അവന്റെ പേര്‌.മുഹമ്മദിന്റെ രണ്ട് സഹോദരങ്ങള്‍ മധ്യേഷ്യയിലുണ്ട്. ഉസ്‌ബക്കിസ്ഥാനില്‍ ഉപജീവനം നടത്തിയിരുന്ന പിതാവ്‌ ഈയിടെ മരണപ്പെട്ടു. റഷ്യയില്‍ ഉമ്മയുടെ അടുത്ത് വെച്ചായിരുന്നു അന്ത്യം.മരിക്കുമ്പോള്‍ ഉമ്മയും മക്കളും ഒക്കെ അടുത്തുണ്ടായിരുന്നു.മുഹമ്മദിന്റെയും സഹോദരങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസം ഗസ്സയിലും തുടര്‍‌ പഠനം നടന്നത് ഈജിപ്‌തിലുമായിരുന്നു.

സയണിസ്റ്റുകളുടെ കൊടും ക്രൂരതകള്‍‌ക്ക് അകലെ നിന്നും അടുത്ത് നിന്നും ഒക്കെ പലപ്പോഴും സാക്ഷിയാകേണ്ടിവന്ന കഥകള്‍ പലതും അവന്‍ പങ്കുവെച്ചു. ബുദ്ധിവെച്ച നാള്‍ മുതല്‍ ഏതു സമയവും അക്രമത്തിന്‌ ഇരയാകുമെന്ന ബോധം എല്ലാവര്‍‌ക്കും ഉണ്ട്.യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇതു തന്നെയാണ്‌ അവസ്ഥ. ഗസ്സ മുനമ്പിലുള്ളവര്‍‌ക്ക് ഈ ബോധ്യം കൂടുതലാണെന്നും യുവാവ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

ഈയിടെ നടന്ന ദാരുണമായ ഒരു കൂട്ടക്കുരുതിയുടെ കഥ വിവരിച്ചപ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ സജലങ്ങളായി.റഫയില്‍ ഒരു വലിയ കെട്ടിടത്തില്‍ ഗസ്സയിലെ വിവിധ പ്രദേശത്തുകാര്‍ സുരക്ഷിതമെന്നു കരുതി താമസിച്ചിരുന്നുവത്രെ.പടു വൃദ്ധരും പിറന്നു വീണ കുട്ടികളും എന്നവിധം എല്ലാ പ്രായക്കാരും അതിലുണ്ടായിരുന്നു.
ഒടുവില്‍ ഈ സുരക്ഷാ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലവും ലോകത്തെ മുഴുവന്‍ മനുഷ്യരേയും സാക്ഷിയാക്കികൊണ്ട് കാപാലികരുടെ കൊടും ക്രുരതക്ക് ഇരയായി.

മധ്യേഷയിലെ പലയിടങ്ങളിലായുള്ള രണ്ടോ മൂന്നോ പേരൊഴികെ മുഹമ്മദിന്റെ കുടും‌ബത്തിലും ഇനിയാരും ബാക്കിയില്ല.

ശത്രുക്കളുടെ ബോം‌ബിങ് രീതിയും അവന്‍ വിവരിച്ചു.കെട്ടിടത്തില്‍ ചുറ്റുപാടും പതിക്കുന്ന ബോം‌ബുകള്‍,കെട്ടിടത്തെ ഇളക്കി ഭൂമിക്കടിയില്‍ പോയി സ്‌ഫോടനമുണ്ടാക്കും.അതിനു ശേഷം തീമഴപോലെ പ്രദേശം മുഴുവന്‍ വര്‍‌ഷിക്കുന്ന വിധമാണ്‌ ഭീകരരുടെ അക്രമണ സ്വഭാവം.ഒരു ചെറിയ പ്രാണിപോലും അവശേഷിക്കാതിരിക്കാനുള്ള അതി സൂക്ഷ്‌മത.

പൈശാചികത താണ്ഡവമാടി കരിയും പൊടിയും ഒക്കെ ശാന്തമായപ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പ്രദേശം തന്നെ ശ്‌മശാനമാക്കി ഗണിക്കാനേ കഴിയുകയുള്ളൂവത്രെ.ദിവസങ്ങള്‍‌ക്ക് ശേഷം രക്ഷാ പ്രവര്‍‌ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങളിലൂടെ നടക്കുമ്പോള്‍ പൂര്‍‌ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ലാത്ത ഒരു സിമന്റ് തൂണ്‌ ശ്രദ്ധയില്‍ പെട്ടു.അത് വലിച്ചൂരിയപ്പോള്‍ സാരമായ കേടുപാടില്ലാത്ത ഒരു വനിതയുടെ ജഢം ദൃശ്യമായി.അവരുടെ മാറില്‍ അമര്‍‌ന്നു കിടന്നു അമ്മിഞ്ഞ നുകരുന്ന ഒരു കുഞ്ഞും.കുഞ്ഞ് പൂര്‍‌ണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി അവര്‍‌ക്ക് ബോധ്യമായി.ഉമ്മയുടെ ജീവന്‍ പോയതിനു ശേഷവും കുഞ്ഞിന്‌ മുലപ്പാല്‍ ലഭിച്ചിരുന്നു എന്നാണ്‌ ആരോഗ്യ രം‌ഗത്തുള്ളവരുടെ നിരീക്ഷണം.എണ്ണമറ്റ കുടും‌ബ വേരുകളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു എന്നു സാരം.

റഫ അതിര്‍‌ത്തിയിലൂടെ വരുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ചു സമയം മൗനിയായി.റഫയിലൂടെ വരുന്ന ട്രക്കുകളില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പൊതിയാനുള്ള കഫന്‍ പുടവകളാണെന്നു തോന്നിപ്പോകും.അവന്‍ വിതുമ്പലമര്‍‌ത്തി പറഞ്ഞു തീര്‍‌ത്തു.

ജഢങ്ങള്‍ കുന്നു കൂടിയ ഇടങ്ങളില്‍ അനുഭവവപ്പെടാത്ത ദുര്‍‌ഗന്ധം ആധുനിക സമൂഹങ്ങള്‍‌ക്കിടയില്‍ നിന്നും വമിച്ചു കൊണ്ടിരിക്കുന്നുണ്ട്.ജീവന്‍ ബലി നല്‍‌കിയവര്‍‌ക്ക് യഥാര്‍‌ഥത്തില്‍ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.ജീവച്ഛവങ്ങളായ കാഴ്‌ച്ചക്കാരുടെ അവസ്ഥയെക്കുറിച്ചോര്‍‌ത്താണ്‌ എന്റെ നോവും വേവും.അവന്‍ കണ്ണീരൊപ്പി.തിരിച്ചൊന്നും ഉരിയാടാനാകാതെ ഞാനും വിതുമ്പി.
==================
മഞ്ഞിയില്‍

Friday, October 27, 2023

ഇരുട്ടിനെ എത്ര പുണര്‍‌ന്നുറങ്ങിയാലും നേരം പുലരും

ജാതിയും മതവും വര്‍‌ഗ്ഗ വര്‍‌ണ്ണങ്ങളും കൂട്ടികുഴച്ച് രാജ്യത്തെ അസ്വസ്ഥപ്പെടുത്തി അസ്ഥിരപ്പെടുത്തി അധികാരത്തില്‍ വാണരുളുന്നവരുടെ  വിശേഷാല്‍ ആഘോഷ ദിന സന്ദേശം രാഷ്‌ട്രീയ സ്വയം സേവകരെ ആനന്ദനൃത്തം ചവിട്ടിക്കും എന്നതില്‍ സം‌ശയമില്ല.

'രാജ്യത്തിന്റെ എല്ലാ തിന്മകള്‍‌ക്കും മേല്‍ ദേശസ്‌‌നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം വിജയദശമി. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ പ്രതിജ്ഞയെടുക്കണം. വികസനത്തിന്റെ പാതയില്‍ പുത്തന്‍ ഊര്‍‌ജ്ജവും പുതിയ പ്രമേയങ്ങളുമായി നാം മുന്നോട്ട് പോകും. നമ്മള്‍ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം ഉണ്ടാക്കും.'പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞു.മാത്രമല്ല ഒരു പടികൂടെ കടന്ന് തന്റെ അനുയായികളെ ആവേശം കൊള്ളിക്കുക കൂടെ ചെയ്യുന്നുണ്ട്.

'ദീഘനാളത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം പണിയുന്നത് കാണാന്‍ ഇന്ന് നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ അടയാളമാണ്‌.'

തങ്ങളുടെ തച്ചു തകര്‍‌പ്പന്‍ വം‌ശീയ വര്‍‌ഗ്ഗീയ അജണ്ടയില്‍ ഊറ്റം കൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരിയെ കുറിച്ചോര്‍‌ത്ത് നമുക്ക് സഹതപിക്കാം.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച പ്രധാനമന്തിയുടെ ഉപാധികളില്ലാത്ത സയണിസ പിന്തുണയും ഇതോടൊപ്പം ചേര്‍‌ത്തു വായിക്കാം.

സം‌ഹാരാത്മകതയുടെ പൈശാചിക മുഖമുള്ള ലോകമെമ്പാടുമുള്ള ഫാഷിസം അട്ടഹസിക്കുകയാണ്‌. സ്വജനപക്ഷപാതിത്വവും അനാരോഗ്യകരമായ സാമൂഹ്യ ഇടപെടലുകളും അക്രമവാസനകളും അസഹിഷ്‌‌ണുതയും നിറഞ്ഞ ഉറഞ്ഞാട്ടം നടത്തി സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്‌‌ടിച്ചു കൊണ്ട് ഫാഷിസം തേരോട്ടം തുടരുകയാണ്‌.ഇങ്ങനെ നാടു തകര്‍‌ക്കാനും മുടിക്കാനുമൊരുങ്ങിയവര്‍‌ നൂറ്റാണ്ടുകളുടെ പഴക്കമുള്ള  സാം‌സ്‌‌ക്കാരിക സ്‌മാരകങ്ങളും, പാരമ്പര്യങ്ങളുടെ കഥ പറയുന്ന ചരിത്ര സ്‌തൂപങ്ങളും നാമാവശേഷമാക്കുന്നതിലും അവരുടെ താല്‍‌പര്യത്തിനൊത്ത് പുനഃക്രമീകരിക്കുന്നതിലും പുനര്‍ നാമം ചെയ്യുന്നതിലും വ്യാപൃതരാണ്‌. ഇതിനൊക്കെ എണ്ണിയൊലൊടുങ്ങാത്തത്ര ഉദാഹരണങ്ങള്‍ നിരത്താനാകും.

നൂറ്റാണ്ടുകള്‍‌ക്ക് മുമ്പ് ഇന്ത്യയില്‍ ഇസ്‌‌ലാമിന്‌ വേരോട്ടം കിട്ടിയിട്ടുണ്ടെന്നത് ചരിത്ര സാക്ഷ്യം.വിശിഷ്യാ മലയാളക്കരയില്‍ പ്രവാചകന്റെ കാലത്ത് തന്നെ അത് വ്യാപിച്ചു കൊണ്ടിരുന്നു.ഇസ്‌ലാമിനെ ഒരു വിമോചന മന്ത്രമായി സ്നേഹ സാഹോദര്യത്തിന്റെ തുരുത്തായി അഭയസ്ഥാനമായി മനസ്സിലാക്കി അധസ്ഥിതരും അരിക്‌ വത്കരിക്കപ്പെട്ടവരും ഐത്തവും തീണ്ടലും കൊണ്ട് പൊറുതിമുട്ടിയവരുടെയുമൊക്കെ മനംമാറ്റം ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാരം‌ഭ കാലങ്ങളില്‍ ഇസ്‌‌ലാമിലേക്ക്‌ കടന്നുവന്നവരില്‍ നല്ലൊരു ശതമാനം  കേരളത്തിലെ പ്രസിദ്ധങ്ങളായ സവര്‍‌ണ്ണ ഇല്ലങ്ങളില്‍ നിന്നും മഠങ്ങളില്‍ നിന്നും നായര്‍ വീടുകളില്‍ നിന്നും കാവുകളില്‍ നിന്നും അമ്പലവീടുകളില്‍ നിന്നുമൊക്കെ ഉണ്ടായിരുന്നു എന്നതും ചരിത്ര സാക്ഷ്യം തന്നെ.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏതെങ്കിലും ഇല്ലത്തെ മുസ്‌‌ലിം കുടുംബക്കാര്‍ തങ്ങളുടെ മൂന്നാം പേരില്‍ നിന്നും ഇല്ലം നീക്കം ചെയ്‌തതായി ചൂണ്ടികാണിക്കാന്‍ കഴിയില്ല.പുഴങ്കര ഇല്ലത്ത് ഇബ്രാഹീമുമാരും മമ്മസ്രായില്ലത്തെ അബ്‌‌ദുല്‍ ഖാദര്‍ മാരും,  പോക്കാക്കിലത്ത് മുഹമ്മദുമാരും ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌.

പ്രവാചകന്റെ കാലത്തും ഇതുപോലെയുള്ള ചരിത്ര സത്യങ്ങള്‍ പ്രസിദ്ധങ്ങളത്രെ.ഏക ദൈവ വിശ്വാസത്തിന്‌ നിരക്കാത്ത വ്യക്തികളുടെ പേരുകള്‍ മാത്രമേ പുതു വിശ്വാസികള്‍ പോലും തിരുത്തിയിരുന്നുള്ളൂ.എന്നാല്‍ പിതാക്കളുടെയും പിതാമഹാന്മാരുടെയും പേരുകള്‍ അവരുടെ വാല്‍‌കഷ്‌‌ണങ്ങളായി തുടരുകയായിരുന്നു.

ചരിത്രത്തെ മായ്‌‌ക്കാനും മറയ്‌ക്കാനും മറക്കാനുമുള്ള ഫാസിഷ രീതി അവരുടെ മാത്രം സ്വഭാവ വൈകൃതത്തില്‍ നിന്നും ഉടലെടുത്തതാണ്‌.

ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഉണര്‍‌ത്തുപാട്ടുകള്‍ കേവലം ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ള ബാധ്യതപോലെ ചുരുക്കി കെട്ടപ്പെടുന്ന കാലത്ത് കൂടുതല്‍ സൂക്ഷ്‌‌മതയും ജാഗ്രതയും ആവശ്യമത്രെ. ലോകമെമ്പാടുമുള്ള ഫാഷിസ സമീപനങ്ങള്‍ മനുഷ്യത്വത്തിനും മാനവികതയ്‌ക്കും എതിരാണെന്നു കാണാന്‍ കഴിയും.മുതലാളിത്ത ചിന്താ ഗതിയുടെ രാക്ഷസീയ മുഖം 'ഞങ്ങളുടെ രാജ്യ താല്‍‌പര്യം' എന്ന ഒരു മുദ്രാവാക്യത്തിലാണ്‌ മന്ത്രിച്ച് വെച്ചിട്ടുള്ളത്.

ഇതു പോലെ പൗരോഹിത്യ സം‌ജ്ഞകളും കമ്മ്യൂണിസ്റ്റ് - ലിബറല്‍ വാദങ്ങളും ഒക്കെ എടുത്തു നോക്കിയാല്‍ മനുഷ്യന്‍ എന്ന വിഭാവന പച്ചക്കള്ളമാണെന്നു ബോധ്യം വരും.

മുതലാളിത്ത ബിം‌ബമായ കപട രാജ്യ സ്‌നേഹവും,പൗരോഹിത്യ നിര്‍‌മ്മിതിയുടെ ചൂഷണ തന്ത്രവും നിര്‍‌മ്മിത ദര്‍‌ശനങ്ങളില്‍ നിഴലിട്ട ക്രിത്രിമ സമത്വ വാദവും ഒക്കെ അവിയല്‍ പോലെ പാകപ്പെടുത്തിയെടുത്തതാണ്‌ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം.വര്‍‌ത്തമാന കാലത്ത് ദൗര്‍‌ഭാഗ്യകരം വളരെ സുലഭമായി ലഭിക്കുന്ന അങ്ങാടി മരുന്നു പോലെയുള്ള ഇസ്‌‌ലാമോഫോബിയയും പരമത - ധര്‍‌മ്മ നിന്ദയും ചേരുംപടിയാകുമ്പോള്‍ ഒന്നും പറയാനില്ല.കൂരാകുരിട്ടത്തെ ആഭാസ നൃത്തം അരങ്ങ് വാഴുകയാണ്‌.

അന്ധമായ ആചാരാനുഷ്‌‌ഠാനങ്ങളും അതിനെക്കാള്‍ അന്ധമായ വെറുപ്പും വിദ്വേഷവും ദുര്‍‌ഗന്ധം വമിപ്പിക്കുന്ന ഈ ഭൂമികയില്‍ സുഗന്ധമുണ്ടാകണം. കെട്ട കാലത്തിന്റെ കൊടും വേനലില്‍ തേന്മാരി വര്‍‌ഷിക്കണം.ഇരുള്‍ മൂടിയ ഈ ലോകത്തിന്‌ നന്മയുടെ വിളക്കും വെളിച്ചവും വേണം.

സുഗന്ധവാഹിനികാളാകാന്‍ ആത്മീയതമായി ഉണരണം.ഉരുണ്ടുകൂടിയ കാര്‍‌മേഘങ്ങളെ കൂട്ടിമുട്ടിക്കാനാകും വിധം ധാര്‍‌മ്മികമായ ചിന്തകളുയരണം. നന്മയുടെ പ്രസാരണത്തിനുതകുന്ന കൈതിരികളില്‍ ഊര്‍‌ജ്ജം വേണം. അതില്‍ കൊളുത്തിയെടുക്കുന്ന വിളക്കും വെളിച്ചവും തെളിച്ചവുമായി മുന്നേറുമ്പോള്‍ പുതിയ പ്രഭാതം ഉദിച്ചുയരും.

കൂരാകൂരിരുട്ടിനെ ആരൊക്കെ എങ്ങിനെയൊക്കെ പുണര്‍‌ന്നുറങ്ങിയാലും നേരം പുലരുക തന്നെ ചെയ്യും.

Wednesday, October 11, 2023

കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍


കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍. 

2023 ഒക്‌‌ടോബര്‍ രണ്ടാം വാരത്തില്‍ നടന്ന തൂഫാനുല്‍ അഖ്‌സയിലൂടെ ഇസ്രാഈല്‍ വീര്‍‌പ്പിച്ച് നിര്‍‌ത്തിപ്പോന്ന ബലൂണിന്റെ കാറ്റുപോയതായിരിക്കണം  ഈ നൂറ്റാണ്ടിലെ തന്നെ സുവര്‍‌ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന ചരിത്രനിമിഷം.

2023 വർഷത്തിൽ തന്നെ ഇരുന്നൂറിലധികം ഫലസ്തീനികളെ ഇസ്രായേൽ വധിക്കുകയും അതിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ലേത് ഉൾപ്പെടെ അയ്യായിരത്തിലധികം പേര് ഇസ്രായേൽ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ട്. അങ്ങേയറ്റം ക്രൂരമായ ഈ വസ്തുതകളൊന്നും ലോക മാധ്യമങ്ങൾക്കു  വാർത്തയല്ലാതായിത്തീരുന്നു എന്നതും ഹമാസിന്റെ സൈനിക നടപടിക്ക് ഹേതുവായിട്ടുണ്ട്.

ഇസ്രായേൽ പൗരന്മാരെ ഗസ്സയിലേക്ക് കടത്തികൊണ്ടുപോകുന്നതിൽ ഹമാസ് വിജയിച്ചത് സിയണിസ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ തോത് കുറക്കുന്നതിൽ കാരണമായേക്കും. ഫലസ്തീൻ പൗരന്മാരെ സ്വാതന്ത്രരാക്കാൻ ഇസ്രായേൽ സൈനികരെയും പൗരന്മാരെയും ഉപയോഗിച്ച് വിജയകരമായി വിലപേശിയ ചരിത്രം ഹമാസിനുണ്ട്.

----------

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തിയോഡര്‍ ഹര്‍‌സ് എന്ന ജൂത നേതാവിന്റെ വിഭാവനയായിരുന്നു ജൂത രാഷ്‌ട്രം.അത് പലസ്തീൻ തന്നെയാവണം എന്നൊരു നിർബന്ധവും അവർക്കുണ്ടായിരുന്നുമില്ല.ഭൂമി വിലകൊടുത്ത് വാങ്ങിയാണെങ്കിലും ഈ സങ്കല്‍‌പം പൂവണിയിക്കാനായിരുന്നു അവര്‍ ചിന്തിച്ചു കൊണ്ടിരുന്നത്.

ഒന്നാം ലോകമഹായുദ്ധം ( 1914 - 1918 )പലസ്തീൻ, സിറിയ ഉൾപ്പെടെയുള്ള അറബ് പ്രദേശങ്ങളെല്ലാം ഓട്ടോമൻ തുർക്കികളുടെ. അധീനതയിൽ. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടനും സഖ്യകക്ഷികളായും വിജയിച്ചാൽ ലെബനോണും സിറിയയും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഫ്രാൻസും, പലസ്തീനും ജോർദാനും ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടനും കൈവശം വെയ്ക്കാൻ ഇരുകൂട്ടരും ധാരണയാകുന്നു.ബ്രിട്ടൻ അങ്ങിനെയൊരു തീരുമാനമെടുക്കാൻ കൃത്യമായ കാരണവും ഉണ്ട്. 

അന്ന് ഇന്ത്യയും ഈജിപ്‌‌തും ഒക്കെ ബ്രിട്ടന്റെ കോളനിയായിരുന്നു.ഇന്ത്യയിൽ നിന്നും ഈജിപ്‌‌തില്‍ നിന്നുമെല്ലാം കൊള്ളയടിക്കുന്ന വസ്തുക്കൾ ബ്രിട്ടനിലേക്ക് കടത്തിയിരുന്നത് സൂയസ് കനാൽ വഴിയും. അങ്ങിനെ പോകുന്ന വഴിയിലെ ഏറ്റവും നല്ല ഇടത്താവളമായിരുന്നു പലസ്തീൻ.ആ പലസ്തീൻ എന്നും തങ്ങളുടെ കൈകളിലാവണമെന്ന്‌ അവര്‍ ആഗ്രഹിച്ചിരുന്നു.യുദ്ധത്തിൽ അവർ വിജയിക്കുന്നു.ഈ സമയത്താണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫറിന്റെ കുപ്രസിദ്ധമായ 1917 ലെ ബാൽഫർ വിളംബരം വരുന്നത്. ആ വിളമ്പരത്തിൽ കൃത്യമായി പലസ്തീനെ ഒരു ജൂത രാഷ്ട്രമാക്കി മാറ്റുക എന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

1920 കളിൽ ബ്രിട്ടനിൽ ഉൾപ്പടെ ഒരു വലിയ ശക്തിയായി കഴിഞ്ഞിരുന്ന ജൂതരെ അവിടെനിന്നും ഒഴിവാക്കുകയും ഒപ്പം പലസ്‌‌തീനില്‍ ആധിപത്യം തുടരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും കൂടി ജൂത ജനതയുടെ പാലസ്തീൻ കുടിയേറ്റത്തെ ബ്രിട്ടൻ പ്രോൽസാഹിപ്പിക്കുന്നു.ഈ സമയത്ത് പലസ്തീൻ ജനതയുടെ നൂറു ശതമാനവും പലസ്തീനികൾ മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

മതപരമായി നോക്കിയാൽ 75 % മുസ്ലിം 12 -13 % ക്രിസ്ത്യാനികൾ, 9 % മാത്രം ജൂതർ.  ഇത് 1946 ആകുമ്പോൾ 35 % ആകുന്നു, എന്നാൽ മുസ്ലീങ്ങൾ 60 % ആയി കുറയുന്നു. പക്ഷെ വൈകിയില്ല, ജൂതർ ബ്രിട്ടന്‌ തന്നെ പണികൊടുത്തു ബ്രിട്ടന്റെ പലസ്തീനിലെ ഭരണ സിരാകേന്ദ്രത്തിനു അവർ ബോംബിട്ടു. ബ്രിട്ടൻ അവിടുത്തെ ഭരണം ഉപക്ഷിച്ച് നാടും വിട്ടു. 

പലസ്‌‌തീന്‍ ഭൂപ്രദേശം ഇസ്രായേൽ എന്ന സ്വതന്ത്ര  രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്നു.ലോകത്തെവിടെയുമുള്ള ജൂതർക്ക് ഇസ്രായേയേലിലേക്ക് കുടിയേറാം എന്നനിയമം കൊണ്ടുവരുന്നു. അമേരിക്കയും ജർമ്മിനിയും എല്ലാം അവരെ സാമ്പത്തികമായി വലിയ തോതിൽ സഹായിക്കുന്നു. അങ്ങിനെ അവർ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുന്നു. പലസ്‌‌തീനികളാവട്ടെ സ്വന്തം മണ്ണിൽ നിന്നും  കുടിയിറക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

1948 ൽ യുനൈറ്റഡ് നേഷൻസ് പലസ്തീനെ വിഭജിച്ച്, പലസ്തീൻ എന്നും ഇസ്രായേൽ എന്നും രണ്ടു രാജ്യങ്ങളാക്കുമ്പോൾ കേവലം 36% വരുന്ന ജൂതർക്ക് 56% ഭൂമിയും, 68% വരുന്ന അറബികൾക്ക് 42% ഭൂമിയുമാണ് നലകിയത്. ജറുസലേം പ്രദേശം ഐക്യ രാഷ്ട്രസഭയുടെ കീഴിൽ നിലനിർത്താനും തീരുമാനിക്കുന്നു. എന്നാൽ ജറുസലേം ഉൾപ്പടെയുള്ള പ്രാദേശം ഇസ്രായേൽ കൈയടക്കുകയും ഇസ്രയേലിന്റെ തലസ്ഥാനമായി അവർ ജറുസലേമിനെ കാണുകയും ചെയ്യാൻ തുടങ്ങി.ഒരു സയണിസ്റ്റു ക്രിസ്ത്യനിയായ ഡൊണൾഡ് ട്രംപ് 2020  ൽ അമേരിക്കൻ എംമ്പസ്സി ജറുസലേമിലേക്ക് മാറ്റിഎരിതീയിൽ എണ്ണ ഒഴിക്കുകയും ചെയ്തു.

വിദേശ വ്യാപാരത്തിന്റെ കാലഘട്ടത്തിൽ, സീനായ് ഈജിപ്തിന്റെ ശേഷിപ്പുകൾ, വിദേശ സാമ്രാജ്യങ്ങൾ പിടിച്ചടക്കി, നിയന്ത്രിച്ചിരുന്നു. അടുത്ത കാലത്തെ ചരിത്രത്തിൽ ഓട്ടമൻ സാമ്രാജ്യം 1517 മുതൽ 1867 വരെ, 1882 മുതൽ 1956 വരെ ബ്രിട്ടീഷുകാരും ആയിരുന്നു.

1973 ൽ  ഈജിപ്‌‌ത്, ഇസ്രയേലി ശക്തികൾ തമ്മിൽ ശക്തമായ പോരാട്ടം നടന്നു.1982 ആയപ്പോഴേക്കും ഇസ്രയേൽ-ഈജിപ്‌‌ത് സമാധാന ഉടമ്പടിയില്‍ ഒപ്പ്‌ വെച്ചു.എന്നാല്‍ യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സിനായിലെ ചില ഭാഗങ്ങള്‍  ഇപ്പോഴും ഇസ്രാഈലിന്റെ അധീനതയിലാണ്‌.

1981 ല്‍ ആറു ദിവസത്തെ യുദ്ധത്തിനിടെ സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചടക്കിയ ഭൂവിഭാഗമാണ്‌ ഗോലാന്‍ മലനിരകള്‍.ഇസ്രായേൽ ഇത് ഫലത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്.



1987, 2000 വർഷങ്ങളിൽ നടന്ന ഫലസ്തീൻ ഇൻതിഫാദകൾ , ഇസ്രായേൽ അതിക്രമങ്ങളെ ലോക സമൂഹത്തിനു മുൻപിൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സഹായിച്ചിരുന്നു. അറബ് ഇസ്രായേൽ കരാറുകളുടെ പശ്ചാത്തലത്തിൽ ഹമാസിന്റെ ഈ നടപടിക്ക് പ്രാദേശിക പ്രസക്തിയേറെയാണ്. സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രയേലുമായി ചർച്ചകൾക്ക് സാധ്യത തുറക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഒരു പുനർചിന്തക്ക് പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

ജി.സി.സി ഇസ്രായേൽ കരാർ വാണിജ്യ താൽപര്യങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലായിരുന്നു എന്നത് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എങ്കിലും അധികാരികളുടെ കൽപനകൾക്കപ്പുറം വിരലുകളനാക്കാത്ത മൂക സാക്ഷികളായ കൊട്ടാര പണ്ഡിതരുടെ നിലപാടുകളെയും ചോദ്യം ചെയ്യാൻ ഈ സംഭവം സാധ്യതയൊരുക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെ പ്രതികരണങ്ങളിലും മാറ്റങ്ങൾ ദൃശ്യമാണ്.

പൊതുവെ ഫലസ്തീൻ അനുകൂല സമീപനം സ്വീകരിച്ചു വന്ന ഇന്ത്യ, നിരുപാധികമായി ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചതിൽ ഭരണക്ഷിയുടെ ദേശീയ രാഷ്ട്രീയ നയങ്ങളുടെ ഭാഗമാണെന്നതിൽ സംശയമില്ല. ഇറാനിന്റെയും തീവ്രവാദികളുടെയും ഭീഷണിയെ തടുക്കാൻ ഇസ്രായേൽ ആവശ്യമാണെന്ന റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി നിക്കി ഹാലിയുടെ അഭിപ്രായം അമേരിക്കൻ വിദേശ നയം വ്യക്തമാക്കിത്തരുന്നുണ്ട്.

നിരന്തരമായി മസ്ജിദുൽ അഖ്‌സയുടെ പരിസരങ്ങളിൽ അക്രമം നടത്തിയതിന്റെ പരിണതിയാണിതെന്നും അതിനാൽ തന്നെ മുഴുവൻ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന ഖത്തറിന്റെ പ്രസ്താവന ഫലസ്തീനികളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തുർക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാനും ഇസ്രായേലിന്റെ മസ്ജിദുൽ അഖ്‌സ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. ചുരുക്കത്തിൽ ഫലസ്‌‌തീനികളുടെ വിമോചന പോരാട്ട ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് തൂഫാനുല്‍ അഖ്‌സ.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച് ‘ഇസ്രായേൽ എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം,ജൂതനെന്ന് കേട്ടാലൊ തിളയ്ക്കണം രക്തം സിരകളിൽ'എന്നു പാടുന്ന നിങ്ങൾ ഒരുകാര്യം ഓർക്കണം.

1948 ൽ തുടങ്ങിയതാണ് പാലസ്തീന്റെ മേലുള്ള ഇസ്രായേലിന്റെ ആക്രമണം . ഈ 75 വർഷവും അത് ഏകപക്ഷീയവുമായിരുന്നു.1948 ലെയും 1969 ലെയും 1973 ലെയും ഒക്കെ കൊടിയ യുദ്ധങ്ങൾക്ക് പുറമെ നിരന്തരമായുള്ള ഷെല്ലാക്രമണങ്ങളും ഉപരോധങ്ങളും.

2005 ൽ ജനാധിപത്യപരമായി ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് അധികാരത്തിൽ വരുന്നു. എന്നാൽ ഹമാസിനെ അധികാരമേൽക്കാൻ ഇസ്രായേയേൽ സമ്മതിച്ചില്ല, പകരം അവർ ആ പ്രദേശത്തിന്റെ ഭരണാധികാരികളാകുന്നു  എന്ന് മാത്രമല്ല  കൊടിയ ഉപരോധവും ഏർപ്പെടുത്തി.അവർക്ക്  ഭക്ഷണമില്ല വെള്ളമില്ല മരുന്നില്ല ഓടി പോകാനൊരിടവുമില്ല. രണ്ടേരണ്ട്‍ അതിരുകൾ മാത്രം.


ഒരുവശത്ത് കടൽ മറുവശത്ത് ഇസ്രായേൽ. ചെകുത്താനും കടലിനും നടുക്ക് കൊടിയ ദുരിതങ്ങൾക്ക് നടുവിൽ പിറന്ന  നാട്ടിൽ പുഴുക്കളെപോലെ ചവിട്ടി അരക്കപ്പെടുമ്പോഴും ജീവിതത്തിൽ ഒരിക്കൽ, ഒരിക്കലെങ്കിലും, ഒരുപക്ഷെ അവസാനത്തേതുമാകാം, എങ്കിലും ലോകത്തെ ഏറ്റവും കഴിവുറ്റ ചാരസംഘടനയായ മൊസാദിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഹമാസ് ഇസ്രായേലിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

അതും യോങ്കിപൂർ യുദ്ധത്തിന്റെ അൻപതാം വാർഷിക നാളുകളിൽ ഇസ്രായേൽ അവരുടെ രാജ്യസുരക്ഷ ഏറ്റവും ശക്തമാക്കിയ നാളുകളിൽ തന്നെ അതുസംഭവിച്ചു എന്നത് സത്യത്തിൽ സന്തോഷദായകമത്രെ. ഒരുപക്ഷെ ഭാവിയില്‍ പാലസ്തീൻ എന്നൊരു രാജ്യവും അവിടുത്തെ ജനതയും തന്നെ തുടച്ചു നീക്കപ്പെട്ടേക്കാം അപ്പോഴും നേരിയ ഒരു സമാശ്വാസം, അവസാന ശ്വാസത്തിലും പൊരുതി നിന്ന ഒരു ജനതയെ ഓർത്ത്....

===================

ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?...

---------------------

💡ഇസ്രായേൽ നിരന്തരമായി തങ്ങളുടെ അതിർത്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കയ്യേറ്റത്തിനും വെട്ടിപ്പിടിത്തത്തിനും ശേഷം ആളുകൾക്കു പാർക്കാൻ ഇനിയും പുതിയ സ്ഥലങ്ങൾ കിട്ടണമെന്ന് അവർ അഭിലഷിക്കുന്നു. ഇസ്രായേലിന്റെ ആന്തര ചൈതന്യമായ രാഷ്ട്രീയ സയണിസവും നിലനിൽപിന്റെ മാർഗമായ യുദ്ധങ്ങളുടേയും പിടിച്ചടക്കലിന്റേയും നൈരന്തര്യവും ഇതിനെയെല്ലാം ശരിവെക്കുന്നു. അതിനാൽ, നീട്ടുകയും കുറുക്കുകയും ചെയ്യാവുന്ന ഇസ്രായേലിന്റെ അതിരുകളുടെ നിയമപ്രാബല്യം അംഗീകരിക്കാൻ ഫലസ്തീനികൾക്ക് അസാധ്യമാണ്.


💡ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?

💡1947-ൽ ഐക്യ രാഷ്ട്രസഭ അംഗീകരിച്ച വിഭജനപദ്ധതിയിലൂടെ പിറവിയെടുത്ത ഇസ്രായേലിനെയോ?

💡ദെയർ യാസീനിലൂടെയും ഭീകരതകളിലൂടെയും കയ്യേറ്റങ്ങളിലൂടെയും 1948-ൽ സൃഷ്ടിച്ച രാജ്യത്തെയോ?

💡പ്രതിരോധയുദ്ധവും ആക്രമണങ്ങളും വഴി കൂടുതൽ പ്രദേശങ്ങൾ സ്വന്തമാക്കിയ 1967ലെ ഇസ്രായേലിനെയോ?

💡അതോ, രാജ്യത്തുടനീളം പെരുകിപ്പെരുകിവരുന്ന കുടിയേറ്റ കേന്ദ്രങ്ങളോടുകൂടിയ 1982ലെ രാജ്യത്തെയോ?

💡ഹെർസലിന്റെ അഹന്ത നിറഞ്ഞ സ്വപ്നങ്ങളിലെ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്തിലെ നദിവരെ നീണ്ടുകിടക്കുന്ന പ്രദേശമെന്ന ഇസ്രായേലിനെയോ?

💡ലിറ്ററാനി മുതൽ സീനായ് വരെ എന്ന ബൻഗൂറിയൻ സ്വപ്നങ്ങളിലെ ഇസ്രായേലിനെയോ?

💡അതോ, സമീപ പൂർവ്വപ്രദേശം മുതൽ സൂയസ് കനാലിലേക്കുള്ള കടലിടുക്കുകൾ വരെയുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുക എന്ന ഏരിയൻ ഷാരോണിന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന രാഷ്ട്രത്തെയോ?

💡അതല്ല, മതപരവും നരവർഗപരവുമായ വ്യത്യാസങ്ങളെച്ചൊല്ലി അറബികൾക്കിടയിൽ വിള്ളൽ സൃഷ്ടിച്ചു അവരെ ശിഥിലീകരിക്കാനുള്ള പദ്ധതിയുമായി നീങ്ങുന്ന ഇസ്രായേലിനെയോ?

ശത്രു സന്നാഹങ്ങളുടെ ഏഴര പതിറ്റാണ്ട് കാലത്തെ അധിനിവേശവും മനുഷ്യത്വ രഹിതമായ അക്രമണ പരമ്പരകളും അടിച്ചമര്‍‌ത്തലുകളും നിര്‍‌ബാധം തുടര്‍‌ന്നു കൊണ്ടിരിക്കുന്നതിന്‌ ലോകം സാക്ഷിയാണ്‌.അത്യത്ഭുതകരമായ ക്ഷമയും സഹനവും കൈമുതലുള്ള ഒരു സം‌ഘം അതിജീവനത്തിന്റെ ഭാഗമായി ഒരു തിരിച്ചടി നടത്തുന്നു.അഥവാ ലോക പ്രമാണിമാരുടെ ഭൗതിക സന്നാഹങ്ങളുടെ അമ്പരപ്പിക്കുന്ന ശക്തി കേന്ദ്രത്തെ നിഷ്‌‌ക്രിയമാക്കിയ പ്രഹരം.ഊതി വീര്‍‌പ്പിച്ച് നിര്‍‌ത്തിയ വ്യാജോര്‍‌ജ്ജത്തിന്റെ കാറ്റുപോയ ജാള്യത അവരെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു.അതെ ഖുദ്‌സിന്റെ മോചനത്തിനായി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ ശത്രു സന്നാഹങ്ങളുടെ വ്യാമോഹക്കോട്ടകള്‍ തകര്‍‌ന്നടിയൂക തന്നെ ചെയ്യും.

==========