Wednesday, July 10, 2024

ആസ്വാദനങ്ങളിലെ വിരാമം

ഓരോ താഴ്‌വരയിലും ഉയര്‍‌ന്നു നില്‍‌ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്‌വരയിലുള്ളവരില്‍ ചിലര്‍‌ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍‌ന്നു നില്‍‌ക്കുന്ന പര്‍‌വതനിരകളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായെന്നും വരാം.ഒരു പക്ഷെ ആഗ്രഹം സഫലമായേക്കും. കീഴടക്കേണ്ടത് കീഴടക്കിയാല്‍ തിരിച്ച് സമതലത്തിലേക്ക് തിരിച്ച് വരിക എന്നതും സ്വാഭാവികമാണ്‌.

പ്രകൃതിദത്തമായ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായതും അനുവദിച്ച് നല്‍‌കപ്പെട്ട അനുഗ്രഹങ്ങളില്‍ ഏറെ ശ്രേ‌ഷ്‌ഠമായതും സകലവിധത്തിലുള്ള ആസ്വാദനങ്ങള്‍‌ക്കും ഒരു വിരാമം സാധ്യമാകുന്നു എന്നതത്രെ.

നല്ല ദാഹം അനുഭവപ്പെടുകയും ദാഹശമനം സാധ്യമാകുകയും ചെയ്യുന്നതോടെ ദാഹാര്‍‌ത്തന്‌ സംതൃ‌പ്‌തി ഉണ്ടാകുന്നു.ദാഹമുള്ളപ്പോള്‍ ദാഹജലത്തെ കുറിച്ചുള്ള ദാഹിച്ചുവലയുന്നവന്റെ സങ്കല്‍‌പങ്ങള്‍ വിവരണാതീതമായിരിയ്‌ക്കും.ദാഹവും വിശപ്പും എന്നതിനപ്പുറമുള്ള മനുഷ്യന്റെ മാനസീക ശാരീരിക വൈകാരിക വൈചാരിക വിഷയങ്ങളുടെയും എന്നതുപോലെ ആത്മീയമായ നിര്‍‌വൃതിയുടെ അവസ്ഥയും ഇതുതന്നെയാണ്‌.അഥവാ സകലവിധത്തിലുള്ള ആഗ്രഹാഭിലാഷങ്ങള്‍‌ക്കും അതിമനോഹരമായ പരിസമാപ്‌തി ഒരു  സമാശ്വാസം സാധ്യമാകുന്നു.ഇത് ഒരുവേള മനുഷ്യര്‍ ഓര്‍‌ക്കാതെ പോകുന്ന മഹാ സൗഭാഗ്യമാണ്‌.

മനുഷ്യന്റെ കൊതിയും പൂതിയും അതിന്റെ ശമനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സം‌ഭവിക്കുന്ന ഒന്നല്ല.ഇടവിട്ട് അനുഭവിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന അനിര്‍‌വചനീയമായ  അനര്‍‌ഘനിമിഷങ്ങള്‍ ജീവിതത്തെ ധന്യമാക്കുന്നു.

എഴുത്തുകാരന്റെ ജീവിതം ഒരു പടികൂടി മുന്നിലാണ്‌.സമൂഹത്തോട് വിളിച്ചു പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അയാള്‍ അശാന്തനാണ്‌ .

പച്ചമനുഷ്യരില്‍ അത്യധികം പച്ചയായ മനുഷ്യനാണ്‌ കവി.തനിക്ക് ചുറ്റുമുള്ള ജീവിത ചിത്രങ്ങളും ചിത്രീകരണങ്ങളും മോഹങ്ങളും മോഹഭം‌ഗങ്ങളും സന്തോഷ സന്താപങ്ങളും വേവും നോവും പ്രകൃതിയും പ്രപഞ്ചവും മഞ്ഞും മഴയും രാവും പകലും മാനവും ഭൂമിയും അതിലെ വര്‍‌ണ്ണങ്ങളും വര്‍‌ണ്ണനകളും കാറ്റും കോളും ഒക്കെ നിറഞ്ഞ ജീവിതത്താളുകള്‍ മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗ്രതയിലുള്ളവനത്രെ കവി.

കവി പകര്‍‌ത്തിയെടുത്ത ഭാവനയുടെ മാനത്ത്,മനസ്സിന്റെ പ്രതലത്തില്‍ പാകപ്പെടുത്തുന്നതാണ്‌ കവിതയിലെ ഓരോ അക്ഷരവും.ഈ അക്ഷരപ്പെരുമഴ പെയ്‌തിറങ്ങുന്നത് വരെ കവി അസ്വസ്ഥനായിരിക്കും. പെയ്‌തിറങ്ങിയ വരികളില്‍ മഷിപുരണ്ട് കഴിയുമ്പോഴൊക്കെ കവിയുടെ ദീര്‍‌ഘ നിശ്വാസങ്ങള്‍ ഉയരും.പിന്നീട് തൂലിക തളര്‍‌ന്നു അര്‍‌ധവിരാമത്തില്‍ വിശ്രമിക്കും.

തൂലിക സഞ്ചരിച്ച  നിമിഷങ്ങളുടെ ആനന്ദവും അനുഭൂതിയും ആഘോഷവും താളവും മേളവും വര്‍‌ണ്ണ വിസ്‌മയവും പരന്നൊഴുകിയ ഭാവനാലോകത്തെ തീരവും തിരമാലകള്‍ കവര്‍‌ന്നെടുത്ത കരയില്‍ തെളിയാന്‍ വെമ്പുന്ന മിനുസമുള്ള മണ്ണും കല്ലും കക്കയും  തീരത്തണഞ്ഞ കുതിര്‍‌ന്നലിയുന്ന ശേഷിപ്പുകളുമാണ്‌ വായനക്കാരന്‍ ആസ്വദിക്കുന്നത്.

വായനക്കാരന്റെ ആസ്വാദനക്ഷമതയുടെ ആഴവും പരപ്പും അറിയാനും അവസരത്തിനൊത്ത് ഉണരാനും ഉയരാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാര്‍ ഒരു കാലത്തിന്റെ കാലഘട്ടത്തിന്റെ സാം‌സ്‌കാരിക പരിസരത്തെ സമ്പന്നമാക്കുന്നവരത്രെ.

Related Posts:

  • പോലീസ് സംസ്‌കാരത്തിന്റെ ദുര്‍ഗന്ധംവര്‍ത്തമാനകാല പൊലീസ് വാര്‍ത്തകളും അനുബന്ധ വെളിപ്പെടുത്തലുകളും അത്ര വലിയ അളവില്‍ സമൂഹം ഏറ്റെടുത്ത് കാണുന്നില്ല. കാരണം ഇതും ഇതിനപ്പുറവുമൊക്കെ നടന്നു കൂട… Read More
  • വീണ്ടും ഒരു വസന്ത കാലം വീണ്ടും ഒരു വസന്ത കാലം ദിവ്യബോധനം കൊണ്ട് അസാധാരണരായ പച്ച മനുഷ്യരായിരുന്നു അന്ത്യപ്രവാചകനടക്കമുള്ള സകല പ്രവാചകന്മാരും. നബി ശ്രേഷ്ഠന്റെ ജന്മം ഏറ്റുവാങ്… Read More
  • സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശംഅറബി ഭാഷയിലെ സുകൂന്‍ അഥവാ സമാധാനം എന്ന വാക്കില്‍ നിന്നും നിഷ്‌പന്നമായ പദങ്ങളാണ്‌‌ സാക്കിനും സുക്കാനും ഒക്കെ.മനുഷ്യരും അവരുടെ പാര്‍‌പ്പിടങ്ങളും സമാധാനാ… Read More
  • ഋജുവായ പാതയെന്നാല്‍ മത മുക്തനായി മനുഷ്യനാകുക എന്ന ശാഠ്യം കലര്‍ന്ന പ്രചരണം സോഷ്യല്‍ മീഡിയാ വര്‍ത്തമാനമായി നിരന്തരം ഒഴുക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യനാകാനുള്ള മാനദണ്ഡം … Read More
  • തണലായി മാറിയ റഹീംക്ക തണലായി മാറിയ റഹീംക്ക അക്ഷരാര്‍‌ഥത്തില്‍ തണല്‍ മരം എന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍‌ക്കാരുടെ റഹീംക്ക വിടപറഞ്ഞിരിയ്‌ക്കുന്നു.1976 ലെ ഒരു സന്ധ്യ എന്… Read More

0 comments:

Post a Comment

Note: Only a member of this blog may post a comment.