Friday, August 12, 2016

ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക

ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് അന്യോന്യം അന്യായമായി തിന്നരുത്; പരസ്പരം പൊരുത്തത്തോടെയുള്ള വ്യാപാരത്തിലൂടെയല്ലാതെ. നിങ്ങളെത്തന്നെ നിങ്ങള്‍ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്. തീര്‍ച്ച''(4:29).

ഉമ്മു സല്‍‌മയില്‍ നിന്നും നിവേദനം ച്ചെയ്യപ്പെട്ട ഒരു ഹദീഥ്‌.പ്രവാചകന്‍ തന്റെ മുറിയുടെ വാതിലിന്നരികില്‍ ഒരു തര്‍‌ക്കവും ബഹളവും കേട്ടു.അപ്പോള്‍ തിരുമേനി അവരിലേയ്‌ക്ക്‌കടന്നു ചെന്നു കൊണ്ട്‌ അരുള്‍ ചെയ്‌തു.ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌.എന്റെ അടുത്ത്‌ തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരു കക്ഷി എതിരാളിയെക്കാള്‍ വാദിച്ചു ജയിക്കാന്‍ പ്രാപ്‌തനായിരിക്കാം.അതു സത്യമാണെന്നു കരുതി ഞാന്‍ അയാള്‍‌ക്ക്‌ അനുകൂലമായി വിധിയ്‌ക്കും.അങ്ങനെ ഒരു വിശ്വാസിയുടെ അവകാശം അന്യായമായി കൈപറ്റിയവന്‍ നരകത്തിന്റെ ഒരു കഷ്ണമാണ്‌ സ്വന്തമാകിയിരിയ്‌ക്കുന്നത്.വേണമെങ്കില്‍ അവന്‍ അത്‌ എടുത്തു കൊള്ളട്ടെ.അല്ലെങ്കില്‍ ഉപേക്ഷിച്ചു കൊള്ളട്ടെ.

പടച്ചവനും പടപ്പുകള്‍ തമ്മിലും പടപ്പുകള്‍ പരസ്‌പരവും ഉള്ള അവകാശങ്ങളും ബാധ്യതകളും ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ യഥാവിധി പാലിക്കപ്പെടാതെ പോകരുത്‌.പരമ കാരുണ്യവാനായ പടച്ച തമ്പുരാന്‍ പടപ്പുകള്‍ക്ക്‌ പൊറുത്തു കൊടുക്കുമായിരിയ്‌ക്കും.എന്നാല്‍ പടപ്പുകള്‍ തമ്മിലുള്ള അവകാശങ്ങള്‍ ബാധ്യതകള്‍ എല്ലാം പരസ്‌പരം തീര്‍‌ക്കപ്പെടുക തന്നെ വേണം.അനുശാസിക്കപ്പെട്ട കര്‍‌മ്മങ്ങളില്‍ നിന്നുള്ള ഊര്‍‌ജ്ജം വിശ്വാസിയുടെ ജിവിതത്തില്‍ പ്രതിഫലിക്കപ്പെടണം.കേവല ഹാവ ഭാവാദികള്‍ കൊണ്ട്‌ യഥാര്‍‌ഥ വിശ്വാസിയുടെ മൂടു പടം ലഭിച്ചേക്കാം.എന്നാല്‍ യഥാര്‍‌ഥ പരിവേഷം കര്‍മ്മങ്ങളില്‍ പ്രതിഫലിക്കണം.അവകാശങ്ങളുമായും അനുവദനീയവും അല്ലാത്തതുമായതും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിനെ ലളിത വത്കരിക്കുകയും സാമാന്യവത്കരിക്കുകയും ചെയ്യുന്നതിനേയും ഖത്വീബ്‌ നിശിതമായി വിമര്‍‌ശിച്ചു.കച്ചവടത്തില്‍ ചില ഉപാദികളുണ്ടെന്നു പറഞ്ഞു അന്യായം ചെയ്യുന്നതിനേയും.ധനികനോട് ചെയ്യുന്ന കയ്യേറ്റത്തില്‍ കാര്യമില്ലെന്ന അലം‌ഭാവത്തേയും ന്യായീകരിക്കാന്‍ നമുക്കാവില്ല.അവകാശങ്ങള്‍ അവകാശങ്ങള്‍ തന്നെയാണ്‌ അവിടെ പ്രജാ പതിയും പ്രജയും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും വിശ്വാസിയും അവിശ്വാസിയും ബലവാനും ദുര്‍ബലനും തുടങ്ങിയ പരി കല്‍‌പനകളൊന്നും ഇല്ല.

ദൈവത്തിന്റെ അനുഗ്രഹവും ദയാ വായ്‌പും കരുണാ കടാക്ഷവും തേടി കൈകളുയര്‍ത്തും മുമ്പ്‌ ഇത്തരം സദ്‌ ഗുണങ്ങള്‍ തങ്ങളിലുണ്ടോ എന്നും നിരീക്ഷിക്കേണ്ടതുണ്ട്‌.പരമ കാരുണ്യവാനായതമ്പുരാനെ അറിയുന്നതു പോലെ തന്നെ പ്രധാനമത്രെ മനുഷ്യന്‍ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച്‌ ബോധ്യപ്പെടുന്നതും.ദൈവത്തിന്റെ ഔന്നത്യവും മനുഷ്യന്റെ പതിത്വവും മനസ്സിലാകുന്നതിലൂടെ ജീവിതത്തെക്കുറിച്ചുള്ള വിഭാവനകളില്‍ മാറ്റം വരും.ഇതു ജീവിത വിശുദ്ധി കൈവരിക്കാന്‍ സഹായിക്കും.ദൈവത്തോടുള്ള കടപ്പാടുകള്‍ മാത്രം പാലിച്ചുവെന്ന സമാശ്വാസം സ്വര്‍‌ഗ പ്രവേശനത്തിനു ഉപകരിച്ചു കൊള്ളണമെന്നില്ല.ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കിൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടും കരുണ കാണിക്കും..അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
12.08.2016

0 comments:

Post a Comment

Note: Only a member of this blog may post a comment.