Monday, August 22, 2016

ബാല്യകാല മദ്രസ്സാ കാലം

ബാല്യകാല മദ്രസ്സാ കാലം
1970 കളിലെ മദ്രസ്സാ പഠന ഓര്‍‌മ്മകളില്‍ ചിലതാണ്‌ പങ്കുവെയ്‌ക്കുന്നത്.1966 ലാണ്‌ തിരുനെല്ലൂരിലെ നൂറുല്‍ ഹിദായ മദ്രസ്സയിലും എ.എല്‍.പി സ്`കൂളിലും പഠനം തുടങ്ങിയതെന്നാണ്‌ കരുതുന്നത്.മൂക്കലെ മുഹമ്മദ്‌ ഹാജിയായിരുന്നു്‌ മദ്രസ്സയില്‍ ഒന്നാം തരത്തിലെ ഉസ്‌താദ്.യ‌അ്‌കൂബ്‌ എന്ന യുവ പണ്ഡിതനായിരുന്നു സദര്‍.ആദരണീയനായ അടിമു മുസ്‌ല്യാരും അധ്യാപകനായിരുന്നു.മദ്രസ്സ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഉസ്‌താദുമാര്‍ പുറത്തു പോകാനുദ്ധേശമുണ്ടെങ്കില്‍ അവരുപയോഗിക്കുന്ന കണ്ണട മേശപ്പുറത്തു വെയ്‌ക്കും.കുട്ടികളായ ഞങ്ങള്‍‌ക്ക്‌ അച്ചടക്കം പാലിക്കാന്‍ അതു തന്നെ ധാരാളമായിരുന്നു.അഭിവന്ദ്യരായ ഉസ്‌താദുമാരെ ഓര്‍‌ത്ത്‌ ഒരിറ്റു കണ്ണീര്‍.അല്ലാഹു സജ്ജനങ്ങളായ ഉത്തമ ദാസന്മരില്‍ അവരേയും നാം ഏവരേയും ഉള്‍‌പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.

മദ്രസ്സാ പഠന സമയം കാലത്ത്‌ 07.00 മുതല്‍ 09.30 വരെ രണ്ടര മണിക്കൂര്‍ നീണ്ടു നില്‍‌ക്കുമായിരുന്നു.  ശേഷം വിട്ടില്‍ തിരിച്ചെത്തി 10 മണിയ്‌ക്ക്‌ തിരുനെല്ലൂരിലെ മാപ്പിള സ്‌ക്കൂളില്‍ പോകുകയായിരുന്നു പതിവ്‌.പ്രാഥമിക വിദ്യാലയത്തില്‍ തുടരുന്ന കാലം കഴിഞ്ഞാല്‍ ഈ താളം മാറും.തിരുനെല്ലൂര്‍ പരിസരത്തെ പുവ്വത്തൂരിലും പാവറട്ടിയിലും വന്മേനാടും ഒക്കെ പഠിക്കുന്നവര്‍ക്ക്‌ 08.15 ന്‌ മദ്രസ്സയില്‍ നിന്നും പോരാന്‍ അനുവാദം ലഭിക്കുമായിരുന്നു.അഥവാ മദ്രസ്സാ പഠന സമയം നേര്‍‌ പകുതിയായി കുറയുമായിരുന്നു.എങ്കിലേ ഇതര വിദ്യാലയങ്ങളിലേയ്‌ക്ക്‌ യഥാ സമയം എത്തിച്ചേരാന്‍ സാധിക്കുമായിരുന്നുള്ളൂ.ആഴ്‌ചയിലെ മുടക്ക്‌ ദിവസമായ ഞായറാഴ്‌ചയും നിശ്ചിത ദിവസങ്ങളിലെ സായാഹ്ന പഠനങ്ങളും ഈ നഷ്‌ടപ്പെട്ട സമയം നികത്താന്‍ ഉസ്‌താദുമാര്‍ ശ്രദ്ധിച്ചിരുന്നു.കൂടാതെ ഇത്തരം സായാഹ്ന പഠന ശിബിരങ്ങളില്‍ പ്രത്യേകമായ ചില പാഠ പഠനങ്ങള്‍‌ക്കും സമയം നീക്കി വെക്കുമായിരുന്നു.അം‌ഗ ശുദ്ധിവരുത്തുന്നതും നമസ്‌കാരത്തിലെ അടക്ക അനക്കങ്ങളിലെ മാതൃകകളും വിദ്യാര്‍‌ഥികളെ അഭ്യസിപ്പിച്ചിരുന്നതും ഇങ്ങനെയുള്ള ഒഴിവു വേളകളിലായിരുന്നു.തക്‌ബീറത്തുല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതും നമസ്‌കാരത്തിലെ ഇഅ്‌തിദാല്‍, റുകൂഅ്‌,സുജൂദ്‌,ഇരുത്തം തുടങ്ങി എല്ലാം അതിന്റെ നിബന്ധനകളോടെയും നിര്‍‌ബദ്ധത്തോടെയും അനുഷ്‌ഠിക്കാനുള്ള പാഠങ്ങള്‍ നല്‍‌കുന്നതിലും ഉസ്‌താദുമാര്‍ ബദ്ധ ശ്രദ്ധരായിരുന്നു..റബീഉല്‍ അവ്വലിനു തൊട്ടുമുമ്പുള്ള മാസം മുതല്‍ സാഹിത്യ സമാജവും തുടക്കം കുറിക്കുമായിരുന്നു.ഇത്തരം സാഹിത്യ സമാജങ്ങളില്‍ നിന്നായിരുന്നു നബിദിന പരിപാടികളിലേയ്‌ക്കുള്ള കലാകാരന്മാരേയും കലാകാരികളെയും തെരഞ്ഞെടുത്തിരുന്നത്.

അംഗ ശുദ്ധിയും നമസ്‌കാരവും പഠന പ്രക്രിയയായിരുന്നുവെങ്കിലും വുദു ഉണ്ടെന്നും ഇല്ലെന്നും ഒക്കെയുള്ള വാദഗതികള്‍ വിദ്യാര്‍‌ഥികള്‍ തമ്മില്‍ അച്ചടക്കത്തിന്റെ സകല സീമകളും ഭേദിച്ച്‌ ഉയര്‍‌ത്തുമായിരുന്നു.''ദാ ഇവന്‍ വുദു എടുക്കുമ്പോള്‍ തന്നെ വുദു പോയിരുന്നു.ഇയാള്‍ വുദു എടുത്തു വരുമ്പോള്‍ വുദു മുറിഞ്ഞിരുന്നു തുടങ്ങിയ പരസ്‌പര ആരോപണ പ്രത്യാരോപണങ്ങള്‍ മുഴങ്ങുമ്പോള്‍ ഒന്നും കേള്‍‌ക്കാത്ത മട്ടില്‍ ഉസ്‌താദുമാര്‍ എല്ലാം അവഗണിക്കുമായിരുന്നു.എന്നാല്‍ അദബുള്ള (അച്ചടക്കമുള്ള) വിദ്യാര്‍ഥിനികള്‍ ഇത്തരം കോലാഹലങ്ങളില്‍ നിന്നെല്ലാം മുഖം തിരിച്ച്‌ പരസ്‌പരം ചിരിച്ച്‌ ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കും.മദ്രസ്സയുടെ തൊട്ടടുത്തുള്ള വീടുകളില്‍ നിന്നാണ്‌ ഇവര്‍ അം‌ഗ ശുദ്ധി വരുത്തിയിരുന്നത്.വിദ്യാര്‍‌ഥികളില്‍ ചില വിരുതന്മാര്‍ (ഞാനൊന്നും അക്കൂട്ടത്തിലില്ല)മെല്ലെ ചെന്നു ഒന്നു രണ്ട്‌ അദബുള്ള പെണ്‍കുട്ടികളെ പോയി തൊടും.എന്നിട്ട്‌ 'മോളേ വുദു മുറിഞ്ഞേ..'എന്നു പറഞ്ഞ്‌ ഓടിപ്പോരും.പാവങ്ങള്‍ പിന്നേയും പോയി അം‌ഗ ശുദ്ധി വരുത്തി തിരിച്ച് വരുമായിരുന്നു.എന്നാല്‍ നല്ല സാമര്‍ഥ്യക്കാരികളും കൂട്ടത്തില്‍ ഉണ്ടായിരുന്നു.'പോട ചെക്കാ നീ വന്നു തോണ്ടുമ്പോഴേക്കും എന്റെ വുദുവൊന്നും പറക്കുല്ലടാ..'ഒരു മുന്‍ കോപക്കാരിയുടെ പ്രതികരണം ഇപ്പോഴും ഓര്‍‌മ്മയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

അന്നു അതൊരു ശാഠ്യത്തിന്റെ ഭാഗമായിട്ടായിരിക്കാം ആ കുട്ടി പറഞ്ഞത്.മറ്റുള്ളവര്‍ കേട്ടതും.എന്നാല്‍ കാലം കടന്നു പോയി വായനാ ലോകം മലര്‍‌ക്കെ തുറക്കപ്പെട്ടപ്പോള്‍ മനസ്സിലാക്കുന്നു.അവള്‍ പറഞ്ഞത്‌ എത്ര ശരിയായിരുന്നു എന്ന്‌.
...............
പ്രകാശിക്കപ്പെടാതെ സൂക്ഷിച്ചിട്ടുള്ള ഏറെ ഗൗരവ സ്വഭാവമുള്ള അനുഭവ ശേഖരത്തില്‍ നിന്നും ഒരു ചിന്താണിത്.ജീവിതകാലത്ത്‌ പ്രസിദ്ധപ്പെടുത്തണോ അതല്ല യുക്തമായ അവസരം നോക്കി പ്രസിദ്ധപ്പെടുത്തണോ എന്നു ഇനിയും തിരുമാനിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമാഹാരത്തില്‍ നിന്ന്‌.വളരെ യാന്ത്രികമായി പറഞ്ഞു പോകുന്ന പലതിലും യുക്തി ഭദ്രമായ സത്യങ്ങള്‍ ഒളിഞ്ഞിരിക്കാറുണ്ട്‌.അത്‌ വ്യക്തമാകാന്‍ ഒരു പക്ഷെ സമയമെടുത്തെന്നു വന്നേക്കാം.ഇതു പങ്കിടുക എന്നതിനപ്പുറം ഒരുവക നര്‍‌മ്മവും മര്‍മ്മവും ഭാവനയും ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല.
22.08.2016

0 comments:

Post a Comment

Note: Only a member of this blog may post a comment.