Wednesday, December 7, 2022

ലഹരിമുക്തമായ കാല്‍‌പന്തുത്സവലഹരി...

ഖത്തര്‍ ലോക കാല്‍പന്തുത്സവം പ്രീകോര്‍‌ട്ടര്‍ പുരോഗമിക്കുകയാണ്‌. ഡിസം‌ബര്‍ ആദ്യവാരം 974 സ്റ്റേഡിയത്തില്‍ രാത്രിയായിരുന്നു കളി.സന്ധ്യക്ക്‌ ശേഷം വീട്ടില്‍ നിന്നും പുറപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലേക്കുള്ള വഴികള്‍ കൂടുതല്‍ സജീവം.ദിശ കാണിക്കുന്നവരുടെ ശബ്‌‌ദഘോഷം കൊണ്ട് സ്റ്റേഷനും പരിസരവും മുഖരിതമായിക്കൊണ്ടിരുന്നു.ലോക കപ്പ് പ്രമാണിച്ച് പ്രത്യേകം തയാറാക്കിയ ഹയ കാര്‍‌ഡ് ഉള്ളവര്‍ തങ്ങള്‍‌ക്കനുവദിച്ച സ്വതന്ത്ര വഴിയിലൂടെ അധികാരത്തോടെയെന്നവണ്ണം അകത്ത് പ്രവേശിച്ചു കൊണ്ടിരുന്നു.ഹയ കാര്‍‌ഡുടമകള്‍‌ക്ക്‌ മെട്രോയാത്രക്ക്‌ റ്റിക്കറ്റ് വേണ്ടതില്ല.പ്രത്യേകം പാസ്സ് ആവശ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാനും ഹയകാര്‍‌ഡുള്ളവര്‍‌ക്ക്‌ സാധിക്കും.

ഖത്തറിലെ കടലോര നഗരമായ വക്‌റയില്‍ നിന്നും ലുസൈലിലേക്ക്‌ പോകുന്ന മെട്രോയില്‍ ഒഖ്‌ബ ബിന്‍ നാഫി‌‌ഇ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി.മതര്‍ ഖദീമും ഉം‌ഗ്വാളിനയും ദോഹ ജദീദും കഴിഞ്ഞ്‌ ദോഹയുടെ ഹൃദയം എന്നറിയപ്പെടുന്ന മുശേരിബ്‌ സ്റ്റേഷനിലെത്തി. നാട്ടിലെ ഉത്സവപ്പറമ്പിലെത്തിയ പ്രതീതി.എങ്ങും ബഹളമയം.പാട്ടും സം‌ഗീതവും കൊട്ടും മുട്ടും വിജയഭേരികളും.

അക്ഷരാര്‍‌ഥത്തില്‍ മുശേരിബ് ദോഹയുടെ ഹൃദയമാണ്‌.രാപകല്‍ ഭേദമില്ലാതെ ദോഹയുടെ ഖല്‍‌ബ്‌ സജീവം.റെഡ്‌ലൈന്‍ ഗ്രീന്‍‌ലൈന്‍ ഗോള്‍‌ഡന്‍‌ ലൈന്‍ എന്നീ മൂന്ന്‌ ലൈനുകളേയും ബന്ധിപ്പിക്കുന്ന സെട്രല്‍ സ്‌റ്റേഷനാണ്‌ ആധുനിക ദോഹയുടെ ഹൃദയമായി മാറിയ അല്‍ മൂശേരിബ്.

ഗോള്‍‌ഡന്‍ ലൈനില്‍ റാസ് അബൂഅബൂദ് ദിശയിലേക്കുള്ള മെട്രോയില്‍ മാറിക്കയറിട്ടാണ്‌ 974 സ്റ്റേഡിയത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ. ഖത്തറിലെ ചിരപുരാതന സൂഖുകളിലൊന്നായ സൂഖ് വാഖിഫും നാഷണല്‍ മ്യൂസിയവും കഴിഞ്ഞാണ്‌ റാസ് അബൂഅബൂദ്.

ആരാധകര്‍ തങ്ങളുടെ ടീമുകളുടെ കൊടികളും അടയാളങ്ങളും തൂവാലകളും വീശി താളമേളങ്ങള്‍ തുടങ്ങിയിരിക്കുന്നു.യാത്രക്കാര്‍ അറിഞ്ഞും അറിയാതെയും ഓരോ സം‌ഘത്തിന്റെ ഭാഗമായി മാറുന്ന പോലെ തോന്നി.

974 സ്റ്റേഡിയ പരിസരത്തുള്ള അതിഥികളുടെ കൂടാരമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.വിനോദ സഞ്ചാരികളുടെ സേവനവുമായി ബന്ധപ്പെട്ട് സേവന നിരതമാണ്‌ ഖത്തറിലെ ഇത്തരം കൂടാരങ്ങള്‍.

ലഹരിമുക്തമായ കളിയാരവങ്ങളുടെ നിഷ്‌‌കളങ്കമായ ലഹരിയിലാണ്‌ നാടും നഗരങ്ങളും.ദേശ ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷപ്പെരുമഴയുടെ ലഹരിയിലാണ്‌.പാട്ടു പാടുന്നവര്‍ ചുവടൊപ്പിച്ച് നൃത്തം ചെയ്യുന്നവര്‍ തങ്ങളുടെ പ്രയിപ്പെട്ട ടീമുകള്‍‌ക്ക്‌ ഐക്യദാര്‍‌ഡ്യം പ്രഖ്യാപിക്കുന്നവര്‍ കാല്‍ പന്തുല്‍സവുമായി ബന്ധപ്പെട്ട വര്‍‌ണ്ണങ്ങളും ചിഹ്നങ്ങളും ചൂടിയവര്‍ തുടങ്ങി കണ്ണും കാതും കവരുന്ന വര്‍‌ണ്ണക്കാഴ്‌ചകളുടെ ആഘോഷപ്പൊലിമയില്‍ അലിഞ്ഞില്ലാതാകുന്നതു പോലെ.

ഗസ്റ്റ് സെന്റര്‍ ഖൈമയില്‍ മെഹന്തിയിടുന്നവരും,അറബ്‌ വേഷം അണിഞ്ഞു നോക്കുന്നവരും അതിമനോഹരമായ അറബിക് കാലിഗ്രാഫിയില്‍ തങ്ങളുടെ പേരുകള്‍ എഴുതിക്കുന്നവരും ഒക്കെയായി ഹൃദയാവര്‍‌ജ്ജകമായിരുന്നു ഓരോ ദൃശ്യവും.ഖലീജി ശിരോവസ്‌ത്രമണിഞ്ഞ് ചിത്രങ്ങള്‍ പകര്‍‌ത്തുന്നതിലും പങ്കുവെക്കുന്നതിലും വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരുടെ ആവേശം ആരെയും അതിശയിപ്പിക്കും.

കുടും‌ബമൊത്ത് വന്നവരുടെ അതിയായ സന്തോഷവും കുടും‌ബത്തെ കൂട്ടാതെ പോന്നവരുടെ നഷ്‌‌ടബോധവും കാല്‍‌പന്തുത്സവകാലം തുടങ്ങും മുമ്പേ ഖത്തറില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമായി കാണുന്നവരും ദോഹയെ അനുഭവിച്ചറിഞ്ഞതിലെ നിര്‍‌വൃതിയും ഒക്കെ പങ്കുവെക്കുന്നതില്‍ വിദേശികളായ കളിയാരാധകര്‍ മത്സരിച്ചു കൊണ്ടിരുന്നു.

താനനുഭവിച്ച ദോഹ ഇനി അനുഭവിക്കാനിരിക്കുന്ന ദോഹയും വിസ്‌മയാവഹമാണ്‌.സങ്കല്‍‌പിച്ചിട്ടു പോലുമില്ലാത്ത ദോഹയും ഉത്സവക്കാലവുമാണ്‌ 2022 ഖത്തര്‍ വേള്‍‌ഡ് കപ്പ് എന്നാണ്‌ ഒരു ജര്‍‌മ്മന്‍ മധ്യവയസ്‌കന്‍ പറഞ്ഞത്.അറേബ്യന്‍ ഗഹവ കുടിച്ചുകൊണ്ടിരിക്കേ രുചിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സ്വാദ് കപ്പിനുള്ളിലല്ല കപ്പിന്‌ പുറത്താണ്‌ എന്നാണ്‌ ഒരു പോര്‍‌ച്ചുഗീസുകാരന്റെ പ്രതികരണം.വളരെ ചെറിയ ഒരു രാജ്യം.എന്നാല്‍ ലോകത്തിന്റെ ഏല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ളവരുടെ സജീവമായ സേവന നൈരന്തര്യം കൊണ്ട്‌ ധന്യമാണ്‌ ഈ നാട് എന്നായിരുന്നു ഒരു ഇം‌ഗ്ലീഷ് ആരാധകന്റെ വിലയിരുത്തല്‍.

ലോക മാധ്യമ ഭീമന്മാരില്‍ ചിലര്‍ ബഹിഷ്‌‌രിച്ച ലോക കാല്‍‌പന്തുത്സവ ഉദ്‌ഘാടനത്തെക്കുറിച്ച് ഒരു യൂറോപ്യന്‍ ആരാധകന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഖത്തറിന്റെ ലോക കാല്‍‌പന്തുത്സവത്തുടക്കം ഒരു ലോക ക്ലാസിക് ആര്‍‌ട് ഫിലിമിനെപ്പോലും വെല്ലു വിധം എന്നു പറയാവുന്നതാണ്‌.

ചേര്‍‌ത്ത് നിര്‍‌ത്തി കെട്ടിപ്പുണര്‍‌ന്ന്‌ കണ്ണകലും വരെ കൈവീശി യാത്ര പറഞ്ഞു പിരിയുന്ന സ്നേഹ നിധികളായ ഈ മനുഷ്യര്‍ എത്ര നിഷ്‌‌കളങ്കരാണ്‌. അതിര്‍ത്തിയില്‍ ഉള്ളവരാണെങ്കിലും അതിര്‍ത്തിക്കപ്പുറത്തുള്ളവരാണെങ്കിലും മനുഷ്യര്‍ പരസ്‌‌പരം അറിയേണ്ടവരും അലിയേണ്ടവരുമാണ്‌.ഒരു കുലം പോലെ സഹവസിക്കേണ്ടവര്‍ തന്നെയാണ്‌. കലഹിക്കേണ്ടവരല്ല.

കാല്‍പന്തുത്സവത്തുടക്കത്തിലെ അല്‍ ബൈത്ത് കൂടാരത്തിലെ വശ്യമനോഹരമായ  ഉണര്‍‌ത്ത് പാട്ടിന്റെ ശബ്‌‌ദഘോഷം ദിഗന്ധങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു കൊണ്ടേയിരിയ്‌ക്കും.വീട്ടിലേക്ക്‌ തിരിച്ചു നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.

==========

അസീസ് മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.