Sunday, December 18, 2022

ഓര്‍മിക്കാന്‍ ഒരു രാത്രിയില്‍ ഖത്തറിന്റെ ദേശീയ ദിനാഘോഷം

ഓര്‍മിക്കാന്‍ ഒരു രാത്രി എന്ന് നാമകരണം ചെയ്‌ത അതിമനോഹരമായ വിശ്വ കാല്‍‌ പന്തുത്സവ സമാപന ചടങ്ങ് നഷ്‌‌ടപ്പെടുത്താതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളെടുക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്‌‌താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

63 മത്സരങ്ങൾക്കും ഒരു മാസത്തെ ഫുട്ബോൾ ആഘോഷങ്ങൾക്കും ശേഷം അർജന്റീനയും ഫ്രാൻസും 2022 ലെ ഫിഫ ലോകകപ്പിന്റെ അന്തിമ പോരാട്ടം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഐക്കണിക് സ്റ്റേഡിയത്തില്‍ 88,000 കാണികളെയാണ് അവസാന പോരാട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.സമൂഹങ്ങളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം പരസ്‌‌പരം അറിയാനും അറിയിക്കാനും ആഹ്വാനം ചെയ്‌ത ലോകകപ്പ് ഉദ്ഘാടനം പോലെ തന്നെ സമാപനവും സവിശേഷമായിരിക്കും.സമാപന പരിപാടിയില്‍ ലോകത്തെ സര്‍‌ഗാത്മകമായി ഒന്നിപ്പിക്കുന്നതിനുള്ള കാല്‍‌പന്തിന്റെ മാസ്‌‌മരികമായ ശക്തിയെ അടയാളപ്പെടുത്തും.

ദിശതെറ്റിയൊഴുകുന്നവര്‍ എന്ന്‌ ആരോപിക്കപ്പെട്ട ഒരു രാജ്യം ലോകത്തിനു തന്നെ ദിശകാണിച്ചു കൊണ്ട്‌ വിളക്കും വെളിച്ചവുമായി ഉയര്‍‌ന്നു നില്‍‌ക്കുന്നതിന്റെ മൂര്‍‌ദ്ധന്യാവസ്ഥയില്‍ ദേശീയ ദിനം ആഘോഷിക്കുന്നു എന്നതായിരിക്കണം 2022 ഡിസം‌ബര്‍ 18 ലെ ഖത്തര്‍ ദേശീയ ദിനത്തിന്റെ സവിശേഷത.മധ്യേഷ്യയില്‍ എന്നല്ല ലോകം മുഴുവന്‍ ഒരു രാഷ്‌ട്രീയാര്‍‌ബുദമായി മാറിയ വം‌ശമെറിയന്മാരുടെ അതി നിഗൂഢമായ കരുനീക്കങ്ങളിലൊറ്റപ്പെടുത്തപ്പെട്ട ഒരു രാജ്യം,സകല പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും സര്‍‌‌ഗാത്മകമായി നേരിട്ടതിന്റെ വീരോചിതമായ കഥയാണ്‌ ഖത്തര്‍ ലോകത്തിനു നല്‍‌കുന്നത്.ഉണര്‍‌വ്വും ഉന്മേഷവും പ്രചോദനവും ഒക്കെ ലഭിക്കുന്ന ആയിരം ക്ലാസ്സുകളേക്കാള്‍ കഴിഞ്ഞ കുറച്ച് വര്‍‌ഷങ്ങളിലെ ഖത്തറിന്റെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതിയാകും.

ശത്രുക്കളുടെ ഓരോ അസത്രത്തിനും പ്രതികരിക്കുകയായിരുന്നില്ല.മറിച്ച് ഭരണാധികാരിയും ഭരണീയരും അസാമാന്യമായ സം‌യമനവും ക്ഷമയും പാലിക്കുകയായിരുന്നു.ഒപ്പം ദീര്‍‌ഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകളും വികസനപദ്ധതികളുടെ ആവിഷ്‌‌കാരങ്ങളും വിശാലമായ വിഭാവനകളോടെ പടുത്തുയര്‍‌ത്തുന്നതില്‍ ജാഗ്രത പുലര്‍‌ത്തുകയുമായിരുന്നു.  

പാശ്ചാത്യ പൗരസ്ത്യ സയണിസ്റ്റ് ലോബികള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടേയിരുന്ന ആരോപണങ്ങളുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുമെന്ന ആശങ്കയായിരിക്കണം വിശ്വകാല്‍‌പന്തുത്സവ വേദിയായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിനെതിരെ രാപകലില്ലാതെ ആരോപണങ്ങളുടെ ശരമെയ്‌‌ത്തിന്‌ തുടക്കമിട്ടത്.സ്വന്തക്കാരും ബന്ധുക്കാരും അയല്‍‌ക്കാരും വരെ ഈ വിഷമാരിയ്‌ക്ക്‌ കുടപിടിക്കുവോളം തന്ത്രപരമായിരുന്നു ശത്രുക്കളുടെ ആസൂത്രണങ്ങള്‍.പക്ഷെ സകല ചുവടുവെപ്പുകളും പിഴച്ചു.അവര്‍ തന്ത്രം പ്രയോഗിച്ചു.ദൈവവും തന്ത്രം പ്രയോഗിച്ചു.എന്ന വിശുദ്ധ വചനം പോലെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഫിഫ വേൾഡ് കപ്പ് 2022 ആതിഥേയത്വത്തിന്‌ പരിഗണിക്കപ്പെട്ടതിനു ശേഷം,ശത്രുക്കള്‍ വർഷങ്ങളായി നടത്തുന്ന ചിട്ടയായ കുപ്രചാരണങ്ങളിലൊന്നും ചെവികൊടുക്കാതെ സമീപനത്തിന്റെ അത്ഭുതകരമായ മാതൃക ഖത്തർ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു അറബ്, ഇസ്ലാമിക രാജ്യം ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാല്‍ പന്ത് ഇനത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിൽ വിയോജിപ്പും വിമര്‍‌ശനവും ചൊരിഞ്ഞവര്‍‌ക്ക്‌, കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ട് പ്രവര്‍‌ത്തന നിരതമായാണ്‌ ഖത്തർ മറുപടി നല്‍‌കിയത്.ശത്രുക്കള്‍ മെനഞ്ഞ സകല നുണക്കോട്ടകളും മിഥ്യയായിരുന്നു എന്നു അവര്‍ തന്നെ സാക്ഷ്യം വഹിക്കാന്‍ നിര്‍‌ബന്ധിതരായ കഥ സമാനകളില്ലാത്തതത്രെ.

ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ അതിഗം‌ഭീര സമാരംഭം മുതൽ,അന്തരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ അരങ്ങുകള്‍ ഇനിയും ഖത്തറിന്റെ മണ്ണില്‍ വരാനിരിക്കുന്നു.ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശ്വ കാല്‍‌പന്തുത്സവ ഉദ്ഘാടന ചടങ്ങ് ഇതുവരെ കാണാത്ത ദൃശ്യ വിസ്മയങ്ങളാൽ വ്യത്യസ്തമായിരുന്നു.താല്‍‌ക്കാലികമായ ആഘോഷ വിസ്‌‌മയങ്ങള്‍ എന്നതിലുപരി ബുദ്ധിയോട് സം‌വദിക്കുന്ന ആശയവിനിമയം നടന്ന ആദ്യത്തെ ലോക കാല്‍‌പന്തുത്സവം എന്ന നിലക്കും ഈ മാഹമേള ചരിത്രത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ഖത്തര്‍ ലോക കാൽ‌പന്തുത്സവ പാഠങ്ങളില്‍ അടിവരയിടുന്ന ചില കാര്യങ്ങള്‍:-

മധ്യേഷ്യന്‍ വര്‍‌ത്തമാനങ്ങളെന്ന പേരില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രസരിപ്പിക്കുന്ന വാര്‍‌ത്തകള്‍ സിം‌ഹഭാഗവും വിശ്വസിനീയമല്ല എന്ന് കളിയാരാധാകര്‍‌ക്ക്‌ മനസ്സിലായി.മദ്യം നാശങ്ങളുടെ താക്കോല്‍ എന്ന ശിക്ഷണം അക്ഷരാര്‍‌ഥത്തില്‍ ഗ്രഹിക്കാന്‍ ലോകത്തിന്‌ - പാശ്ചാത്യര്‍‌ക്ക് സാധിച്ചു.ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളുടെ സമാധാനപൂര്‍‌ണ്ണമായ പാലനം ആയാസ രഹിതമാക്കുന്നതില്‍ ലഹരി നിയന്ത്രണം വലിയ പങ്കുവഹിക്കുന്നു എന്ന യാഥാര്‍‌ഥ്യവും ലോകത്തിന്‌ ബോധ്യമാകുന്നുണ്ടത്രെ.സ്‌ത്രീകള്‍‌ക്ക്‌ വേണ്ടി ഘോരഘോരം ഗര്‍‌ജ്ജിക്കുന്ന സമൂഹത്തിലുള്ളതിനെക്കാള്‍ അവര്‍‌ക്ക്‌ സ്വൈര്യവും സുഖവും സമാധാനവും നല്‍‌കുന്നത് ഇത്തരം ഗര്‍‌ജ്ജനങ്ങള്‍‌ക്ക്‌ വിധേയാരാക്കപ്പെടുന്ന രാജ്യങ്ങളിലും സമൂഹങ്ങളിലുമാണത്രെ.നിരീക്ഷണ വിധേയരാണെന്ന ബോധമുള്ള ജനതയുടെ സം‌സ്‌‌ക്കാരം അനുഭവിച്ചറിയേണ്ടതാണെന്നും ബോധ്യമാകുന്നുണ്ടത്രെ.

ചുരുക്കി പറഞ്ഞാല്‍ ഖത്തര്‍ ഒരു ഉത്തേജക പാഠമാണ്‌.സകല ജനസമൂഹങ്ങള്‍‌ക്കും വഴിയും വഴികാട്ടിയുമാകാന്‍ സാധിക്കുമാറാകട്ടെ എന്നാശിക്കുന്നു ആശം‌സിക്കുന്നു.

===========

അസീസ് മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.