Sunday, November 20, 2022

ഉറക്കം നഷ്‌ടപ്പെടുത്തിയ ഖത്തറിന്റെ സ്വപ്‌‌നങ്ങള്‍..

നാല്‌ ദശാബ്‌‌ദങ്ങളായി ഖത്തറിനെ കണ്ട് കൊണ്ടിരിക്കുകയാണ്‌.ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത എമ്പതുകളിലും കാല്‍ പന്ത് ജ്വരമുള്ള ഒരു തലമുറ വളര്‍‌ന്നു വരുന്ന വിസില്‍ വിളി കേള്‍‌ക്കാമായിരുന്നു.കാല്‍ പന്തുകളിയുടെ ആവേശം പ്രകടിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന ഓഡിയോകള്‍ ഉച്ചത്തില്‍ പ്ലേ ചെയ്‌ത് വാഹനങ്ങളില്‍ വിലസുന്ന ചെറുപ്പക്കാരെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്‌.

ഖത്തര്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ തിളങ്ങി നില്‍‌ക്കുന്ന സൂഖ് വാഖിഫ് സന്ധ്യാ പ്രാര്‍‌ഥനാ സമയത്തോടെ നിരപ്പലകകള്‍ വിരിക്കുന്ന കാലമുണ്ടായിരുന്നു. ഖത്തറിന്റെ ഹൃദയമായിമാറിയ മുശേരിബില്‍ പ്രസിദ്ധമായിരുന്ന അബ്‌‌ദുല്ലാ ബിന്‍ ഥാനി ശാരാ കഹ്‌റബ തുടങ്ങിയ ഇടങ്ങളിലെ സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു അടച്ചിരുന്നത്.പ്രസ്‌‌തുത വീഥികളിലെ കാസറ്റ് കടകളും വീഡിയൊ ലൈബ്രറികളും ഒറ്റപ്പെട്ട ചില ചായക്കടകളും 10 മണിവരെയൊക്കെ പ്രവര്‍‌ത്തിച്ചിരുന്നു.

അക്കാലവും കാലഘട്ടവും കഴിഞ്ഞു.പുലരുവോളം സജീവമായ മഹാ നഗരിയായി ദോഹ മാറിയിരിക്കുന്നു.
------------
ഖത്തറിലെ ജനവാസ കേന്ദ്രങ്ങളില്‍‍ പെട്ട പ്രദേശമാണ്‌ റുമൈല.ഇപ്പോള്‍‍ അത്യാകര്‍‌ഷകമായി ഒരുക്കിയെടുത്ത ബിദ പാര്‍‌ക്കിന്റെ എതിര്‍‍ വശം. പഴയ കാല ജനവാസത്തെ ഓര്‍‌മ്മിപ്പിക്കുന്ന പള്ളി പുനര്‍‍‌ നിര്‍മ്മിപ്പിക്കപ്പെട്ടിട്ടുണ്ട്.ചിര പുരാതന പഴമ അതേ പടി നിലനിര്‍‌ത്തികൊണ്ട്‌ തന്നെയാണ്‌ പള്ളി പുനരുദ്ധരിച്ചിരിക്കുന്നത്.പള്ളിയുടെ ചുറ്റുപാടുമുണ്ടായിരുന്ന വാസ സ്ഥലം മരങ്ങളും ചെടികളും തൊടികളും താഴ്‌വരകളും ഒക്കെയാക്കി പരിവര്‍‌ത്തിപ്പിച്ചിരിക്കുന്നു.

രണ്ടോ മൂന്നോ ഗ്രോസറി കടകളും,സ്റ്റേഷനറി കടകളും പച്ചക്കറിപ്പീടികകളും, ചായക്കടകളും,പഴയ ഒരു ലൈബ്രറിയും,ഇലക്‌ട്രിക് ഷോപ്പും,ബാര്‍‌ബര്‍ ഷാപ്പുകളും ഒരു പട്ടാണി റൊട്ടി ബാക്കറിയുമായിരുന്നു റുമൈല തെരുവിലെ പ്രധാന കച്ചവട സ്ഥാപനങ്ങള്‍.കൂടാതെ പള്ളിയോട്‌ ചേര്‍‌ന്ന്‌ ഒരു മലയാളി ഉപ്പാപ്പാടെ ജൂസ്‌ പീടികയും, അതിഥി മന്ദിരത്തിന്റെ പിന്‍‌ഭാഗത്തുണ്ടായിരുന്ന ദാല്‍ റൊട്ടിക്ക്‌ പ്രസിദ്ധമായ ഡല്‍‌ഹി ദര്‍‌ബാര്‍ എന്ന  റസ്‌റ്റോറന്റും കൂടെ ആയാല്‍ പഴയ റുമൈലയുടെ പ്രൗഢമായ മുഖം ഏകദേശം പൂര്‍‌ണ്ണം.
മുശേരിബ്‌ അക്ഷരാര്‍‌ഥത്തില്‍ ദോഹയുടെ ഹൃദയമാണ്‌.സൂഖ് വാഖിഫ്; സ്വദേശികളും വിദേശികളുമായ സന്ദര്‍‌ശകരുടെ ബാഹുല്യം കൊണ്ട് വീര്‍‌പ്പുമുട്ടുന്ന അതിമനോഹരമായ വിനോദ സഞ്ചാര മേഖലായി മാറിയിരിക്കുന്നു.കോര്‍‌ണീഷിനോട് ചേര്‍‌ന്നു കിടക്കുന്ന ബിദയിലാകട്ടെ ആരവങ്ങളടങ്ങുന്നില്ല.ആരുടെയും കണ്ണും കാതും ഹൃദയവും കവരുന്ന വിസ്‌മയ കാഴ്‌‌ചകളുടെ ഭൂമികയായി പരിവര്‍‌ത്തിക്കപ്പെട്ടിരിക്കുന്നു.

ലോക കാല്‍ പന്തുത്സവവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്ല്‍‍ ഒന്നാണ്‌ അല്‍‍ ബിദ.ഈ പന്തുത്സവത്തിന്റെ ആരവവും വലകിലുങ്ങുന്നതും വിസില്‍‍ മുഴങ്ങുന്നതും കാതോര്‍‌‍‌ത്ത് ഈ പച്ചപ്പിലിരിക്കുമ്പോള്‍‍ ഗതകാല ചരിത്രങ്ങളുടെ എന്തൊക്കെ ശേഷിപ്പുകളാണെന്നോ സ്‌ക്രീനിലെന്നപോലെ തെളിയുന്നത്.ഇന്ന്‌ ലോകം മൂഴുവന്‍ വിരല്‍ തുമ്പില്‍ കറങ്ങുന്ന സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകത്തിരുന്ന് തിരിഞ്ഞു നോക്കുമ്പോള്‍‍ സ്വപ്‌നത്തില്‍‍ പോലും സങ്കല്‍‍‌പ്പിച്ചിട്ടില്ലാത്ത നാളുകളിലാണെന്നു സമ്മതിച്ചു പോകും.

നാഴികകള്‍ മാത്രം മതി അത്യാധിനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ അല്‍‍ ബൈത് സ്റ്റേഡിയത്തില്‍‍ വിസില്‍‍ മുഴങ്ങാന്‍.

വിവിധ ദേശ ഭാഷക്കാരുടെ സം‌ഗീതമഴ വര്‍‌ഷിക്കുകയാണ്‌.പൊതു സ്ഥലങ്ങളും വഴിയോരങ്ങളും വാഹനങ്ങളും വര്‍‌ണ്ണാഭമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു.കടലോരങ്ങളിലെ ജലധാരകള്‍  നൃത്തച്ചുവടുകള്‍ വെച്ച് മനം മയക്കുകയാണ്‌.ഗായക സംഘങ്ങളുടെ താളമേളങ്ങളില്‍ ആരാധകര്‍ തിമര്‍‌ത്താടുകയാണ്‌.

അഭിമാനകരമായ മുഹൂര്‍‌ത്തങ്ങള്‍‌ക്ക്‌ സാക്ഷ്യം വഹിച്ചു കൊണ്ട് ശാന്തമായി പറക്കുന്ന കടുംചുവപ്പ് അന്നാബി പതാക പാറിപ്പറക്കുമ്പോള്‍ ഈ മനോഹരമായ രാജ്യത്തിന്റെ സാരഥ്യത്തെ എത്ര കീര്‍‌ത്തിച്ചാലും മതിയാകുകയില്ല.ലോക കാല്‍പന്തുത്സവ പ്രഖ്യാപനം മുതല്‍ ഇന്നോളം ഖത്തര്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളും പ്രതിബന്ധങ്ങളും  വിവരണാതീതമത്രെ.സകല പ്രതിസന്ധികളെയും പുതിയ സാധ്യതകളാക്കി ഉറക്കം നഷ്‌ടപ്പെടുത്തി കെട്ടിപ്പൊക്കിയ തങ്ങളുടെ സ്വപ്‌നങ്ങളുടെ പളുങ്കുകൊട്ടാരം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ അറിയാതെ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നുണ്ട്. 

ഖത്തറിന്റെ അഭിമാന മുഹൂര്‍‌ത്തത്തിനു ജയഹേ..ജയഹേ .ജയഹേ..
=======
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.