പ്രതിജ്ഞാബദ്ധനായ വിശ്വാസി അതീവ ജാഗ്രതയിലാണ്.അല്ലാഹുവിന്റെ മുന്നില്‍ അഞ്ചു നേരവും അണിനിരന്ന് സകല തിന്മകളോടുമുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന് ശേഷമാണ് സമൂഹത്തില്‍ വ്യാപൃതനാകുന്നത്.പഞ്ചേന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ജാഗ്രവത്തായ നാളുകള്‍,ദാനധര്‍മ്മങ്ങള്‍ കവിഞ്ഞൊഴുകാനുള്ള പ്രചോദനങ്ങള്‍, ക്ഷമയും സഹനവും കനിവും പാരമ്യതയിലെത്തുന്ന സന്ദര്‍ഭങ്ങള്‍ അവനില്‍ രൂപപ്പെടുത്തുന്ന മാനവിക മാനുഷിക ഭാവങ്ങള്‍ ഒരു സംസ്‌കൃത സമൂഹ സങ്കല്‍പങ്ങളുടെ മാനത്ത് മഴവില്ലുകള്‍ തീര്‍ക്കും.
അവധി നിശ്ചയിക്കപ്പെട്ട സമൂഹത്തില്‍ അവന്റെ സാന്നിധ്യവും സ്വാധീനവും ഫലപ്രദമായി നടക്കണം.റമദാനില്‍ നേടിയെടുക്കുന്ന ശിക്ഷണങ്ങള്‍ പാഴായിപ്പോകാതിരിക്കാനുള്ള സൂക്ഷ്‌മത ഈ വസന്തത്തില്‍ തന്നെ തുടങ്ങിവെക്കണം.
നിര്‍ണ്ണിതമായ അവധിയെത്തിയാല്‍ അണുമണി വ്യത്യാസമില്ലാതെ വിധി നടപ്പിലാക്കപ്പെടുന്ന സമൂഹത്തോടുള്ള ബാധ്യത ഓരോ നോമ്പുകാരന്റെയും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കണം.
ഒരു വിശ്വാസിയെ എല്ലാ അര്‍ഥത്തിലും സമൂഹത്തിന് അനുഭവിക്കാനുള്ള അവസരങ്ങള്‍ ജനിപ്പിക്കുക എന്നതാണ് സത്യസാക്ഷ്യത്തിന്റെ മറ്റൊരു വായന.ഇതു തന്നെയാണ് ഓരോ വിശ്വാസിയുടെയും ഒഴിച്ചുകൂടാനാകാത്ത ദൗത്യവും.
ഈ മഹദ് ദൗത്യ നിര്‍വഹണത്തിനുതകുന്ന ഒരു പച്ച മനുഷ്യനെ വാര്‍ത്തെടുക്കുകയാണ് റമദാനിലെ രാപ്പകലുകള്‍.
ഫാഷിസവും നവ ലിബറലിസവും നിരീശ്വര നിര്‍മ്മിത പ്രത്യയ ശാസ്‌ത്രങ്ങളും കോപ്പുകൂട്ടി വമിപ്പിക്കുന്ന പുകച്ചുരുളുകളാല്‍ അന്ധകാരാവൃതമായ ലോകത്ത് ഒരു മിന്നാമിനുങ്ങെങ്കിലുമാകാനുള്ള പ്രയത്നം വിശ്വാസിയെ സംബന്ധിച്ച് നിര്‍ബന്ധ ബാധ്യതയത്രെ.ഈ കൂരാ കൂരിരുട്ടില്‍ വെളിച്ചത്തിന് നല്ല പ്രസക്തിയുണ്ട്.ദുര്‍ഗന്ധ ഭൂമികയില്‍ സുഗന്ധത്തിനും.
وَلِكُلِّ أُمَّةٍ أَجَلٌۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۖ وَلَا يَسْتَقْدِمُونَ ﴿٣٤﴾ يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
എല്ലാ ജനങ്ങള്‍ക്കും ഒരു നിശ്ചിത അവധിയുണ്ട്.ഒരു ജനത്തിന്റെ അവധിയെത്തിയാല്‍ പിന്നെ ഒരു നിമിഷം പോലും അവര്‍ മുന്തുകയോ പിന്തുകയോ ചെയ്യുന്നതല്ല.അല്ലയോ ആദം സന്തതികളേ, ഓര്‍മിച്ചു കൊള്ളുവിന്‍! നിങ്ങളുടെ അടുക്കല്‍ എന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ച് കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ ആഗതരായാല്‍, അപ്പോള്‍ അനുസരണക്കേട് വെടിഞ്ഞ് തന്റെ നടപടികള്‍ സംസ്‌കരിക്കുന്നതാരോ, അവന്‍ ഭയപ്പെടാനും ദുഃഖിക്കാനും സംഗതിയാകുന്നതല്ല.(അഅ്‌റാഫ് 34...)
ഓരോ സമുദായത്തിന്റെയും നിര്‍ണ്ണിതമായ കാലം ഓര്‍മ്മിപ്പിക്കുന്നതിലൂടെ ഒരോ പ്രബോധകന്റെയും ദൗത്യം കൂടെ അടിവരയിടപ്പെടുന്നുണ്ട്.കാരണം ധാര്‍മ്മികതയുടെ പരിധി ലംഘിക്കപ്പെടുന്നതിലൂടെയാണ് ഒരോ സമുദായവും നിഷ്‌കാസനം ചെയ്യപ്പെടുന്നതിനുള്ള കാലഗണന എന്നാണ് പണ്ഡിത മതം.ഒരു സമൂഹത്തിന്റെ കാലാവധി നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ മാനദണ്ഡം പ്രസ്‌തുത സമൂഹത്തിലെ ധര്‍മ്മാധര്‍മ്മങ്ങളുടെ താളം തെറ്റലാണ് അഥവാ മൂല്യച്യുതിയാണ്.ഉപര്യുക്ത സൂക്തത്തിന്റെ പ്രാമാണികമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍,നന്മയുടെ പ്രസാരണവും തിന്മയുടെ തിരസ്‌കാരവും ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന വീക്ഷണത്തെ സാധൂകരിക്കാന്‍ കഴിയും.ദൈവത്തിന്റെ പ്രതിനിധിയാണെന്ന പാഠം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിച്ചേക്കും.
ദൈവ ദൃഷ്‌ടാന്തങ്ങള്‍ വിശദീകരിച്ച് കൊണ്ട് പ്രവാചകന്മാര്‍ ആഗതരാകുന്നതും അതിനെ സ്വീകരിക്കുക വഴി മാത്രമാണ് ആദം സന്തതികളുടെ ശാശ്വതമായ വിജയം എന്നും തുടര്‍ന്ന് പറയുന്നു.ആദ്യ പിതാവ് മുതല്‍ അന്ത്യ പ്രവാചകന്‍ വരെയുള്ള കണ്ണി മുറിയാത്ത ശൃംഖല ഇവിടെ ഓര്‍മ്മിപ്പിക്കപ്പെടുന്നു.
അല്ലയോ ആദം സന്തതികളേ, ഓര്‍മിച്ചു കൊള്ളുവിന്‍! നിങ്ങളുടെ അടുക്കല്‍ എന്റെ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ച് കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ ആഗതരായാല്‍' يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ എന്ന ഖുര്‍ആനിക ഭാഷാ പ്രയോഗം ഏറെ അര്‍ഥ സമ്പന്നമാണ്.
സത്യ സന്ധവും വസ്‌തു നിഷ്‌ടവും ചരിത്ര പ്രാധാന്യമുള്ളതുമായ ശുദ്ധമായ പാരമ്പര്യമുള്ള കഥാ കഥനത്തിന്റെ മഹത്വവും പ്രവാചകന്മാരുടെ പ്രബോധനത്തില്‍ ഊന്നിയ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂല്യത്രയങ്ങളും ഈ പ്രയോഗത്തില്‍ നിഴലിക്കുന്നുണ്ട്.
സ്വര്‍ഗലോകത്ത് നിന്നും ഭൂമിയിലേക്ക് അയക്കപ്പെട്ട മനുഷ്യന്‍ യഥാര്‍ഥ തറവാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ ലക്ഷ്യം വെച്ച് ഈ ഭൂമിയിലെ പരീക്ഷണങ്ങളെ നേരിടണം.പ്രവാചകന്മാരുടെ കാല ശേഷം തന്നില്‍ അര്‍പ്പിതമായ പ്രബോധന ദൗത്യം കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നിര്‍വഹിക്കണം.യഥാര്‍ഥ പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ കണ്ണിമുറിയാത്ത പ്രവാച പാഠപഠന കഥകളില്‍ കൃത്യമായ അവബോധമുണ്ടായിരിക്കണം.എങ്കില്‍ മാത്രമേ സമയാസമയങ്ങളില്‍ പ്രവാചകന്മാര്‍ വിശദീകരിച്ചതു പോലെ വശ്യമായ ഭാഷയിലും ശൈലിയിലും ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.
ഓരോ സമൂഹത്തിനും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും വിധത്തിലായിരുന്നു പ്രവാചകനമാര്‍ നിയോഗിക്കപ്പെട്ടത്.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْۖ فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُۚ وَهُوَ الْعَزِيزُ الْحَكِيمُ
'നാം മനുഷ്യര്‍ക്ക് സന്ദേശം നല്‍കുന്നതിനായി അയച്ച ഏതു ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്‍ത്തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം അവരെ കാര്യങ്ങള്‍ സുവ്യക്തമായി ഗ്രഹിപ്പിക്കേണ്ടതിനാണിത്'(ഇബ്രാഹീം 4 )
പ്രബോധനം ഒരു ആചാര രീതിയൊ ചടങ്ങൊ അല്ല.പ്രബോധകന്റെ ഭാഷയും ആകര്‍ഷകമായ ശൈലിയും കഥാ കഥനങ്ങള്‍ക്ക് പ്രാപ്‌തമായ ചരിത്രാവബോധവും വിജ്ഞാനവും എല്ലാം ഒരു ലക്ഷ്യ ബോധമുള്ള ഉത്തരവാദിത്ത ബോധമുള്ള പ്രബോധകനില്‍ ഉണ്ടായിരിക്കണം.തന്റെ ദൗത്യ നിര്‍വഹണത്തിന് കളമൊരുക്കാന്‍ സന്നദ്ധമായ വ്യവസ്ഥാപിതമായ ഒരു കണ്ണിയില്‍ പ്രബോധകന്‍ അണി ചേരുക എന്നതും കാലത്തിന്റെ തേട്ടമത്രെ.
വിശ്വാസിയുടെ ഉത്തരവാദിത്ത നിര്‍വഹണത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം പുറം തിരിഞ്ഞു നില്‍ക്കുന്ന അന്ധരും ബധിരരും മൂകരുമായ ഒരു സമൂഹത്തെ കുറിച്ചും ഖുര്‍ആന്‍ പറഞ്ഞു തരുന്നുണ്ട്.
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَۚ إِنْ هُمْ إِلَّا كَالْأَنْعَامِۖ بَلْ هُمْ أَضَلُّ سَبِيلً
അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു.(ഫുര്‍ഖാന്‍ 44) എന്ന ഖുര്‍ആനിക നിരീക്ഷണത്തെ ഗൗരവ പൂര്‍വ്വം വായിച്ച് മണ്ണിനോടും മനുഷ്യനോടുമുള്ള വിശ്വാസിയുടെ പ്രതിബദ്ധതയെ ഓര്‍ത്തു കൊണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടും സദാ ജാഗ്രതയിലാകേണ്ടവരത്രെ പ്രബോധകര്‍.
വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങള്‍ സജീവമാക്കി പുതിയ മനുഷ്യനായി ജനിക്കാന്‍ ഈ സംസ്‌ക്കരണകാലം പ്രയോജനപ്പെടുമാറാകട്ടെ.
0 comments:
Post a Comment
Note: Only a member of this blog may post a comment.