പ്രവാചക പ്രഭു ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു.അതു വഴി എത്തിയ ജൂതന്‍ തിരുമേനിയുടെ അരയില്‍ നിന്നും ആയുധം ഊരിയെടുത്ത് കൊണ്ട് ചോദിച്ചു.ആരാണ് ഈ അവസരത്തില്‍ താങ്കളെ രക്ഷിക്കാനുള്ളത്..? "അല്ലാഹു.." നിസ്സങ്കോചം പ്രവാചകന്‍ പ്രതികരിച്ചു.പ്രവാചകന്റെ പ്രത്യുത്തരത്തില്‍ ചകിതനായ ശത്രുവിന്റെ കയ്യില്‍ നിന്നും ആയുധം ഊര്‍ന്നു വീണു. ആയുധം വീണ്ടെടുത്ത് തിരുമേനി തിരിച്ചൊന്ന് ചോദിച്ചപ്പോള്‍ പേടിച്ചരണ്ടു പോയ ശത്രുവിനെക്കുറിച്ച് ചരിത്രത്തില്‍ വായിച്ചു പോയിട്ടുണ്ട്.ഇത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥ.എന്നാല്‍ ആധുനിക കാലത്തും ഇത്തരം മുഹൂര്‍ത്തങ്ങള്‍ ജനിക്കുന്നുണ്ട്. ഇനിയും ജനിച്ചു കൊണ്ടേയിരിയ്‌ക്കും.
കലാലയമുറ്റത്തേക്ക് കടന്നു വന്ന ഒരു യുവതിയെ ഫാഷിസ്‌റ്റ് കാപാലിക വൃന്ദം കലാപക്കൊടിയുമായി വളഞ്ഞു നിന്ന സാഹചര്യം വളരെ സ്വാഭാവികമായി അല്ലാഹു അക്‌ബര്‍ എന്നു പ്രഘോഷിച്ചപ്പോള്‍,ഫാഷിസ്റ്റ് ഭാഷയിലെ പുലിക്കുട്ടികള്‍ പൂച്ചക്കുട്ടികളെപ്പോലെ ചമ്മിപ്പോയതിന് ലോക മാധ്യമങ്ങള്‍ സാക്ഷി.
വര്‍ത്തമാന കാലത്ത് ഈ പ്രതികരണം അതിലെ തക്‌ബീര്‍ മുഴക്കം, അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചന മന്ത്രമായി രൂപാന്തരം പ്രാപിച്ചു എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹുവിനെ മാത്രം സാഷ്‌ടാംഗം നമിക്കുന്നവര്‍ക്ക് മാറ്റാരുടെ മുന്നിലും തലകുനിക്കേണ്ടതില്ല.ഒരു ശക്തിയെ മാത്രം ഭയപ്പെട്ട് ജീവിക്കുന്നവര്‍.മറ്റാരെയും ഭയപ്പെടേണ്ടതുമില്ല എന്ന ലളിതമായ സത്യം ഇവിടെ പ്രകാശിച്ച് നില്‍ക്കുന്നുണ്ട്.വിശ്വാസികള്‍ പ്രത്യേകിച്ചും ഈ പരമാര്‍ഥം പഠിക്കാതെ പോകരുത്.അല്ലാഹുവാണ് അത്യുന്നതന്‍ എന്ന് പ്രഖ്യാപിക്കുന്നതിലൂടെ മറ്റെല്ലാം അപ്രസക്തമാകും.ഈ പ്രഘോഷണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുലദൈവത്തെ കുറിച്ചല്ല മറിച്ച് ലോകത്തിന്റെ സാക്ഷാല്‍ ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കി കൊടുക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.
ഈ പശ്ചാത്തലത്തില്‍ സ്വാര്‍ഥംഭരികളായ 'ദേശീയമുസ്‌ലിം പ്രായോജകര്‍' ആരാഞ്ഞ് കൊണ്ടിരിക്കുന്നത് ഒരുവിശ്വാസിനി ആത്മരക്ഷാര്‍ഥം തക്‌ബീര്‍ മുഴക്കിയതിലെ കര്‍മ്മശാസ്‌ത്ര വിധി എന്തായിരിക്കും എന്നതാണ്.ഇതു തന്നെയായിരിക്കാം വര്‍ത്തമാന വിശ്വാസിലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ അതിസങ്കീര്‍ണ്ണവും സങ്കടകരവുമായ കാര്യവും.
നേതാകളെക്കാള്‍ പക്വതയുള്ള അനുയായികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പൊയ്‌വെടികളും പൊയ്‌മുഖങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടകള്‍ പോലും ഏറ്റുവാങ്ങാത്ത കാലം വിദൂരമല്ല.
അധികാര രാഷ്‌ട്രീയത്തിന്റെ താല്‍ക്കാലികതകളില്‍ മേയുന്ന മസില്‍ പ്രഭുക്കന്മാരായ കപട വിപ്‌ളവ സാധുക്കള്‍ ഈ ബുദ്ധിയുടെ ദര്‍ശനത്തിന്റെ മുന്നില്‍ അന്ധരാണ് - ബധിരരാണ് - ഹൃദയം കെട്ടവരാണ്. ആശയ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ട് നട്ടം തിരിയുന്ന ഗതികെട്ട ഇക്കൂട്ടരോട് പറയുന്നതും പറയാതിരിക്കുന്നതും സമമാണ്.നമുക്ക് വായിക്കാനാഹ്വാനം ചെയ്യാം ഒപ്പം തൂലികക്ക് മൂര്‍ച്ച കൂട്ടികൊണ്ടേയിരിയ്‌ക്കാം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മാതൃകാ പരമായ സേവന സാന്ത്വന ശിക്ഷണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പഠനമനന വൈജ്ഞാനിക കേന്ദ്രങ്ങളും രാജ്യത്തെ സാംസ്‌ക്കാരിക പരിസരത്തെ ഉണര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും അതി സര്‍ഗാത്മകമായ പങ്കുവഹിക്കുന്നുണ്ട്.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും നിഷേധികള്‍ക്കും നിരീശ്വരവാദികള്‍ക്കും എല്ലാം പഠിക്കാനും മനസ്സിലാക്കാനും സാധിക്കും വിധം ഇസ്‌ലാമിക ദര്‍ശനത്തെ പൂര്‍ണ്ണാര്‍ഥത്തില്‍ പ്രസരിപ്പിക്കുന്നതിലും പ്രായോഗികമായി പ്രതിഫലിപ്പിക്കുന്നതിലും പ്രസ്ഥാനം ഇനിയും ബഹുദൂരം കഠിനാധ്വാനം ചെയ്യേണ്ടി വരും.
പ്രബുദ്ധമായ ചിന്താ സരണിയിലൂടെ ആരോഗ്യമുള്ള മനസ്സും മസ്‌തിഷ്‌കവുമുള്ള അതിലുപരി മാനവിക മാനുഷികതയെ താലോലിക്കുന്ന സമാധാനത്തിന്റെ പാലകരും സേവകരുമായ ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ഇസ്‌ലാമികമായ കാഴ്‌ചപ്പാട് പോലും തിരിയാത്ത അത്യാധുനിക മുല്ലമാര്‍ വിശ്വാസി സമൂഹത്തില്‍ ഏല്‍പിക്കുന്ന പരിക്കുകള്‍ പരിഹരിക്കുന്നതിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലത്തേക്കാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും,ആരും രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല എന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്ന ഫാഷിസം ഒരു വശത്ത് ! ജനാധിപത്യ വിരുദ്ധ നടപടികളും അക്രമ രാഷ്‌ട്രീയവും പൊടിപൊടിപ്പിക്കുകയും,എന്നാല്‍ ആരും ജനാധിപത്യം പഠിപ്പിക്കേണ്ട എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ചുടു ചോരക്കൊടിയുടമകള്‍ മറ്റൊരു വശത്ത് ! അരാജകത്വ പ്രവണതകളിലേയ്‌ക്കുള്ള രണ്ട് പക്ഷങ്ങള്‍.ഈ ഇരട്ടകളോട് സമദൂരം പ്രാപിച്ച് കണ്ണടച്ചിരുട്ടാക്കുന്ന മേലാപ്പും മേലങ്കിയുമണിഞ്ഞവര്‍ മറ്റൊരു വശത്തും.ഇവിടെ ചെകുത്താന്മാര്‍ക്കും കടലിന്നുമിടയിലാണ് വിശ്വാസി സമൂഹം.
ഉന്നത നിലവാരത്തിലുള്ള ആശയ സംവാദം നടത്തുന്നവര്‍. അതിരുവിടാത്ത സമര മുറകള്‍ സ്വീകരിക്കുന്നവര്‍,സാംസ്‌കാരികമായ നിലവാരമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍,സാന്ത്വനത്തിന്റെ തൂവല്‍ സ്‌പര്‍ശവുമായി ജനസേവന മാതൃക കാണിക്കുന്നവര്‍,സന്നദ്ധ പാതയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവര്‍,അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയും അതിരു വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ഒച്ച വെക്കുന്നവര്‍, അടിച്ചമര്‍ത്തപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരടിക്കുന്നവര്‍,രാജ്യ താല്‍പര്യത്തിനായി എന്തും സഹിക്കാനും ത്യജിക്കാനും മനസ്സാന്നിധ്യമുള്ളവര്‍.ഇവരാണത്രെ കപട രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വിചാരങ്ങളിലും അവരുടെ ദിശാ സൂചികയുടെ നിഴല്‍ പറ്റിയ പൗരോഹിത്യ വൃന്ദത്തിന്റെ കാഴ്‌ചപ്പാടുകളിലും ജനാധിപത്യവിരുദ്ധരും തീവ്ര വാദികളും ഭീകരവാദികളും. സമര്‍ഥരായ മോഷ്‌ടാക്കള്‍ മോഷ്‌ടിക്കപ്പെട്ടവരെ നോക്കി കൂകി വിളിച്ച് രക്ഷപ്പെടും പോലെ.
---------------
അസീസ് മഞ്ഞിയില്‍
0 comments:
Post a Comment
Note: Only a member of this blog may post a comment.