Monday, August 30, 2021

പ്രതിരോധ ചിന്തകള്‍

ആരോഗ്യവും ആരോഗ്യകരമായ സമീപനങ്ങൾ പോലും നഷ്‌‌ടപ്പെടുന്ന കാലത്ത് ചില ആയുർവേദ ആരോഗ്യ പ്രതിരോധ ചിന്തകൾ പ്രകാശിപ്പിക്കുന്നു.ആയുർവേദ കുടുംബത്തിലെ കാരണവർ പാരമ്പര്യ ആയുർവേദ ഭിഷഗ്വരൻ മുഈനുദ്ദീൻ വൈദ്യർ പങ്കിട്ട അറിവുകളും ഇതര പാരമ്പര്യ വിജ്ഞാന ശാഖകളുമാണ് ഈ വിശദികരണത്തിന്‌ ആധാരം.

വര്‍‌ത്തമാന കാലത്ത്‌ പൊട്ടിപ്പുറപ്പെട്ട കൊറോണ തുടങ്ങിയ രോഗാണു ബാധയെ ചെറുക്കാനുള്ള പ്രതിരോധത്തെ കുറിച്ചാണ്‌ പറയുന്നത്‌ പ്രതിവിധിയെ കുറിച്ചല്ല.

വിവിധങ്ങളായ രോഗാണു ബാധകള്‍ വര്‍ത്തമാന കാലത്ത്‌ ജന ജീവിതം പോലും സ്‌തം‌ഭിപ്പിക്കും വിധം ഭീതിതമാണ്‌.ഇത്തരം മാരകവും അപൂര്‍‌വ്വമുമായ അണുബാധകള്‍‌ക്കെതിരെ ക്ലിപ്‌തവും വ്യക്തവുമായ പ്രതിവിധികള്‍ പൂര്‍‌ണ്ണമായ രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ ആധുനിക ശാസ്‌ത്ര ലോകത്തിന്‌ സാധിച്ചിട്ടില്ല എന്നത്‌ യാഥാര്‍‌ഥ്യമാണ്‌.പരമ്പരാഗത ആയുര്‍‌വേദ ശാസ്‌ത്രങ്ങളിലായാലും ഇതര വൈദ്യ ശാസ്‌ത്രങ്ങളിലായാലും ഇതു തന്നെയാണ്‌ സ്ഥിതി.

ഭക്ഷ്യ വിഷാംശങ്ങള്‍ക്കെതിരായും ബാക്‌ടീരയകളെ പ്രതിരോധിക്കാനും  (ഹരിദ്ര) മഞ്ഞളിന്‌ കഴിഞ്ഞേക്കും.ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്‌.

ഓരോ രാജ്യത്തേയും പരമ്പരാഗത ഭക്ഷണ ക്രമങ്ങള്‍ പരിശോധിച്ചാല്‍ അതിലൊക്കെ അതതു പ്രദേശത്തുകാരുടെ ആരോഗ്യ പ്രതിരോധത്തെ ത്വരിതപ്പെടുത്താനും ശക്തിപ്പെടുത്താനും ഉതകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാം.രാജ്യത്തെ ഔഷധ വീര്യമുള്ള തേനും  സുഗന്ധ വ്യഞ്‌‌ജനങ്ങളും ആരോഗ്യ സം‌രക്ഷണത്തില്‍ വഹിക്കുന്ന പങ്ക്‌ വിലപ്പെട്ടതത്രെ.

ഹരിദ്ര ഒരു സുഗന്ധ വ്യഞ്‌ജനമാണ് ഇഞ്ചി വര്‍ഗ്ഗത്തില്‍പെട്ട ഹരിദ്ര അഥവാ മഞ്ഞൾ.ഇത് ഒരു പ്രധാന ആയുർവേദ സസ്യമാണ്. ശ്വാസകോശ സംബന്ധമായ അണു ബാധകൾ,വീക്കം,മുറിവുകൾ എന്നിവയ്‌ക്ക്‌ മഞ്ഞള്‍ ഫല പ്രദമായി ഉപയോഗിച്ചു വരുന്നു.ഇതില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ എന്ന പദാര്‍ഥത്തിന് മാരകമായ രോഗാണുക്കളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. വളരെ വൈകിയാണ് മഞ്ഞളിന്റെ പ്രതിരോധ ശേഷി ആധുനിക ശാസ്‌‌ത്രം തിരിച്ചറിഞ്ഞത്.

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.രോഗാണുക്കളുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍ വീര്യമാക്കാന്‍ സഹായിക്കും. വീട്ടില്‍ തന്നെ പൊടിച്ചെടുത്ത മഞ്ഞള്‍പൊടി കറികളില്‍ ചേര്‍ക്കുകയോ, കാല്‍ ഗ്‌ളാസ്സ്‌ വെളളത്തില്‍ ഒരു ടീസ്‌‌പൂണ്‍  ദിവസത്തിലൊരു നേരമെങ്കിലും കഴിക്കുകയൊ ചെയ്‌താല്‍ ഒരു പരിധിവരെ രോഗാണുക്കള്‍ നിര്‍വീര്യമാകും.ഇഞ്ചിനീരും ചെറുനാരങ്ങാ നീരും സമം ചേര്‍ത്ത് ആഹാരത്തിന് ശേഷം രണ്ട് ടേബിള്‍ സ്‌‌പൂണ്‍ വീതം കഴിക്കുന്നതും ഗുണം ചെയ്യും.മഞ്ഞള്‍, ചുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കിയ രജന്യാദി ചൂര്‍ണ്ണം, ഹരിദ്രഖണ്ഡം എന്നിവയും അശ്വഗന്ധ ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം തുടങ്ങിയ ഔഷധങ്ങളും ഫലപ്രദമാണ്‌.

ബാക്‌ടീരിയ വളര്‍ച്ചയെ തടയുന്നതിനും അവയുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കുന്നതിനും വിറ്റാമിന്‍ 'സി'ക്ക് കഴിയും. നെല്ലിക്കയില്‍ വിറ്റാമിന്‍ 'സി' ധാരാളമുണ്ട്.നെല്ലിക്കാ നീര് വെളളവും ചേര്‍ത്ത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതും  പ്രതിരോധത്തിന് സഹായകമാണ്. അതു പോലെ പോഷകങ്ങളുടെ കലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും പ്രതിരോധവുമാണ്‌. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും അത്യുത്തമമത്രെ.

ലോകമെമ്പാടും വികസിത രാജ്യങ്ങളില്‍ പോലും അതി ശീഘ്രം പടര്‍‌ന്നു കൊണ്ടിരിക്കുന്ന കോവിഡ്‌ രോഗാണുക്കള്‍ പ്രാരം‌ഭ ഘട്ടത്തില്‍ നമ്മുടെ രാജ്യത്ത്‌ താരതമ്യേന കുറവായിരുന്നു.അതിന്റെ പ്രധാന കാരണങ്ങള്‍, രാജ്യത്തെ കാലാവസ്ഥയും പൂര്‍‌ണ്ണമായും അസ്‌തമിച്ചിട്ടില്ലാത്ത നമ്മുടെ ഭക്ഷണ ക്രമവും, ഒപ്പം കേന്ദ്ര സം‌സ്‌ഥാന ആരോഗ്യ മന്ത്രാലയങ്ങളുടെ സമയോചിതമായ ക്രമീകരണങ്ങളുമാണെന്നു വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അമിത വിശ്വാസവും അശാസ്‌ത്രീയമായ ഉദ്യോഗസ്ഥ മേധാവിത്വ നിയന്ത്രണങ്ങളുടെ കെട്ടു കാഴ്‌ചകളും,ജനങ്ങളിലുണ്ടാക്കിയ നീരസവും അതൃ‌പ്‌തിയും എല്ലാം തകിടം മറിക്കുകയായിരുന്നു.

മാരകമായ  രോഗാണു ബാധയുടെ അതിപ്രസര കാലത്ത് പരമ്പരാഗത പ്രതിരോധ ഘടകങ്ങളും സം‌വിധാനങ്ങളും അടുത്തറിയാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും നമുക്ക്‌ സാധികണം.ശുചിത്വം വാക്കുകളില്‍ ഒതുങ്ങാതെയും ഒതുക്കാതെയും കണിശമായി പാലികുന്നതില്‍ നിര്‍‌ബന്ധബുദ്ധി ഉണ്ടാവേണ്ടതും കാലഘട്ടത്തിന്റെ തേട്ടമത്രെ.

അസീസ്‌ മഞ്ഞിയില്‍

സ്രോതസ്സ്‌:-
(1) മുഈനുദ്ദീന്‍ വൈദ്യര്‍ തൊയക്കാവ്‌
(2) പാരമ്പര്യ ആയുര്‍‌വേദ വിധികള്‍


0 comments:

Post a Comment

Note: Only a member of this blog may post a comment.