Saturday, April 27, 2019

ശബ്‌ദ തരംഗങ്ങള്‍

ഈ ലോകത്തിരുന്ന്‌ ഇ-ലോകം അനുഭവിക്കുന്ന തലത്തിലേയ്‌ക്ക്‌ ലോകം മാറി എന്നു പറഞ്ഞാല്‍ അധികമാവില്ല.ഇവ്വിഷയത്തില്‍ നാട്ടിലുള്ളവരും വിദേശത്തുള്ളവരും എന്ന വ്യത്യാസമൊന്നും ഇല്ല.എന്നിരുന്നാലും പ്രവാസികള്‍‌ക്ക്‌ അല്‍‌പം മുന്‍‌തൂക്കം ഇല്ലാതെ തരമില്ല.മിക്ക പൊതു മേഖലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്‌.സെല്‍‌ഫോണ്‍ റിങുകള്‍ പോലും അന്യര്‍‌ക്ക്‌ അലോസരം സൃഷ്‌ടിക്കുന്നു എന്നതാണ്‌ വാസ്‌തവം.കാരണം ഇഷ്‌ടമുള്ള സാരോപദേശങ്ങള്‍, ,വേദ വാക്യങ്ങള്‍,സം‌ഗീതം എന്തിനേറെ ഇഷ്‌ട വര്‍‌ത്തമാനങ്ങള്‍ വരെ റിങ് റ്റ്യൂണായി ഉപയോഗപ്പെടുത്തുന്നുണ്ട്‌.ഫോണ്‍ റിങിനപ്പുറമുള്ള പ്രത്യേക റ്റ്യൂണുകള്‍‌ക്ക്‌ വിലക്കുള്ള പൊതു സ്ഥാപനങ്ങളും ഉണ്ടെന്നാണ്‌ വിവരം.

ഇനി കഥയിലേയ്‌ക്ക്‌ വരാം.ഇന്നു താമസ സ്ഥലത്തേയ്‌ക്ക്‌ കയറി വന്നപ്പോള്‍ സഹ താമസക്കാരുടെ ഫോണുകളില്‍ നിന്നൊക്കെ ബാങ്കു മുഴങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടു. സോഷ്യല്‍ മീഡിയ ഓഡിയൊ വീഡിയൊകള്‍‌ ശ്രവിക്കാന്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്ന്‌ നിര്‍‌ദേശിക്കണമെന്ന ആശയം ശക്തിയായി മനസ്സിനെ മദിച്ചു കൊണ്ടിരുന്നു.

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണ പ്രഭാഷണം നടന്നു കൊണ്ടിരിക്കുമ്പോള്‍ അദാന്‍ മുഴങ്ങുന്നതും തല്‍‌ക്കാലം പ്രസം‌ഗം നിര്‍‌ത്തി വെക്കുന്നതും ബഹുസ്വര സമൂഹത്തെ ധരിപ്പിക്കുന്ന വീഡിയൊ ആണത്രെ ആവര്‍‌ത്തിച്ച്‌ കേട്ടു കൊണ്ടിരിക്കുന്നത്.അതിലെന്താണിത്ര അത്ഭുതമെന്ന്‌ ആരാഞ്ഞപ്പോള്‍ സുബഹി ബാങ്കാണത്രെ പ്രസം‌ഗത്തിന്നിടയില്‍ മുഴങ്ങുന്നത്.വീഡിയൊ എഡിറ്റര്‍‌ക്ക്‌ പറ്റിയ അബദ്ധമായിരിയ്‌ക്കും എന്നു ഞാനും പ്രതികരിച്ചു.മോദി കാല ഇന്ത്യക്ക്‌ ഇനി എന്തൊക്കെ കാണാനും കേള്‍‌ക്കാനും കിടക്കുന്നു.എന്ന്‌ ഒറ്റവാക്കില്‍ പറഞ്ഞ്‌ വര്‍‌ത്തമാനത്തിന്‌ വിരാമമിട്ടു.

*****
സുബഹി ബാങ്കിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ വേറേയും ചില പഴങ്കാല ഫലിതങ്ങള്‍ ഓര്‍‌മ്മയില്‍ വന്നു.മതപരമായ പ്രാഥമികമായ കാര്യങ്ങള്‍ പോലും അറിയാത്ത ഒരാള്‍ വിവാഹിതനാകുന്നു.ആദ്യ രാത്രിയില്‍ ഉറങ്ങാന്‍ വൈകി പുലര്‍‌കാലത്ത് പള്ളിയില്‍ നിന്നും ബാങ്ക്‌ മുഴങ്ങിയപ്പോള്‍ പ്രിയതമയോട്‌ ചോദിച്ചത്രെ,ഈ നേരത്തൊക്കെ ബാങ്ക്‌ കൊടുക്ക്വോ..?

*****
ഒരിക്കല്‍ ഒരു ഗ്രാമ പ്രദേശത്ത് അബദ്ധത്തില്‍ പ്രഭാത അദാനിന്റെ സമയം തെറ്റി ബാങ്കുവിളി ഉയര്‍ന്നു.ഉടനെ ഒരു പറ്റം ആളുകള്‍ പള്ളി മുറ്റത്തേയ്‌ക്ക്‌ ആക്രോശിച്ചു ഓടിയെത്തി.മുഅദ്ധിന്‍ ഒരു വിധത്തില്‍ അവരെ പറഞ്ഞാശ്വസിപ്പിച്ചു.എല്ലാവരും പിരിഞ്ഞുപോയി വീണ്ടും സമയമായപ്പോള്‍ മുഅദ്ധിന്‍ ബാങ്കു കൊടുത്തു അന്നേരം അംഗുലീ പരിമിതരായവര്‍ മാത്രമാണ്‌ പള്ളിയില്‍ എത്തിയതത്രെ.വിശ്വാസത്തിന്റെ പേരില്‍ തിളച്ചുമറിയുന്നവര്‍ അധികവും കര്‍മ്മ ധര്‍മ്മങ്ങളില്‍ നിഷ്‌ടയുള്ളവരാകാറില്ല എന്നതാണ്‌ അനുഭവം.

0 comments:

Post a Comment

Note: Only a member of this blog may post a comment.