Thursday, August 4, 2016

വെള്ളാരം കല്ലായി മാറാന്‍ ഒഴുക്കില്‍ പെടുക

വെള്ളാരം കല്ലായി മാറാന്‍ ഒഴുക്കില്‍ പെടുക
ഭൂമിയിലെ സകല ജന്തു ജാലങ്ങളും ആഹരിക്കുന്നതിന്റെ സ്രോതസ്സ് മണ്ണ് തന്നെയാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകാന്‍ തരമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതതു പ്രദേശത്തുകാരുടെ ആരോഗ്യത്തെ പരിരക്ഷിക്കുന്ന കായ്കനികളും വിഭവങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യക്ഷത്തില്‍ മത്സ്യ മാംസാദികള്‍ ആഹരിക്കുന്നവനും കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ മൂലസ്രോതസ്സ് മണ്ണുതന്നെ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വിവരണാതീതമത്രെ. സകല സസ്യ ജാലങ്ങളും മണ്ണില്‍ മുള പൊട്ടി വിടര്‍ന്നു ഉണര്‍ന്നു ഉയരുന്നതു പോലെ നിര്‍ജീവമായ അവസ്ഥയില്‍ മണ്ണ് അതിനെ തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നിര്‍ജീവമായ എല്ലാ വസ്തുക്കളേയും അതി മനോഹരമായി ഭൂമിമണ്ണ് സംസ്‌കരിക്കുന്നുണ്ട്. മണ്ണിന്റെ ഈ സംസ്‌കരണ പ്രക്രിയ തുടരുന്നതു കൊണ്ടാണ് സുഖമമായ ആവാസ വ്യവസ്ഥ നമുക്ക് ലഭിക്കുന്നത്. മണ്ണ് ഒരു പ്രതീകമാണ്. മനുഷ്യന്റെ പ്രതീകം. ജനനവും മരണവും മരണം വരെയുള്ള ജീവിതവും സാക്ഷിയാകുന്ന മണ്ണ്. ഈ മണ്ണില്‍ വിനയാന്വിതനായി മാത്രം നടന്നുപോകാനാണ് വിശ്വാസിയ്ക്ക് നല്‍കപ്പെടുന്ന പാഠം. മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. മണ്ണിലേയ്ക്ക് തന്നെയാണ് മടക്കം. എന്നു ഖബറടക്കം നടക്കുമ്പോള്‍ മൊഴിഞ്ഞു കൊണ്ട് പിടിമണ്ണെറിയാന്‍ കല്‍പിക്കപ്പട്ടതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല.

മണ്ണിന്റെ വര്‍ണ്ണവും വിണ്ണിന്റെ സുഗന്ധവും ചേരുമ്പോളായിരിയ്ക്കാം യഥാര്‍ഥ മനുഷ്യനുണ്ടകുന്നത്. ഈ സുഗന്ധത്തെ സന്നിവേശിപ്പിക്കാനാണ് കാലന്തരങ്ങളില്‍ ദൈവ നിയുക്തരായ പ്രവാചകന്മാര്‍ വരുന്നത്. പരിവ്രാചകന്മാരും പരിഷ്‌കര്‍ത്താക്കളും നിയുക്തരാകുന്നത്. സുഗന്ധം സര്‍വ വ്യാപിയത്രെ. അതിന് അതിരുകളില്ല. ഇളം കാറ്റിലും കൊടുങ്കാറ്റിലും അതു പരന്നു കൊണ്ടേയിരിയ്ക്കും. മണ്ണിന്റെ അമിത സൗഭാഗ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ ഈ സുഗന്ധത്തില്‍ ആകൃഷ്ടരായിക്കൊള്ളണമെന്നില്ല. മണ്ണില്‍ ആഴത്തില്‍ വേരൂന്നി വിണ്ണിലേയ്ക്ക് ഉയരുമ്പോളാണ് വലിയ തണല്‍ മരങ്ങളുണ്ടാകുന്നത്. ഈ വൃക്ഷത്തണല്‍ ജീവജാലങ്ങളുടെ ആശാ കേന്ദ്രമായി മാറും. ദുര്‍ബലമായ വേരുകളുള്ള പടര്‍ന്നു പന്തലിക്കുന്ന വള്ളികള്‍ കാഴ്ചയിലെ ചന്തം മാത്രമേ നല്‍കുന്നുള്ളൂ. മണ്ണിനെ പരിഗണിക്കുകയും വിണ്ണിനെ പ്രണയിക്കുകയും എന്നതിനു പകരം മണ്ണിനെ പ്രണയിക്കുന്ന അവസ്ഥയില്‍ എല്ലാം തകിടം മറിയും.

ദൈവാനുരാഗത്തിന്റെ പ്രാര്‍ഥനാ രീതിയെ പ്രചോദിപ്പിക്കുന്നത് മണ്ണിലേയ്ക്ക് അടുക്കുമ്പോഴാണത്രെ. അതിന്റെ പ്രകടന ഭാവം സാഷ്ടാംഗത്തിലും പ്രകാശിത ഭാവം സമസൃഷ്ടി സ്‌നേഹത്തിലും സേവനത്തിലും അതിഷ്ടിതമത്രെ.

മണ്ണിന്റെ അത്ഭുതകരമായ വിശേഷം അതില്‍ എത്ര ചീഞ്ഞളിഞ്ഞതും അതി മനോഹരമായി ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. ഇതു പോലെ എന്തിനേയും സംശുദ്ധമാക്കാനുള്ള അഭിവാഞ്ച മനുഷ്യനിലും വളര്‍ന്നു വരണം. സാമുഹികമായ അവന്റെ ഇടപെടലുകളിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളെ ചീഞ്ഞു നാറ്റാന്‍ അനുവദിക്കരുത്. അതി ശീഘ്രം സംസ്‌കരിക്കാന്‍ സാധിക്കണം. എങ്കില്‍ നല്ല സാംസ്‌കാരിക പശ്ചാത്തലം സംജാതമാകും. പ്രകടമായതിനെ മണ്ണും പരോക്ഷമായതിനെ മനുഷ്യനും സംസ്‌കരിക്കുന്ന ഒരു സംസ്‌കരണ പ്രക്രിയയാണ് ജിവല്‍ ഗന്ധിയായ ദര്‍ശനങ്ങള്‍ പഠിപ്പിച്ചു തരുന്നത്. സാമുഹികാന്തരീക്ഷവും സാംസ്‌കാരികാന്തരീക്ഷവും ശുദ്ധമാവുമ്പോള്‍ ആവാസ വ്യവസ്ഥയും മനോഹരമാകും. വിശ്വാസിയുടെ പ്രകടമായ ശുചിത്വ ബോധത്തെ വിശ്വാസത്തിന്റെ ഭാഗമായും ഹൃദയ വിശുദ്ധി വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമായും വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ഓതിത്തരുന്നുണ്ട്. ഇതില്‍ പ്രകടമായ ശുചിത്വ ബോധത്തെപോലും പരിപാലിക്കുന്ന പ്രവണത വലിയൊരു വിഭാഗം വിശ്വാസി സമൂഹത്തിലും കാണാന്‍ കഴിയുന്നില്ല. ഈ വൈപരീത്യം മാറുക തന്നെ വേണം. ഇത് ഏതെങ്കിലും ഒരു ദേശത്തെയൊ പ്രദേശത്തെയോ മാത്രം കഥയും അല്ല. വിശിഷ്യാ ആസിയാന്‍ രാജ്യങ്ങളിലെ ബഹു ഭുരിപക്ഷം മുസ്‌ലിം സമൂഹവും ശുചിത്വത്തെ അവഗണിക്കുന്ന പൊതുബോധത്തില്‍ നിര്‍ലീനമാണെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഈ കുറിപ്പുകാരന്റെ നിരീക്ഷണം. വൃത്തി ഹീനമായ ചുറ്റുപാടുകളും മാതൃകാ യോഗ്യരല്ലാത്ത അധ്യാപകരും മുളയിലെന്നോണം ചെലുത്തുന്ന സ്വാധീനം ഒരു ഉമ്മത്തിനെ തന്നെ ദുഷിപ്പിക്കാന്‍ നിമിത്തമാകുന്നുണ്ടോ ? ഒരു പുനര്‍ വിചിന്തനം അത്യന്താപേക്ഷിതമായിരിക്കുന്നു. ഒരു ഒരു സമൂഹത്തിലെ സിംഹ ഭാഗം വിഭാഗത്തെ അനാകര്‍ഷമാക്കുന്നതിലേയ്ക്ക് നയിക്കുന്ന കാര്യ കാരണങ്ങള്‍ അന്വേഷിക്കുകയും പരിഹരിക്കാനുള്ള ശുഷ്‌കാന്തിയോടെയുള്ള ശ്രമങ്ങള്‍ അനിവാര്യവുമായിരിക്കുന്നു.

പ്രകൃതി രമണീയമായ ലോകത്ത് പ്രകൃതിയ്ക്കിണങ്ങി മണ്ണില്‍ വേരൂന്നി വിണ്ണിനെ പ്രണയിച്ച് ജീവിക്കുമ്പോള്‍ വിണ്ണ് മണ്ണിനെ പ്രണയിക്കും. ഈ വിഭാവനയെ താലോലിക്കുന്നവര്‍ എല്ലാ അര്‍ഥത്തിലും സൗന്ദര്യബോധമുള്ളവരാകണം. ഈ സൗന്ദര്യ ബോധത്തെ ഉദ്ധീപിക്കാന്‍ വിശുദ്ധ വേദവും പ്രവാചക പാഠങ്ങളും നല്‍കുന്ന വരികള്‍ക്കപ്പുറമുള്ള വായനാലോകത്തേയ്ക്ക് ഉള്‍ക്കാഴ്ചയോടെ തിരിച്ചു വരണം.

വനാന്തരങ്ങളില്‍ പുഴകളും പൂക്കളും ധാരാളം ഉണ്ടാകാം. ചിട്ട വട്ടങ്ങളോടെ പരിപാലിക്കപ്പെടുന്ന ആരാമങ്ങളാണ് ആസ്വാദകരെ ആകര്‍ഷിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള പൂങ്കാവനങ്ങളില്‍ മധുവും മണവും ചുരത്തുന്ന പൂക്കളായി വിടര്‍ന്നുല്ലസിക്കാന്‍ വിശ്വാസികള്‍ക്കാവണം. അവിടെ പറന്നെത്താതിരിക്കാന്‍ മധുപന്മാര്‍ക്കാകുകയും ഇല്ല. അവരുടെ പ്രയാണം പ്രവാഹം പോലെയാകണം. കല്ലും മുള്ളും കുന്നും മലയും പാറയും പൂഴിയും എല്ലാം താണ്ടി കിതപ്പില്ലാതെ കുതിക്കുന്ന പ്രവാഹം. കേവലം കല്ലായി മാറിക്കിടക്കാതെ വെള്ളാരം കല്ലാകാന്‍ ഒഴുക്കില്‍ പെടുക. തെളിമയുടെ തെളിനീരില്‍ പ്രതിഫലിക്കുന്ന വെള്ളാരം കല്ലുകള്‍ രൂപ ഭാവങ്ങള്‍ മാറുംതോറും മനോഹരമാകുന്ന അനുഭവത്തിന്റെ മണിമുത്തുകളത്രെ. ഏതു കാഴ്ചക്കാരനും ഒന്നെടുത്തു നോക്കാന്‍ ശ്രമിക്കുന്ന തൊട്ടുഴിയാന്‍ ഇഷ്ടപ്പെടുന്ന വെള്ളാരം കല്ലുകള്‍.

04.08.2016
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.