മനുഷ്യന്‍ തന്റെ നിസ്സഹായാവസ്ഥയില്‍ അമാനുഷികത എന്ന് പറയപ്പെടുന്നവയുമായി ബന്ധപ്പെടുത്തി ഈശ്വരസമാനന്‍ അതുമല്ലെങ്കില്‍ കണ്‍കണ്ട ദൈവം എന്നൊക്കെ പറഞ്ഞു പോകുന്നത് സര്‍വ്വ സാധാരണമാണ്.ഇത്തരത്തില്‍ ദൈവ സങ്കല്‍പത്തിന്റെ യഥാര്‍ഥ മഹത്വം ഉള്‍കൊള്ളാത്ത സാംസ്‌ക്കാരിക ഭൂമികയിലും,അറബി ഭാഷയിലെ അല്ലാഹു എന്ന പ്രയോഗത്തിന്റെ പ്രഭ കെടുത്തുന്ന ഒരു വക പ്രയോഗവും നടപ്പു ശീലത്തിലൊ അല്ലാത്ത ശീലത്തിലൊ ഇല്ല എന്ന് കാണാന്‍ കഴിയും.
അല്ലാഹു എന്നു പഠിപ്പിക്കപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ഭാവവും അതു കേള്‍ക്കുമ്പോള്‍ ഇതര സമൂഹങ്ങളില്‍ കാണുന്ന അസഹിഷ്‌ണുതയും അമ്പരപ്പിക്കുന്നതത്രെ.കല്ലെറിയപ്പെടുന്ന മരം തന്നെയാണ് ശത്രുക്കളുടെ ഉന്നം.ഉന്നം വെക്കപ്പെടുന്ന മരം തന്നെയാണ് യഥാര്‍ഥത്തില്‍ കായ്‌കനികള്‍ നല്‍കുന്ന നന്മമരം.പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയായ പ്രവാചക പ്രഭു മുഹമ്മദ് നബിയുടെ അനുധാവകര്‍ തന്നെയാണ് ബഹുദൈവാരാധനക്ക് ഇടമില്ലാത്ത യഥാര്‍ഥ ദൈവ വിശ്വാസികള്‍ എന്ന് ചുരുക്കം.
ധര്‍മയുദ്ധമെന്നും കുരിശു യുദ്ധമെന്നും വായിക്കുന്നവര്‍ ജിഹാദ് എന്നു പ്രയോഗിക്കുമ്പോള്‍ ഞെട്ടി വിറക്കുന്നതായി മനസ്സിലാക്കുന്നു. അനുവദനീയമെന്നും അല്ലാത്തതെന്നും മനോഹരമായി വായിച്ചെടുക്കുന്നവര്‍ ഹലാല്‍ ഹറാം പ്രയോഗത്തില്‍ ക്ഷുഭിതരാവുന്നു എന്നതും വലിയ തമാശ തന്നെയാണ്.
രാമരാജ്യത്തിന് വേണ്ടിയുള്ള പ്രതിജ്ഞയിലൊ,ദൈവ രാജ്യത്തിനായുള്ള മുട്ടിപ്പായ പ്രാര്‍ഥനയിലൊ, ആമോദത്തോടെ വസിക്കുന്ന നല്ലകാലത്തെ കുറിച്ചുള്ള ഭാവഗീതങ്ങളിലൊ നിരീക്ഷിക്കാത്ത വിഹ്വലത പ്രസ്‌തുത പ്രയോഗങ്ങളുടെ ഉറുദു അറബി ഭാഷാ പ്രയോഗത്തില്‍ കാണുന്നു എന്നതും കൗതുകം ജനിപ്പിക്കുന്നുണ്ട്.ഇവ്വിഷയത്തില്‍ ബഹുദൈവാരാധകരും ദൈവനിരാസ നിര്‍മ്മിത പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കളും മത്സരബുദ്ധിയോടെ സജീവമാണെന്നതും വിസ്‌മരിക്കാവതല്ല.
വിവിധ ധര്‍മ്മങ്ങളിലുള്ളവര്‍ പരസ്‌പരം പ്രേമിക്കുകയും വിവാഹം നടത്തുകയൊ ഒരുമിച്ചു ജീവിക്കുകയൊ ചെയ്യുമ്പോള്‍ ഇല്ലാത്ത അവസ്ഥ മുസ്‌ലിം യുവാക്കളുടെ പ്രേമത്തിനും വിവാഹത്തിനും കല്‍പിച്ചു കൊടുത്തിരിക്കുന്നതും വിരോധാഭാസം തന്നെ.ഇത്തരം സര്‍വ്വ സാധാരണ സംഭവങ്ങളെ പൊലിപ്പിച്ചു ഫലിപ്പിച്ചും എഴുതുന്നവരുടെ നേതാക്കളുടെ കുടുംബങ്ങളില്‍ ഇത്തരത്തിലുള്ള വിവാഹ ബന്ധങ്ങള്‍ യഥേഷ്‌ടം നടക്കുന്നു എന്നതും അടിവരയിടപ്പെടേണ്ടതത്രെ.
തീര്‍ച്ചയായും സത്യാന്വേഷികള്‍ തങ്ങളുടെ മനോഗതം പോലെ ഖുര്‍ആനിക ദര്‍ശനത്തിലേക്കും വിവിധ ധര്‍മങ്ങളിലേയ്‌ക്കും ആകൃഷ്‌രാകും.ഇവ്വിധം മനം മാറ്റം ലോകാവസാനം വരെയും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.കേവലമായ മതം മാറ്റം ഖുര്‍ആനിക വീക്ഷണമല്ല.നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞങ്ങള്‍ക്ക് ഞങ്ങളുടെ ദര്‍ശനവും എന്ന വചന പ്രമാണവും സുവിദിതമത്രെ.
എന്നാല്‍ നിര്‍ബന്ധിത പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവരെല്ലാം ഭീകര തീവ്ര അധാര്‍മ്മിക സംഘങ്ങളുടെ നങ്കേതങ്ങളിലേയ്‌ക്ക് നിയോഗിക്കപ്പെടുകയാണെന്നും ഉള്ള നട്ടാല്‍ കുരുക്കാത്ത നുണകളുടെ പ്രചരണം അതിഭീകരമത്രെ.ഔദ്യോഗികമായ കണക്കെടുപ്പിലൂടെ ഇത്തരം ഭീകര ബന്ധങ്ങളുടെ 'സിറിയന്‍ വലയില്‍' പെട്ട് രക്ഷപ്പെടുത്തപ്പെട്ടവര്‍ ഫാഷിസത്തിന്റെ അനുഭാവികളൊ,അനുചരന്മാരൊ ആയിരുന്നു എന്നതും ഏറെ ദുരൂഹതകള്‍ സൃഷ്‌ടിക്കുന്ന വസ്‌തുതയാണ്.പത്രമാധ്യമങ്ങള്‍ അവരുടെ പേരു വിവരങ്ങളും കൃത്യമായി പ്രസിദ്ധപ്പെടുത്തിയിരുന്നു.(അരുൺ കുമാർ സൈനി, സർവജിത്സിങ്, കൽദീപ് സിങ് , ജോഗ സിങ് തുടങ്ങിയവര്‍)
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നഖശിഖാന്തം എതിര്‍ക്കുകയും അപലപിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്ന ഒരു പൈശാചിക സംഘമാണ് ഐ.എസ് ഭീകര പ്രസ്ഥാനം.വിശ്വാസി സമൂഹത്തെ എതിര്‍ പക്ഷത്ത് നിര്‍ത്തുന്നതിന്റെ ഭാഗമായി ശാത്രുക്കള്‍ തന്നെ പടച്ചുണ്ടാക്കിയതാണ് ഈ പൈശാചിക സംഘടന എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇതിന്നനുകൂലമായി ഏതെങ്കിലും സംഘമോ സംഘടനയോ രംഗത്ത് വന്നിട്ടില്ല.വരികയും ഇല്ല.കാരണം പ്രഥമ ദൃഷ്‌ട്യാ തന്നെ ഇതിന്റെ അധാര്‍മ്മികത ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.എന്നിട്ടും ഇതാണ് കേരള സ്റ്റോറി എന്ന രീതിയില്‍ ഫാഷിസ്റ്റുകള്‍ കല്ലുവെച്ച നുണകളുടെ പ്രചണ്ഢമായ പ്രചരണത്തിലാണ്.ഏതു വിധേനയും രാഷ്‌ട്രീയ കേരളത്തെ പിടിച്ചടക്കാനുള്ള പുറപ്പാടിന് സാക്ഷാല്‍ സാത്താന്റെ എഴുന്നള്ളിപ്പ്. ഈ കരുനീക്കം അത്യന്തം അപകടം നിറഞ്ഞതാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
കലയുടെ പേരില്‍ കലാപം സൃഷ്‌ടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ തങ്ങളുടെ ലക്ഷ്യം നേടാന്‍ ഏതറ്റം വരെയും എത്തും എന്ന് നന്നായി അറിയുന്ന നിയമപാലക വിഭാഗത്തിന്റെ അഴകൊഴമ്പന്‍ ശൈലി ഏറെ ഖേദകരം തന്നെയാണ്.ഇതിന്നൊരുങ്ങി പുറപ്പെട്ടവരുടെ ഭീമമായ ഒരുക്കങ്ങളും സമ്പത്തും സമയവും അതിന്റെ വ്യാപ്‌തിയും ഒക്കെ അരിച്ചു പെറുക്കി ചിന്തിക്കുന്ന നീതിന്യായ നിര്‍വഹണ വിഭാഗത്തെ ചൊല്ലി സഹതപിക്കാം.ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വലിയ സന്നാഹങ്ങളും സമ്പത്തും വാരിയെറിഞ്ഞാല്‍ മതിയാകും എന്നു സമ്മതിക്കുകയാണോ ഈ ഫാഷിസ്റ്റ് കുഴലുത്തുകാര്‍ എന്നു പോലും തോന്നിപ്പോകും.
രാജ്യത്തിന്റെ ഭരണ സാരഥിപോലും ഈ തീക്കളിയെ പ്രോത്സാഹിപ്പിക്കുന്നു എന്നു ചില സാധുക്കളുടെ വിലാപം സോഷ്യല്‍ മീഡിയയില്‍ ഒഴുകുന്നുണ്ട്.രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ആളിപ്പടര്‍ന്ന അഗ്നി ഗോളങ്ങളും സമര്‍ഥമായ തിരക്കഥകളുടെ ഭാഗം തന്നെയാണ്.ആരാണീ ഭരാണാധികാരി. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വിജയ വീര ഗാഥകളും അധികാരാരോഹണവും എവ്വിധമായിരുന്നു.ഇതൊന്നും അറിയാത്ത വിധമുള്ള ഇത്തരം പരിദേവനങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരുന്നു.അന്താരാഷ്‌ട്ര തലത്തില്‍ തന്നെ കുപ്രസിദ്ധി നേടിയ വംശീയാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് അധികാരാരോഹണം നടത്തിയ ഒരു ഫാഷിസ്റ്റ് നേതാവില്‍ നിന്നും അധികാരികളില്‍ നിന്നും സംഘത്തില്‍ നിന്നും ഇരകള്‍ ഇനിയും നന്മകള്‍ പ്രതീക്ഷിക്കുന്നേടത്തോളം അവര്‍ വിജയിച്ചിരിക്കുന്നു എന്നത് അത്ര ശുഭകരമായ വാര്‍ത്തയൊ വര്‍ത്തമാനമൊ അല്ല.
കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ഫാഷിസ്റ്റ് ഭീകരതയുടെ അഗ്നിപ്പകര്‍ച്ച രാജ്യത്തിനെന്നല്ല ലോകത്തിനു തന്നെ ഭീഷണിയാകാതിരിക്കാനുള്ള പ്രവര്‍ത്തനവും പ്രാര്‍ഥനയും സജീവമാകട്ടെ.
മഞ്ഞിയിൽ
0 comments:
Post a Comment
Note: Only a member of this blog may post a comment.