Thursday, August 24, 2023

എഴുപതുകളിലെ ചില ഓര്‍‌മ്മകള്‍

1978 അവസാന മാസങ്ങളിലെ ഒരു ദിവസം.  കുറിച്ചു വെച്ചതൊന്നുമല്ല,  ഓർമ്മയിൽനിന്നെടുക്കുന്നതാണ്.  സൂഖ് വാഖിഫിലെ അന്നത്തെ വലിയ പള്ളിയുടെ,  ഇപ്പോഴത്തെ സിഗ്നലിനോട് ചേർന്ന കാർ പാർക്ക് ഒരു പാലസ് പൊളിച്ചുണ്ടാക്കിയതാണ്.  ജൈദ പാലസ് എന്നായിരുന്നു പേര്.  ജൈദാ കുടുംബത്തിന്റെ കുടുംബ വീടായിരിക്കണം. നാൽപ്പതോളം മുറികളുള്ള എം.ടി വാസുദേവൻ നായരുടെ കഥകളിലൊക്കെ വായിക്കാറുള്ള ഒരു നാലുകെട്ട്. 

ഈ പാലസിന്റെ നടുമുറ്റത്ത് ഒരു 250 പേർക്കെങ്കിലും സദ്യ വിളമ്പാം,  അത്ര വിസ്തൃതിയുള്ളതായിരുന്നു.  തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് വന്നവർ അവിടെ അന്തേവാസികളായി ഉണ്ടായിരുന്നു. ഞാനും കൂട്ടത്തിൽ ഒരന്തേവാസിയായിരുന്നു  മറ്റൊരു മുറിയിൽ ഖാസിം മൗലവിയും കക്കോടി മജീദ് സാഹിബും ഉണ്ടായിരുന്നു. (ഞാൻ പറയാൻപോകുന്ന സംഗതി നടക്കുമ്പോൾ അവർ താമസം മാറിയിരുന്നു). 

ഒരു വെള്ളിയാഴ്ച വൈകുന്നേരം കോമ്പൗണ്ടിൽ ഒരു പ്രസംഗമുണ്ടെന്നും പങ്കെടുക്കണമെന്നും റൂമിൽ ഒരാൾ വന്നു പറഞ്ഞിട്ടു പോയി. പ്രസംഗം കേൾക്കുന്നത് ചെറുപ്പത്തിലേ ഇഷ്ടമായിരുന്നതുകൊണ്ട് അന്നത്തെ ഊരുചുറ്റൽ വേണ്ടെന്നു വെച്ചു പ്രസംഗത്തിന് കാത്തിരുന്നു.  ഇശാ നമസ്ക്കാരാനന്തരം കുറച്ചുപേർ കൊച്ചു കാർപെറ്റ് കഷണങ്ങളും പേപ്പർ തുണ്ടുകളും ഉപയോഗിച്ച് നിലത്തിരുന്നു.ഒരു മുപ്പതു മുപ്പത്തഞ്ചു പേരുണ്ടാവണം സദസ്സിൽ.കുറച്ചുപേർ മുറികളുടെ വാതിൽതുറന്നിട്ടു ശ്രദ്ധിക്കുന്നുണ്ട് പക്ഷെ അവർ സദസ്സിലേക്ക് വന്നില്ല. 

അറബി വേഷം ധരിച്ച ഒരാളും പാൻഡും ഷർട്ടുമില്ല വേറൊരാളും.  ഉച്ചഭാഷിണിയൊന്നുമില്ല. പാൻഡ്‌സും ഷർട്ടുമിട്ട ആൾ സ്വാഗതം പറഞ്ഞു.ഇസ്‌ലാം ദീനിനെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളായിരുന്നു വിഷയം എങ്കിലും പരലോക വിശ്വാസത്തിനു ഊന്നൽ നൽകിയിരുന്നു.  സ്വാഗത പ്രാസംഗികൻ പറഞ്ഞു 'സദുദ്ദേശത്തോടുകൂടിയുള്ള ഒരു കർമ്മവും പാഴായിപ്പോവുകയില്ല.  അതിന്റെ പ്രതിഫലം പലിശ സഹിതം മരണാനന്തര ജീവിതത്തിൽ അല്ലാഹു നമുക്ക് തിരിച്ചുനൽകും.അതുകൊണ്ട് ഒഴിവുസമയങ്ങൾ പാഴാക്കിക്കളയാതെ പഠനത്തിനും കർമ്മത്തിനും ഉപയോഗപ്പെടുത്തണം'

അറബി വേഷമിട്ട ആൾ പ്രാഥമിക വാക്യങ്ങൾ പറഞ്ഞുകൊണ്ടും പ്രസംഗം കേൾക്കാനെത്തിയവരെ ആശംസിച്ചുകൊണ്ടും ആദ്യം പറഞ്ഞത് 'പലിശ അല്ലാഹു ഹറാമാക്കിയതാണ്.  അതുകൊണ്ട് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഇത്തരം സദസ്സുകളിൽ അത്തരം പദപ്രയോഗങ്ങൾ നടത്താൻ പാടില്ല.  എന്ത് വാഗ്ദാനം കൊടുക്കുമ്പോഴും അതിൽനിന്ന് പലിശയെ ഒഴിവാക്കണം'. 

എന്റെ 24 വയസ്സിന്റെ ബുദ്ധിയിൽ എനിക്ക് തോന്നി 'ഇയാള് കൊള്ളാമല്ലോ.  സ്വാഗതപ്രസംഗത്തിലെ ഒരു പദപ്രയോഗത്തെ നിരൂപണം നടത്തിക്കൊണ്ട് പ്രസംഗം ആരംഭിക്കുക!!! പള്ളികളിലെ ഖുത്തുബകളും വഅളുകളും കേട്ട് വന്ന എനിക്ക് ഇസ്‌ലാമിക പ്രഭാഷണത്തിലെ ഒരു വേറിട്ട ശൈലി പുത്തൻ അനുഭവമായിരുന്നു.  ആ രൂപം അന്ന് മനസ്സിൽ ഒട്ടിച്ചുവെച്ചു. 

പരിപാടി കഴിഞ്ഞു തൊട്ടടുത്ത് ഇരുന്നവരോട് ഞാൻ അന്വേഷിച്ചു 'ഇവർ ആരൊക്കെയാണ്'?  പലർക്കും അറിയില്ല.  അത് പറ്റില്ലല്ലോ,  അറിയണം.  പ്രസംഗകർക്ക് കൈ കൊടുത്ത ഒരാളെ സമീപിച്ചു ചോദിച്ചു.  അദ്ദേഹം പറഞ്ഞു 'അറബി വേഷത്തിലുള്ള ആൾ സലിം മൗലവി,  മറ്റേ ആൾ ഓ അബ്ദുറഹ്മാൻ. ഇവർ ജമാഅത്തുകാരാണ്.' ജമാഅത്ത് എനിക്കന്യമായിരുന്നില്ല,  അടുത്തിടപഴകിയ പരിചയമൊന്നുമില്ലെങ്കിലും.  

പിന്നീട് സലിം മൗലവിയുടെ പ്രഭാഷണം എവിടെയുണ്ടെന്നറിഞ്ഞാലും അതിൽ പങ്കെടുക്കൽ ഒരു ശീലമാക്കി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ മുഴങ്ങിക്കേട്ടത് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകന്ന ഇസ്‌ലാമിന്റെ കരുത്തും തിരിച്ചറിയാതെ പോകുന്ന ദീനിന്റെ ഇസ്സത്തുമാണ്.  ഒറ്റയായും കൂട്ടായും സംഘമായും ധാരാളമായി ഉയരുന്ന പ്രാർത്ഥനകൾ എത്തേണ്ടിടത്തു എത്താതെയും പ്രതികരണങ്ങളില്ലാതെ പോകുന്നതിന്റെയും കാരണങ്ങൾ പോലും തിരിച്ചറിയാത്ത സമുദായത്തയോർത്ത് അദ്ദേഹം പരിതപിച്ചിരുന്നു.  ആകൃതിയിലും പ്രകൃതിയിലും തലയെടുപ്പോടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും വാക്കുകളും ഇസ്‌ലാമിന്റെ ഇസ്സത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ് എന്ന് പോലും തോന്നിപ്പോയിട്ടുണ്ട്.  

അദ്ദേഹത്തിന്റെ 'ഖുർആനിന്റെ അമാനുഷികത' എന്ന പ്രഭാഷണ പരമ്പര വർഷങ്ങളോളം നീണ്ടുനിന്നു.അസോസിയേഷന്റെ ബുക്ക് ഡിപ്പോവിന്റെ ചാർജ് വർഷങ്ങളോളം ഞാൻ വഹിച്ചിരുന്നു.  അന്നത്തെ ഓഡിയോ കാസ്സെറ്റ് വിഭാഗത്തിൽ ബസ്റ്റ് സെല്ലര്‍ ആയിരുന്നു 8 കാസ്സറ്റുകളുള്ള ഖുർആനിന്റെ അമാനുഷികത കിറ്റ്. 

സൂഖ് ഫാലയിൽ ഗൾഫ് ഹോട്ടൽ എന്ന പേരിൽ അബൂബക്കർ ഹാജിയുടെ ഒരു ഹോട്ടലുണ്ടായിരുന്നു.  അസോസിയേഷന്റെ ചില പരിപാടികൾ ഈ ഹോട്ടലിലുള്ള ചെറിയ മീറ്റിംഗ് റൂമിൽ നടക്കാറുണ്ടായിരുന്നു.  കഥാകാരൻ യു.എ  ഖാദർ ഖത്തറിൽ വന്നപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകിയത് ഈ ഹോട്ടലിൽ വെച്ചായിരുന്നു.  സലിം മൗലവിയായിരുന്നു ഇസ്‌‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്.സ്വാഗത പ്രഭാഷണം നിർവ്വഹിച്ചത് മൗലവിയായിരുന്നു.  സിനിമയിലെ പിന്നണി ഗായകർ നായകൻമാർക്കനുസരിച്ചു ശബ്ദ വ്യത്യാസമുണ്ടാക്കി പാടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.  എന്നതു പോലെ സദസ്സിന്റെ സ്വഭാവത്തിനനുസരിച്ച് ഭാഷയും പ്രയോഗവും മൗലവിയുടെ ചിരിക്കുപോലും മാറ്റമുണ്ടാകും. മൗലവിയുടെ പ്രസംഗം ആരംഭിച്ചതു മുതൽ ഖാദർ വായിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു 'എന്റെ പരിമിതികളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.  ഇത്ര ഉയർന്ന നിലവാരമുള്ള മലയാളഭാഷ ഗൾഫിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു'. 

എല്ലാ ബലിപെരുന്നാൾ ദിനത്തിലും ഈദ് മീറ്റ് നടത്താറുണ്ടായിരുന്നു.  ഒരു വർഷം ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചുകൊണ്ട് അവരുടെ കോമ്പൗണ്ടിലെ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി.  അസോസിയേഷന്റെ ഭാഗത്തുനിന്ന് വി കെ അലി സാഹിബാണ് പ്രഭാഷകൻ.  അദ്ദേഹമായിരുന്നു അന്നത്തെ പ്രസിഡന്റ് എന്ന് തോന്നുന്നു. അലി സാഹിബിന്റെ പ്രഭാഷണം കഴിഞ്ഞ് പരിപാടിയുടെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോഴാണ് സലിം മൗലവി സദസ്സിലേക്ക് കയറിവരുന്നത്.  കോമ്പൗണ്ടിൽ വലിയ വെളിച്ചമൊന്നുമില്ല.  അദ്ദേഹത്തിന്റെ സവിശേഷമായ വസ്ത്രധാരണം കൊണ്ടാവാം പ്രസംഗിച്ചുകൊണ്ടുനിന്ന ഇസ്‌ലാഹി സെന്ററിന്റെ പ്രതിനിധി അദ്ദേഹത്തെ കണ്ടു സ്റ്റേജിലേക്ക് വിളിച്ചു.  സലിം മൗലവി മടിച്ചുനിന്നു.  പക്ഷെ നിർബന്ധം കൂടി.സ്റ്റേജിലെത്തിയ അദ്ദേഹത്തോട് സംഘാടകർ ഒരഭ്യർത്ഥന നടത്തി.  സദസ്സിനോട് എന്തെങ്കിലും പറയണം. ഒരധികപ്പറ്റാവും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നതു കൊണ്ടാവും വീണ്ടും നിർബന്ധിക്കേണ്ടിവന്നു. ഒരു ഒരുക്കവുമില്ലാതെ വന്ന മൗലവിയുടേതായിരുന്നു അന്നത്തെ ഏറ്റവും ആകർഷമായ പ്രഭാഷണം.  പ്രസംഗം തീരുന്നതുവരെ ഒരാളും സദസ്സിൽനിന്ന് എഴുന്നേറ്റു പോയില്ല. രണ്ടു സംഘടനകളും സംയുക്തമായി നടത്തിയ ആ ഈദ് മീറ്റ് വേറിട്ട ഒരനുഭവമായിരുന്നു. പിന്നീട് അത്തരം പരിപാടികൾ ഉണ്ടായില്ല. 

കമലാ സുരയ്യയുടെ ദോഹ സന്ദർശന വേളയിൽ അറബികളായ സാഹിത്യകാരന്മാരുടെ ക്ഷണപ്രകാരം അൽ ജസ്‌റ ക്ലബ്ബിൽ അവർക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു.  വലിയ പള്ളിയുടെ മുമ്പിലായിരുന്നു ക്ലബ് കെട്ടിടം (ഇപ്പോൾ അവിടെ റോഡാണ്).  കെട്ടിടത്തിന് ലിഫ്റ്റില്ല.  പരിപാടി ഒന്നാം നിലയിലുമാണ്.  കമല സുരയ്യ വീൽ ചെയറിലുമാണ്. ഞാനും എന്‍.പി അഷ്റഫും വീൽ ചെയറിന്റെ ഇരുവശവും പിടിച്ചു സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി നൂറുദ്ദീൻ പിന്നിലും നിന്ന് പടികൾ കയറിയാണ് അവരെ ഓഡിറ്റോറിയത്തിൽ എത്തിച്ചത്.  'കുട്ടികൾക്ക് നെഞ്ച് വേദനിക്കുന്നുണ്ടാവും' എന്നതായിരുന്നു സുരയ്യയുടെ വേവലാതി.  അവരുണ്ടോ അറിയുന്നു സേവനത്തിനു കിട്ടിയ ഒരവസരം ഞങ്ങൾ ആഘോഷിക്കുകയായിരുന്നു എന്ന്. അന്ന് അവരുടെ സംസാരം അറബിയിലേക്ക് തൽക്ഷണം പരിഭാഷപ്പെടുത്തിയത് സലിം മൗലവിയായിരുന്നു.സദസ്സിൽ എന്റെ തൊട്ടടുത്ത സീറ്റിൽ വി.എ കബീർ സാഹിബായിരുന്നു ഇരുന്നത്.  കബീർ സാഹിബ് പറഞ്ഞു 'മൗലവി പരിഭാഷപ്പെടുത്തുന്നത് ഉയർന്ന നിലവാരമുള്ള ക്ലാസിക് അറബിയിലാണ്.'. കബീർ സാഹിബിനറിയാമായിരുന്നു എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന്.  

അസോസിയേഷന്‍ വോളന്റീർ വിഭാഗത്തിന്റെ ആലോചനായോഗം മുതൽ ഞാനുണ്ടായിരുന്നു.  ഒരു വളന്റീർ വിഭാഗത്തിനെ രൂപപ്പെടുത്തി വികസിപ്പിച്ചെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ Captaincy യുടെ ചൂടും ചൂരും കാർക്കശ്യവും അനുഭവിച്ചിട്ടുണ്ട്.  ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഔദ്യോഗിക ജീവിതത്തിലും ദീനി സേവന പ്രബോധന മേഖലയിലും നിഷ്ഠകൾ പാലിക്കാനും ഇളകാതെ നിൽക്കാനും അന്നത്തെ പരിശീലനങ്ങൾ സഹായിച്ചിട്ടുണ്ട്. 

മരണം അല്ലാഹുവിന്റെ അലംഘനീയമായ നിയമമാണ്.  ദിവസങ്ങളുടെ വ്യത്യാസത്തിൽ എല്ലാവരും പോകും.  എന്നാൽ ചില മരണങ്ങൾ ഒരു ശൂന്യതയുണ്ടാക്കും.  പകരം വെക്കാനില്ലാത്ത മൗലവിയുടെ വിയോഗവും അത്തരത്തിൽ ഒന്നാണ്. മൗലവിക്ക് ബർസഖീ ജീവിതം ആനന്ദകരമാകുകയും,  സൽക്കർമ്മത്തിന്റെ സൽഫലങ്ങൾ കൂട്ടിനുണ്ടാവുകയും, വിചാരണയില്ലാതെ സ്വർഗ്ഗാരോഹണം സാധ്യമാകുകയും ചെയ്യുമാറാകട്ടേ - ആമീൻ

നാസിമുദ്ദീന്‍ കെകെ

0 comments:

Post a Comment

Note: Only a member of this blog may post a comment.