Wednesday, June 24, 2015

പുതിയ പരിപ്രേക്ഷ്യങ്ങള്‍

പുതിയ പരിപ്രേക്ഷ്യങ്ങള്‍ 
'ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു. ഗിരിസാനുക്കള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടു. ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു. അവര്‍ ചിന്തിക്കുന്നില്ലേ'. (ഖുര്‍ആന്‍)

ഇത്തരത്തില്‍ ചിന്തകള്‍ക്ക് തിരികൊളുത്തി മനുഷ്യ മസ്തിഷ്‌കത്തോട് സംവദിക്കുന്ന ഖുര്‍ആനിക ശൈലിയെ വൈചാരികമായ വായനക്ക് വിധേയമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ത്തമാന കാലത്തിന്റെ തേട്ടം പോലെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഖുര്‍ആന്‍ അവതീര്‍ണ്ണമായ കാലത്ത് വിമര്‍ശനവുമായെത്തിയവരോട് ആവുമെങ്കില്‍ ഇതുപോലൊന്നു കൊണ്ടുവരിക എന്ന സര്‍ഗാത്മക നിലപാടിന്റെ ബുദ്ധിപരമായ സമീപനത്തെ ഒരു മാനദണ്ഡമായി വികസിപ്പിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല.

പ്രപഞ്ചത്തിലെ ജന്തുജാലങ്ങളുടെ കൊക്കിലും കൊമ്പിലും കുളമ്പിലും അലിഫ് ലാമുകള്‍ പതിഞ്ഞിരിപ്പുണ്ടോ എന്ന അന്വേഷണ പാടവത്തില്‍ സാധാരണക്കാരന്റെ ചിന്താലോകം കുരുക്കപ്പെട്ടു പോയിരിക്കുന്നു. ഇക്കൂട്ടരുടെ അത്ഭുതക്കണ്ണുകളിലെ അമ്പരപ്പില്‍ സായൂജ്യം പൂണ്ട് മന്ത്രം ജപിച്ച് ചമ്രം പടിഞ്ഞിരിക്കാനുള്ള ഹാവഭാവത്തോളം പരിമിതപ്പെട്ടുപോയിരിക്കുന്നു സാമ്പ്രദായിക പണ്ഡിതരുടെ നിരീക്ഷണലോകം.

ആരാണ് സ്വന്തത്തെ അറിഞ്ഞവന്‍ അവനത്രെ സ്രഷ്ടാവിനെ അറിഞ്ഞവന്‍ എന്ന ലളിതസൂത്രം പോലും തെളിമയോടെ വായിച്ചെടുക്കാനറിയാതെ നട്ടം തിരിയുന്നതിന്റെ പ്രധാന കാരണം പഠന പാരായണത്തിന്റെ രാജപാതയില്‍ സഞ്ചരിക്കാന്‍ സൗഭാഗ്യം സിദ്ധിക്കാത്തതിനാലാണെന്ന് സമ്മതിക്കേണ്ടിവരും. ദൈവ നാമത്തില്‍ വായിക്കുക എന്ന പ്രഘോഷണത്തിന്റെ വിശാലമായ ചിന്താ സാമ്രാജ്യത്തിലെ വായിക്കപ്പെടേണ്ട പ്രപഞ്ചത്തിലേക്ക് കടന്നുവരാതെ ദൈവ നാമത്തില്‍ തുടങ്ങുക എന്ന പ്രാരംഭ വായനയില്‍ സമാശ്വസിക്കാനേ സാധിക്കുന്നുള്ളൂ എന്നത് ദൗര്‍ഭാഗ്യകരമാണ്.

ഹിറയില്‍ വെച്ച് വായിക്കാന്‍ ആജ്ഞാപിക്കപ്പെട്ടപ്പോള്‍ വായിക്കാനറിയില്ലെന്ന പ്രത്യുത്തരത്തെ അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ കേവല മറുപടിയെന്നതിനപ്പുറം അറിവില്ല എന്ന ഉത്തമമായ അറിവ് നിസ്സങ്കോചം പ്രഖ്യാപിക്കപ്പെട്ടതായി വിലയിരുത്തപ്പെട്ടില്ല. അറിവില്ല എന്ന അറിവിന്റെ ശുദ്ധമായ തറയിലാണ് വിജ്ഞാനത്തിന്റെ മണി ഗോപുരം പടുത്തുയര്‍ത്തപ്പെട്ടത്.

ലോകാനുഗ്രഹിയായ പ്രവാചകന്റെ മാനവിക വീക്ഷണങ്ങളേയും മാനുഷിക സമീപനങ്ങളേയും ഒരു പ്രത്യേക സമൂഹ ഘടനയില്‍ പരിമിതപ്പെടുത്തുന്ന വായനകള്‍ക്കാണ് പ്രചുര പ്രചാരം സിദ്ധിച്ചിട്ടുള്ളൂ. സാഹസികരായ ചില ചരിത്ര രചയിതാക്കള്‍ നടത്തിയ ഒറ്റപ്പെട്ട വായനകള്‍ മാത്രമായിരിക്കാം ഇതിന്നൊരപവാദം. ആധുനിക സമൂഹം കൃത്രിമമായി പടച്ചുണ്ടാക്കാന്‍ ശ്രമിക്കുന്ന മാനവിക ദാര്‍ശനിക വിഭാവനകള്‍ക്ക് പകരമായി ഒരു പൊതുമുഖമുള്ള സന്ദേശമായി പ്രവാചക പാഠങ്ങള്‍ പ്രചരിപ്പിക്കാനും പ്രസരിപ്പിക്കാനുമുള്ള ഔചിത്യ ബോധം പോലും അനുവര്‍ത്തിക്കപ്പെടാറില്ല.

ഖുര്‍ആന്‍ മാനവിക സമൂഹത്തിന് നല്‍കുന്ന സമഗ്രമായ ജീവിത വീക്ഷണത്തെയും അതിന്റെ പ്രതിനിധാനത്തിനുവേണ്ടി അശ്രാന്തം ശ്രമിക്കുന്നവരേയും  ഉള്‍കൊള്ളാന്‍ വിസമ്മതിക്കുന്ന പൊതു ബോധത്തെ കൂടുതല്‍ ദൃഢീകരിക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥയില്‍ രൂപപ്പെട്ട പോര്‍മുഖങ്ങള്‍ നിരവധിയാണ്. ഇവിടെ പുനര്‍വായനയുടെ പുതിയ പരിപ്രേക്ഷ്യങ്ങള്‍ കാലഘട്ടത്തിന്റെ തേട്ടമത്രെ.
24.06.2015
ഇസ്‌ലാം ഓണ്‍ലൈവിനുവേണ്ടി ...

0 comments:

Post a Comment

Note: Only a member of this blog may post a comment.