Thursday, August 6, 2015

പ്രപഞ്ച നാഥന്‍ അഥവ അല്ലാഹു

പ്രപഞ്ച നാഥന്‍ അഥവ അല്ലാഹു
ഓം, ഈശ്വര്‍, ഗോഡ്, യഹോവ, അല്ലാഹു എന്നിങ്ങനെ വിവിധ ഭാഷകളിലാണ് പ്രപഞ്ചനാഥന്‍ വിളിക്കപ്പെടുന്നത്. കുറച്ചുകൂടെ വ്യക്തമാക്കിപ്പറഞ്ഞാല്‍ മേലുദ്ധരിച്ച ഈശ്വര നാമങ്ങള്‍ ഏതുവേണമെങ്കിലും വിശ്വാസികള്‍ക്ക് ഉപയോഗപ്പെടുത്താം. സംസ്‌കൃത ഭാഷയില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഓം എന്നായിരിക്കും അല്ലാഹു എന്ന പദത്തിന്റെ തര്‍ജ്ജമ. അറബി ഭാഷയിലെ ബൈബിളിള്‍ അല്ലാഹു എന്നായിരിക്കും ഗോഡിനെ പരിഭാഷപ്പെടുത്തുക.

ദൈവ പ്രോക്തരായ പരിവ്രാചകന്മാരേയും പ്രവാചകന്മാരേയും ദൈവമാക്കി പ്രതിഷ്ഠിച്ചതിലൂടെയാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത്. ഇതിന്നൊരപവാദം പ്രവാചകന്‍ മുഹമ്മദ്(സ) മാത്രമാണ്. മറ്റു സമൂഹങ്ങള്‍ തങ്ങളുടെ പ്രവാചകന്മാരെ ദൈവമാക്കിയതു പോലെ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികള്‍ ദൈവമാക്കിയ ഒന്നല്ല അല്ലാഹു. മറിച്ച് അറബി ഭാഷയില്‍ പ്രപഞ്ച നാഥനെ സൂചിപ്പിക്കുന്ന പദം മാത്രമാണ്. പ്രവാചകന്‍ അബ്രഹാമിന്റെ അനുയായികളായി അറിയപ്പെട്ടിരുന്ന അറബികള്‍ കാലാന്തരത്തില്‍ വിശ്വാസപരമായി വ്യതിചലിച്ചു. ഒട്ടേറെ ദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. സാക്ഷാല്‍ പ്രപഞ്ച നാഥന്‍ അല്ലാഹുവാണെന്നു വിശ്വസിക്കുകയും ചെയ്തിരിന്നു. അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദിന്റെ(സ) പിതാവിന്റെ പേര്‍ അബ്ദുല്ല ദൈവ ദാസന്‍ എന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്. പ്രസ്തുത അറബ് സമൂഹമായിരുന്നു നേര്‍ക്കു നേരെയുള്ള മുഹമ്മദിന്റെ(സ) പ്രബോധിതര്‍. പ്രവാചകന്‍ അവരോട് പറഞ്ഞു. ഒരു ദൈവവുമില്ല സാക്ഷാല്‍ ദൈവമല്ലാതെ. ഭൂമിയില്‍ നിയോഗിക്കപ്പെട്ട സകല പ്രവാചകന്മാരും ഇവ്വിധം തന്നെയായിരുന്നു ഉദ്‌ഘോഷിച്ചിരുന്നത്. അഥവ നിരീശ്വര സമൂഹത്തെയായിരുന്നില്ല പ്രവാചകന്മാര്‍ സംസ്‌കരിച്ചിരുന്നത്. കാലാന്തരത്തില്‍ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ട ഈശ്വര വിശ്വാസികളെയായിരുന്നു.

ഈശ്വരാ എന്നു വിളിക്കുമ്പോളും ഓ ഗോഡ് എന്നുച്ചരികുമ്പോളും യഹോവയെ വിളിച്ച് തേടുമ്പോളും യാ അല്ലാ എന്നു വിളിക്കുമ്പോളും വിശ്വാസികളുടെ മനസ്സ് പിടക്കും പിടക്കണം. മറിച്ച് രാമനേയോ, ബുദ്ധനേയോ, മോശയേയോ, യേശുവിനേയോ, മുഹമ്മദിനേയോ വിളിച്ചു പ്രാര്‍ഥിക്കാനോ അത്തരം പ്രാര്‍ഥനകളില്‍ ആത്മാര്‍ഥമായി പങ്കുചേരാനോ സാക്ഷാല്‍ ഈശ്വര വിശ്വാസിക്ക് കഴിയില്ല. കാരണം അവര്‍ മനുഷ്യരായ പ്രാവചകന്മാര്‍ മാത്രമാണ്. മാതാപിതാക്കളുടെ സന്താനങ്ങളാണ്.

ദൈവം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാപൂരമാണ്. അവന്‍ അരൂപിയാണ്. മനുഷ്യ സങ്കല്‍പങ്ങള്‍ക്ക് അതീതനാണ്. അവന്‍ ജനിച്ചവനല്ല. ജനിപ്പിച്ചവനുമല്ല. ഇങ്ങനെയാണ് എല്ലാ സമുഹങ്ങളിലും ദൈവത്തെക്കുറിച്ച് പഠിപ്പിക്കപ്പെട്ടത്

പിന്‍കുറി: അല്ലാഹു എന്നാല്‍ മുസ്‌ലിം ദൈവം എന്നു വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ എഴുതുന്നത്.

06.08.2015
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി എഴുതിയത്

0 comments:

Post a Comment

Note: Only a member of this blog may post a comment.