Monday, June 22, 2015

പ്രകാശം പരക്കട്ടെ

പ്രപഞ്ച നാഥനെ മനസ്സിലാക്കിയിട്ടില്ലാത്ത വിശ്വാസി സമൂഹത്തിലെ വിവര ദോഷികളും.നിഷേധികളായി ചമയുന്ന നിരീശ്വര പാമരന്മാരും ഭൂമുഖത്ത് പോരടിച്ച്‌ വിലസുന്നു.ഈശ്വരനെ പരിചയപ്പെടുത്താനവതരിച്ച പ്രവാചകന്മാരെയും പരിവ്രാചകന്മാരെയും ദൈവമാക്കിയ വിശ്വാസികള്‍ ഒരു വശത്ത്.നിരീശ്വരത്തം പഠിപ്പിച്ചവരെ ബിം‌ബവത്കരിച്ചവര്‍ മറു വശത്ത്.

ഏക ദൈവ വിശ്വാസികളുടെ വിശ്വാസത്തിന്റെ നിഷ്‌കളങ്കതയും പരിശുദ്ധിയും സഹവാസികള്‍‌ക്ക്‌ അനുഭവപ്പെടും വിധം ജീവിതത്തില്‍ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്‌ ചില നിലപാടുകള്‍ അവിശ്വസനീയവും നിരര്‍‌ഥകവുമായി വിലയിരുത്തപ്പെടുന്നത്.സാന്ദര്‍‌ഭികമായി ഒരു പഴങ്കഥ ഓര്‍‌മ്മ വരുന്നു.

തൃശൂര്‍ ജില്ലയിലെ തീരദേശ താലൂക്കില്‍ പെട്ട പ്രസിദ്ധമായ ഒരു മസ്‌ജിദിന്റെ തൊട്ടടുത്ത്‌ ഒരു ക്ഷേത്രം ഉണ്ട്‌.ഈ ക്ഷേത്രത്തിലെ ഉത്സവം പള്ളിപ്പരിസരത്ത്‌ എത്തുമ്പോള്‍ എല്ലാ വാദ്യ മേളങ്ങളും നിര്‍‌ത്തി പള്ളിപ്പരിസരം കഴിഞ്ഞതിനു ശേഷം മത്രമേ ആഘോഷം തുടങ്ങാറുണ്ടായിരുന്നുള്ളൂ.

നാളേറെ കഴിഞ്ഞപ്പോള്‍ ഈ രീതിയ്‌ക്ക്‌ മാറ്റം വരുത്തിക്കൊണ്ട്‌ ആഘോഷം കടന്നു പോകാന്‍ തുടങ്ങി.ഒടുവില്‍ കോടതിയിലെത്തിയ കേസില്‍ മസ്‌ജിദ്‌ ഭാരവാഹികളുടെ എതിര്‍പ്പിന്‌ ന്യായീകരണം ഇല്ലെന്ന്‌ കോടതി നിരീക്ഷിച്ചു.കാരണം വളരെ വ്യക്തമാണ്‌.ക്ഷേത്രത്തിലെ ഉത്സവത്തിനെത്തുന്ന വാദ്യക്കാരും ആനക്കാരും തന്നെയാണ്‌ പള്ളിയിലെ ആഘോഷത്തിനും പെരുപ്പിക്കുന്നത്.ഇതായിരുന്നു കോടതിയുടെ നിരീക്ഷണം

വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ ശുദ്ധമായ സം‌സ്‌കാരത്തിലേയ്‌ക്ക്‌ തിരിച്ചുവരട്ടെ.ഭാരതം അവര്‍‌ക്ക്‌ പച്ചപ്പരവതാനി തന്നെ വിരിക്കും.താനിരിക്കേണ്ടിടത്ത്‌ താനിരിക്കാത്ത സാഹചര്യത്തില്‍ അവിടെ വേറെ പലരും ചമ്രം പടിഞ്ഞിരുന്നെന്നു വരും.കെട്ടിപ്പൊതിഞ്ഞു വെച്ച വിശുദ്ധവേദം ഇറങ്ങി നടക്കട്ടെ  വിളക്കും തിരിയുമില്ലാതെ തന്നെ പ്രകാശം പടരും.

ഭൂരിപക്ഷം വിശ്വാസികളും നിലവിളക്ക് കത്തിക്കുന്നതില്‍ അനൗചിത്യം ദര്‍‌ശിക്കുന്നവരത്രെ.ഇത്തരം വിഷയങ്ങളെ വിശ്വാസപരമായാണ് മുസ്ലിം ഭൂരിപക്ഷം സമീപിക്കുന്നത്.കാരണം സൃഷ്ടിപൂജ എന്ന കൊടിയ പാപത്തിലേക്കു നയിക്കുന്ന യാതൊന്നിനെയും ഇസ്‌ലാം അനുവദിക്കുന്നില്ല.പ്രകാശത്തോടെന്തേ ഇത്ര വിരോധം എന്ന പരിഹാസത്തിനും വിശ്വാസികള്‍ വിധേയരകാറുണ്ട്‌. 

പ്രകാശം പരത്തൽ മാത്രമാണ് ഉദ്ധേശമെങ്കിൽ എന്തുകൊണ്ട് ഇവിടെ മറ്റേതെങ്കിലും വിളക്ക്‌ ആയിക്കൂടാ? അപ്പോൾ നിലവിളക്കിനു അതിന്റേതായ അർത്ഥ തലങ്ങള്‍ ഉണ്ട്. അതന്വേഷിച്ചു നോക്കിയാൽ ചെന്നെത്തുന്നത് അഗ്നി ആരാധനയിലേക്കാണ്.നിലവിളക്ക്‌ പരിപാലനം എന്ന ഒരു വലിയ പാഠവും അതിന്റെ നിബന്ധനകളും തന്നെ ഹൈന്ദവ ശാസ്‌ത്രങ്ങള്‍ അനുശാസിക്കുന്നുണ്ട്‌.

വെളിച്ചം നല്‍കുകയെന്ന ലക്ഷ്യത്തില്‍ വിളക്ക് തെളിയിക്കൽ അനഭിലഷണീയമായി ഗണിക്കപ്പെടാവതല്ല.പള്ളികളിലും ഒരു വേള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചില മജ്‌ലിസുകളിലും നിലവിളക്കും വെളിച്ചെണ്ണയും പുരാതന കാലം മുതലേ പ്രചാരത്തിലുണ്ടായിരുന്നു.എന്നാല്‍ അതൊക്കെ വെളിച്ചത്തിനു വേണ്ടിയായിരുന്നു എന്നതത്രെ സത്യം. മണ്ണെണ്ണക്കു മുമ്പ് വ്യാപകമായി ഇന്ധനമായി വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളും ഈ വെളിച്ചെണ്ണ ഉപയോഗത്തിലടങ്ങിയിട്ടുണ്ടാവാം. ചുറ്റുഭാഗത്തും തിരികളുള്ള രീതി വന്നത് കൂടുതല്‍ പ്രകാശം ലഭിക്കുന്നതിനും ആകാം.

ഉദ്‌ഘാടനങ്ങള്‍ നിലവിളക്കിനെ സാക്ഷിയാക്കി നടത്തുന്നതിലേയും നടക്കുന്നതിലേയും ഉള്‍പ്രേരണ വെളിച്ചമാകട്ടെ എന്ന സദുദ്ധേശമാകാന്‍ തരമുണ്ടാകാത്തതിന്റെ കാര്യ കാരണം വളരെ വ്യക്തം.തങ്ങളുടെ വിശ്വാസ പരമായ സം‌സ്‌കാരം ആകട്ടെ എന്നത് തന്നെയാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല എന്നതാണ്‌ സത്യം.നില വിളക്കിനെ സമീപിക്കുന്ന ശൈലിയും തിരി തെളിയിക്കുന്ന രീതിയും ദര്‍‌ശിച്ചാല്‍ മതിയാകും.ഒരു ദര്‍‌ശനത്തിന്റെ ശാസ്‌ത്രത്തില്‍ അനുശാസിക്കുന്ന വിധം കൊളുത്താന്‍ പ്രത്യേകം നിര്‍‌ദേശിക്കപ്പെടാറും ഉണ്ട്‌.

തിരി തെളിയിച്ച്‌ ഉദ്‌ഘാടനം എന്ന സര്‍‌വാംഗീകൃത ചര്യയുടെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നിന്നും മുഖം തിരിയാന്‍ പറ്റാത്ത വിധം സാമൂഹിക സാംസ്‌കാരിക ലോകം മാറിയ സാഹചര്യത്തില്‍ യുക്തി പൂര്‍‌വ്വം കാര്യങ്ങളെ നേരിടാന്‍ വിശ്വാസിക്ക്‌ സാധിക്കണം.

22.06.2015

0 comments:

Post a Comment

Note: Only a member of this blog may post a comment.