Thursday, October 1, 2020

സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം

അറബി ഭാഷയിലെ സുകൂന്‍ അഥവാ സമാധാനം എന്ന വാക്കില്‍ നിന്നും നിഷ്‌പന്നമായ പദങ്ങളാണ്‌‌ സാക്കിനും സുക്കാനും ഒക്കെ.മനുഷ്യരും അവരുടെ പാര്‍‌പ്പിടങ്ങളും സമാധാനാന്തരീക്ഷത്തിലായിരിക്കുക എന്നതാണ്‌ ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്.

ഒരു പ്രദേശത്തിന്റെ പ്രവിശ്യയുടെ രാജ്യത്തിന്റെ എന്നല്ല ലോകത്തിന്റെ തന്നെ ശാന്തിക്ക്‌ നിതാനമാകുന്ന ഇടങ്ങളായി ഭവനങ്ങള്‍ മാറണം എന്നതത്രെ വിശുദ്ധ ഖുര്‍‌ആനിന്റെയും തിരു ചര്യയുടെയും അത്‌ പ്രകാശിപ്പിക്കുന്ന ദര്‍‌ശനത്തിന്റെയും ഉയര്‍‌ന്ന വിഭാവന.

ജീവിത വിഭവങ്ങള്‍ സൗഭാഗ്യങ്ങള്‍ എല്ലാം മാമ്പഴം പോലെയാണെന്നു പഴമക്കാര്‍ പറയാറുണ്ട്‌‌.പഴമക്കാരുടെ ഈ മധുമൊഴിയില്‍ വലിയ സാരാം‌ശങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.പലരും പല വിധത്തിലാണ്‌ ഈ മാമ്പഴം കഴിക്കുന്നത്.ചിലര്‍ അതിനെ ഞെക്കി ഞരുക്കി ഒരു പരുവത്തിലാക്കി മൊത്തി മൊത്തി കുടിക്കാന്‍ ശ്രമിക്കുന്നു.മറ്റു ചിലര്‍ കടിച്ച്‌ മുറിച്ച്‌  ചാറൊലിപ്പിച്ച്‌ തിന്നുന്നു.വേറൊരു വിഭാഗം മാമ്പഴം വൃത്തിയായി കഴുകിയതിനു ശേഷം തൊലിയെല്ലാം നീക്കം ചെയ്‌ത്‌ കഴിക്കാന്‍ പാകത്തിലുള്ള കഷ്‌‌ണങ്ങളാക്കി ഒരു പാത്രത്തില്‍ വൃത്തിയായി  വെക്കുന്നു. എന്നിട്ട്‌ ഓരോന്നായി സാവകാശം ആസ്വദിച്ച്‌ കഴിക്കുന്നു.മനുഷ്യരുടെ ജീവിതത്തോടുള്ള സമീപനത്തെ കുറിക്കാനാണ്‌ ഇതൊക്കെ സൂചിപ്പിച്ചത്.

സമീപനം ഒരു സം‌സ്‌കാരമാണ്‌.പ്രവാചക പ്രഭുവിന്റെ ജീവിത പാഠങ്ങളില്‍ അതിമനോഹരങ്ങളായ രം‌ഗങ്ങള്‍ കാണാം.പ്രസ്‌തുത രം‌ഗങ്ങളുടെ വര്‍‌ണ്ണ രാജി അതിമനോഹരമാണ്‌.ഹൃദ്യമാണ്‌.പലതും അവാച്യവുമാണ്‌.ഒരിക്കല്‍ തന്റെ പ്രിയതമയുടെ കയ്യില്‍ വെച്ചു കൊടുത്ത പാത്രം ബോധപൂര്‍‌വ്വം അവര്‍ താഴെയിട്ടു‌.തറയില്‍ പൊട്ടിച്ചിതറിയ പാത്രത്തിന്റെ ചിതറിക്കിടന്ന ഓരോ ചില്ല്‌ കഷ്‌ണവും സൂക്ഷ്‌മതയോടെ പെറുക്കി കൂട്ടുകയായിരുന്നു തിരുമേനി.ക്ഷമയുടെ അതിമനോഹരമായ പാഠം കണ്ട്‌ പ്രിയ പത്‌‌നി പൊട്ടിക്കരഞ്ഞതും പശ്ചാതപിച്ച നല്ല പാതിയെ സമാശ്വസിപ്പിച്ചതും ചരിത്രത്തില്‍ വായിക്കാനാകും.

ഇണകളെ വേണ്ട വിധം പരിഗണിക്കാത്തവരെയും സന്താനങ്ങളോട്‌ സ്‌നേഹ വാത്സല്യങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും പ്രവാചകന്‍ ശാസിക്കുമായിരുന്നു. അനാഥ കുട്ടികളുടെ ചാരത്ത്‌ വെച്ച്‌ സ്വന്തം മക്കളെ ലാളിക്കുന്നതിനെ താക്കീത്‌ നല്‍‌കുകയും ചെയ്‌‌തിരുന്നു.ചുറ്റുമുള്ളവരുടെ വികാര വിചാരങ്ങളെ വായിച്ചെടുക്കുന്നവനാകണം മനുഷ്യന്‍ എന്നതാണ്‌ പ്രവാചകാധ്യാപനം.

ഇണകളുടെ ഇണക്ക പിണക്കങ്ങളെ ഏറെ സൂക്ഷ്‌മതയോടെയായിരുന്നു തിരുമേനി കൈകാര്യം ചെയ്‌തത്.അവരോടൊപ്പം എല്ലാ കാര്യത്തിലും സഹകരിച്ചും സന്തോഷിപ്പിച്ചും കൊണ്ടായിരുന്നു പ്രവാചകന്റെ കുടും‌ബ ജീവിത മാതൃക.ഒരു പാത്രത്തില്‍ നിന്നും ഭക്ഷിച്ചും കുടിച്ചും,ഒപ്പമിരുന്ന്‌ കുശലം പറഞ്ഞും കളിച്ചും ചിരിച്ചും മാനസീകോല്ലാസങ്ങളില്‍ പങ്കെടുത്തും ആയിരുന്നു മഹാനുഭാവന്റെ ജീവിത രീതി.

സഹധര്‍‌മ്മിണി കടിച്ചെടുത്ത് ഭക്ഷിച്ച ഭാഗത്ത് തന്നെ കടിച്ചും അവര്‍ പാനം ചെയ്‌ത ഭാഗത്ത്‌ ചുണ്ട്‌ ചേര്‍ത്ത്‌ വെച്ച്‌ പാനം ചെയ്‌തിരുന്നതായും ചരിത്ര രേഖകളില്‍ കാണാം.അവരുടെ മടിയില്‍ തലചായ്‌ച്ചു കിടന്നു കൊണ്ട്‌ ഖുര്‍‌ആന്‍ പാരായണം പോലും നടത്തിയിരുന്നു.ഒരു തൊട്ടിയില്‍ നിന്നും കുളിച്ചിരുന്നതും പരസ്‌‌പരം സ്‌നേഹ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതു പോലും രേഖപ്പെടുത്തപ്പെട്ടു പോയ മുഹൂര്‍‌ത്തങ്ങളാണ്‌.

മണ്‍ മറഞ്ഞു പോയ പ്രിയ പത്‌നിയെ അനുസ്‌മരിക്കുകയും ഒരു വേള സങ്കടപ്പെടുകയും ചെയ്യുമായിരുന്ന പച്ചയായ മനുഷ്യനായിരുന്നു തിരുമേനി.

എന്നും വഴിയോരത്ത്‌ പതിയിരുന്ന്‌ തിരു ദൂതരുടെ നേരെ അടിച്ചു വാരിയ ചപ്പു ചവറുകള്‍ വലിച്ചെറിയുന്ന ജൂത പെണ്‍ കുട്ടിയുണ്ടായിരുന്നു.ഒരു ദിവസം പെണ്‍ കുട്ടിയെ കണ്ടില്ല.അവളുടെ ശല്യം ഏല്‍‌ക്കാതെ വന്നതില്‍ കൂടെയുണ്ടായിരുന്ന സഖാക്കള്‍ സന്തോഷിച്ചു.പ്രവാചകന്‍ അവരോടായി ആരാഞ്ഞു.എന്തെ ആകുസൃതിക്കാരിക്ക്‌ പറ്റി.ഒടുവില്‍ കുട്ടിയുടെ വീട്ടിലെത്തിയ പ്രവാചകന്‍ കണ്ടത് കടുത്ത ജ്വരം ബാധിച്ച്‌ കിടക്കുന്ന പെണ്‍ കുട്ടിയെ ആയിരുന്നു.നിത്യവും ശല്യം ചെയ്‌തിരുന്ന ഒരാളുടെ കാര്യത്തില്‍ പോലും അന്വേഷണം നടത്തിയ തിരുമേനിയുടെ സ്വഭാവ മഹിമ ആകുടും‌ബത്തെ സത്യമാര്‍‌ഗ്ഗം പുല്‍‌കാന്‍ കാരണമാക്കിയതായി ചരിത്രം പറഞ്ഞു തരുന്നുണ്ട്‌.

ഒരിക്കല്‍ ആരാധനാലയത്തിന്റെ ഒരു ഭാഗത്തിരുന്ന്‌ വിസര്‍‌ജ്ജനം നടത്തിക്കൊണ്ടിരുന്ന ബദവിയുടെ അടുക്കലേക്ക്‌ അക്രോശിച്ച്‌ ഓടിയവരെ റസൂല്‍ വിലക്കുകയുണ്ടായി.കൃത്യ നിര്‍‌വഹണത്തിനു ശേഷം വളരെ മാന്യമായി കാര്യം ബോധ്യപ്പെടുത്തുക മാത്രമായിരുന്നു പ്രവചകന്‍ ചെയ്‌തത്.

നമസ്‌കാരം നടന്നു കൊണ്ടിരിക്കെ അഭിവാദ്യം ചെയ്‌തു കൊണ്ട്‌ ഒരു അ‌അ്‌റാബി കടന്നു വന്നു.നമസ്‌കാരത്തിലുണ്ടായിരുന്ന ചിലര്‍ പ്രത്യുത്തരവും നല്‍‌കിയിരുന്നു.നമസ്‌കരാനന്തരം പ്രവാചകന്‍ കടുത്ത രീതിയില്‍ ശാസിച്ചേക്കും എന്ന ആശങ്കയുമായി നിന്ന അനുയായികളോട്‌ തിരുമേനി ഉപദേശിച്ചു.നമസ്‌കാരത്തില്‍ പ്രാര്‍‌ഥിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതല്ലാതെ മറ്റൊന്നും നമസ്‌കാര സമയത്ത് ഉരിയാടരുത്, എന്നു മാത്രമായിരുന്നു.

വലിയ ചുമടും വഹിച്ച്‌ അറേബ്യന്‍ തെരുവിലൂടെ നടന്നു പോകുന്ന ഉമ്മാമയോട്‌ ഈ കനത്ത ഭാരം താന്‍ വഹിച്ചു കൊള്ളാമെന്നു പറഞ്ഞ്‌ വൃദ്ധയുടെ ചുമടും ചുമന്നു ദീര്‍‌ഘ ദൂരം നടന്ന പ്രവാചകന്റെ മാനുഷികത അളക്കാന്‍ സാധിക്കുകയില്ല. സാം‌സ്‌കാരികമായ അപജയങ്ങളും പരമ്പരാഗതാനുഷ്‌ഠാനങ്ങളിലെ പൊള്ളത്തരങ്ങളും ഏക ദൈവ വിശ്വാസത്തില്‍ കളങ്കം ചേര്‍‌ക്കപ്പെട്ടതിലെ അധാര്‍‌മ്മികതയും ഒക്കെ വിശദീകരിച്ച്‌ പുതു പുത്തന്‍ വാദവും മതവുമായി‌ എത്തിയ  മുഹമ്മദ്‌ ബിന്‍ അബ്‌ദുല്ലയെ കുറിച്ച്‌ കടുത്ത വിമര്‍‌ശനങ്ങള്‍ വാതോരാതെ സംസാരിച്ചു കൊണ്ടായിരുന്നു ഉമ്മാമ നടന്നത്.ഒടുവില്‍ ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള്‍ യാത്ര പറയുന്ന നേരത്ത് മുഹമ്മദിന്റെ കെണിയില്‍ വീഴരുതെന്നായിരുന്നു വീണ്ടും ഉമ്മാമയുടെ വസ്വിയത്ത്. മന്ദഹസിച്ചു നിന്ന പ്രവാചകന്റെ മുഖത്ത് നോക്കി ഉമ്മാമ സ്‌തബ്‌ധയായി.പിന്നെ അവര്‍ സത്യ സാക്ഷ്യം മൊഴിഞ്ഞു. 

തന്റെ സൂക്ഷിപ്പ്‌ മുതല്‍ തിരിച്ചു ചോദിക്കാനെത്തിയ ബാലനെ അബൂലഹബ്‌ ആട്ടിപ്പായിച്ചപ്പോള്‍ അവന്‍ വിതുമ്പിക്കരഞ്ഞ്‌ നടന്നു പോകുകയായിരുന്നു. കാര്യം മനസ്സിലാക്കിയ ഖുറൈഷികളിലെ മറ്റു ചില പ്രമുഖര്‍ കുട്ടിയെ സഹായിക്കാനെന്ന തരത്തില്‍ എന്നാല്‍ കളിപ്പിക്കാമെന്ന വ്യാമോഹത്തില്‍ ഒരു കാര്യം പറഞ്ഞു കൊടുത്തു.മുഹമ്മദിനോട്‌ പറഞ്ഞാല്‍ മതി ഇതൊക്കെ പരിഹരിക്കപ്പെടും.ഇത്‌ കേള്‍‌ക്കേണ്ട മാത്രയില്‍ കുട്ടി അത്‌ അനുസരിച്ച് പ്രവാചകനോട്‌ കാര്യം ധരിപ്പിച്ചു.ഇവര്‍ പറയുന്ന മുഹമ്മദ്‌ പ്രവാചകനാണ്‌ എന്നതൊന്നും കുട്ടിക്ക്‌ അറിയില്ല.

കുട്ടിയുടെ ന്യായമായ ആവശ്യം നിറവേറ്റിക്കൊടുക്കാനുള്ള മനസ്സാനിധ്യത്തോടെ പ്രവാചകന്‍ പുറപ്പെട്ടു.തിരു ദൂതരുടെ കല്‍‌പന ശിരസാവഹിച്ച അബുല്‍ ഹകമിനെയാണ്‌ ചരിത്രം വായിക്കുന്നവര്‍ കാണുന്നത്.മുഹമ്മദിന്റെ ചുമലുകള്‍ തന്നെ ഭയപ്പെടുത്തി എന്നായിരുന്നു തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു കൊണ്ട്‌ അബുല്‍ ഹകം തന്റെ സം‌ഘാം‌ഗങ്ങളോട്‌ പറഞ്ഞതെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഒരിക്കല്‍ ഈത്തപ്പനച്ചോട്ടില്‍ വിശ്രമിച്ചു കൊണ്ടിരുന്ന റസൂല്‍ തിരുമേനിയുടെ അരയില്‍ നിന്നും ആയുധം ഊരിയെടുത്ത് തട്ടി ഉണര്‍‌ത്തി ഒരു ജൂതന്‍ ചോദിച്ചു.ഇപ്പോള്‍ ആരാണ്‌ താങ്കളെ രക്ഷിക്കാനുള്ളത്.ലോക രക്ഷിതാവായ അല്ലാഹു. നിസ്സങ്കോജം ആത്മ ധൈര്യത്തോടെയുള്ള പ്രത്യുത്തരം കേട്ട്‌ ജൂതന്റെ കയ്യിലെ ആയുധം നിലത്തു വീഴുകയായിരുന്നു.ഇതേ ചോദ്യം പ്രവാചകന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അയാള്‍ പ്രവാചകന്റെ കാരുണ്യത്തെ കുറിച്ച്‌ വാചാലമാകുകയായിരുന്നു.  

സന്ധി സം‌ഭാഷണങ്ങളുടെ ഭാഗമായുള്ള കരാറില്‍ അല്ലാഹുവിന്റെ തിരുദൂതര്‍ എന്നത് തിരുത്താന്‍ പറഞ്ഞപ്പോള്‍ അനുയായികളില്‍ അമര്‍‌ഷം പുകഞ്ഞു.എന്നാല്‍ എതിര്‍‌ഭാഗത്തിന്റെ വാദത്തെ അം‌ഗീകരിക്കുകയായിരുന്നു പ്രവാചകന്‍.കാരണം അല്ലാഹുവിന്റെ റസൂലാണെന്ന് തങ്ങള്‍ പരിഗണിക്കുന്നു എങ്കില്‍ രണ്ട്‌ സം‌ഘങ്ങള്‍ പോലും ആകുമായിരുന്നില്ലല്ലോ എന്നായിരുന്നു മറു ഭാഗത്തിന്റെ വാദം.‌പ്രസ്‌തുത വാദഗതിയെ പ്രവാചകന്‍ അം‌ഗീകരിച്ചു കൊണ്ടായിരുന്നു ഉടമ്പടിയില്‍ ഒപ്പ്‌ വെച്ചത്.ഉടമ്പടിയെ തെളിഞ്ഞ വിജയം എന്നാണ്‌ ഖുര്‍‌ആന്‍ വിശേഷിപ്പിച്ചത്‌. അങ്ങിനെതന്നെയാണ്‌ സം‌ഭവിച്ചതും.

പ്രതിരോധ സമരങ്ങളിലും ദൈവ മാര്‍‌ഗ്ഗത്തിലെ പോരാട്ടങ്ങളിലും പിടിക്കപ്പെട്ടിരുന്ന തടവുകാരില്‍ അധിക പേരും സന്മാര്‍‌ഗ്ഗത്തിലേയ്‌ക്ക്‌ ആകര്‍‌‌ഷിക്കപ്പെട്ടത് തങ്ങള്‍ ശത്രുക്കളായി ഗണിച്ചിരുന്ന പ്രവാചകനില്‍ നിന്നും അനുയായികളില്‍ നിന്നും ഉള്ള മാന്യമായ  സഹവാസവും പരിഗണനയും  ആയിരുന്നുവെന്ന്‌ ചരിത്രം വായിക്കുന്നവര്‍‌ക്ക്‌ ബോധ്യമാകും.

തിന്മയെ തിന്മ കൊണ്ട്‌ തടയാന്‍ കഴിയില്ല.മലിനമായത്‌ മലിനമായതു കൊണ്ട്‌ ശുദ്ധിയാകുകയില്ല.ദ്വേഷ്യപ്പെടുന്നവരോടുള്ള ക്ഷമാപൂര്‍‌വമുള്ള പെരുമാറ്റത്തില്‍ പൈശാചികതകള്‍ ഓടിയൊളിക്കും. പ്രകോപനങ്ങളെ അതേ നാണയത്തില്‍ നേരിട്ട്‌ പരിഹരിക്കാന്‍ സാധിക്കുകയില്ല.ദുഃസ്വഭാവം പ്രകടിപ്പിക്കുന്നവരോടുള്ള സ്‌നേഹ വായ്‌പില്‍ അയാളുടെ ഹൃദയം തരളിതമാകും.സേവന സന്നദ്ധമായ മനസ്സിന്റെ മുന്നില്‍ എതിരാളികള്‍ പോലും തോറ്റു പോകും.സഹജരുടെ അവകാശത്തിനു വേണ്ടിയുള്ള സ്ഥൈര്യമായ ശബ്‌ദം അവകശം നിഷേധിക്കുന്നവരെ ഭയവിഹ്വലരാക്കും. ധര്‍‌മ്മ പാതയില്‍ അടിയുറച്ച്‌ ദൈവത്തില്‍ ഭരമേല്‍‌പിച്ച്‌ പ്രവര്‍‌ത്തിക്കുന്നവരില്‍ ലോക രക്ഷിതവിന്റെ അനുഗ്രഹം വര്‍‌ഷിക്കും. ഘനാന്ധകാരത്തില്‍ ഇത്തിരിവെട്ടം പോലും പ്രതീക്ഷയുടെ പൂനിലാവായി മാറും.

ജിവിതത്തിലെ സകല തുറകളിലുമുള്ള കാര്യങ്ങളെയും അഭിമുഖീകരിക്കുമ്പോള്‍ - ഇടപെടുമ്പോള്‍;വിശ്വാസം,നീതി ബോധം, സൗമ്യമായ സമീപനം,വിശിഷ്‌ടമായ പെരുമാറ്റം, ആത്മാര്‍‌ഥത, ഗുണകാം‌ക്ഷ, ശുഭ പ്രതീക്ഷ,വിട്ടു വീഴ്‌ച,   എല്ലാം വളരെ പ്രധാനമാണ്‌. കുടും‌ബ ജിവിതത്തിലായാലും കൂട്ടു കുടും‌ബ വിഷയങ്ങളിലായാലും പൊതു സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായാലും ഇതെല്ലാം അനിവാര്യമാണ്‌. സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം അത്ഭുതങ്ങള്‍ സൃഷ്‌ടിക്കും.

0 comments:

Post a Comment

Note: Only a member of this blog may post a comment.