Tuesday, January 26, 2021

മാനുഷികതയിലേയ്‌ക്ക്‌ ഉയരാന്‍ ഉണരാന്‍

മാനുഷികതയിലേയ്‌ക്ക്‌ ഉയരാന്‍ ഉണരാന്‍ 

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്.രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. 

ജനക്ഷേമ രാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിനർഥം.വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ രാജ്യത്ത് ഓരോ പൗരനും ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവസരവും അവകാശവും നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഒരുസ്വതന്ത്രപരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത് ഈ പരമോന്നത നിയമസംഹിതയോടാണ്. അതിനെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തോടും ജനങ്ങളോടും വിളിച്ചു പറയുന്നത്.

ലോകത്ത്‌ വിവിധ രാജ്യങ്ങളില്‍ വ്യതസ്‌തങ്ങളായ ഭരണ സം‌വിധാനങ്ങള്‍ നിലവിലുണ്ട്‌.കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ ഏക കക്ഷി ഭരണമാണ്‌. പ്രസ്‌തുത പാര്‍ട്ടിക്കകത്ത് മാത്രം പരിമിതമായ ചില സ്വാതന്ത്ര്യങ്ങളും ഉണ്ടത്രെ.

പേര്‍‌ഷ്യന്‍ രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇറാനിലും ഏക കക്ഷി ഭരണമാണെന്നു പറയാം.എന്നാല്‍  ധാര്‍‌മ്മിക മൂല്യങ്ങളില്‍ അധിഷ്‌ടിതമായ സഭയും കൂടിയാലോജനാ സമിതിയും ജന പ്രതിനിധി സഭയും അവിടേയും ഉണ്ടെന്നാണ്‌ അറിയുന്നത്.പേര്‍‌ഷ്യയോട്‌ ചേര്‍ന്നു നില്‍‌ക്കുന്ന ഇറാഖ്‌ സിറിയ ജോര്‍‌ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഏക കക്ഷി ഭരണമാണ്‌ ഉണ്ടായിരുന്നത്.ഇനി ഒരു പക്ഷെ ഉണ്ടാകാന്‍ കളമൊരുങ്ങുന്നതും.എന്നാല്‍ ലബനാനില്‍ കുറച്ചു കൂടെ വ്യവസ്ഥാപിതത്വം ഉണ്ടെന്നതാണ്‌ ശരി.

അതിര്‍‌ത്തി പ്രദേശമായ ഫലസ്തീന്‍ ഇവര്‍ക്കൊരു തലവേദനയാണെന്നു മാത്രം.ഇറാഖില്‍ സദ്ധാം യുഗത്തിനു ശേഷം തിരഞ്ഞെടുപ്പു ചിട്ടവട്ടങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ പേരിനെങ്കിലും നടക്കുന്നതായി അറിയുന്നു.അതേ സമയം ഏകാധിപത്യ കുടും‌ബ ഭരണമാണ്‌ ജസീറത്തുല്‍ അറബ്‌ പ്രദേശങ്ങളില്‍ നിലവിലുള്ളത്.ഈ ഗള്‍ഫു രാജ്യങ്ങളോട്‌ ചേര്‍ന്നു നില്‍‌ക്കുന്ന സം‌യുക്ത യമനില്‍ ഇപ്പോള്‍ അസ്ഥിര ഭരണമാണെങ്കിലും ജനാധിപത്യപരമായ ചുവടുവെപ്പുകള്‍ വേണമെന്നാഗ്രഹിക്കുന്ന വലിയ സമൂഹമാണ്‌ അവിടെ ഉള്ളതെന്നാണ്‌ അറിവ്.

പടിഞ്ഞാറന്‍ കോളനി രാജ്യങ്ങളായിരുന്ന വടക്കനാഫ്രിക്കന്‍ അറബ്‌ മുസ്‌ലിം രാജ്യങ്ങളും ഏക കക്ഷി ഏകാധിപത്യ സ്വഭാവം കൈമുതലായുള്ളവരത്രെ. വര്‍ത്തമാന കാലത്തെ സം‌ഭവ വികാസങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്‌.ഫാര്‍ ഈസ്റ്റ്‌ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ എന്തു കൊണ്ടും പുരോഗതി കൈവിരിച്ചവരാണ്‌.ഈ രാജ്യങ്ങളൊക്കെ പടിഞ്ഞാറന്‍ തമ്പ്രാക്കന്മാരുടെ അധീനതയിലായിരുന്നു എന്നതും ചരിത്രമത്രെ.

മനുഷ്യരുടെ പ്രകൃതം ക്രൂരമൊന്നുമല്ല.അവരില്‍ അന്തര്‍ലീനമായ ഭാവ ഭേദങ്ങള്‍ വിസ്‌മയാവഹം തന്നെയത്രെ.ചില സാഹചര്യങ്ങളും സന്ദര്‍‌ഭങ്ങളും അവനെ മാറ്റിമറിക്കുന്നുണ്ടാകാം.മാനവ കുലം ഒരേ മാതാ പിതാക്കളുടെ സന്താനങ്ങളാണെന്ന പാഠം ജീവിതത്തിലൂടെ ഉയര്‍‌ത്തിപ്പിടിക്കാന്‍ മനുഷ്യര്‍ക്ക്‌ സാധിക്കുമാറാകട്ടെ.തനിക്കെന്തു ലഭിച്ചുവെന്നതിനു പകരം താന്‍ എന്തു ചെയ്‌തു എന്ന ആത്മസംഘര്‍ഷം സമൂഹ ഗാത്രത്തില്‍ ത്രസിപ്പിക്കാനായാല്‍ രാഷ്‌ട്ര പുനര്‍നിര്‍മ്മാണം അനായാസം സാധ്യമായേക്കും.

പ്രവാസികളായി വിവിധ രാജ്യക്കാരുമായി ഇടപഴകുമ്പോള്‍ പലപ്പോഴും അത്ഭുതം കൂറിയ സന്ദര്‍‌ഭങ്ങളുണ്ടായിട്ടുണ്ട്‌.ശത്രു രാജ്യം എന്നതൊക്കെ സര്‍ക്കാര്‍ തലങ്ങളില്‍ പെരുമ്പറ മുഴക്കുമ്പോഴും അയല്‍ രാജ്യക്കാരായ സഹോദരങ്ങളുമായി ഒരേ കുടും‌ബത്തിലെ അം‌ഗങ്ങളെപ്പോലെ കഴിയുന്ന എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ട്‌. മാനസികമായി അറപ്പും വെറുപ്പും വച്ചു പുലര്‍ത്തുന്ന രാജ്യ നിവാസികളുമായിപ്പോലും ഇടപഴകിയാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും.അതിനാല്‍  മനുഷ്യര്‍‌ക്ക്‌ മനുഷ്യരായി ജിവിച്ചു കൂടേ.. ഇതത്രെ ഒരു സാധാരണക്കാരന്റെ ആത്മ ഗതം.

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്‌ക്ക്‌,അന്ധ വിശ്വാസങ്ങളില്‍ നിന്നും നിഷ്‌കളങ്കമായ വിശ്വാസ ധാരയിലേയ്‌ക്ക്‌,അക്രമോത്സുകതയുടെ ഉന്മാദത്തില്‍ നിന്നും ആനന്ദത്തിന്റെ ജീവിത ക്രമത്തിലേയ്‌ക്ക്‌,തീവ്രവാദ ഭീകരവാദ പ്രകോപനങ്ങളില്‍ നിന്നും പ്രശാന്തതിയിലേയ്‌ക്ക്‌, സകലമാന അടിച്ചമര്‍‌ത്തലുകളില്‍ നിന്നും ഉയിര്‍‌ത്തെഴുന്നേല്‍‌പ്പിലേയ്‌ക്ക്‌, സങ്കുചിത്വത്തില്‍ നിന്നും വിശാലമായ വീക്ഷണ ലോകത്തേയ്‌ക്ക്‌, മൃഗീയതയില്‍ നിന്നും മാനുഷികതയിലേയ്‌ക്ക്‌ ഉയരാന്‍ ഉണരാന്‍ ഈ റിപ്ലബ്ലിക് ദിനം പ്രേരകമാകട്ടെ. 

ഭരണഘടനയെ വീണ്ടെടുക്കുക എന്നതിനോളം  മഹത്തരമായ മറ്റൊരു രാഷ്ട്രീയപ്രവർത്തനവും ഇന്ത്യയിൽ ഇന്ന് നിലവിലില്ല. ആ ഭരണഘടനാ വീണ്ടെടുപ്പിന്റെ മാറ്റൊലി മുഴക്കാൻ ഈ റിപ്പബ്ലിക് ദിന ആഘോഷത്തിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
 ജയ്ഹിന്ദ്

0 comments:

Post a Comment

Note: Only a member of this blog may post a comment.