Thursday, May 13, 2021

നിലാവൊളിയെ കാത്തിരിക്കാം

കോവിഡ്‌ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രവാസത്തിലായിരുന്നു പ്രയാസത്തിലും.എല്ലാം ഒന്നു കെട്ടടങ്ങി എന്ന്‌ ആശ്വസിച്ച് 2021ഫിബ്രുവരി ആദ്യവാരത്തില്‍ ദോഹയില്‍ നിന്നും തിരിച്ചു.കൊച്ചിയില്‍ നിന്നും ടാക്‌സിയിലായിരുന്നു വീട്ടിലെത്തിയത്. കോവിഡ് കാല നിയമ പ്രകാരമുള്ള കരുതല്‍ വാസം വീട്ടില്‍ തന്നെയായിരുന്നു.കരുതല്‍ വാസ നാളുകളില്‍ ബന്ധുമിത്രാദികളുമായി ടലഫോണ്‍ വഴി ബന്ധപ്പെടാനും സം‌സാരിക്കാനും സൗഹൃദം പുതുക്കാനും ഉപയോഗപ്പെടുത്തി.നെഗറ്റീവ്‌ റിസല്‍‌റ്റ് കിട്ടിയതിനു ശേഷം മക്കളെല്ലാവരും തിരിച്ചു വീട്ടിലെത്തി.


ദോഹയില്‍ നിന്നും പോരുമ്പോള്‍ ഒരു പുതിയ ദൗത്യത്തിനു തുടക്കം കുറിച്ചിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ പ്രസ്‌തുത ദൗത്യത്തെ പൂര്‍‌ത്തീകരിക്കാനുള്ള തിരക്കിട്ട ജോലികളിലായിരുന്നു അധിക സമയവും വിനിയോഗിച്ചത്.രണ്ട്‌ മാസത്തെ നിരന്തരമായ പ്രവര്‍‌ത്തനം കൊണ്ട്‌ ഏപ്രില്‍ ആദ്യവാരത്തില്‍ പ്രസ്‌തുത ദൗത്യം വിജയകരമായി പൂര്‍‌ത്തിയാക്കി.
 
പ്രതിസന്ധികളെ സാധ്യതകളാക്കുന്നതിന്റെ ഭാഗമായി ചില പഠന പരിപാടികള്‍ അജണ്ടയില്‍ ഇടം പിടിച്ചിരുന്നു.അല്‍ ജാമിഅ വേള്‍‌ഡ് കാമ്പസിന്റെ ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉലൂമുല്‍ ഖുര്‍‌ആന്‍,മഖാസിദ് ശരീഅ എന്നീ കോഴ്‌സുകള്‍ പൂര്‍‌ത്തീകരിക്കാന്‍ എനിക്കും ഭാഗ്യം ലഭിച്ചു.പ്രസ്‌തുത കോഴ്‌സിന്റെ സര്‍‌ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ ആദ്യവാരത്തില്‍ അല്‍ ജാമിഅ കോണ്‍‌ഫറന്‍‌സ്‌ ഹാളില്‍ നടന്നിരുന്നു.എം.വി മുഹമ്മ്ദ്‌ സലീം മൗലവി,വി.കെ അലി, ഡോ.കൂട്ടില്‍ മുഹമ്മദലി, ഡോ.അബ്‌ദുസ്സലാം അഹമ്മദ് തുടങ്ങിയവര്‍ കോണ്‍വെക്കേഷന്‍ പരിപാടിയില്‍ സം‌ബന്ധിച്ചു.

സദസ്സിനെ അഭിമുഖീകരിച്ചു സം‌സാരിക്കാന്‍ ക്ഷണിക്കപ്പെട്ട പഠിതാക്കളില്‍ ഒരാളാകാനുള്ള സൗഭാഗ്യവും ഉണ്ടായി.ഖത്തറില്‍ വെച്ച്‌ വിശുദ്ധ ഖുര്‍‌ആനിന്റെ സൗന്ദര്യ ശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍‌ക്ക്‌ പ്രചോദനം നല്‍‌കിയ ആദരണീയനായ ഉസ്‌താദ് സലീം മൗലവിയില്‍ നിന്ന്‌ അം‌ഗീകാരം ഏറ്റു വാങ്ങാനും സദസ്സിനെ അഭിമുഖീകരിക്കാനും സാധിച്ചു എന്നത് ഇരട്ടിമധുരം പോലെ അനുഭവപ്പെട്ടു.....

നൂതന സാങ്കേതിക വിദ്യയുടെയും വിദഗ്‌ദ അധ്യാപകരുടേയും നേതൃത്വത്തില്‍ വീഡിയോ,ഓഡിയോ പഠന സാമഗ്രികളും ലൈവ്‌ ക്ലാസ്സുകളും ഉള്‍‌പ്പെടുത്തിയാണ്‌ കോഴ്‌സുകള്‍ ക്രമീകരിക്കപ്പെട്ടത്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്‌ വേണ്ടത്ര അവസരം ലഭിക്കാത്തവരും,ഇടക്ക്‌ പഠനം നിലച്ചവരുമായവര്‍‌ക്ക്‌ ഉപകാരപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയ പ്രോഗ്രാമുകളില്‍ ആദ്യഘട്ടത്തില്‍ മഖാസിദുശ്ശരീഅ,ഉലൂമുല്‍ ഖുര്‍‌ആന്‍,ഉലൂമുല്‍ ഹദീഥ്,ഉസൂലുല്‍ ഫിഖഹ് കോഴ്‌സുകളായിരുന്നു ഉള്‍‌പ്പെടുത്തിയത്.

പ്രസിദ്ധമായ ഇസ്‌ലാമിക കലാലയത്തിന്റെ വിലാസത്തില്‍  ഖുര്‍‌ആനുമായി ബന്ധപ്പെട്ട ഒരു പഠന പരമ്പരയില്‍ ഈ വിശ്രമ ജീവിതകാലത്ത് ഒരു വിദ്യാര്‍‌ഥിയാകാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം വിവരണാതീതം. അത്യാകര്‍‌ഷകമായ പഠന രീതിയില്‍ ഹൃദ്യമായ ഭാഷയില്‍ പഠിതാക്കളോടൊപ്പം ചേര്‍‌ന്നു നിന്ന അധ്യാപകരുടെ സമീപനം മറക്കാനാകാത്ത അനുഭവം.

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന യൗവ്വനം പിന്നിട്ടവരും മധ്യവയസ്‌കരും ഒരു പക്ഷെ പ്രായം ചെന്നവരും ഒക്കെ അടങ്ങിയ വിദ്യാര്‍‌ഥികള്‍.സാങ്കേതിക സൗകര്യത്തിന്റെ അതിനൂതന പഠന മുറിയില്‍ ഒത്തു കൂടാന്‍ കഴിഞ്ഞതും അവിസ്‌മരണീയം.

ഒരു പക്ഷെ ഒരു പ്രതിസന്ധി കാലം ഇല്ലായിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു അനുഭവത്തിന്‌ സാക്ഷികളാകാന്‍ നമുക്ക്‌ സാധിക്കുമായിരുന്നില്ല.എത്രമാത്രം ദീര്‍‌ഘ ദൃഷ്‌ടികള്‍ എന്നൊക്കെ പറഞ്ഞാലും മനുഷ്യന്റെ കണ്ണെത്തും ദൂരം പരിമിതം.ജീവിതത്തിലെ ഏതു ഘട്ടവും പൂര്‍‌ണ്ണ മനസ്സോടെ പടച്ച തമ്പുരാനെ സ്‌തുതിക്കാന്‍ നമുക്ക്‌ സാധിക്കണം.പ്രതിസന്ധികളെ പുതിയ സാധ്യതകളാക്കാന്‍ സാധിക്കുമ്പോള്‍ വിനാശം എന്നൊന്ന് ഉണ്ടാകുകയില്ലന്നതത്രെ സത്യം.

വിശുദ്ധ ഖുര്‍‌ആനിന്റെ ആലങ്കാരിതകള്‍ ആസ്വദിക്കുന്നതിലും രേഖപ്പെടുത്തി വെക്കുന്നതിലും തല്‍‌പരരായവരെ സം‌ബന്ധിച്ചിടത്തോളം 'ഉലൂമുല്‍ ഖുര്‍‌ആന്‍' വിഭാവനയുടെ / അന്വേഷണങ്ങളുടെ മാനത്ത് മിന്നിത്തെളിയുന്ന പുതിയ താരകങ്ങളെ കണ്ടെത്താനും ആസ്വദിക്കാനുമുള്ള സുവര്‍‌ണ്ണാവസരം സമ്മാനിച്ചിരിക്കണം.
........
ഒരു ഇടവേളയില്‍ മക്കളെല്ലാവരും കൂടെ പ്രദേശത്തെ വിനോദ സഞ്ചാര ഇടങ്ങളിലേക്കുള്ള യാത്രകള്‍ക്കും അവസരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. വളരെ പരിമിതമായ അര്‍‌ഥത്തില്‍ ബന്ധുമിത്രാധികളുടെ വീടുകള്‍ സന്ദര്‍‌ശിക്കാനും ശ്രമിച്ചിരുന്നു.ഇതിന്നിടെ കോവിഡ്‌ വ്യാപനത്തിന്റെ വിവിധ തരത്തിലും തലത്തിലുമുള്ള വാര്‍‌ത്തകള്‍ വന്നു കൊണ്ടിരുന്നു.ഏപ്രില്‍ ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നടന്നതോടെ കോവിഡ്‌ മാനദണ്ഡങ്ങള്‍‌ അനുസരിച്ചുള്ള നിയമങ്ങളിലും കരുതല്‍ വാസം പോലുള്ള കടുത്ത മുന്‍ കരുതലുകള്‍ പോലും അഴകൊഴമ്പന്‍ രീതിയിലേക്ക്‌ നീങ്ങി.

തെരഞ്ഞെടുപ്പ്‌ മാമാങ്കാനന്തരം എല്ലാവരും മാളത്തിലേക്ക്‌ തിരിച്ചു.എന്നാല്‍ കോവിഡ്‌ രോഗാണുക്കള്‍ അഴിഞ്ഞാടാനും തുടങ്ങി.മെയ്‌ ആദ്യത്തില്‍ തെരഞ്ഞെടുപ്പ്‌  ഫല പ്രഖ്യാപനാനന്തരം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.വടക്കെ ഇന്ത്യയില്‍ നിന്നും ഞെട്ടിക്കുന്ന കഥകള്‍ ഒരു പതിവ്‌ വാര്‍‌ത്തയായിരുന്നു.കോവിഡ്‌ രണ്ടാം വരവുമായി ബന്ധപ്പെട്ട് ഏറെ ഞെട്ടിക്കുന്ന വാര്‍‌ത്തകള്‍ വന്നു കൊണ്ടിരുന്നു.
 
രാജ്യം ഭരിക്കുന്നവരുടെ പിടിപ്പു കേടും രാജ്യ നിവാസികളുടെ അജ്ഞതയും ഒത്തിണങ്ങിയപ്പോള്‍ കും‌ഭമേളകള്‍ പോലും അതി ഘോഷമായി കൊണ്ടാടി. നാണം മറക്കാത്തവരുടെ നാണം കെട്ടവരുടേയും നേരും നെറിയുമില്ലാത്ത അധികാരികളുടേയും ഒത്താശയില്‍ രാജ്യം നടുങ്ങി.ഈ കുറിപ്പ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ നടുങ്ങലിന്റെ ബാക്കി പത്രമെന്നപോലെ ഗം‌ഗയും നദികളും മനുഷ്യ കബന്ധങ്ങളാല്‍ ചീഞ്ഞു നാറുന്നു എന്നാണ്‌ കേള്‍‌ക്കുന്നത്.

ചുരുക്കത്തില്‍ വടക്കും തെക്കും ഭീതിതമായ രോഗ വ്യാപനത്തിന്റെ കഥകള്‍ ചുരുള്‍ നിവര്‍‌ത്താന്‍ തുടങ്ങി.കോവിഡ്‌ രണ്ടാം വരവിന്‌ ആദ്യത്തേതിലും മൂര്‍‌ച്ചയുണ്ട് എന്നാണ്‌ പഠനം തെളിയിക്കുന്നത്.ആന്തരീകാവയവങ്ങളെ രോഗാണു ബാധിക്കുന്നു എന്ന്‌ മാത്രമല്ല ജീവന്‍ വായുവിന്റെ അപര്യാപ്‌തതയില്‍ ശ്വാസം മുട്ടി ജീവനൊടുങ്ങുന്നതും നിത്യ സം‌ഭവമായി.
 
രാജ്യത്തിന്‌ ശ്വാസം മുട്ടുന്നതറിഞ്ഞ്‌ ലോക രാഷ്‌ട്രങ്ങളും വിശിഷ്യാ അറബ്‌ രാഷ്‌ട്രങ്ങള്‍ ഉണര്‍‌ന്നതും പ്രതികരിച്ചതും ആശ്വാസദായകം തന്നെ.എന്നാല്‍ അന്തര്‍ ദേശീയ സമൂഹത്തിന്റെ ഇടപെടലുകള്‍ പോലും വേണ്ടത്ര രാജ്യ നിവാസികള്‍‌ക്ക്‌ അനുഭവിപ്പിക്കാന്‍ ഭരണ കര്‍‌ത്താക്കള്‍‌ക്ക്‌ കഴിഞ്ഞില്ല എന്നതത്രെ പരമാര്‍‌ഥം.

കേരളത്തില്‍ പഞ്ചായത്തു തലങ്ങളില്‍ ആര്‍.ആര്‍.ടി സംവിധാനം ധൃതഗതിയില്‍ പുനഃസ്ഥാപിക്കുകയും ക്രമീകരിക്കുകയും ചെയ്‌തു.രോഗ വ്യാപന പ്രദേശങ്ങളെ കണ്ടയിന്‍‌മന്റ് സോണ്‍കളാക്കി തരം തിരിക്കലും ബോധവത്കരണ പ്രക്രിയകളും വീണ്ടും സജീവമായി.വാരാന്ത ലോക്‌ ഡൗണ്‍ ആദ്യം പരീക്ഷിച്ചു.അധികം താമസിയാതെ മെയ്‌ 8 മുതല്‍ സംസ്ഥാനം വീണ്ടും ലോക് ഡൗണിലായി.

സം‌സ്ഥാനത്ത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യ രം‌ഗത്ത് മികച്ചതാണെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതി ശീഘ്രം വര്‍‌ദ്ദിക്കുന്ന സാഹചര്യത്തില്‍ കണക്കു കൂട്ടലുകള്‍ തകിടം മറിഞ്ഞേക്കും. കോവിഡിന്റെ രണ്ടാം തരം‌ഗം താരതമ്യേന കൂടുതല്‍ അപകടകാരി ആണെന്നാണ്‌ ആരോഗ്യ വിദഗ്‌‌ദരുടെ അഭിപ്രായം.

തീവ്ര പരിചരണ വിഭാഗത്തിന്റെ കാര്യക്ഷമതയിലും അടിയന്തിര ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിലും ജനങ്ങള്‍‌ക്ക്‌ ആശങ്കയുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്.ഓക്‌സിജന്‍ സിലണ്ടറുകള്‍‌ക്ക്‌ പോലും നെട്ടോട്ടം ഓടുന്ന കാഴ്‌ചയാണ്‌ പലയിടങ്ങളിലും കാണാനാകുന്നത്.ഓക്‌സിജന്‍ അളക്കാനുള്ള ഉപകരണങ്ങളും ക്രിത്രിമ ഓക്ക്‌സിജന്‍ നല്‍‌കാനുള്ള സൗകര്യങ്ങളും പ്രാദേശിക തലത്തില്‍ ഉറപ്പ്‌ വരുത്താന്‍ പ്രാദേശിക കൂട്ടായ്‌മകളും മഹല്ല്‌ സംവിധാനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍‌ട്ടുകള്‍ ഉണ്ട്‌.
 
ഏപ്രില്‍ രണ്ടാം വാരത്തില്‍ പരിശുദ്ധ റമദാന്‍, കോവിഡ്‌ വ്യാപനത്തിന്റെ നടുവിലെന്നപോലെ കടന്നു വന്നു.മെയ്‌ രണ്ടാം വാരം പെരുന്നാളാഘോഷം ലോക്‌ഡൗണിലുള്ളില്‍ വീര്‍‌പ്പു മുട്ടുകയാണ്‌.

കോവിഡ്‌ രണ്ടാം വരവില്‍ രോഗ ബാധിതരും അല്ലാത്തവരുമായ പ്രിയപ്പെട്ട പലരും യാത്ര പറഞ്ഞു.ഒരു നോക്കു കാണാന്‍ പോലും കഴിയാതെ. പ്രിയപ്പെട്ടവരെ - ബന്ധുമി ത്രാധികളെ ഒന്നു സമാശ്വസിപ്പിക്കാന്‍ പോലും ആകാതെ.ഉറ്റിവീഴുന്ന കണ്ണീര്‍ കണങ്ങള്‍ ഒന്നു ഒപ്പിക്കൊടുക്കാന്‍ പോലും ആകാതെ,ഒന്നു ചേര്‍ത്ത് പിടിക്കാന്‍ പോലും കഴിയാതെ മനസ്സ് നോവുന്ന നാളുകള്‍.

വീടുകള്‍ തന്നെയാണ്‌ പള്ളിയും പള്ളിക്കൂടങ്ങളും.റമദാനില്‍ വിശേഷിച്ചും. എല്ലാവരും ഒരുമിച്ചാണ്‌ നമസ്‌കാരം.രാത്രിയിലെ തറാവീഹിനു ശേഷം വിജ്ഞാന വിരുന്നും പ്രാര്‍ഥനയും ഉണ്ടാകും.പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍‌ത്തകളും വര്‍‌ത്തമാനങ്ങളും കണ്ണീരണിയാതെ പങ്കുവെക്കാന്‍ സാധിക്കാറില്ല.പലരും അന്ത്യ ശ്വാസമെടുത്തത് പ്രാണവായുവിന്റെ അപര്യാപ്‌തതയിലും ലഭ്യതക്കുറവിലും യഥാസമയത്ത് പ്രാണവായു അനുവദിക്കാന്‍ കഴിയാത്തതിലും  ആണെന്ന സത്യം ഏറെ നൊമ്പരപ്പെടുത്തുന്നു.

പ്രതിസന്ധികാലത്തും ഒരു നിലാവൊളിയെ കാത്തിരിക്കാം.ഇരട്ടി മധുരം നുണയാന്‍ സൗഭാഗ്യം ലഭിച്ച വ്രത വിശുദ്ധിയുടെ നാളുകള്‍‌ക്ക്‌ വിട.പുതുക്കി പണിത പ്രതിജ്ഞയുടേയും പ്രാര്‍‌ഥനയുടേയും പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെയും പ്രാരം‌ഭമാവട്ടെ പുതിയ പിറയും പെരുന്നാളും.
എല്ലാവര്‍‌ക്കും .ഹൃദ്യമായ പെരുന്നാള്‍ ആശം‌സകള്‍...

0 comments:

Post a Comment

Note: Only a member of this blog may post a comment.