Sunday, June 21, 2020

പി.സി ഹം‌സ :- ഓര്‍‌മ്മ ദിനം

ഓര്‍‌മ്മയിലെ പി.സി
===========
പി.സി ഹം‌സ സാഹിബുമായി അധികമൊന്നും നേരിട്ട്‌ ബന്ധമില്ലായിരുന്നെങ്കിലും അദ്ധേഹത്തോടൊപ്പം 90 കളിലെ പരിശുദ്ധ റമദാനില്‍ കുറച്ചു കാലം ദോഹയില്‍ വെച്ച്‌ ഇടപഴകാന്‍ സാധിച്ചിരുന്നു.

1990 കളില്‍ ദോഹ മുശേരിബ്‌ അസ്‌മഖ്‌ പള്ളിക്ക്‌ എതിര്‍ വശത്തായി സ്ഥിതി ചെയ്‌തിരുന്ന കെട്ടിടത്തിലായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ആസ്ഥാനം.പ്രസ്ഥാനത്തിന്റെ ദോഹയിലെ പഴയ കാല നേതാക്കളില്‍ ചിലരോടോടൊപ്പം ഞാനും അവിടെയായിരുന്നു.താമസം.1990 ഏപ്രില്‍ മധ്യത്തിലായിരിക്കണം പി.സി ഹം‌സ സാഹിബ്‌ ദോഹയിലെത്തിയിരുന്നു.1990 ഡിസം‌ബറില്‍ എറണാങ്കുളത്ത് നടക്കാനിരിക്കുന്ന എസ്‌.ഐ.ഒ രണ്ടാം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍‌ക്കാകാം ഒരു പക്ഷെ അദ്ധേഹത്തിന്റെ അന്നത്തെ വരവ്‌ എന്ന്‌ മനസ്സിലാക്കുന്നു.1990 ഏപ്രില്‍ അവസാനത്തില്‍ സം‌ഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഈദ് സം‌ഗമത്തില്‍ പങ്കെടുത്തിട്ടായിരുന്നു പി.സി തിരിച്ചു പോയത്.

ഈദുല്‍ ഫിത്വര്‍ പരിപാടിയിലേക്കുള്ള നാടകവും ഇതര കലാപരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാല്‍ അസോസിയേഷന്‍ രാപകല്‍ സജീവമായിരുന്നു.ഭഗല്‍‌പൂര്‍ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട ഒരു ടാബ്ലൊ എ.വി.എം ഉണ്ണിയും വി.എം മജീദും ഞാനും കൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ പി.സി സാഹിബ്‌ അധികം അകലെയല്ലാതെ ഇരിക്കുന്നുണ്ടയിരുന്നു.എല്ലാവരും പിരിഞ്ഞു പോയപ്പോള്‍ ഫാഷിസത്തിന്റെ ക്രൗര്യ ഭാവത്തെ കുറഞ്ഞ വരികളില്‍ രേഖപ്പെടുത്തിയത് ഒരു അധ്യാപകന്റെ ഭാവത്തില്‍ പല ആവര്‍ത്തി വായിപ്പിച്ചതും പ്രശം‌സിച്ചതും ഇപ്പോഴും ഓര്‍‌മ്മയില്‍ നിറഞ്ഞു നില്‍‌ക്കുന്നു.ഈദ്‌ പരിപാടി കഴിഞ്ഞതിന്റെ ശേഷവും അവതരിപ്പിക്കപ്പെട്ട ടാബ്ലൊ പരിപാടിയെക്കുറിച്ച്‌ സം‌തൃപ്‌തിയും അദ്ധേഹം രേഖപ്പെടുത്തിയിരുന്നു.

ഒരു പ്രത്യേക സമൂഹത്തോട്‌ അതി ശക്തമായ അസഹിഷ്‌ണുതയും അവജ്ഞയും വെച്ചു പുലര്‍‌ത്തുന്നവര്‍ സം‌ഹാരാത്മകമായി ഉറഞ്ഞു തുള്ളുമ്പോള്‍ ഒരു ദര്‍‌ശനത്തിന്റെ ധര്‍‌മ്മത്തിന്റെ വിലാസത്തില്‍ സം‌ഘടിപ്പിക്കപ്പെടുന്ന പ്രസ്ഥാനവും അനുബന്ധ വിഭാഗങ്ങളും സം‌വിധാനങ്ങളും എത്രത്തോളം ലക്ഷ്യം നേടും എന്ന ആശങ്ക വളരെ ലളിതമായി അദ്ദേഹം തിരുത്തി.അന്ധകാരത്തില്‍ അകപ്പെട്ട ഒരു സമൂഹത്തിന്‌ വെളിച്ചം കാട്ടിക്കൊടുക്കുക എന്നത് സാമാന്യ ബുദ്ധിയിലുദിക്കുന്ന കാര്യമാണ്‌.വിളക്ക്‌ കൈവശമുള്ളവര്‍ അത്‌ ചെയ്യാതിരിക്കുന്നത് കടുത്ത അനീതിയത്രെ.

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ രാശിയ്‌ക്ക്‌ വേണ്ടി അവതരിപ്പിക്കപ്പെട്ട പ്രകാശമാണ്‌.ഈ അര്‍‌ഥത്തില്‍ ഈ വെളിച്ചത്തെ അനുഗമിക്കുന്നവരും മനുഷ്യ നന്മക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്‌.അതിനാല്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം മുന്നില്‍ കണ്ടു കൊണ്ടല്ല നമ്മുടെ പ്രവര്‍‌ത്തനങ്ങള്‍. ഇസ്‌ലാം മനുഷ്യര്‍‌ക്കെല്ലാം വേണ്ടിയാണ്‌.ഈ ദൈവീക ദര്‍‌ശനത്തെ വ്യവസ്ഥാപിതമായി പ്രവര്‍‌ത്തന സജ്ജമാക്കാനാണ്‌ പ്രസ്ഥാനം രുപം കൊടുക്കപ്പെട്ടിട്ടുള്ളത്.ജമാ‌അത്തെ ഇസ്‌ലാമി എന്ന സം‌ഘടനയുടെ പേരിലും പ്രവര്‍‌ത്തനത്തിലും ആദര്‍‌ശത്തിലും ഇക്കാര്യം പ്രകടവുമാണ്‌.അഥവാ വ്യക്തവും യുക്തവുമായ ശൈലിയില്‍ ഇസ്‌ലാമിക ധര്‍‌മ്മത്തെ ദര്‍‌ശനത്തെ പരിലസിപ്പിക്കലാണ്‌ നമ്മുടെ ദൗത്യം എന്ന്‌ സാരം.വളരെ സൗമ്യനായി അദ്ദേഹം വിവരിച്ചു തന്നു.അധര്‍‌മ്മകാരികളോട് ശത്രുതാ മനോഭാവമല്ല മറിച്ച്‌ അവരുടെ ദൗര്‍‌ഭാഗ്യകരമായ അവസ്ഥയെ കുറിച്ചുള്ള വേദനയാണ്‌ ഉണ്ടാകേണ്ടതെന്നും പി.സി പറഞ്ഞു തന്നു.

ചില വ്യക്തികളുമായുള്ള കുറഞ്ഞകാലത്തെ ഇടപഴക്കം ഒരു വലിയ ക്ലാസിക് ഗ്രന്ഥം വായിച്ചതിലും അപ്പുറമായിരിക്കാമെന്നാണ്‌ അനുഭവം.

എസ്‌.ഐ.ഒ രൂപം കൊണ്ട നാളുകളും അതിന്റെ ചരിത്ര പശ്ചാത്തലങ്ങളും ഏറെ വിശദമായി ഹം‌സ സാഹിബ്‌ പങ്കു വെച്ചിരുന്നു.അസോസിയേഷനില്‍ തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ദീര്‍‌ഘ സമയം അദ്ധേഹവുമായി സം‌വദിച്ചിരിക്കാന്‍ കഴിഞ്ഞതിന്റെ അവിസ്‌മരണീയമായ ഓര്‍‌മ്മകള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

വിനയാന്വിതനായ കര്‍‌മ്മ ഭടന്‍,ലാളിത്യം കൊണ്ട്‌ അപരന്റെ ഹൃദയം കവര്‍‌ന്ന സാധു,പരിഭവവും പരാതികളുമില്ലാത്ത നിസ്വാര്‍‌ഥ സേവകന്‍,ഏതു പ്രതി സന്ധി ഘട്ടത്തിലും പ്രതീക്ഷ കൈവിടാത്ത നിഷ്‌കളങ്ക മാനസന്‍ തുടങ്ങി പി.സി യില്‍ ചേര്‍ത്തെഴുതാന്‍ വിശേഷണങ്ങള്‍ ഒട്ടേറേ.ജീവിതത്തിലെ എണ്ണപ്പെട്ട നിമിഷങ്ങളുടെ മണിമുഴക്കങ്ങളെ സം‌ഗീതം പോലെ ആസ്വദിച്ച സര്‍‌ഗ്ഗാധനനായ മഹദ്‌ വ്യക്തിത്വം.തന്റെ പ്രസാരണ ദൗത്യം തിട്ടപ്പെടുത്തപ്പെട്ട നാളുകള്‍‌ക്കുള്ളില്‍ നിന്നു കൊണ്ട്‌ സുസ്‌മേര വദനനായി ചെയ്‌തു തീര്‍‌ക്കാന്‍ അത്യധ്വാനം ചെയ്‌ത കര്‍‌മ്മ യോഗി.സം‌ഹാര രൂപം പൂണ്ട്‌ വരുന്നവരുടെ അജ്ഞതയെ കുറിച്ച്‌ വ്യസനപ്പെടുകയും സഹതപിക്കുകയും ചെയ്‌ത രാഷ്ട്രീയ നായകന്‍.തന്റെ മാളത്തില്‍ കുറെ സ്വര്‍‌ണ്ണത്തൂവലുകള്‍ പൊഴിച്ചിട്ട്‌ പറന്നു പോയ സ്വര്‍‌ഗീയ പരിവേഷമുള്ള പക്ഷി.ഹൃദയാവര്‍‌ജ്ജകമായ ആ തുവലുകളില്‍ തൊട്ടുഴിഞ്ഞ്‌ ഓര്‍‌മ്മകള്‍ പങ്കുവെയ്‌ക്കുമ്പോള്‍ കണ്ണും കരളും നിറയുന്നു.

നാഥന്‍ പരേതന്റെ പരലോക ജീവിതം അനുഗ്രഹീതമാക്കി കൊടുക്കുമാറാകട്ടെ.
അസീസ്‌ മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.