Friday, May 15, 2020

നമസ്‌കാരങ്ങള്‍

നമസ്‌കാരങ്ങള്‍:-
ജംഅ് (ചേര്‍‌ത്ത്‌ നമസ്‌കരിക്കല്‍) ഖസ്‌റ്‌ (ചുരുക്കി നമസ്‌കരിക്കല്‍)

രണ്ട് നേരത്തെ നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് റക്അത്തുകള്‍ ചുരുക്കാതെ പൂര്‍ണമായും നമസ്‌കരിക്കുന്നതിനാണ് ജംഅ് (ചേര്‍‌ത്ത്‌) എന്നു പറയുന്നത്. ഉദാഹരണം: ദുഹ‌‌റിന്റെ സമയത്ത് നാല് റക്അത്ത് അസ്വറും, ഇതുപോലെ അസ്വര്‍ നമസ്‌കാര സമയത്ത് നാല് റക്അത്ത് ദുഹറും നമസ്‌കരിക്കുന്നതാണ് ജംഅ്. എന്നാല്‍, ഇങ്ങനെ അസ്വറും മഗ്‌രിബും ജംആക്കാവുന്നതല്ല. സുബ്ഹ് നമസ്‌കാരത്തിന് ഒരിളവും ബാധകവുമല്ല.

ഖസ്‌റ്‌ (ചുരുക്കി) കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്‍വഹിക്കുക എന്നതാണ്. ഇത് യാത്രാവേളയില്‍ മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില്‍ ദുഹറ്‌ അസ്വര്‍ നമസ്‌കാരങ്ങള്‍ ഈരണ്ട് റക്അത്തായി ചുരുക്കി നിര്‍വഹിക്കാവുന്നതാണ്. ജംഅ്, ഖസ്‌റ്‌ എന്നീ രണ്ടിളവുകളും യാത്രാവേളയില്‍ അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്‌റിന്റെ സമയത്ത് ദുഹറ്‌ രണ്ട് റക്അത്തും ശേഷം അസ്വര്‍ രണ്ട് റക്അത്തുമായി നമസ്‌കരിക്കാം. ഇതേ പ്രകാരം അസ്വറിന്റെ കൂടെ ദുഹ‌റും നിര്‍വഹിക്കാവുന്നതാണ്. ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്‌കാരമാണ് ആദ്യം നിര്‍വഹിക്കേണ്ടത്.

പലരും ധരിച്ചിരിക്കുന്നതു പോലെ ജംഉം ഖസ്‌റും എന്നത് ഒരേ പ്രക്രിയയുടെ പേരല്ല. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ നിബന്ധനകളും പ്രത്യേകതകളുമുണ്ട്. യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്‌റ്‌. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്‍ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. ഇസ്‌ലാമിക വിധികളെപറ്റി ധാരണയില്ലാത്തവര്‍ പലരും, ഇത്തരം ഇളവുകളെ സംബന്ധിച്ച് അറിവില്ലാത്തതിനാല്‍ പല ഘട്ടങ്ങളിലും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്നതായി കാണാം. മറ്റു ചിലരാകട്ടെ, ഇസ്‌ലാം ഒരിക്കലും ഉദ്ദേശിക്കാത്ത ബുദ്ധിമുട്ടുകള്‍ സ്വയം വഹിക്കുകയും മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയാറെടുക്കുമ്പോള്‍ യാത്രാ ഷെഡ്യൂളില്‍ നമസ്‌കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള്‍ വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്‍ ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര്‍ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്‌കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില്‍ കരുതേണ്ടതാണ്. സമയത്തിന് നമസ്‌കരിക്കാന്‍ ന്യായമായ തടസ്സമുള്ളവര്‍ക്കും ജംഅ് ചെയ്യാവുന്നതാണ്.

യാത്രക്കാര്‍ക്ക് പുറമെ ഓപ്പറേഷന്‍ തിയേറ്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്‍ക്കേണ്ടവര്‍, പരീക്ഷാ ഹാളില്‍ ബന്ധിതരായ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്റര്‍വ്യൂപോലുള്ള കാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായവര്‍, വാഹനം കാത്തുനില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്‍കിയ ജംഅ് എന്ന ഇളവ്.

ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി (സ) മദീനയില്‍ വെച്ച് ളുഹ്‌റും അസ്‌റും, മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്‌നു അബ്ബാസിനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച് ചെയ്തതാണ് എന്നായിരുന്നു. ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്‌നു സീരീനെപോലുളള പ്രഗത്ഭ പണ്ഡിതന്മാര്‍ യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്‍ക്ക് പുറമെ മറ്റനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതൊരു സ്ഥിരം ഏര്‍പ്പാടാവരുതെന്നും അവര്‍ നിബന്ധന വെച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ മുന്‍ഗണന നല്‍കിയത്. ശറഹുമുസ്‌ലിമില്‍ ഇമാം നവവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (യാത്രക്കാരുടെ നമസ്‌കാരം: ശറഹു മുസ്‌ലിം).

രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്.രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.(സമസ്‌ത പണ്ഡിതന്മാരുടെ വീക്ഷണം)

നിർബന്ധ നിർദേശത്തിനപ്പുറം അധികമായി ചെയ്യുന്നത് എന്നാണ് നവാഫിലിന്റെ താല്‍‌പര്യം. കാരണ ബന്ധിതവും സമയബന്ധിതവുമായി തരംതിരിക്കപ്പെട്ട സുന്നത്ത് നമസ്‌കാരങ്ങൾക്ക് വലിയ മഹത്ത്വമാണുള്ളത്. 

ഐഛിക നമസ്‌കാരങ്ങള്‍:-
അഞ്ച് നേരമുള്ള നിർബന്ധ നമസ്‌കാരങ്ങൾക്ക് പുറമെ ഐഛികമായി അനുഷ്‌‌ഠിക്കാവുന്ന നമസ്‌കാരങ്ങളാണ് സുന്നത്ത് നമസ്‌കാരങ്ങൾ. ഓരോ ദിവസത്തെ നിർബന്ധ നമസ്‌കാരങ്ങൾക്ക് മുമ്പും പിമ്പും അനുഷ്‌‌ഠിക്കാവുന്ന സുന്നത്ത് നമസ്‌കാരങ്ങളെയാണ് റവാത്തിബ് നമസ്‌കാരങ്ങൾ എന്നു പറയുന്നത്.

ഇവക്കു പുറമെ, പള്ളിയിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിനു മുമ്പായി രണ്ടു റക്അത്ത് നമസ്‌കാരം സുന്നത്ത് ആണ്. ഇതിനെ തഹിയ്യത്തുൽ മസ്‌‌ജിദ്‌ എന്നു പറയുന്നു. 

ദുഹാ നമസ്‌കാരം:-
രാവിലെ സൂര്യൻ ഉദിച്ച് അല്‍‌പം കഴിഞ്ഞ ശേഷം ദുഹർ നമസ്‌കാരത്തിന് മുമ്പായി അനുഷ്‌‌ഠിക്കാവുന്ന സുന്നത്ത് നമസ്‌കാരമാണ് ദുഹാ നമസ്‌കാരം.ഏറ്റവും കുറഞ്ഞത് രണ്ടു റക്അത്ത്‌. ശ്രേഷ്‌ഠമായത്‌ 8 റക്അത്ത്..കൂടിയാൽ 12 റക്അത്ത് ആണ്.

ഗ്രഹണ നമസ്‌കാരം:-
സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുമ്പോൾ അനുഷ്‌‌ഠിക്കേണ്ട രണ്ടു റക്‌അത്ത് നമസ്‌കാരങ്ങളാണിവ. ഗ്രഹണം തുടങ്ങിയതു മുതൽ അവസാനിക്കുന്നത് വരെ നമസ്‌കരിക്കുന്നതാണ്‌ രീതി.മറ്റു നമസ്‌കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു റക്‌അത്തിൽ തന്നെ രണ്ട് റുകൂഉം രണ്ടു നിർത്തവുമുണ്ടെന്നതാണ്‌ ഈ നമസ്‌കാരത്തിന്റെ പ്രത്യേകത. ഗ്രഹണത്തിന്റെ ദൈർഘ്യമനുസരിച്ച് ഖുർ‌ആൻ പാരായണവും റുകൂഉം സുജൂദും വളരെ ദീർഘിപ്പിക്കുന്നതും ഈ നമസ്‌കാരത്തിന്റെ പ്രത്യേകതകളാണ്‌. നമസ്‌കാരത്തിന് ശേഷം നമസ്‌കാരത്തിന് നേതൃത്വം കൊടുത്തയാൾ (ഇമാം) പ്രസംഗം നടത്തേണ്ടതുണ്ട്.

ഇസ്‌തിസ്‌ഖാ‌അ്:-
നാട്ടിൽ വരൾച്ച ബാധിക്കുമ്പോഴും മഴ ലഭിക്കാതെ വരുമ്പോഴും നടത്തുന്ന നമസ്‌കാരമാണ് ‘സ്വലാത്തുൽ ഇസ്‌തിസ്‌ഖാ‌അ്‘. ജനങ്ങൾ അവരുടെ വളർത്തുമൃഗങ്ങളേയും കൊണ്ട് വന്ന് ഒരു മൈതാനത്ത് ഒരുമിച്ച് കൂടിയാണ് ഇത് നമസ്‌‌കക്കേണ്ടത്. പെരുന്നാൾ നമസ്‌കാരം പോലെ രണ്ട് റക്‌അത്താണ്‌ ഈ നമസ്‌കാരവും. നമസ്‌കാരശേഷം ഇമാം പ്രസംഗം നടത്തേണ്ടതുണ്ട്.

പെരുന്നാള്‍ നമസ്‌കാരം:-
ഈദുല്‍ ഫിത്വര്‍ നമസ്‌കാരവും ഈദുല്‍ അദ്‌ഹയിലെ നമസ്‌കാരവും രണ്ട്‌ റക്‌അത്താണ്‌.ആദ്യ റക്‌അത്തില്‍ 7 തക്‌ബീറുകളും രണ്ടാമത്തെ റക്‌അത്തില്‍ നിറുത്തത്തിന്റെ തക്‌ബീര്‍ കൂടാതെ 5 തക്‌ബീറുകളും ചൊല്ലി കൈ ഉയര്‍‌ത്തി കെട്ടണം.നമസ്‌കാര ശേഷം ഇമാം പ്രസംഗം നടത്തേണ്ടതുണ്ട്.

നിര്‍‌ബന്ധ നമസ്‌കാരങ്ങള്‍‌ക്കും അതിനോടനുബന്ധിച്ച റവാത്തിബുകള്‍‌ക്കും‌ പുറമെയുള്ള നിശാവേളയിലെ സുന്നത്ത്‌ നമസ്‌കാരങ്ങളുടെ റക്‌‌അത്തുകളുടെ എണ്ണം നിജപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ്‌ പണ്ഡിതന്മാരുടെ വീക്ഷണം.എന്നാല്‍ നിശ്ചിത റക്‌അത്തുകള്‍ നിത്യമാക്കുന്നതാണ്‌ അഭികാമ്യം.

വിത്‌ർ:-
ഇശാ നമസ്‌‌കാരത്തിന് ശേഷമുള്ള റവാത്തിബ് നമസ്‌‌കാരത്തിന് ശേഷം സുബ്‌ഹ് നമസ്‌‌കാരത്തിന് മുമ്പായി അനുഷ്‌‌ഠിക്കാവുന്ന സുന്നത്ത് നമസ്‌‌കാരമാണ് വിത്‌ർ.ഇത് ചുരുങ്ങിയത് ഒരു റകത്ത്‌ അനുഷ്‌‌ഠിക്കാം.റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിപ്പിക്കുന്നതിലാണ് ഇവ വിത്‌ർ (ഒറ്റ) എന്നറിയപ്പെടുന്നത്.

തഹജ്ജുദ് നമസ്‌‌കാരം:-
ഇശാ നമസ്‌‌കാരാനന്തരം അല്‍‌പം ഉറങ്ങിയ ശേഷം രാതിയുടെ അന്ത്യയാമങ്ങളില്‍ ഉണർന്നാണ് തഹജ്ജുദ് നമസ്‌‌കാരം( ഉറക്കമിളച്ചുള്ള നമസ്‌‌കാരം) റക്‌അത്തുകളുടെ എണ്ണം നിജപ്പെടുത്തപ്പെട്ടില്ല.നിശ്ചിത റക്‌അത്ത്‌ നിത്യമാക്കുന്നതാണ്‌ ഉചിതം.

തറാവീഹ് നമസ്‌‌കാരം :-
ദീർഘമായി ഖുർ‌ആൻ പാരായണം ചെയ്‌തുകൊണ്ട് റമദാൻ മാസത്തിലുള്ള പ്രത്യേക നമസ്‌‌കാരമാണു തറാവീഹ് നമസ്‌‌കാരം.

ഇസ്‌തിഖാറഃ :-
അനുവദനീയമായ ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാൻ വിഷമം അനുഭവപ്പെടുമ്പോൾ മനസ്സമാധാനം ലഭിക്കാനും ശരിയായ വഴി തോന്നിപ്പിക്കാനുമായി വിശ്വാസികൾക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നമസ്‌‌കാരമാണ് ഇസ്‌തിഖാറഃ നമസ്‌‌കാരം.

മയ്യിത്ത് നമസ്‌‌കാരം:-
മരണപ്പെട്ട വ്യക്തിയുടെ പരലോക ഗുണത്തിനായി അനുഷ്‌‌ഠിക്കുന്ന പ്രാർഥനയാണ് മയ്യിത്ത് നമസ്‌‌കാരം. മൃതശരീരം (മയ്യിത്ത്) മുന്നിൽ വച്ച് മരണമടഞ്ഞ വ്യക്തിയുമായി ഏറ്റവും അടുപ്പമുള്ള ഒരാൾ നേതൃത്വം കൊടുത്താണ് ഇത് അനുഷ്‌‌ഠിക്കേണ്ടത്. റുകൂഅ്, സുജൂദ്, എന്നിവ ഇല്ല എന്നത് മയ്യിത്ത് നമസ്‌‌കാരത്തിന്റെ പ്രത്യേകതയാണ്. ഒന്നിൽ കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടെങ്കിലും ഒരു മയ്യിത്ത് നമസ്‌‌കാരം മതിയാവും. സ്ത്രീയാണ് മരിച്ചതെങ്കിൽ മൃതശരീരത്തിന്റെ മധ്യഭാഗത്തും പുരുഷനാണെങ്കിൽ ശിരോഭാഗത്തുമാണ് ഇമാം (നമസ്‌‌കാരത്തിന് നേതൃത്വം കൊടുക്കുന്നയാൾ ) നിൽക്കേണ്ടത്.

ഗ്രന്ഥങ്ങളില്‍ നിന്നും സമാഹരിച്ചത്
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

0 comments:

Post a Comment

Note: Only a member of this blog may post a comment.