Wednesday, February 5, 2020

വിവര ശേഖര വര്‍‌ത്തമാനങ്ങള്‍

വര്‍‌ത്തമാന കാലത്തെ വിശേഷാല്‍ സാഹചര്യത്തിലൂടെ ഗതകാല ചരിത്ര സത്യങ്ങളെ രാജ്യത്തെ ജനങ്ങളുടെ അറിവിലേയ്‌ക്ക്‌ എത്തിക്കാന്‍ സാധിക്കുന്നുവെങ്കില്‍ ഈ കാലുഷ്യം നിറഞ്ഞ സാഹചര്യത്തിലൂടെ പോലും ഒരു സുവര്‍‌ണ്ണാവസരമാണ്‌ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളത്. ഇതു തന്നെയായിരിക്കണം ഒരു വിശ്വാസിയുടെ മനോഗതവും.

മെച്ചപ്പെടാത്ത സാമൂഹ്യ രാഷ്‌ട്രീയ ജീവിത സാഹചര്യങ്ങളിലുള്ളവര്‍ പോലും ആത്മവീര്യത്തോടെ സമരപ്പന്തലുകളിലേയ്‌ക്ക്‌ ശുഭ പ്രതീക്ഷയോടെ ഇറങ്ങിത്തിരിക്കും വിധത്തിലുള്ള സാമൂഹ്യാന്തരീക്ഷം ഒരുക്കുന്നതില്‍; നൈരന്തര്യം നഷ്‌ടപ്പെടാത്ത പ്രവര്‍‌ത്തനങ്ങളും ദീര്‍‌ഘ വീക്ഷണമുള്ള വിഭാവനകളും ഉണര്‍‌ത്തു പാട്ടുകളും വഹിച്ച പങ്ക്‌ അനിഷേധ്യമത്രെ.

രാജ്യത്തിന്റെ വിഭജനം മതാടിസ്ഥാനത്തിലുള്ള വിഭജനമായിരുന്നില്ല. അഥവാ പാകിസ്‌താന്‍ മുസ്‌ലിം‌കള്‍‌ക്കും ഇന്ത്യ ഹിന്ദുക്കള്‍‌ക്കും എന്ന സങ്കല്‍‌പമായിരുന്നില്ല വിഭജനത്തിന്റെ മാനദണ്ഡം.ഹിന്ദു രാഷ്‌ട്രമാക്കി വളര്‍‌ത്തിയെടുക്കുന്നതിന്‌ ഉപകരിക്കും വിധം മുസ്‌ലിം‌കള്‍‌ക്കായി ഒരു തുണ്ട്‌ മാറ്റിവെക്കാമെന്ന ഗൂഢമായ അജണ്ടയാണ്‌ യഥാര്‍‌ഥത്തില്‍ വിഭജനത്തിലേയ്‌ക്ക്‌ നയിക്കപ്പെട്ടത്.മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശം അവര്‍‌ക്ക്‌ ഒരു രാജ്യമായി പതിച്ചു കൊടുത്താല്‍ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം എന്ന വിതാനത്തിലേക്ക്‌ വളര്‍‌ത്തിയെടുക്കാമെന്ന്‌ വ്യാമോഹിച്ചവരാണ്‌ രാജ്യത്തെ വെട്ടിമുറിച്ചതിന്റെ പണിയാളുകള്‍.

പാകിസ്‌താന്‍ എന്ന രാഷ്‌ട്ര നിര്‍‌മ്മിതിയുടെ കാരണക്കാരനായി അറിയപ്പെടുന്ന വ്യക്തി പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള ആദര്‍‌ശ പ്രതിബദ്ധതയുള്ള വ്യക്തി പോലും ആയിരുന്നില്ലെന്നത് ചരിത്രമറിയുന്നവര്‍‌ക്ക്‌ മനസ്സിലാകും.മുസ്‌ലിം സമൂഹം ഭൂരിപക്ഷമുള്ള പ്രദേശം രാജ്യം എന്നതിനപ്പുറം  കാര്യമായതൊന്നും ആരാജ്യത്തിനു അവകാശപ്പെടാനുമില്ല.

എന്നാല്‍ ഇന്ത്യ എന്ന മഹാ രാജ്യം ബ്രഹത്തായ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്‌ നിലനില്‍‌ക്കുന്നത്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്‌‌ട്‌. ഇതിലെ വ്യവസ്ഥ പ്രകാരം ഇന്ത്യയുടെ പൂർണ അധികാരം നിയമനിർമാണ സഭ ഏറ്റെടുത്തു. അന്നത്തെ നിയമ മന്ത്രിയായിരുന്ന ഡോ.ബി.ആർ. അംബേദ്‌‌കർ അധ്യക്ഷനായി ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി 1947 ഓഗസ്റ്റ് 29-ന് നിലവിൽ വന്നു.

ഇന്ത്യൻ ഭരണഘടനയുടെ ശില്‍‌പി എന്നറിയപ്പെടുന്നത് അംബേദ്‌‌കറാണ്. ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ രണ്ടു വർഷവും പതിനൊന്നുമാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു.ഭരണഘടനയുടെ ആദ്യ പകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.നിയമനിർമാണ സഭയെന്ന നിലയ്ക്കുള്ള കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി നവംബർ 17-ന് ചേർന്നു.ജി.വി. മാവ്‌ ലങ്കറെ സ്‌‌പീക്കറായി തിരഞ്ഞെടുത്തു.1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്.ഇന്ത്യയുടെ ഭരണഘടന സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്.തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌‌തത്‌; 1950 ജനുവരി 26-നായിരുന്നു.1950 ജനുവരി ജനുവരി 26-ന് ഭരണഘടന നിലവിൽ വന്നു.

ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന.രാജ്യത്തെ അടിസ്ഥാന രാഷ്‌ടീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങൾ, കടമകൾ, രാഷ്‌‌ട്ര ഭരണത്തിനായുള്ള നിർദ്ദേശക തത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടു വെയ്ക്കുന്നു. പരമാധികാര രാഷ്‌‌ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.

ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ 5 മുതൽ 11 വകുപ്പുകൾ വരെയാണ്‌ ഇന്ത്യൻ പൗരത്വ നിയമം എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ്‌ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്ന്‌ മാത്രമേ വിശദീകരിക്കുന്നുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ്‌ നൽകിയിരുന്നത്. ഇതനുസരിച്ച്‌ 1955-ലെ പൗരത്വ നിയമമാണ്‌ ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.

ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഫെഡറൽ ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസം‌വിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്. 1955-ൽ ഉണ്ടാക്കിയ പൗരത്വ നിയമമാണ് ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർ‌‌വ്വചിക്കാം.

1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.

Citizenship Amendment Act

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഒരു ഭേദഗതി 2003 വാജ്‌പായ്‌ സര്‍‌ക്കാര്‍ നടത്തിയിരുന്നു.2003 ലെ ഭേദഗതി വഴിയാണ് ‘ഇന്ത്യയിലെ ഓരോ പൗരനെയും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അത്തരം പൗരന്മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും’ നിയമമാക്കിയത്.അതിന്റെ തുടര്‍‌ച്ചയെന്നോണമായിരുന്നു 2019 ഡിസം‌ബര്‍ 12 ലെ ഭേദഗതി.

പാകിസ്‌‌താന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌‌താന്‍ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ ഇന്ത്യൻ പൗരത്വനിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ ഭേദഗതി നിയമം.2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്‌‌താന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌‌താന്‍ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു.അത്തരം യോഗ്യതകളിൽ നിന്ന് മുസ്‌ലീങ്ങളെ ഈ നിയമം ഒഴിവാക്കുന്നു.ഇതാദ്യമായാണ് ഇന്ത്യയിൽ പൗരത്വത്തിന്റെ വ്യവസ്ഥകളിൽ മതപരിഗണന ഉൾപ്പെടുത്തപ്പെടുന്നത്.

National Register of Citizens

പ്രധാനമായും അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന്റെ ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പൗരത്വ റജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens). ബംഗ്ലാദേശിൽനിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951 ലാണ് ആദ്യമായി അസമിൽ പൗരത്വ റജിസ്റ്റർ തയ്യാറാക്കിയത്.

ദേശീയ പൗരത്വ രജിസ്റ്ററിൻെ ആദ്യ രൂപം ഉണ്ടാകുന്നത് 1951 ലാണ്, ആ വർഷത്തെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. എന്നാൽ അന്നുതന്നെ അതിൽ തെറ്റുകുറ്റങ്ങൾ ഉള്ളതും അപൂർണ്ണവുമാണെന്ന് പരക്കേ ആക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളതാണ്.

National Population Register

എന്‍.പി.ആര്‍ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രേഖ. ഗ്രാമം, പട്ടണം,ജില്ല, ഉപജില്ല, സംസ്ഥാനം എന്നിവപോലുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന താമസക്കാരുടെ രജിസ്റ്ററാണ് ഇത്.1948 ലെ സെന്‍‌സസ്‌ ആക്‌ട്‌ അനുസരിച്ച്‌ 1951 മുതല്‍ ഓരോ പത്തു വര്‍‌ഷത്തിലും ഗവര്‍‌മ്മന്റ്‌ നടത്തുന്ന പൗരന്മാരുടെ സമഗ്രമായ വിവര ശേഖരം.

2010-ലാണ് എന്‍.പി.ആറിനു വേണ്ടി ആദ്യമായി  വിവരശേഖരണം നടത്തിയത്. 2015-ല്‍ അത് അപ്‌ഡേറ്റ് ചെയ്‌‌തു. പേര്, കുടുംബ നാഥനുമായുള്ള ബന്ധം, വിലാസം, ഇപ്പോഴത്തെ വിലാസത്തില്‍ എത്ര കാലമായി താമസിക്കുന്നു തുടങ്ങി പരിമിതമായ വിവരങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020-ലെ എന്‍.പി.ആറില്‍ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ല എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പറയുന്നത്.

എന്‍.പി.ആറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങളൊക്കെ സെന്‍സസില്‍ ഉണ്ടെന്നിരിക്കെ പിന്നെ എന്തിനാണ് രണ്ടു പദ്ധതികള്‍ എന്ന ചോദ്യത്തിന്റെ
ഉത്തരം തേടുമ്പോഴാണ് നമ്മള്‍ ഭരണകൂടത്തിന്റെ ഗൂഢപദ്ധതി മനസ്സിലാക്കുക. എന്‍.പി.ആര്‍ കേവല വിവരശേഖരണത്തില്‍ അവസാനിക്കുന്ന ഒരു പദ്ധതിയല്ല. മുകളില്‍ പറഞ്ഞ 2003-ലെ ചട്ടത്തിന്റെ 3 മുതല്‍ 6 വരെ ഖണ്ഡികകളില്‍ എന്‍.പി.ആര്‍ വിവരശേഖരണത്തിനു ശേഷം, ആ ഡാറ്റ പരിശോധിച്ച് National Register of Indian Citizens (NRIC) തയാറാക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പരിശോധനയില്‍ ലോക്കല്‍ രജിസ്‌‌ട്രാര്‍‌ക്ക്‌  സംശയം തീരാത്തവരെ സം‌ശയാസ്‌‌പദ (Doubtful) വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നും രേഖകള്‍ സമര്‍പ്പിക്കാനായി ഒന്നു രണ്ട് അവസരങ്ങള്‍ കൂടി നല്‍കിയ ശേഷവും സംശയാവസ്ഥ നീക്കാന്‍ കഴിയാത്തവരെ എന്‍.ആര്‍.സിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് ചട്ടത്തില്‍ പറയുന്നത്.

അതായത്, പുതിയൊരു നിയമനിര്‍മാണമോ മറ്റൊരു വിവരശേഖരണമോ കൂടാതെ, എന്‍.പി.ആറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ച് 2003-ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് എന്‍.ആര്‍.സി ഉണ്ടാക്കാന്‍ കഴിയും. അതുപോലെ, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 2018-19-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 1955-ലെ പൗരത്വ നിയമത്തിന്റെയും  2003-ലെ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന എന്‍.ആര്‍.ഐ.സിയുടെ ആദ്യ പടിയാണ് എന്‍.പി.ആര്‍ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് .

{അവലം‌ബം ഔദ്യോഗിക രേഖ,പ്രബോധനം}
മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.