Saturday, January 18, 2020

പകച്ചു പോയവരുടെ പിഴച്ച ശബ്‌ദങ്ങള്‍

പ്രവാചകന്മാരൊ,പരിവ്രാചകന്മാരൊ അതുമല്ലെങ്കില്‍ പ്രകൃതിയിലെ പ്രതിഭാസങ്ങളൊ ഈശ്വരനായി സങ്കല്‍‌പിക്കപ്പെടുന്ന സാമ്പ്രദായിക മതങ്ങളുടെ കൂട്ടത്തില്‍; ഇസ്‌‌ലാം എന്ന മത ദര്‍‌ശനത്തെയും വരച്ചുവെക്കാനുള്ള വിഫല ശ്രമമായിരിക്കണം ലോകമെമ്പാടും വിശിഷ്യാ രാജ്യത്തും ഇടത്‌ രാഷ്‌ട്രീയ ബുദ്ധിജീവികളെന്നു അവകാശപ്പെടുന്നവരുടെ ഭീമാബദ്ധം.

സാമ്പ്രദായിക നാട്ടു നടപ്പ്‌ ചാപല്യങ്ങളില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന മതമേലാളന്മാരുടെ തിട്ടൂരങ്ങള്‍‌ക്കപ്പുറം ദീനും ദുനിയാവും തിരിയാത്ത ആള്‍‌ക്കൂട്ടത്തില്‍; വിശുദ്ധ വചന സുധയെ തനിമയോടെ നെഞ്ചേറ്റിയ സാഥ്വികരേയും അവരുടെ അണികളേയും വരവ്‌ വെക്കുന്നതായിരിക്കണം മറ്റൊരു അബദ്ധം.

ലോകമെമ്പാടുമുള്ള അധാര്‍‌മ്മികതയുടെ സകല ചെയ്‌തികളുടേയും കൂട്ടിക്കൊടുപ്പുകാരും വമ്പന്‍ കച്ചവട മനസ്‌ക്ക്കരും വേഷം കെട്ടിച്ച്‌ തുറന്നു വിട്ട ഐ.എസ് എന്ന ദുര്‍‌ഭൂതത്തിന്റെ യഥാര്‍‌ഥ മേല്‍ വിലാസം ഏതാണ്‌ എന്താണ്‌ എന്നൊക്കെ വ്യക്തമായും കൃത്യമായും മനസ്സിലാക്കിയിട്ടും ഈ പൈശാചിക സം‌ഘത്തെ ഇസ്‌ലാമുമായി ചേര്‍ത്തു പ്രചരിപ്പിക്കുന്ന ഫാഷി‌സ്‌റ്റ് സയണിസ്റ്റ് കുതന്ത്രങ്ങളെ അറിഞ്ഞും അറിയാതെയും പ്രോത്സാഹിപ്പിച്ച്‌ പോരുന്നു എന്നതും അബദ്ധങ്ങളുടെ പട്ടികയില്‍ കാണാം.

ലക്ഷ്യം മാര്‍‌ഗത്തെ ന്യായീകരിക്കുന്ന കമ്മ്യൂണസത്തിന്റെ കാമ്പും കാതലുമുള്ള ഇടത്‌ കാടന്‍ തീവ്രവാദ ഭീകരവാദ സം‌ഘങ്ങളെ; ധാര്‍‌മ്മിക മൂല്യങ്ങളില്‍ നിന്നും ഒരിഞ്ചു പോലും വ്യതിചലിക്കാന്‍ മനസ്സില്ലാത്ത ഇസ്‌‌ലാമിക പ്രസ്ഥാനത്തോട്‌ ചേര്‍‌ത്തു വെക്കാനും വായിക്കാനുമുള്ള ശ്രമങ്ങള്‍ കൂടെ ആയപ്പോള്‍ ഈ കുബുദ്ധി രാക്ഷസന്മാരുടെ കൊട്ടിപ്പെരുക്കങ്ങള്‍ അബദ്ധങ്ങളുടെ ഘോഷയാത്രപോലെ തോന്നിക്കുന്നു.പകച്ചു പോയ ഇടതു പക്ഷ നായകന്മാരുടെ ഇത്തരം പിഴച്ച ശബ്‌ദങ്ങളാണ്‌ നില തെറ്റിയ ഫാഷിസ്റ്റുകള്‍‌ക്ക്‌ കച്ചിത്തുറുമ്പായി ഒഴുകിക്കിട്ടുന്നത്.

തങ്ങളുടെ അപ്രമാദിത്ത നിലപാടുകള്‍‌‌ക്ക്‌ വേണ്ടി നീചവും നികൃഷ്‌ടവുമായ ക്രൂരതകളുടെ ലീലാവിലാസങ്ങളില്‍ മതി മറക്കുന്നവര്‍;നിലയും നിലപാടും അതിലുപരി സം‌ശുദ്ധമായ ചരിത്രവുമുള്ള ഒരു സം‌ഘത്തിനെതിരെ കുരച്ചു ചാടിയിട്ട്‌ ഫലമൊന്നും ഉണ്ടാകുകയില്ല.കറുപ്പും ചുവപ്പും വെളുപ്പും തിരിച്ചറിയുന്ന ഒരു യുവ തലമുറ ഇവിടെ വളര്‍‌ന്നു വരുന്നുണ്ട്‌.നന്മക്ക്‌ വേണ്ടി മാത്രം നിലകൊള്ളുന്ന തിന്മക്കെതിരെ ഗര്‍‌ജ്ജിക്കാന്‍ ആര്‍‌ജ്ജവമുള്ളവര്‍ ഉണര്‍‌ന്നെഴുന്നേറ്റിരിക്കുന്നുണ്ട്‌.

തിന്മയുടെ വാഹകര്‍ ആരായാലും അധികാരത്തിന്റെ ഹരം പിടിച്ചവരായാലും സായുധ സന്നാഹങ്ങളില്‍ ഊറ്റം കൊള്ളുന്നവരായാലും ശരി;നിഷ്‌കളങ്കരായ ഒരു സം‌ഘത്തിന്റെ മുന്നില്‍ നട്ടെല്ല്‌ നിവര്‍‌ത്താന്‍ പോലും അവര്‍‌ക്കാവില്ല.ഇത്‌ പ്രകൃതി നിയമമത്രെ. ഭൗതികവാദികള്‍ എത്ര കിണഞ്ഞ്‌ പരിശ്രമിച്ചാലും ഇതിന്റെ പരം പൊരുള്‍ മനസ്സിലാകുകയില്ല.

ആഢ്യനായ ഖുറൈഷി പ്രമാണിയുടെ പടിപ്പുരയ്‌ക്കല്‍ ചെന്ന്‌ ഇയാളുടെ അവകാശം തിരിച്ചു നല്‍‌കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാനല്ലാതെ മറ്റൊന്നിനും അയാള്‍‌ക്ക്‌ കഴിയുമായിരുന്നില്ല.എന്റെ രക്ഷകന്‍ സാക്ഷാല്‍ രക്ഷിതാവ്‌ എന്ന് നിസ്സം‌ശയം ഉരുവിട്ട മാത്രയില്‍ ശത്രുവിന്റെ ഉടവാള്‍ ഊര്‍‌ന്നു വീണു എന്നതിനപ്പുറം ഊര്‍‌ന്നു വീഴാതിരിക്കാന്‍ ന്യായമില്ല എന്ന്‌ മനസ്സിലാക്കലാണ്‌ ബുദ്ധി.ധര്‍‌മ്മാധര്‍‌മ്മ ഇടപെടലുകളിലും സമരങ്ങളിലും; അധര്‍‌മ്മത്തിന്റെ വാഹകരെ ചകിതരാക്കാന്‍ നിഷ്‌കളങ്കനായ ഒരു വ്യക്തിക്ക്‌ പോലും സാധിക്കും.

അന്ധകാരാവ്രതമായ ലോകത്ത് സൂര്യനുദിപ്പിക്കാന്‍ കാത്തിരിക്കുന്നവരോട്‌ സോവിയറ്റ് റാന്തലിന്റെ കഥകള്‍ പറയുന്നത് വിഡ്ഢിത്തമത്രെ. മരുക്കാടിനെ ഇളക്കി മറിച്ച പരശ്ശതങ്ങളെ മുന്നൂറ്റിപതിമൂന്നു കൊണ്ട്‌ ഹരിച്ച പൈതൃകങ്ങളെ ചായം പോയ കൊടികള്‍ കാട്ടി ഭയപ്പെടുത്താമെന്നതും വ്യാമോഹമത്രെ.

അപ്രിയരുടെ ബലിച്ചോരയില്‍ സിംഹാസനത്തിനു പോഷണം കൊടുത്തുകൊണ്ട് കാലാകാലം അധികാരം നിലനിര്‍ത്താമെന്നത് മനപ്പായസം മാത്രമായിരിക്കും. ചോരക്കൊതിക്കെതിരില്‍ അവസാന നിമിഷങ്ങളിലെ ഊര്‍ദ്ധംവലിപോലും രാഷ്ട്രീയ മോഹമാണെന്നു പറയുന്നതിലെ പരിഹാസവും വിരോധാഭാസവും ലോകവും ലോകരും തിരിച്ചറിഞ്ഞിട്ടില്ലെന്നു ധരിക്കുന്നതും മൗഢ്യമാണ്.

കായിക ശേഷിയിൽ അഹങ്കരിച്ചും അധികാരം കൈപിടിയിലാണെന്ന ഉന്മാദത്താൽ ആകാശത്തോളം അർമാദിച്ചും അട്ടഹസിച്ചും ജനസം‌ഘങ്ങള്‍ തിമര്‍‌ത്താടുന്നുണ്ട്.വനാന്തരങ്ങളില്‍ സ്വൈര്യ വിഹാരം നടത്തുന്ന വന്യ ജീവികളെപ്പോലെ.

പ്രതികൂല സാഹചര്യങ്ങള്‍ എന്തായാലും ആത്മ വിശ്വാസത്തോടെയും ആത്മ ധൈര്യത്തോടെയും സഹനത്തിന്റെ പാതയില്‍ അടിപതറാതെ സാകൂതം പ്രകൃതിയോട്‌ സല്ലപിച്ചും സഹതപിച്ചും ശാന്ത സുന്ദരമായ സൗഹൃദ ലോകത്തെ കാം‌ക്ഷിച്ചു കൊണ്ടേയിരിക്കുന്നവരും ഈ ഭൂതലത്തില്‍ ഉണ്ട്‌.പര്‍‌വ്വത ശിഖിരങ്ങളില്‍ നിന്നൊഴുകുന്ന നീരൊഴുക്കു പോലെ.

പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടേയുള്ള ഈ പതഞ്ഞൊഴുക്കിന്റെ സാന്ദ്രത ഇനിയും അളക്കാനാവാത്ത വിധം രൂപപ്പെട്ടാല്‍ ഒരു ശക്തിക്കും പിടിച്ചു നില്‍‌ക്കാന്‍ സാധ്യമായെന്ന്‌ വരില്ല.

Related Posts:

  • രാജ്യത്തിന്റെ പാരമ്പര്യത്തെ തിരിച്ചു പിടിക്കാം രാജ്യത്തിന്റെ പാരമ്പര്യത്തെ തിരിച്ചു പിടിക്കാം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും, നിയോഗിക്കപ്പെടുന്ന ഭരണ നിര്‍വഹണ സമിതികളും, നിയമ പാലകരും, നീത… Read More
  • ചിലന്തി 'ദൈവത്തെ കൂടാതുള്ളവരെ രക്ഷകരായി വരിക്കുന്ന ജനമുണ്ടല്ലോ,അവര്‍ ചിലന്തിയെപ്പോലെയാകുന്നു. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലമായത് ചിലന്തിയുടെ … Read More
  • തകര്‍ന്നടിഞ്ഞ സമൂഹത്തിന്റെ നിര്‍മ്മിതി സകല വിശ്വാസ ധാരകളിലും,രാഷ്ട്രീയ രാഷ്ട്രീയേതര ദര്‍ശനങ്ങളിലും സമൂഹ നന്മയാണ് അടിസ്ഥാനം. ദുര്‍ഗുണരായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഉള്‍പെട്ട ധാരയുടെ… Read More
  • വീണു കിട്ടിയ വിധിയും വീണുരുളുന്ന ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട രാഷ്ട്രിയ രാഷ്ട്രീയേതര ജനനായകരുടെയും കാര്യം ഗ്രഹിക്കാത്ത വിശ്വാസി അവിശ്വാസി സോഷ്യല്‍ മീഡിയാ സ… Read More
  • സുഗന്ധം പരത്താത്ത പൂവുകള്‍ സുഗന്ധം പരത്താത്ത പൂവുകള്‍രാജ്യത്ത് ശാന്തിയും സമാധാനവും പരിലസിക്കുന്ന മാതൃകാപരമായ സാമൂഹികാന്തരീക്ഷം നില നിര്‍ത്തുന്നതില്‍ വിശ്വാസികള്‍ക്കുള്ള പ… Read More

0 comments:

Post a Comment

Note: Only a member of this blog may post a comment.