Sunday, February 9, 2020

പോത്തിന്റെ കടിയും കിളിയുടെ വിശപ്പും

ചളിയില്‍ പൂഴ്‌ന്ന്‌ കിടക്കുന്ന പോത്തിന്റെ ചെവിയില്‍ കടന്നു കയറിയ ചെള്ളിന്റെ ശല്യം കാരണം;പോത്ത്‌ തലയാട്ടിക്കൊണ്ടിരിക്കുന്നു. പൊട്ടക്കുളത്തിന്റെ വക്കത്തിരിക്കുന്ന കാക്കയും പുല്‍‌ തകിടിയില്‍ ചാടി നടക്കുന്ന ചാടന്‍ കിളികളും ഇത് കാണുന്നു.അവര്‍ ഒരോരുത്തരും തങ്ങളുടെ ഊഴം സ്വയം ക്ലിപ്‌തപ്പെടുത്തി പോത്തിന്റെ കാതില്‍ നിന്നും ചെള്ള്‌ കൊത്തിയെടുക്കും.ഇതായിരിക്കണം പോത്തിന്റെ കടിയും തീരും കിളിയുടെ വിശപ്പും അടങ്ങും എന്ന പഴഞ്ചൊല്ലിന്‌ ആധാരം.

ചേറില്‍ കിടന്നു നിര്‍‌വൃതി കൊള്ളുന്ന ഗതികെട്ട രാഷ്‌ട്രീയം എന്ന പോത്തിന്റെ ചെവിയില്‍ സഖാക്കളും സഹചാരികളും ഊഴമനുസരിച്ച്‌ ചെന്ന്‌ 'തിവ്രവാദം' പറഞ്ഞ്‌ കൊത്തുമ്പോള്‍ സഖാകളുടെ വിശപ്പും അടങ്ങും ഗതികെട്ടവന്റെ കടിയും തീരും.

സാമൂഹ്യ സാം‌സ്‌കാരിക രം‌ഗങ്ങളിലും വാര്‍‌ത്താ മാധ്യമങ്ങളിലും ഒക്കെ പുതിയ വഴിത്തിരിവുണ്ടായതു പോലെ വര്‍‌ത്തമാന രാഷ്‌ട്രീയ ഭൂമികയില്‍ മഹിതമായ രഷ്‌ട്രീയ സം‌സ്‌കാരവും നിര്‍‌മ്മാണാത്മകമായ മുദ്രകളും മുദ്രാവാക്യങ്ങളുമായാണ്‌ വെ‌ല്‍ഫെയര്‍ പാര്‍‌ട്ടി എന്ന ജന പക്ഷ രാഷ്‌ട്രീയം രം‌ഗ പ്രവേശം ചെയ്‌തത്. തെരഞ്ഞെടുപ്പിലായാലും പ്രകടനത്തിലായാലും പ്രചരണത്തിലായാലും സാഹോദര്യ ബോധവും സാമൂഹിക നന്മയും ധാര്‍‌മ്മികമായ മര്യാദകളും അതിന്റെ മുഖമുദ്രയത്രെ.വായിച്ചു വളരുന്ന നിരീക്ഷണ വിധേയമാക്കുന്ന രാജ്യത്തെ പൊതു സമൂഹം ഈ സര്‍‌ഗാത്മക രാഷ്‌ട്രീയത്തെ വളരെ കുറഞ്ഞ കാലം കൊണ്ട്‌ തന്നെ അനുഭവിച്ചറിഞ്ഞവരുമത്രെ.അധികാരികള്‍‌ക്കും അവരുടെ മിഷനറികള്‍‌ക്കും ഇതെല്ലാം അറിയാതിരിക്കാന്‍ വഴിയില്ല.

ഒരു പക്ഷെ ഇതര രാഷ്‌ട്രീയ അണികളില്‍ കാണപ്പെടാന്‍ സാധ്യതയുള്ള നശീകരണ സ്വഭാവം ഈ പാര്‍‌ട്ടിയുടെ ഒരു ഘടനയിലും ഉണ്ടാകുകയും ഇല്ല. ഇതു കേവലമായ വര്‍‌ത്തമാനമൊന്നും അല്ല.എന്നാല്‍ സര്‍ഗാത്മകതയ്‌ക്കും ക്രിയാത്മകതയ്‌ക്കും രാഷ്‌ട്രീയത്തില്‍ ഇടമില്ലെന്നു തെളിയിക്കാനെന്നവണ്ണം ഈ രാഷ്‌ടീയ സം‌ഘത്തേയും അതിന്റെ ഉപ ഘടകങ്ങളേയും കളങ്കപ്പെടുത്താനും ഒരു വേള ഉന്മൂലനം ചെയ്യാനും നിക്ഷിപ്‌ത താല്‍പര്യക്കാരും രാഷ്‌ട്രീയക്കാരും അനുബന്ധമായി നിയമ പാലകരില്‍ ഒരു വിഭാഗവും അക്ഷീണം ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് പകല്‍ പോലെ സത്യമാണ്‌. 

രാജ്യം മുഴുവന്‍ ഇളകി മറിയുമ്പോഴും എത്ര സര്‍‌ഗാത്മകവും സമാധാനപരവുമാണ്‌ പ്രതിഷേധ പരമ്പരകള്‍ എന്നത് ദുശ്ശക്തികള്‍‌ക്ക്‌ സഹിക്കാനാകുന്നില്ല.ദൗര്‍‌ഭാഗ്യകരമായത് എന്തെങ്കിലും എവിടെയെങ്കിലും സം‌ഭവിച്ചിട്ടുണ്ടെങ്കില്‍ അധികാരികളും അവരുടെ സില്‍‌ബന്ധികളും ബോധപൂര്‍‌വ്വം ശ്രമിച്ചതിന്റെ പരിണിതി മാത്രമായിരിയ്‌ക്കും.എന്നിട്ടും ന്യൂനപക്ഷത്തിന്നെതിരെ ഭീകരവാദ തീവ്രവാദ ആരോപണങ്ങളുടെ ശരവര്‍‌ഷം തന്നെ.ഖേദകരം സം‌സ്ഥാനത്തിന്റെ മുഖ്യനും അവരുടെ സഹചാരികളും ഈ പല്ലവി ഏറ്റു പിടിച്ചു കൊണ്ടേയിരിക്കുന്നു.അതേ ശ്രുതിയില്‍ രാജ്യത്തിന്റെ പ്രധാനിയും വീണ മീട്ടാന്‍ തുടങ്ങി.തികച്ചും വേദനാജനകവും ദൗര്‍‌ഭാഗ്യകരവുമത്രെ ഇത്‌.ഫാഷിസ്റ്റുകളോടും, അക്ഷരാര്‍‌ഥത്തില്‍ ഭീകരവാദ തീവ്രവാദത്തട്ടകങ്ങളില്‍ അരങ്ങാടുന്നവരോടു പോലും പുലര്‍‌ത്താത്ത വിരോധമാണ്‌ വെല്‍‌ഫയര്‍ പാര്‍‌ട്ടിയോടും അതിന്റെ യുവജന വിഭാഗത്തോടും ഇതര പോഷക ഘടകങ്ങളോടും ഇടതു സര്‍‌‌ക്കാര്‍ അനുവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്നത്.ഇടതു സഹചാരികള്‍‌ പോലും ഇവ്വിഷയത്തില്‍ അത്ഭുതം കൂറുന്നുണ്ട്‌.രാഷ്‌ട്രീയ വിരോധം ഇങ്ങനെയൊക്കെ കാടു കയറാമോ..?

അധികാര രാഷ്‌ട്രീയം എന്ന ചവിട്ട്‌ നാടകമാണ്‌ രാജ്യത്ത് വിശിഷ്യാ കേരളത്തില്‍ ആടിത്തിമര്‍‌ത്തു കൊണ്ടിരിക്കുന്നത്.തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായി എന്തു വേഷവും കെട്ടാന്‍ വിപ്‌ളവ പൊയ്‌മുഖങ്ങള്‍‌ക്ക്‌ കഴിയും.ഇവിടെ നീതി ന്യായം നിയമം ധര്‍‌മ്മം എന്നതിനൊന്നും ഒരു വിലയും കല്‍‌പിക്കുകയില്ല.എന്തൊക്കെ നെറികേടുകളാണ്‌ നിയമ പാലകരെ അഴിച്ചു വിട്ട്‌ കാട്ടിക്കൂട്ടുന്നത്‌.അവരുടെ വല്യേട്ടന്‍ മനോഭാവത്തെ ചോദ്യം ചെയ്‌താല്‍ ഒപ്പം നില്‍‌ക്കുന്നവരെപ്പോലും വെറുതെ വിടുകയില്ല.ഫാഷിസത്തിന്റെ കടുത്ത പതിപ്പില്‍ നിന്നും കാര്യമായ വ്യത്യാസമൊന്നും ഈ നിരീശ്വരന്മാര്‍‌ക്കും ഇല്ല.

നീതിന്യായ നിര്‍‌വഹണ വിഭാഗങ്ങള്‍ക്കും നിയമ പാലകര്‍‌ക്കും ഒരു പരിധിവരെ വര്‍‌ത്തമാന ഇന്ത്യയില്‍ രാഷ്‌ട്രീയ ചട്ടുകമാകാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണുള്ളത്.അതാണ്‌ പച്ചക്കള്ളങ്ങള്‍ പെരുപ്പിച്ചും പൊലിപ്പിച്ചും ഉള്ള അന്യായമായ അറസ്റ്റുകളും വിലക്കുകളും സൂചിപ്പിക്കുന്നത്‌.ഒരു വേള മീഡിയകളുടെ സ്ഥിതിയും മറിച്ചല്ല.

അല്‍പന്‌ അധികാരം ലഭിച്ചാല്‍ എന്ന മലയാള പഴമൊഴി അക്ഷരാര്‍‌ഥത്തില്‍ അനുഭവിക്കാനാകുന്ന കാലവസ്ഥയാണ്‌ രാജ്യത്തും മലയാളക്കരയില്‍ പോലും എന്നു പറയാതിരിക്കാന്‍ കഴിയില്ല.അധികാരം തലക്ക്‌ പിടിച്ചവര്‍ അധികനാള്‍ വാഴില്ലെന്നാണ്‌ ചൊല്ല്‌. വെറിപിടിച്ച അക്രോശങ്ങളിലും അക്രമോത്സുകതയുടെ ആന്തോളനങ്ങളിലും ആത്മരതി കൊള്ളുന്ന ഇടതന്മാരും തീവ്ര വലതന്മാരും അവരുടെ വില്ലാളി വീരന്മാരും വേരറ്റു വിഴുന്ന നാളുകള്‍ വിദൂരമല്ല.അശരണരുടേയും അടിച്ചമര്‍‌ത്തപ്പെടുന്നവരുടേയും വിശിഷ്യാ കണ്ണീര്‍ വാര്‍‌ക്കുന്ന അമ്മമാരുടേയും പ്രാര്‍‌ഥനകള്‍ വിഫലമാകുകയില്ല.

ഇസ്‌ലാം ഓണ്‍ലൈവ്‌

0 comments:

Post a Comment

Note: Only a member of this blog may post a comment.