Friday, February 14, 2020

ഫ്രഷ്‌ ജ്യൂസ്‌

സിനിമ കോച്ച്‌ പ്രൊഡക്‌ഷന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ ഫ്രഷ്‌ ജ്യൂസ്‌ എന്ന ഹ്രസ്വ ചിത്രം.വര്‍‌ത്തമാന കാലത്ത് കേട്ട്‌ കൊണ്ടിരിക്കുന്ന ദൗര്‍‌ഭാഗ്യകരമായ വാര്‍‌ത്തകളില്‍ പെട്ട ഒരു പ്രണയ കഥ.പ്രസ്‌തുത കഥയിലെ ആശ്ചര്യപ്പെടുത്തുന്ന വിവരം തികച്ചും സ്വാഭാവികമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കുകയാണ്‌ സം‌വിധായകന്‍ ശ്രീ ബിനോയ്‌ നളന്ദ.

ബാലാജി ജയരാജൻ, തനൂജ കാർത്തിക്, മാലാ പാർവതി എന്നിവരെ പ്രധാനകഥാ പാത്രങ്ങളാക്കി സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രം.

പ്രത്യേകിച്ച്‌ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഒരു പ്രണയ കഥ.സ്വാര്‍‌ഥതയുടെ അതിമൂര്‍‌ത്ത ഭാവം പൂവണിയുന്നതോടെ ഒരു കുടും‌ബത്തിനേല്‍‌ക്കുന്ന ആഘാധം.ഇതിനെ ഒരു നേര്‍‌ത്ത നോവായി പ്രേക്ഷകന്റെ മനസ്സിലേയ്‌ക്ക്‌ പകര്‍‌ന്നു തരാന്‍ ഒരു പരിധിവരെ അണിയറ ശില്‍‌പികള്‍ക്ക്‌  സാധിച്ചിരിക്കുന്നു.ഇത്‌ തന്നെയായിരിക്കണം ഫ്രഷ്‌ ജ്യൂസിന്റെ വിജയവും.

യുവാക്കളുടെ മാത്സര്യ ബുദ്ധിയോടെയുള്ള പ്രകടനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ തന്മയത്വത്തോടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. വിനോദ പ്രധാനമാണെങ്കിലും അല്ലാത്തതാണെങ്കിലും യുവാക്കളുടെ ചര്‍‌ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ്‌ കിട്ടുന്ന പോം‌വഴികളുടെ പിന്‍ബലത്തില്‍ അവര്‍ സധൈര്യം മുന്നോട്ടു പോകുന്നു.അതിലെ ശരിയും തെറ്റും പ്രത്യാഘാതങ്ങളും ഒന്നും ഒരു പ്രശ്‌നമേ അല്ല.വീണ്ടു വിചാരം പോലുമില്ലാതെ മുന്നോട്ടു ഗമിക്കുന്നു.ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കുന്നില്ല.അല്ലെങ്കില്‍ അതിനുള്ള അവസരം കിട്ടുന്നില്ല.

പ്രാരം‌ഭം മുതല്‍ ഒരു പ്രണയം മൊട്ടിടുന്നതായി പ്രേക്ഷകന്‌ അനുഭവപ്പെടുന്നുണ്ട്‌.എന്നാല്‍ ഈ സിനിമയില്‍ പ്രണയത്തിനല്ല മറിച്ച്‌ പ്രണയം സഞ്ചരിച്ച വഴികള്‍‌ക്കാണ്‌ പ്രാധാന്യം നല്‍‌കപ്പെട്ടിട്ടുള്ളത്.എന്നാല്‍ പ്രണയം നാമ്പിടുന്ന മുഹൂര്‍‌ത്തങ്ങളെ ഏറെ സര്‍‌ഗാത്മകമാക്കാന്‍ പ്രണയ ജോഡികളായ ബാലാജി ജയരാജനും തനൂജ കാര്‍‌ത്തിക്‌ എന്ന നായികയും മത്സരിച്ചു പ്രയത്നിച്ചു.അതില്‍ ബാലാജിയാണ്‌ ഒന്നാമനായത് എന്നും പറയാം.ഷമീര്‍ എന്ന കഥാ പാത്രത്തെ അതി മനോഹരമായി പ്രതിനിധീകരിക്കാന്‍ പ്രതിഭാധനനായ പുതുമുഖ  നടന്‌ കഴിഞ്ഞിട്ടുണ്ട്‌. സം‌ഭാഷണത്തേക്കാള്‍ ഭാവഭേദങ്ങളായിരുന്നു മികച്ചു നിന്നത് എന്നതാണ്‌ കൂടുതല്‍ ശരി.തനൂജ കാര്‍‌ത്തികും ഒപ്പത്തിനൊപ്പം അരങ്ങ്‌ തകര്‍‌ത്തു എന്നും പറയാതിരിക്കാനാകുകയില്ല.

കഥയില്‍ ആദ്യാന്തം ഉമ്മയുടെ സാന്നിധ്യം സമ്പന്നമായിരുന്നു.വീട്ടിലും പുറത്തിറങ്ങുമ്പോഴും ആനകുത്തിയാല്‍ പോലും ഉണരാത്ത ഉറക്കത്തിലും ഉമ്മയുടെ വേഷം മാറിയതായി കണ്ടില്ല.നമസ്‌കാര മുസ്വല്ലയില്‍ മാത്രമാണ്‌ അവരുടെ വേഷത്തില്‍ മാറ്റമുണ്ടായത്.

ഫ്രഷ്‌ ജ്യൂസില്‍ മധുരം ചേര്‍ത്ത മുഹമ്മദ്‌ ഷബാബിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് സനല്‍ വാസുദേവും ശബ്‌ദം പകര്‍‌ന്നത് ഗായത്രി സുരേഷുമായിരുന്നു.

സിനിമയെ ആസ്വാദക ഹൃദയങ്ങളിലേയ്‌ക്കെത്തിക്കും വിധം ഗാനാവിഷ്‌കാരങ്ങള്‍ വിജയിച്ചിട്ടില്ലെന്നു തോന്നി.അഥവാ വരികളും, ഈണവും,പശ്ചാത്തല സം‌ഗീതവും ഉചിതമായ അനുപാതത്തില്‍ ഫ്രഷ്‌ ജ്യൂസില്‍ അലിഞ്ഞ്‌ ചേര്‍‌ന്നിട്ടില്ല.സിനിമ കണ്ടിറങ്ങുന്നവര്‍‌ക്ക്‌  ഈരടികള്‍ ഓര്‍‌ത്തെടുക്കാനാവുന്നില്ല എന്നതായിരിക്കാം ഈ ന്യൂനതയുടെ മര്‍‌മ്മം.

പള്ളിയില്‍ നിന്നും അദാന്‍ മുഴങ്ങുന്നതിന്റെ ഭക്തി സാന്ദ്രമായ സ്വരം പകര്‍‌ന്നത് ഇഹ്‌സാന്‍ ഇസ്‌ഹാക്കും,വിശുദ്ധ ഖുര്‍‌ആനില്‍ നിന്നുള്ള  ഭാഗം അതീവ ഹൃദ്യമായി പാരായണം ചെയ്‌തത്‌ ഇര്‍‌ഫാന ഇസ്‌ഹാക്കുമായിരുന്നു.

കഥയില്‍ പറയാതെ പറയുന്ന ഒരു സന്ദേശമുണ്ട്‌.ജീവിതത്തിലെ കളിക്കളത്തില്‍ ഗോള്‍ നേടാനുള്ള പരിശ്രമങ്ങളില്‍ സ്‌ത്രീയുടെ സ്വാര്‍‌ഥത പുരുഷന്റെ സ്വാര്‍‌ഥതയെക്കാള്‍ ഏറെ മൂര്‍‌ച്ചയുള്ളതും അപകടകരവുമത്രെ.

ഫ്രഷ്‌ ജ്യൂസ്‌ പകര്‍‌ന്നു കൊടുത്ത് ഒരു കുടും‌ബ നാഥയുടെ അവസാന ശ്വാസത്തിന്‌ സക്ഷിയാകുമ്പോള്‍,ഫ്രഷ്‌ ജ്യൂസില്‍ നിന്നും പകര്‍‌ന്നു കിട്ടിയ യാഥാര്‍‌ഥ്യ ബോധത്താല്‍ ഉണര്‍‌ന്നെഴുന്നേല്‍‌ക്കാന്‍ പ്രേക്ഷകന്‌ സാധിക്കുന്നുണ്ട്‌.

ഭാവുകങ്ങളോടെ...
അസീസ്‌ മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.