ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യത്തേയും അഭിമുഖീകരിക്കാനുള്ള ഊര്‍ജ്ജം പ്രഭാതത്തില്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനയിലൂടെ ലഭ്യമാകണം.ജഗന്നിയന്താവ് അനുഗ്രഹിച്ചരുളിയ സമയത്ത് മുഖാമുഖം നടത്താനുള്ള സുവര്‍ണ്ണാവസരം ബോധപൂര്‍വ്വം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിശ്വാസിക്ക് ഇത് ലഭിക്കും.
നമസ്‌കാരം ദീനിന്റെ സ്‌തംഭമാണ് എന്നതു പോലെ നമസ്‌കാരം നില നിര്‍ത്തുന്നവരാണ് സമൂഹത്തിന്റെ താങ്ങും തണലും ആകേണ്ടവര്‍.പ്രതിസന്ധി ഘട്ടത്തില്‍ എഴുന്നേറ്റു നില്‍ക്കേണ്ടവരും അവര്‍ തന്നെയാണ്.നമസ്‌കാരക്കാര്‍ സമൂഹത്തിന്റെ കാര്യത്തില്‍ ഇടപെടാതിരിക്കുന്ന അവസ്ഥ അഭിലഷണീയമല്ല.അഥവാ സാമൂഹ്യ ഇടപെടലുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ അനൗചിത്യമൊന്നും ഇല്ലെന്നാണ് നിരീക്ഷിക്കുന്നതെങ്കില്‍ നമസ്‌കാരം ദീനിന്റെ (ഇസ്‌ലാമിക വ്യവസ്ഥയുടെ) സ്‌തംഭമാണ് എന്ന പാഠത്തിനു വിരുദ്ധമായിപ്പോകും.
വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെ കഥകള്‍ പലതും വിവരിക്കുന്നുണ്ട്.ഇതെല്ലാം നേര്‍ക്കു നേരെ പ്രവാചക പ്രഭുവിന്ന് ആശ്വാസം നല്‍കാനും കൂടുതല്‍ ആത്മ വിശ്വാസം പകരാനും ആയിരുന്നു.കൂടാതെ ഇബ്രാഹീമി മില്ലത്തിന് ഊര്‍ജ്ജം നല്‍കാനുമാണ്.
പിതാവ് ഇബ്രാഹീം നബിയുടെ കുടുംബ സങ്കല്‍പം ലോകാവസാനം വരെ നില നില്‍ക്കുന്ന നേര്‍പഥം സിദ്ധിച്ച എല്ലാവരുമാണെന്നു ഖുര്‍ആന്‍ പറഞ്ഞു തരുന്നുമുണ്ട്.'നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗം' എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗത്തില്‍ തന്നെ ഈ വിശാലാര്‍ഥത്തിലുള്ള കുടുംബ വിഭാവന പ്രകാശിതമാകുന്നുണ്ട്.
ഇഹപര നേട്ടങ്ങള്‍ക്കും സകല സൗഭാഗ്യങ്ങള്‍ക്കും വേണ്ടിയുള്ള ഇബ്രാഹീം നബിയുടെ പ്രാര്‍ഥനയില്‍;ഭക്ത ജനങ്ങളുടെ സാരഥിയാക്കണേ എന്ന തേട്ടത്തില്‍ തന്നെ ഓരോ വിശ്വാസിയുടേയും ഉത്തരവാദിത്തം നിര്‍ണ്ണയിക്കപ്പെടുന്നുണ്ട്. അഥവാ കുടുംബ പരമ്പരയില്‍ സജ്ജനങ്ങളും ഭക്ത ജനങ്ങളും വെറുതെ ഉണ്ടാകുകയില്ല. ഇത്തരത്തിലുള്ള സംസ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതും ഈ പ്രാര്‍ഥകന്‍ തന്നെയാണ് എന്നു സാരം.
പ്രബോധകന്‍ അറിഞ്ഞിരിക്കേണ്ടതും പഠിച്ചിരിക്കേണ്ടതുമായ കഥകള്‍ തന്നെയാണ് മൂസാനബിയുടെ ചരിത്രത്തിലൂടെയും ഓര്‍മ്മിപ്പിക്കപ്പെടുന്നത്.
അത്യധ്വാനത്തിന്റെ വില വിവാഹമൂല്യം നല്‍കി വിവാഹിതനായ മൂസാ(അ) സഹധര്‍മ്മിണിയോടൊപ്പം സഞ്ചരിക്കവേ യാത്രാമധ്യേ ത്വൂര്‍ മലനിരകളില്‍ അഗ്നി ജ്വാല കാണുന്നു.ഇതു കണ്ടമാത്രയില്‍ മൂസാ(അ) അങ്ങോട്ട് ഗമിക്കുന്നു.അല്ലാഹു അദ്ദേഹത്തെ പ്രബോധന ദൗത്യത്തിനായി നിയോഗിക്കുന്ന ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്.
മൂസാ(അ) നഗ്നപാദനായി പവിത്രമായ താഴ്‌വരയിലേയ്‌ക്ക് കടന്നു ചെല്ലുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായ വടി നിലത്തിടാനുള്ള ദൈവ കല്‍പന പ്രകാരം വടി താഴെയിട്ടപ്പോള്‍ അതൊരു സര്‍പ്പമായി ഇഴയാന്‍ തുടങ്ങി.ഇതു കണ്ട് പരിഭ്രമിച്ച് പിന്മാറിയപ്പോള്‍ അല്ലാഹു സമാശ്വസിപ്പിക്കുന്നുണ്ട്. സര്‍പ്പമായി മാറിയ വടി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞപ്പോള്‍ മൂസാ(അ)യുടെ പരിഭ്രമത്തിനു ആശ്വാസമായി.
തിരസ്‌കരിക്കാനും സ്വീകരിക്കാനുമുള്ള ദൈവ കല്‍പനകള്‍ അംഗീകരിക്കാനും സംഭ്രമജനകമാകുമ്പോള്‍ ആത്മ നിയന്ത്രണം പാലിക്കാനും ഉള്ള പാഠങ്ങള്‍ സര്‍ഗാത്മകമായി പഠിപ്പിക്കുകയാണ് ഈ ചരിത്ര ഗാഥയിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്.
പ്രതിരോധിക്കാന്‍ കഴിയില്ലെന്നു തോന്നുന്ന ഘട്ടത്തില്‍ തിരിഞ്ഞോടാതെ യുക്തി ദീക്ഷയോടെ നേരിടാന്‍ ശ്രമിക്കണമെന്നായിരുന്നു നല്‍കപ്പെട്ട ശിക്ഷണത്തിന്റെ കാതല്‍.അഥവാ വര്‍ത്തമാന കാല പ്രയോഗത്തില്‍ പറഞ്ഞാല്‍ പ്രതിസന്ധികളെ സാധ്യതകളാക്കുക എന്നര്‍ഥം.ഇതു വഴി പൂര്‍വ്വാധികം ആത്മ വിശ്വാസം കൈവരിക്കാന്‍ സാധിക്കും. അക്രമകാരികളായ ഒരു ജന സംഘത്തേയും അവരുടെ പ്രമാണിമാരേയും പാഠം പഠിപ്പിക്കാന്‍ നിയുക്തനായ മൂസാ(അ)യുടെ അഭ്യര്‍ഥന മാനിച്ച് സഹോദരന്‍ ഹാറൂനിനെ (അ) കൂടെ ദൗത്യത്തില്‍ പങ്കാളിയായി അല്ലാഹു നിശ്ചയിച്ചു കൊടുക്കുന്നു.
ധിക്കാരിയായ ഫിര്‍ഔനിനോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കാനുള്ള ഉപദേശം നല്‍കിക്കൊണ്ടാണ് ദൗത്യം നിര്‍വഹിക്കാന്‍ ഇരുവരും നിയോഗിക്കപ്പെടുന്നത്.പ്രത്യക്ഷത്തില്‍ തന്നെ നന്മയുടെ യാതൊരു പ്രതീക്ഷയും ഇല്ലാത്തവരോടുപോലും പ്രബോധകര്‍ പുലര്‍ത്തേണ്ട സംവാദ സംഭാഷണ മാതൃക ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
തീരുമാനിച്ചുറപ്പിച്ച ഉത്സവ നാളില്‍ ഫിര്‍ഔനും പ്രഭൃതികളും വെല്ലുവിളിച്ച് സംഘടിപ്പിച്ച നേര്‍ക്കു നേര്‍ മത്സരം ഖുര്‍ആന്‍ സവിസ്‌തരം പറഞ്ഞു തരുന്നുണ്ട്.ജാലവിദ്യക്കാര്‍ ആവേശപൂര്‍വ്വം പുറത്ത് ചാടിച്ച വ്യാജ ഇഴജന്തുക്കള്‍ മുഴുവന്‍ മൂസാ (അ) യുടെ വടി വിഴുങ്ങിയതോടെ അവര്‍ മൂസാ (അ) യുടെ ദൈവത്തെ വാഴ്‌ത്തി.തുടര്‍ന്ന് അശേഷം ശങ്കിക്കാതെ വിശ്വാസം പ്രഖ്യാപിച്ചു.ഇതില്‍ കുപിതനായ ഫിര്‍ഔനിന്റെ നില തെറ്റിയ അട്ടഹാസങ്ങള്‍ സത്യം മനസ്സിലാക്കിയ വിശ്വാസികള്‍ മുഖവിലക്കെടുക്കുന്നു പോലും ഇല്ല.
അന്ധകാരാവൃതമായ ഹൃദയാന്തരങ്ങളില്‍ പ്രകാശം പരക്കുന്നതോടെ വ്യാജന്മാരുടെ സകല കുതന്ത്രങ്ങളും വിഫലമാകുകയായിരുന്നു.സാക്ഷാല്‍ പ്രപഞ്ച നാഥനെ മാത്രം നമിക്കുന്നവര്‍ പിന്നെ ആരുടെ മുന്നിലും തല കുനിക്കുകയില്ല.പരശ്ശതങ്ങളില്‍ പ്രതീക്ഷയും സമര്‍പ്പണവും നടത്തുന്നവര്‍ എത്രയൊക്കെ ഇടങ്ങളില്‍ എത്രയൊക്കെ വട്ടം കുനിഞ്ഞാലും കുമ്പിട്ടാലും തീരുകയും ഇല്ല.
ആഭിചാരക്കാര്‍ അഴിച്ചു വിട്ട പാമ്പുകളെ മറ്റൊരു പാമ്പ് വിഴുങ്ങി എന്നതിനപ്പുറം വലിയ മാനങ്ങള്‍ ഈ സംഭവത്തിലുണ്ട്.സര്‍പ്പം അവരുടെ പരമ്പരാഗത മുദ്രയും മൂര്‍ത്തിയുമത്രെ.അഥവാ ഫിര്‍ഔനിന്റെ പ്രതീകങ്ങളേയും പ്രതി ബിംബങ്ങളേയും മൂസാ(അ) കീഴടക്കി എന്നു സാരം. പൊള്ളയായതെന്തും പൊളിയാനുള്ളതാണ്.വ്യാജമായത് എന്തായാലും അധികകാലം നിലനില്‍ക്കുകയില്ല എന്ന പാഠവും ഈ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഒരു സമൂഹത്തില്‍ നില നില്‍ക്കുന്ന അത്യാകര്‍ഷകമായ അതിശയങ്ങളെ വെല്ലുന്ന അമാനുഷികമായ അതിശയങ്ങളായിരുന്നു അതതു കാലത്തെ പ്രവാചകന്മര്‍ക്ക് നല്‍കപ്പെട്ടു കൊണ്ടിരുന്നത്.അന്ത്യ പ്രവാചകന്റെ കാലഘട്ടം വൈജ്ഞാനിക വളര്‍ച്ചയുടെ പ്രാരംഭമായിരുന്നു.അതു കൊണ്ട് തന്നെ സകല വിജ്ഞാന ശാഖകളേയും ലോകാവസാനം വരെ വെല്ലുന്ന വിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു അന്ത്യ പ്രവാചകന്റെ ദൃഷ്‌ടാന്തം.
പ്രവാചകന്മാരും,അവര്‍ക്ക് നല്‍കപ്പെട്ട ദൃഷ്‌ടാന്തങ്ങളും പ്രബോധന കാലം കഴിയുന്നതോടെ കാലഹരണപ്പെട്ടിരുന്നു.അന്ത്യ പ്രവാചകന് ശേഷം ഇനിയൊരു പ്രവാചകന്‍ വരാനില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന ദൃഷ്‌ടാന്തം നിത്യ പ്രഭാ പൂരമായി ഇവിടെ ജ്വലിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രകാശ ധാരയില്‍ നിന്നും കൊളുത്തിയെടുത്ത് തനിക്ക് ചുറ്റും പടരുന്ന അന്ധകാരത്തില്‍ പ്രസരിപ്പിക്കുക എന്ന ദൗത്യ നിര്‍വഹണം എല്ലാ വിശ്വാസികള്‍ക്കും ബാധകമാണ്.കാലഹരണപ്പെടാത്ത വിളക്കും വെള്ളി വെളിച്ചവും കാലഘട്ടത്തിന്റെ തേട്ടമത്രെ.
0 comments:
Post a Comment
Note: Only a member of this blog may post a comment.