കവികള്‍ നുണയന്മാരല്ല.അവര്‍ ഒരു പുതു ലോകത്തെക്കുറിച്ച് സ്വപ്‌നം നുണയുന്നവരാണ്.അക്ഷരങ്ങളെ സ്‌നേഹിക്കുകയും സ്‌നേഹിപ്പിക്കുകയും ചെയ്യുന്നവരാണ്.അക്ഷരങ്ങളേയും ആശയ സംവാദ ലോകത്തെയും ഭയപ്പെടുന്ന വര്‍ത്തമാന കാലത്ത് കവികള്‍ കാലത്തിന്റെ തേട്ടമത്രെ.തൃശൂര്‍ ജില്ലാ കള്‍ച്ചറല്‍ ഫോറം കലാ സാംസ്‌കാരിക വകുപ്പ് ഐ.സി.സി ബഗ്‌ളുരു ഹാളില്‍ സംഘടിപ്പിച്ച കവിതാ സായാഹ്നം അഭിപ്രായപ്പെട്ടു.
നസീം ചെന്ത്രാപ്പിന്നിയുടെ പ്രവാസ മഴ എന്ന കവിതാ സമാഹരം,കൾചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി ചന്ദ്രമോഹനനില്‍ നിന്നും ജനറല്‍ സെക്രട്ടറി മജീദലി സ്വീകരിച്ച് കൊണ്ട് പ്രകാശനം ചെയ്‌തു.
കവിതകൾ ഒരർത്ഥത്തിൽ ഏറ്റുപറച്ചിലുകളാണ്. മനസ്സിലെവിടെയോ വിങ്ങുന്ന വികാര വേലിയേറ്റങ്ങളുടെ ഹൃദയാവിഷ്‌കാരങ്ങളാണ്. വിചാരങ്ങൾ ചൂടുപിടിച്ച് ആവിയായി , സർഗ്ഗാകാശത്തിൽ മേഘങ്ങളായി കൂടുകൂട്ടി , ഒടുവിൽ അറിയാതെ കവിതയായി പെയ്‌തു ചാടുകയാണ്. ഹൃദയത്തിന്റെ വരണ്ട ഭൂപടങ്ങളിൽ അവ ജലരാശികൾ കൊണ്ട് അടയാളപ്പെടുത്തുന്നു.അവതാരികയില്‍ ശ്രീ ഇ ജിനന്‍ രേഖപ്പെടുത്തിയ വരികള്‍ സദസ്സില്‍ ആവര്‍ത്തിക്കപ്പെട്ടു.
തനിക്ക് ചുറ്റും നടക്കുന്ന കാഴ്‌ചകളെ ആത്മാര്‍ഥമായി നിരീക്ഷണം നടത്തുന്നവരാണ് എഴുത്തുകാര്‍.എന്നാല്‍ സത്യസന്ധമായി ലോകത്തെ അനുഭവിക്കുകയും അനുഭവങ്ങളെ ദീര്‍ഘദൃഷ്‌ടിയോടെ വിചിന്തനം ചെയ്യുകയും പിന്നീട് സര്‍ഗാത്മകമായി അക്ഷരങ്ങളിലൂടെ ജനിപ്പിക്കുകയും ചെയ്യുന്നവരാണ് കവികള്‍.
പാദങ്ങള്‍ മുറിച്ചെടുത്ത് പാദുകങ്ങള്‍ സമ്മാനിക്കുന്ന,കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കാഴ്‌ചകളൊരുക്കിത്തരുന്ന,കാതുകള്‍ മുറിച്ചെടുത്ത് സംഗീതമാസ്വദിപ്പിക്കുന്ന,നാവുകള്‍ അറുത്തെടുത്ത് സംവാദ സദസ്സുകളൊരുക്കുന്ന,തൂലിക കവര്‍ന്നെടുത്ത് എഴുതാന്‍ ഇടം നല്‍കുന്ന വിചിത്രമായ ലോകത്ത് ആര്‍ജ്ജവമുള്ള കവികള്‍ ജനിക്കാതെ തരമില്ല.ഒരു സമൂഹത്തിന് ആശയും ആസ്വാദനവും ഒപ്പം ശുഭ പ്രതീക്ഷയും നല്‍കുന്നവരുമത്രെ കവികള്‍.
തന്റെ ജീവിതാനുഭവങ്ങളേയും ഗ്രാമക്കാഴ്‌ചകളേയും വളച്ചു കെട്ടില്ലാതെ പ്രതിഫലിപ്പിക്കാന്‍ കവിക്ക് സാധിച്ചു എന്നതായിരിക്കണം പ്രവാസ മഴ എന്ന കവിതാ സമാഹാരത്തെ ആസ്വാദ്യകരമാക്കുന്നതിലെ പ്രധാന ഘടകം.ഒരോ കവിതയേയും അക്കമിട്ട് വിലയിരുത്തിക്കൊണ്ട് യുവ കവി ഹാരിസ് എടവന പരിചയപ്പെടുത്തി.
ഒരു ശില്‍പിയും ഒരു ശില്‍പവും പുതുതായി ഉണ്ടാക്കുന്നില്ല.കല്ലില്‍ താന്‍ കണ്ട രൂപത്തിനു അനുഗുണമല്ലാത്തത് കൊത്തി മാറ്റുക മാത്രമാണ് ചെയ്യുന്നത്.ഇവ്വിധം അതി സൂക്ഷ്‌മമായ അക്ഷരപ്പെരുക്കങ്ങളുടെ തനിമയാര്‍ന്ന ഭാവമാണ് പ്രവാസ മഴ.ചൂടും ചുരുമുള്ള വരികളും കല്‍പനകളും.അക്ഷരങ്ങള്‍ അടുക്കി വെയ്‌ക്കുമ്പോള്‍ വാചകവും അതില്‍ അടയിരിയ്‌ക്കുമ്പോള്‍ രചനയും ചുട്ടെടുക്കുമ്പോള്‍ കവിതയും ഉണ്ടാകുമത്രെ.തെളിച്ചു പറഞ്ഞാല്‍ നസീം അത് തെളിയിക്കുന്നുണ്ട്.അസീസ് മഞ്ഞിയില്‍ കവിതയെ സമഗ്രമായി നിരൂപണം ചെയ്‌തു.
ഹർഷ, മോൻസി, ഷിബു റാം, പ്രഭ സെബാസ്റ്റ്യൻ,അതീഖ് റഹ്‌മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിമൽ,സന്തോഷ്,ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
കവി നസീം ചെന്ത്രാചെന്ത്രാപ്പിന്നി മറുപടി പ്രഭാഷണം നിര്‍വഹിച്ചു.തന്റെ ചിരകാല സങ്കല്‍പം പൂവണിയുന്നതിലൂടെ ഹത ഭാഗ്യരായ അര്‍ബുദ രോഗികളുടെ ജീവിത സ്വപ്‌നങ്ങള്‍ നാമ്പിടണമെന്ന ആഗ്രഹം സഹൃദയ സദസ്സിനെ ഓര്‍മ്മിപ്പിച്ചു.കവിതകളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വരികള്‍ വായനക്കാരന്റെ മനസ്സില്‍ ജിവിക്കുന്നുവെങ്കില്‍ കവി ധന്യനായെന്നും അദ്ദേഹം സന്തോഷാശ്രുക്കളോടെ പറഞ്ഞു നിര്‍ത്തി.
കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് അനീസ് മാള അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മര്‍സൂഖ് സെയ്‌തു മുഹമ്മദ് സ്വാഗതവും ജില്ലാ കലാവിഭാഗം കണ്‍വീനര്‍ നിഷാദ് നന്ദിയും പ്രകാശിപ്പിച്ചു.
0 comments:
Post a Comment
Note: Only a member of this blog may post a comment.