Saturday, June 3, 2017

ദൈവ വിശ്വാസം

ദൈവ വിശ്വാസം
ദൈവ വിശ്വാസം എന്നതിനെക്കുറിച്ച്‌ അവിശ്വാസികളും ഒരു വേള വിശ്വാസികളില്‍ തന്നെയുള്ള വലിയൊരു വിഭാഗവും അന്ധകാരത്തില്‍ ഇഴയുന്നു എന്നു പറയാതിരിക്കാന്‍ നിര്‍‌വാഹമില്ല.അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബിയില്‍ വിശ്വസിക്കുന്നവരില്‍ നിന്നു പോലും ശുദ്ധമായ വിശ്വാസത്തിന്റെ സുഗന്ധം പഴയ കാല നൂറ്റാണ്ടുകളിലെപ്പോലെ പ്രസരിക്കുന്നില്ല.

ബഹു ദൈവ സങ്കല്‍‌പത്തിലേയ്‌ക്ക്‌ നയിക്കപ്പെടാനുള്ള സാധ്യതകളില്‍ ജാഗ്രത വെച്ചു പുലര്‍‌ത്തുന്ന വിശ്വാസികള്‍ അനുഗ്രഹീതരാണ്‌.എന്നാല്‍ വിശ്വാസികളായി അറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനം അറിഞ്ഞും അറിയാതെയും ഈ പരദൈവാരാധന എന്ന പൊറുക്കപ്പെടാത്ത പാപത്തെ അനുവദനീയമാക്കി പ്രകടിപ്പിക്കാനും പ്രസരിപ്പിക്കാനുമുള്ള മനനങ്ങളില്‍ വ്യാപ്രതരാണ്‌.ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയില്ലാത്ത ഇക്കൂട്ടര്‍ ദൈവ കോപത്തിനും ശാപത്തിനും പാത്രീ ഭൂതരാണ്‌.എങ്ങിനെ ദൈവത്തെ മാത്രം ആരാധിക്കാം എന്നതിനു പകരം എങ്ങനെ ദൈവമല്ലാത്തവരേയും ആരാധിക്കാം എന്നതിലാണ്‌ ഈ സാധുക്കളുടെ നിരീക്ഷണങ്ങള്‍ കാടുകയറുന്നത്.

കാലാന്തരത്തില്‍ ശുദ്ധമായ വിശ്വാസം നഷ്‌ടപ്പെട്ട ഇബ്രാഹീമീ പാരമ്പര്യമുള്ള ഒരു പ്രദേശത്തായിരുന്നു പ്രവാചക പ്രഭുവിന്റെ ദൗത്യം തുടങ്ങുന്നത്‌.മുഹമ്മദ്‌ നബിയുടെ പിതാവിന്റെ പേര്‍ അബ്‌ദുല്ല എന്നായിരുന്നു.അഥവാ അബ്‌ദുല്‍ മുത്തലിബിനു അല്ലാഹുവില്‍ വിശ്വാസമുള്ളതു കൊണ്ടാണ്‌ തന്റെ മകന്‌ അബ്ദുല്ല എന്നു നാമകരണം ചെയ്തത്‌.പരിസര പ്രദേശങ്ങളിലാകട്ടെ മൂസാ ഈസാ പ്രവാചകന്മാരുടെ അനുയായികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.ജൂത ക്രൈസ്‌തവരായി അറിയപ്പെട്ടിരുന്ന പ്രസ്‌തുത വിഭാഗങ്ങള്‍ പൂര്‍‌ണ്ണ ദൈവ വിശ്വാസികള്‍ തന്നെയായിരുന്നു.കേവലമായ ദൈവ വിശ്വാസിയായതു കൊണ്ട്‌ പരിശുദ്ധമായ വിശ്വാസ ധാരയുടെ സത്തയായ നിഷ്‌കളങ്ക വിശ്വാസമെന്ന തൗഹിദ് ഉള്‍‌കൊള്ളാനാകുകയില്ല.തൗഹീദ്‌ വേണ്ട വിധം ഉള്‍‌കൊള്ളാത്തവരെ വിശ്വാസികളായി ഗണിക്കുന്നതിലും അര്‍ഥമില്ല.

ജൂത ക്രൈസ്‌തവരും അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരല്ല.വിശ്വാസത്തോടൊപ്പം ഇതര ഇലാഹുകളെ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നിന്നില്ല.തന്നെയുമല്ല ചില പ്രവാചകന്മാരെ ദൈവത്തിനു സമന്മാരാക്കി എന്ന കടുത്ത പാതകവും അവരില്‍ നിന്നുണ്ടായി.ഖുറൈഷികളുടെ ദൈവ വിശ്വാസത്തെ മനസ്സിലാക്കിത്തരുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍‌ആനിലുണ്ട്‌.അതില്‍ ചിലത്‌ മാത്രം സാന്ദര്‍ഭികമായി പരിശോധിച്ചു നോക്കാം.

'ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?'' (29 : 61).

'പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (10 : 31).

പരിശിദ്ധ ഖുര്‍‌ആനില്‍ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ ബഹുദൈവാരാധകരെ പരാമര്‍‌ശിക്കുന്നുണ്ട്‌.സ്രഷ്‌ടാവ്‌,സം‌രക്ഷകന്‍,പരിപാലകന്‍,നിയന്താവ്‌ തുടങ്ങിയ എല്ലാ അര്‍ഥത്തിലും അല്ലാഹുവിനെ അവര്‍ അംഗീകരിച്ചിരുന്നു.എന്നാല്‍ തങ്ങളുടെ ഇലാഹുകളെ കൈവെടിയാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.സകല പ്രവാചകന്മാരും പറഞ്ഞതില്‍ ശ്രേഷ്‌ടമായ പദം ലാഇലാഹ ഇല്ലല്ലാഹ് എന്നായിരുന്നു.ഒരു ഇലാഹും ഇല്ല അല്ലാഹുവല്ലാതെ എന്നാണിതിനര്‍‌ഥം.

ജിവിതത്തെ നിയന്ത്രിക്കുന്ന ഒരു മാര്‍ഗ ദര്‍ശനം ദൈവത്തില്‍ നിന്നും അവര്‍ കാം‌ക്ഷിക്കുന്നില്ല.തങ്ങളുടെ ഇഛകള്‍‌ക്ക്‌ വിലങ്ങാകുന്ന ഒരു തമ്പുരാനെ അവര്‍ അം‌ഗീകരിക്കുന്നില്ല.ജീവിപ്പിച്ചും മരിപ്പിച്ചും കാറ്റും കാര്‍മേഘങ്ങളും ഒരുക്കി മഴ വര്‍ഷിപ്പിച്ചും കതിരണിയിപ്പിച്ചും കായ്‌കനികള്‍ വിളയിച്ചും മുളപ്പിച്ചും രാവും പകലും മാറി മാറി ഉദിപ്പിച്ചും ഒക്കെയുള്ള ഒരു പടച്ചവന്‍.സാമൂഹിക ക്രമങ്ങളില്‍ സാംസ്‌കാരിക തലങ്ങളില്‍ ജിവിത സരണികളില്‍ കല്‍പനകളൊന്നും നല്‍‌കാത്ത നിരുപദ്രവകാരിയായ പടച്ച തമ്പുരാന്‍.ഇതായിരുന്നു മക്കാ ഖുറൈഷികളുടെ ദൈവ സങ്കല്‍‌പം.അതു പോലെ അര്‍ഥനകളും അര്‍ച്ചനകളും ദൈവത്തോട്‌ മാത്രം എന്നതും അവര്‍‌ക്ക്‌ അംഗികരിക്കാന്‍ കഴിയുമായിരുന്നില്ല.

ദൈവ വിശ്വാസം വളരെ എളുപ്പമുള്ള ഒന്നായിരിയ്‌ക്കാം.എന്നാല്‍ ഇലാഹുകളെ ഒഴിവാക്കുന്നതിലാണ്‌ സങ്കീര്‍‌ണ്ണതകള്‍ തളം കെട്ടുന്നത്.പര ദൈവങ്ങള്‍ എന്ന അര്‍ഥത്തില്‍ മാത്രമല്ല ഇലാഹ്‌ എന്ന ഖുര്‍‌ആനിക പദ പ്രയോഗവും അതിന്റെ അര്‍ഥ തലങ്ങളും നിര്‍വചിക്കപ്പെടുന്നത്‌.സമ്പത്തും,സൗകര്യങ്ങളും,ആസ്വാദനങ്ങളും,ആഢം‌ബരങ്ങളും,ശാരീരിക ഇഛകളും ചിലപ്പോള്‍ ഇലാഹായെന്നു വരും.ദൈവത്തെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഉള്‍‌കൊണ്ടവനു മാതമേ സകല ഇലാഹുകളേയും തന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഒരു ഇലാഹുമില്ല ദൈവമല്ലാതെ എന്നുദ്‌ഘോഷിക്കുന്നവന്‍ പരലോക മോക്ഷത്തിനും സ്വര്‍ഗ പ്രവേശത്തിനും അര്‍ഹനായി എന്ന പാഠത്തോടൊപ്പം പരക്ഷേമ തല്‍‌പരതയില്ലാത്തവനെ ഇസ്‌ലാമിക ദര്‍‌ശനത്തെ നിഷേധിച്ചവനായി ഉദാഹരിക്കുന്നതും ചേര്‍‌ത്തു വായിക്കണം.തൗഹീദ്‌ പ്രഖ്യാപിച്ചവന്‌ സമൂഹത്തോടുള്ള ബാധ്യതകളില്‍ നിന്നും മുഖം തിരിഞ്ഞു നില്‍‌ക്കാന്‍ സാധ്യമല്ലെന്നു സാരം.

ഇനി വര്‍ത്തമാന കാലത്തെ വിശ്വാസത്തിന്റെ വിലാസം പേറുന്നവരുടെ അവസ്ഥ ഒന്നു പരിശോധിച്ചു നോക്കാം.അവര്‍ മാര്‍ഗ ദര്‍‌ശനം ദൈവത്തില്‍ നിന്നും എന്നത്‌ അംഗീകരിക്കുന്നവരാണ്‌.എന്നാല്‍ പ്രവര്‍‌ത്തി പദത്തില്‍ തങ്ങളുടെ ഇഛകളാകുന്ന ഇലാഹുകളെ പുണര്‍‌ന്നുറങ്ങുന്നവരാണ്‌.പ്രാര്‍ഥനയുടെ കാര്യത്തില്‍ അറബ്‌ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടും അറബേതര രാജ്യങ്ങളില്‍ വ്യാപകമായും ദൈവത്തോടുള്ള അര്‍ഥനപോലെത്തന്നെ ഒരു പക്ഷെ അതിലും ശക്തമായി ഇതരരോട്‌ പ്രാര്‍‌ഥിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നവരാണ്‌.വിശ്വാസികള്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കാനുള്ള പാഠം വിസ്‌മരിച്ച്‌ വിശ്വാസികളിലെ മാതൃകാ വ്യക്തിത്വങ്ങളോട്‌ പ്രാര്‍‌ഥിക്കുക എന്ന തല തിരിഞ്ഞ രീതിയില്‍ അഭിരമിക്കുന്നതായി കാണാന്‍ കഴിയുന്നു.ചുരുക്കത്തില്‍ വിശ്വാസികളായി അറിയപ്പെടുന്നവര്‍ തന്നെ വിശ്വാസവഞ്ചനയില്‍ അകപ്പെട്ടിരിക്കുന്നു.

അക്കാലത്ത്‌ ഖുറൈഷികള്‍ ദൈവത്തെ അംഗീകരിച്ചിരുന്നുവെങ്കിലും ഇലാഹുകളെ കൈവെടിയാന്‍  തയാറായിരുന്നില്ല.ഇക്കാലത്ത്‌ വിശ്വാസി സമൂഹത്തിലെ നല്ലൊരു ശതമാനം അം‌ഗങ്ങള്‍ ദൈവത്തെ അംഗീകരിച്ചും ഇലാഹുകളെ കയ്യൊഴിയുന്നു എന്നു ഉദ്‌ഘോഷിക്കാന്‍ തയാറാകുന്നുണ്ട്‌.എന്നാല്‍ അവരുടെ കര്‍മ്മ മണ്ഡലം പരിശോധിച്ചാല്‍ ഖേദകരം പ്രഖ്യാപനങ്ങള്‍ നിരര്‍‌ഥകങ്ങളാണെന്നു പകല്‍ പോലെ വ്യക്തവും.എന്നാല്‍ കര്‍മ്മത്തിലും ധര്‍‌മ്മത്തിലും എല്ലാ അര്‍ഥത്തിലും മനസ്സാനിധ്യത്തോടെ നിലകൊള്ളുന്ന ന്യൂനാല്‍ ന്യൂന പക്ഷം ലോകമെമ്പാടും ശക്തമായി നിലകൊള്ളുന്നുണ്ട്‌.അവരാകട്ടെ കടുത്ത യാതനകളാലും പീഢനങ്ങളാലും പരീക്ഷണങ്ങളെ ഒന്നൊന്നായി അഭിമുഖീകരിക്കുകയും ചെയ്യുന്നു.വിശ്വാസി സമുഹത്തിനു ഒരു വീണ്ടു വിചാരത്തിനു വരും നാളുകള്‍ പ്രചോദനമാകട്ടെ.പ്രത്യാശിക്കാം.പ്രാര്‍ഥിക്കാം.

03.06.2017

0 comments:

Post a Comment

Note: Only a member of this blog may post a comment.