Friday, May 12, 2017

തിരിച്ചറിയുക.ചികിത്സക്കൊരുങ്ങുക.

തിരിച്ചറിയുക.ചികിത്സക്കൊരുങ്ങുക.
ഓരോ പൂവിനും തനതായ സൗന്ദര്യമുണ്ട്.വിവിധ ഇനങ്ങളിലുള്ളവ,രൂപങ്ങളിലുള്ളവ,വ്യത്യസ്ഥ  നിറങ്ങളിലുള്ളവ,ഗന്ധങ്ങളിലുള്ളവ,ഒറ്റയായി നില്‍‌ക്കുന്നവ,കുലകളില്‍ നില്‍‌ക്കുന്നവ,കൂട്ടമായി പൂക്കുന്നവ തുടങ്ങി വിവരണാതീതമാണ്‌ കേവലം പൂക്കളുടെ പോലും പുതുമകള്‍.

കാഴ്‌ചയിലെങ്ങനെയൊക്കെയാണെങ്കിലും ഇവ പകര്‍‌ന്നു നല്‍‌കുന്ന മധുവിന്റെ സത്തയിലാകട്ടെ രുചിഭേദവുമില്ല.ഇതു പോലെ വിവിധ ധര്‍‌മ്മങ്ങള്‍ ഭൂമിയിലുണ്ട്.ഓരോന്നിനും തനതായ സൗന്ദര്യവുമുണ്ട്‌.ആചാരങ്ങളിലും,അനുഷ്‌ഠാനങ്ങളിലും,പ്രകടനത്തിലും എന്തൊക്കെ ഹാവഭാവമാണെങ്കിലും ആത്മാം‌ശം കുടികൊള്ളുന്ന ആത്മീയസത്തയായ പ്രപഞ്ച ശക്തി എന്ന സംജ്ഞയില്‍ മാറ്റമില്ല.

കടഞ്ഞെടുത്ത ഒരു ആത്മീയതയിലേയ്‌ക്ക്‌ ഒരു പക്ഷെ വരാനായില്ലെങ്കിലും കുടഞ്ഞെറിയുന്ന പൈശാചികതയിലേയ്‌ക്ക്‌ ഇനിയും സഞ്ചരിച്ചു കൂടാ.ലോകം മുഴുവനെന്നോണം പടര്‍‌ന്നു പിടിച്ച ഒരു മഹാവ്യാധി ഒരു വിധം എല്ലാവര്‍ക്കും ബാധിച്ചിട്ടുണ്ട്‌.

തിരിച്ചറിയുക.ചികിത്സക്കൊരുങ്ങുക.കൃത്യമായ പഥ്യങ്ങളോടെ.ഒരു ഭാഗത്ത്‌ സുഖപ്പെടുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ പ്രത്യക്ഷപ്പെടാന്‍ അവസരമുണ്ടാകരുത്.രോഗം ബാധിച്ചവര്‍ ബാധിക്കാത്തവര്‍ എന്നൊരു സങ്കല്പമേ പാടില്ല.ഇവര്‍ക്കൊക്കെ പിരാന്താണെന്ന വാദത്തോടെ മനശ്ശാസ്‌ത്രജ്ഞന്റെ മുന്നിലിരിക്കുന്ന മുഴുത്ത ഭ്രാന്തന്മാരാണ്‌ ഒരോരുത്തരും എന്നതായിരിക്കണം വാസ്‌തവം.ഒരേ ദിശയില്‍ പറക്കുന്നവരുടെ പക്ഷങ്ങള്‍ പരസ്‌പരം ഉറഞ്ഞും ചൊറിഞ്ഞും നില്‍‌ക്കുന്നതും നിരാശാജനകമാണ്‌.ഇവരുടെ അച്ചടക്ക പാലന ചിട്ടവട്ടങ്ങളാവട്ടെ ഗ്രാമീണരായ വൃദ്ധ ദമ്പതികളുടെ കഥപോലെ പരിഹാസ്യവും.

രോഗിയെ വെറുക്കാതെ ചികിത്സിച്ചാലേ രോഗ ശമനം പ്രതീക്ഷിക്കേണ്ടതുള്ളൂ.എത്ര കൊടിയ തിന്മകള്‍ ഉറഞ്ഞാടിയാലും സമൂഹത്തെ വെറുക്കാതിരിക്കാന്‍ കഴിയണം.എങ്കില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകും.ശകാരിക്കപ്പെട്ടതു കൊണ്ടല്ല തെറ്റ്‌ ആവര്‍‌ത്തിക്കാതിരുന്നത്‌.വാത്സല്യപൂര്‍‌വം ചേര്‍‌ത്തു പിടിച്ചതുകൊണ്ടായിരുന്നു എന്ന ബാല മനസ്സിന്റെ പ്രതികരണം ശരാശാരി മനുഷ്യന്റെ വികാരമായിരിക്കാന്‍ നല്ല സാധ്യതയുണ്ട്‌.ഇതിനെ ശരിവെയ്‌ക്കുന്ന ചരിത്രപരവും അല്ലാത്തതുമായ ഉദാഹരണങ്ങളും ഉണ്ട്‌.

ആത്മാര്‍ഥതയുള്ള ഒരു ഭിഷഗ്വരന്റെ രോഗിയോടുള്ള ശൈലി പോലെയായിരിക്കണം നന്മ കാം‌ക്ഷിക്കുന്നവന്റെ ദുര്‍‌വൃത്തരോടുള്ള സമീപനവും.രോഗമുക്തനായ ആരോഗ്യവാനെക്കുറിച്ചുള്ള പ്രതീക്ഷയെ പ്രാപിക്കാനുള്ള അദമ്യമായ ആഗ്രഹമായിരിയ്‌ക്കും ഭിഷഗ്വരന്റെ ഉള്ളിന്റെ ഉള്ളില്‍.രോഗത്തോട്‌ അനിഷ്‌ടവും രോഗിയോടുള്ള ഇഷ്‌ടവും.ദുര്‍‌വൃത്തികളോടും ദുശ്ശീലങ്ങളോടും അപ്രിയം ആവാം.എന്നാല്‍ വ്യക്തിയോടുള്ള പ്രിയം നഷ്‌ടപ്പെടുത്തുകയും അരുത്.അനാരോഗ്യകരമായ എന്തിനേയും വെറുക്കാം.രോഗ ബാധിതനെ വെറുക്കരുത്.

മണ്ണിലിറങ്ങി നടക്കുക.നാല്‍ കവലകളില്‍ സം‌ഗമിക്കുക.വീടുകളുടെ വാതായനങ്ങള്‍ തുറന്നിടുക.അയല്‍പക്കത്തെ വിട്ടില്‍ കയറിച്ചെല്ലുക.തൊട്ടടുത്ത കാപ്പിക്കടയിലെ കാലൊടിഞ്ഞ ബെഞ്ചില്‍ അല്‍പ സമയമെങ്കിലും ഒരു കാപ്പി കുടിച്ച്‌ കുശലം പറയുക.അടഞ്ഞു പോയ വായനശാലകളെ സജീവമാക്കുക.അയല്‍ വാസികളായ കരണവന്മാരെ കാണാന്‍ പോകുക.അവരുമായി സംസാരിക്കുക.ഇടക്കെങ്കിലും തൊട്ടടുത്ത ആതുരാലയങ്ങളില്‍ പോകുക.രോഗികളെ സന്ദര്‍‌ശിക്കുക.തങ്ങളുടെ ഇസങ്ങളെ കടലാസിലും പത്രികകളിലും പരിജയപ്പെടുത്തി പുളിച്ച ചിരിയുമായി തിരിച്ചു പോരുന്ന ശീലം വെടിയുക.....

ചുരുക്കത്തില്‍ കൃത്രിമങ്ങളുടെ ലോകത്ത്‌ നിന്ന്‌ പ്രകൃതിദത്തമായ വിശുദ്ധിയെ പുല്‍‌കാന്‍ സന്നദ്ധമായാല്‍ നഷ്‌ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും.വളര്‍‌ത്താന്‍ നോക്കിയതൊക്കെ പറന്നകന്നു.മരങ്ങളും ചെടികളും നട്ടു തുടങ്ങിയപ്പോള്‍ എല്ലാം തിരിച്ചെത്തി എന്ന ബാലവാടി നുറുങ്ങില്‍ കഥയെക്കാള്‍ ഈണമുള്ള കാര്യവിചാരമുണ്ട്‌.

ഇസ്‌ലാം ഓണ്‍‌ലൈവിനു വേണ്ടി
12.05.2017

0 comments:

Post a Comment

Note: Only a member of this blog may post a comment.