Wednesday, May 10, 2017

വേഷം മാന്യമാകുന്നതിലെ പൊറുതികേട്‌

വേഷം മാന്യമാകുന്നതിലെ പൊറുതികേട്‌ 
തലമറയ്‌ക്കാത്ത കുറച്ച്‌ സ്‌ത്രീ ജനങ്ങളുമൊത്ത്‌ ജിന്ന ഇടപെടുന്ന ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു.ഇതല്ലേ വിശ്വാസികളുടെ വസ്‌ത്ര ധാരണ രീതി എന്ന ചോദ്യ ശരവും.ഇന്ത്യാ മഹാ രജ്യത്തെ ഭാഗം വെയ്‌ക്കുന്നതിലും വര്‍‌ഗീയ ബോധത്തോടെ ഒരു രാജ്യം സ്ഥാപിക്കുന്നതിലും മുന്നിട്ട നിന്ന വ്യക്തി ഒരു മാതൃകാ വിശ്വാസിയായിരിക്കാമെന്നു ഈ സാധുക്കളായ പ്രചാരകര്‍ ധരിച്ചു വെച്ചിരിക്കുന്നതിനാലാണ്‌ ഇത്തരം വിരോധാഭാസങ്ങള്‍ എഴുന്നള്ളിക്കുന്നത്‌.ഒരു യഥാര്‍‌ഥ വിശ്വാസിയില്‍ നിന്നും കാതങ്ങളോളം അകലെയാണ്‌ അകലെയായിരിക്കണം വര്‍‌ഗീയത എന്നതത്രെ പരമാര്‍‌ഥം.ഇസ്‌ലാമിക ദര്‍‌ശനത്തെ യഥാവിധി മനസ്സിലാക്കിയവര്‍ ആരും വിഭജനത്തെ അനുകൂലിച്ചിരുന്നില്ല.ഹാവ ഭാവങ്ങളില്‍ മേനി ചമഞ്ഞവര്‍ മാത്രമായിരുന്നു ഇത്തരം കുത്സിത ശ്രമങ്ങളുടെ അരങ്ങിലും അണിയറയിലും.

പരിശുദ്ധ ഭൂമി എന്ന നാമധേയത്തില്‍ വിഭജിക്കപ്പെട്ട രാജ്യം സാമ്രാജ്യത്വ അജണ്ട പ്രകാരം വീണ്ടും വിഭജിക്കപ്പെടുന്ന സാഹചര്യവും സൃഷ്‌ടിക്കപ്പെട്ടു.എന്നാല്‍ യാഥാര്‍ഥ്യ ബോധമുള്ള വിശ്വാസികള്‍ ഈ കുതന്ത്രത്തോടും സഹകരിച്ചിരുന്നില്ലെന്നതും സാന്ദര്‍‌ഭികമായി ഓര്‍‌മ്മപ്പെടുത്തുന്നു.ഇത്തരം സാമ്രാജ്യത്വ കുത്സിത ശ്രമങ്ങളോട്‌ പുറം തിരിഞ്ഞു നിന്നതിന്റെ പേരില്‍ ആ മഹാത്മാക്കള്‍ ക്രൂശിക്കപ്പെട്ടതിനും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനും ലോകം സാക്ഷിയാണ്‌.

മനുഷ്യന്‍ നന്നായി നാണം മറയ്‌ക്കാന്‍ തുടങ്ങിയതിനെ സാംസ്‌കാരികമായ ഉയര്‍‌ന്ന വളര്‍‌ച്ചയെയായിരുന്നു സുചിപ്പിച്ചു കൊണ്ടിരുന്നത്‌.എന്നാല്‍ എത്രത്തോളം നാണം ഇല്ലാതാവുന്നുവോ എന്നതായിരിക്കുന്നു വര്‍ത്തമാനകാലത്തിന്റെ സാം‌സ്‌കാരിതയുടെ മാനദണ്ഢം.മാന്യമായി വസ്‌ത്രം ധരിക്കാന്‍ ഓരോ സം‌സ്‌കാരവും പാഠം നല്‍‌കിയിട്ടുണ്ട്‌.ജീവിതത്തിലെ സകല വിഷയങ്ങളേയും ഒന്നൊഴിയാതെ ഓര്‍‌മ്മിപ്പിക്കുന്ന ഇസ്‌ലാമില്‍ മാന്യമായ വേഷ വിധാനത്തെക്കുറിച്ച്‌ തീര്‍ച്ചയായും മാര്‍‌ഗ നിര്‍‌ദേശം ഉണ്ട്‌ .ചിലരൊക്കെ ഇവ്വിഷയത്തില്‍ സൗന്ദര്യ ബോധമില്ലായ്‌മ കാണിക്കുന്നുണ്ട്‌ എന്നതും ഒരു സത്യമാണ്‌.

മധുരമുള്ള മാമ്പഴം യഥാവിധി മുറിച്ച്‌ കഷ്‌ണങ്ങളാക്കി ആസ്വദിച്ചു കഴിക്കുന്നവരുണ്ട്‌.കടിച്ചു മുറിച്ച്‌ അറപ്പുളവാകും വിധം തിന്നുന്നവരും ഉണ്ട്‌.അഥവാ രണ്ട്‌ തരം സമീപനങ്ങള്‍.ഏതായാലും നാണം മറയ്‌ക്കുന്നതിനെതിരെയുള്ള നാണം കെട്ട വര്‍‌ത്തമാനങ്ങളോളം നാണക്കേട്‌ മറ്റെന്തായിരിയ്‌ക്കും?സ്‌ത്രീകളുടെ വേഷം മാന്യമാകുന്നതിലെ പൊറുതികേട്‌ ഖേദകരം തന്നെ.

ലജ്ജ ഒരു സംസ്‌കാരമാണ്‌.ലജ്ജയില്ലായ്‌മ മറ്റൊരു സംസ്‌കാരവും. മോഹിപ്പിക്കാനുള്ള തരളിത സങ്കല്‍‌പങ്ങളില്‍ പരിസരം മറന്നുല്ലസിക്കുന്നവരത്രെ ലജ്ജ കെട്ടവര്‍.ഈ വളയത്തില്‍ മുഖം കുത്തി വീഴുന്നവരത്രെ മനസ്സു കെട്ടവര്‍.ഉണ്ണുന്നതിലും ഉടുക്കുന്നതിലും വ്യക്തിയുടെ സംസ്‌കാരം പ്രതിഫലിക്കും. അരുതായ്‌മകളുടെ ചൂരലുകളല്ല.മാന്യമായ സംസ്‌കാരത്തെ അനുഭവേദ്യമാക്കാനുള്ള ക്രിയാത്മകമായ കര്‍മ്മ സരണികളാണ്‌ രൂപപ്പെടേണ്ടത്‌.ഒരു സമൂഹം നിഷ്‌കാസനം ചെയ്യപ്പെടാന്‍ പോകുന്നതിന്റെ സൂചനയായി ലജ്ജയില്ലാത്തവരുടെ പെരുപ്പത്തെ പ്രവചിക്കുന്നവരും ഉണ്ട്‌.

ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.
10.05.2017

0 comments:

Post a Comment

Note: Only a member of this blog may post a comment.