Wednesday, March 20, 2019

ഉപ ബോധ മനസ്സിന്റെ ശക്തി

ഉപ ബോധ മനസ്സിന്റെ ശക്തി
ഡോ.ജോസഫ്‌ മര്‍‌ഫിയുടെ 'നിങ്ങളുടെ ഉപ ബോധ മനസ്സിന്റെ ശക്തി' എന്ന ഇം‌ഗ്‌ളീഷ്‌ പുസ്‌തകത്തിലൂടെ പുതിയ വായനാനുഭവവും ലോകവും തുറക്കപ്പെട്ടു.

നമുക്ക് നാമേ പണിവത് നാകം, നരകവുമതുപോലെ...എന്ന കവി വാക്യത്തിലെ രണ്ട്‌ അനുഭവങ്ങള്‍ക്കും ഹേതുവാകുന്നത് മനുഷ്യ മനസ്സിന്റെ വിചാര ധാരകളാണെന്നു ഹൃദ്യമായി അനുഭവിപ്പിക്കുന്നതാണ്‌ മര്‍ഫിയുടെ പുസ്‌തകം.ബോധ മനസ്സിന്റെ നിശ്ചയ ധാര്‍‌ഢ്യം ഉപബോധമനസ്സ്‌ നിഷ്‌കളങ്കമായി ഏറ്റെടുക്കും.അഥവാ ബോധ മനസ്സ്‌ ഉപബോധ മനസ്സില്‍ സാക്ഷയിട്ടു നിര്‍‌ത്തുന്ന കാര്യങ്ങള്‍ ക്രമ പ്രവൃദ്ധമായി ജിവിതത്തില്‍ അരങ്ങേറും.ഒന്നു കൂടെ വിശദീകരിച്ചാല്‍ ശാരീരിക പ്രയാസങ്ങള്‍ പോലും ബോധമനസ്സ്‌ തീരുമാനിക്കുന്നതുപോലെ മാത്രമേ ഉണ്ടാകൂ.സൗഭാഗ്യവും ദൗര്‍‌ഭാഗ്യവും ബോധ മനസ്സിനു തിരുമാനിക്കാം.ഉപബോധ മനസ്സ് ഏറ്റെടുക്കുന്ന കാര്യം സാധിക്കാതെ പോകുകയില്ലെന്നും പുസ്‌തകം സമര്‍‌ഥിക്കുന്നു.

സദുദ്ധേശപരമായതും ധാര്‍മ്മികതിലൂന്നിയതുമായതും നിരന്തരം ബോധ മനസ്സ് ഉപബോധമനസ്സിനു നല്‍‌കിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ ശുദ്ധമായ പ്രതിഫലനം മാത്രമേ ഉണ്ടാകുകയുള്ളൂ.ഇങ്ങനെ നന്മയിലൂന്നിയ ചിന്തകളെ നിരന്തരം ആവാഹിച്ചെടുക്കാന്‍ അവസരമുണ്ടാകുന്ന ഉപബോധമനസ്സ് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.അല്‍‌പം അതിശയോക്തിയോടും ആലങ്കാരികമായും പറഞ്ഞാല്‍ അപരന്റെ അസ്വസ്ഥതകളെ നിര്‍‌വീര്യമാക്കാന്‍ പോലും നിശ്ചയ ധാര്‍‌ഢ്യമുള്ള മനസ്സിനും ഉപബോധമനസ്സിനും സാധ്യമാകും.

അനിര്‍വചനീയമായ അര്‍ഥ തലങ്ങളുള്ള അന്വേഷണങ്ങളിലും ഗവേഷണങ്ങളിലും വ്യാപൃതരാകാനുള്ള പ്രചോദനങ്ങള്‍ വിശുദ്ധ വേദത്തിലും പ്രവാചകാധ്യാപനങ്ങളിലും സുവിദിതമാണ്‌.പ്രസ്‌തുത വചന പ്രഭയെ സ്വാം‌ശീകരിച്ചു കൊണ്ടുള്ള ആവര്‍‌ത്തിച്ചുള്ള പഠന മനനങ്ങള്‍ ആത്മസായൂജ്യം പ്രധാനം ചെയ്യും.അതോടൊപ്പം ജിവിതത്തില്‍ പ്രസരിക്കുമ്പോള്‍ പ്രതീക്ഷാ നിര്‍‌ഭരമായ സാംസ്‌കാരിക ഭൂമികയ്‌ക്ക്‌ കളമൊരുങ്ങുകയും ചെയ്യും.പാരായണം കൊണ്ട്‌ തനിക്ക്‌ കിട്ടുന്ന പ്രതിഫലവും ജീവിതത്തില്‍ പാലിച്ചാല്‍ സമൂഹത്തില്‍ വളര്‍‌ന്നു വരാനിരിക്കുന്ന മാറ്റവും സുമനസ്സുകളെ മദിച്ചു കൊണ്ടിരിക്കണം.അഥവാ നാളത്തെ പ്രതിഫലവും ഇന്നത്തെ പ്രതിഫലനവും.

നല്ല വായന മനസ്സിനെ ശാന്തമാക്കുകയും മസ്‌തിഷ്‌കത്തെ ഊര്‍‌ജ്ജ്വസ്വലമാക്കുകയും ചെയ്യും.

മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.