വര്‍ത്തമാന കാല പൊലീസ് വാര്‍ത്തകളും അനുബന്ധ വെളിപ്പെടുത്തലുകളും അത്ര വലിയ അളവില്‍ സമൂഹം ഏറ്റെടുത്ത് കാണുന്നില്ല.കാരണം ഇതും ഇതിനപ്പുറവുമൊക്കെ നടന്നു കൂടായ്‌കയില്ല എന്ന രൂഢമൂലമായ വിശ്വാസം അത്ര കണ്ട് സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് കാര്യം. രാജ്യത്തെ ഉത്തര പൂര്‍വ്വ സംസ്‌ഥാനങ്ങളിലെ അവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണ മേഖലയിലുള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നുവരെ വിദ്യാഭ്യാസമുള്ള സമൂഹം ആശ്വസിക്കുന്നേടത്തോളം കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൊലീസ് സേന ബ്രിട്ടീഷ് അധിനിവേശ കാലത്തെ പ്രേത ബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്.അധിനിവേശ ശക്തികളുടെ കൂലിപട്ടാളമായി വിഹരിച്ചിരുന്ന അതേ മനോഭാവത്തില്‍ നിന്നും ഈ അര്‍ധ സൈനിക വിഭാഗത്തെ മോചിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ കേന്ദ്ര സംസ്‌ഥാന ഭരണ കൂടങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.അധിനിവേശ കാലത്ത് അധികാരികളും ജനങ്ങളും പരസ്‌പരം ശത്രുക്കളാണ്.വിശിഷ്യാ ദൈന്യം ദിനമെന്നോണം നിയമ പാലനത്തില്‍ നേരിട്ട് ഇടപെട്ട് കൊണ്ടിരിക്കുന്ന നിയമ പാലക വിഭാഗം.
രാജ്യം സ്വാതന്ത്ര്യം നേടിയതോടു കൂടെ അധികാരികളും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടുന്നവരും ജനസേവകരായി പരിണമിക്കപ്പെടുകയാണ്.ഇവ്വിഷയത്തില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാം.എന്നാല്‍ പൊലീസ് സേനയിലും അവരുടെ സേവന രീതിയിലും കാര്യമായൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ഒരു സംസ്‌കൃത സമൂഹത്തില്‍ നില നില്‍ക്കാന്‍ പാടില്ലാത്ത അവസ്ഥയില്‍ ഈ അര്‍ധ സൈനിക വിഭാഗം വിഹരിച്ചു കൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരം തന്നെയാണ്.സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കാനും കള്ളക്കേസുകള്‍ ചുമത്താനും,യഥാര്‍ഥ കേസുകളിലുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതിരിക്കാനുമൊക്കെയുള്ള ഉന്നതോദ്യോഗസ്ഥ വൃന്ദത്തിന്റെ സമ്മര്‍ദ്ധങ്ങളുടെ കഥകള്‍ വായനാ രസത്തിനപ്പുറമുള്ള ചര്‍ച്ചകളിലേയ്‌ക്കും ഗൗരവമുള്ള പരിഹാര നിര്‍ദേശങ്ങളിലേയ്‌ക്കും പ്രവേശിക്കുന്നേയില്ല.ഇത് അത്യന്തം ഖേദകരമായ അവസ്ഥയെയാണ് സുചിപ്പിക്കുന്നത്.
ദുര്‍ബല വിഭാഗങ്ങളില്‍ പെട്ട വിശേഷിച്ചും ,ന്യൂന പക്ഷ സമുദായങ്ങളില്‍ പെട്ട എത്രയെത്ര കുടുംബങ്ങളാണ് ഈ നിയമ പാലകരുടെ അനാസ്ഥകളിലും ഒരു വക മാന്ദണ്ഡങ്ങളും പാലിക്കാത്ത അന്വേഷണ പ്രഹസനങ്ങളിലും ഒരുവേള അവരുടെ ക്രൂര വിനോദങ്ങളിലും പെട്ട് കണ്ണീര്‍ കുടിക്കുന്നതെന്നതും വസ്‌തുതയത്രെ.അറസ്റ്റ് രേഖപ്പെടുത്തുന്ന കാലത്തെ വാര്‍ത്തയും ബഹളവുമൊന്നും ദീര്‍ഘ കാലത്തെ നിയമപോരട്ടം കഴിഞ്ഞ് നിരപരാധിത്തം തെളിയിച്ച് പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുന്നില്ല.ഭാവിയും ഭാവനയും കരിഞ്ഞുണങ്ങിയവരെ ഒന്നു ആശ്വസിപ്പിക്കാന്‍ പോലും ആരും മുതിരാറുമില്ല.ഒരു പക്ഷെ അതിനൊരുങ്ങുന്നതും മറ്റൊരു കുറ്റകൃത്യം എന്ന തലത്തില്‍ വായിക്കപ്പെടുന്നു എന്നതും വേദനാ ജനകമത്രെ.
വളരെ പരസ്യമായി അക്രമോത്സുകതയും വംശിയാധിക്ഷേപങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്ന എല്ലാ അര്‍ഥത്തിലുമുള്ള കുറ്റവാളികള്‍ സര്‍വതന്ത്ര സ്വതന്ത്രരായി ഒരു വശത്ത്,അക്രമികളല്ല വംശിയ വാദികളല്ല വിദ്വേഷം ഞങ്ങള്‍ക്ക് അഭികാമ്യമല്ല എന്ന് അലമുറയിടുന്നവര്‍ മറുവശത്ത്.സകലമാന തെളിവുകളും ഉള്ള നിയമ ലംഘകര്‍ക്കെതിരെ ചെറു വിരല്‍ പോലും അനക്കമുണ്ടാകുന്നില്ല.തെളിവുകള്‍ മേമ്പൊടിക്ക് പോലും ഇല്ലാത്തവര്‍ കൂട്ടിലടക്കപ്പെടുകയും ചെയ്യുന്നു.എന്നിട്ട് ആരോപിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടിട്ടില്ല എന്നു തെളിയിയിക്കേണ്ട ബാധ്യത നിരപരാധിയുടെ തലയിലും.
നിയമ ലംഘന കൃത്യങ്ങളില്‍ കുപ്രസിദ്ധി നേടിയവര്‍ നിയമ നിര്‍മ്മാണ സഭകളില്‍ എത്തപ്പെട്ട കാലത്ത്,ഈ അര്‍ധ സൈനിക വിഭാഗത്തിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതിനെക്കുറിച്ച് കേരളം പോലുള്ള സാക്ഷര സംസ്ഥാനങ്ങള്‍ എത്തപ്പെട്ട സാഹചര്യം അതി ഗുരുതരമാണെന്ന് സാന്ദര്‍ഭികമായി ഓര്‍ത്തു പോകുന്നു.
സേനയിലെ അച്ചടക്കത്തിന്റെ പേരില്‍ കാട്ടിക്കൂടുന്ന വിധേയത്വ രീതികള്‍ പുനഃപ്പരിശോധനയ്‌ക്ക് വിധേയമാക്കണം.ഒരു വക മാറ്റത്തിരുത്തലുകള്‍ക്കും കഴിയാത്ത ഇരുമ്പുലക്കയാണ് സൈനിക അര്‍ധ സൈനിക ചിട്ടവട്ടങ്ങള്‍ എന്ന് സാധാരണക്കാരും അധികാരികളും ധരിച്ചു പോകുന്നത് മഹാ കഷ്‌ടം തന്നെയാണ്.
രാജ്യ നിവാസികളുടെ സുരക്ഷയും സ്വൈര്യ ജിവിതവും ഉറപ്പാക്കുക എന്ന അതി ശ്രേഷ്‌ടമായ കൃത്യ നിര്‍വഹണമാണ് നിയപാലക വിഭാഗത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തം.പൊലീസിന്റെ സാന്നിധ്യം ഒരു സ്വൈര്യക്കേടായി തീരുന്ന അവസ്ഥ സംജാതമാകാന്‍ പാടില്ലാത്തതാകുന്നു.പൊതു സമൂഹത്തിന്റെ പ്രത്യക്ഷ സേവകരായി സേവന സന്നദ്ധരായി നിതാന്ത ജാഗ്രത പാലിക്കുന്നവരായിരിക്കണം നിയമപാലകര്‍.ഒറ്റപ്പെട്ട ചില നന്മകള്‍ മാതൃകാ യോഗ്യമായ കര്‍മ്മങ്ങള്‍ ഒരു പക്ഷെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ തന്നെ അത്യത്ഭുതം സംഭവിച്ച മട്ടിലാണ് ഔദ്യോഗിക അനൗദ്യോഗിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രതിഫലിക്കുന്നതും.
നിയമപാലന വിഭാഗത്തില്‍ കായിക ക്ഷമതയെക്കാള്‍ ഉന്നത സ്വഭാവ സാംസ്‌കാര ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് മുന്‍ തൂക്കമുള്ളവര്‍ നിയമിക്കപ്പെടണം.മാന്യമായി ഇടപെടുന്നതും സംസ്‌കാര സമ്പന്നതയും കുലീനമായി സഹവസിക്കുന്നതും നന്നായി സംസാരിക്കുന്നതു പോലും പൊലീസിന്റെ ഔദാര്യമായി വിലയിരുത്തുന്ന അവസ്ഥ അപമാനകരം തന്നെയത്രെ.
അറസ്റ്റും ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും ഒക്കെ ഏറെ സുതാര്യമാകാന്‍ സഹായകരമായ ആധുനിക സൗകര്യങ്ങളും നിരീക്ഷണ സംവിധാനങ്ങളും നിര്‍മ്മിച്ചെടുക്കാനുള്ള ശീലും ശൈലിയും അടിയന്തിരമായി സംവിധാനിക്കപ്പെടണം.പൊലീസും ജനങ്ങളും തമ്മില്‍ ശക്തമായ പാലങ്ങള്‍ നിര്‍മ്മിച്ചെടുക്കണം.ദുര്‍ഗന്ധം വമിക്കുന്ന അധിനിവേശ കാല പൊലീസ് സംസ്‌കാരത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം എന്തു കൊണ്ട് നിര്‍വഹിക്കപ്പെടുന്നില്ല എന്നത് ഒരു സാധാരണക്കാരനില്‍ സാധാരണക്കരന്റെ ഉത്തരം ലഭിക്കാത്ത അന്വേഷണമാണ്.ഇവ്വിഷയത്തില്‍ എന്തൊക്കെയോ ചില കാട്ടിക്കൂട്ടലുകള്‍ നടന്നിരിക്കുന്നു എന്നത് വിസ്‌മരിച്ചു കൊണ്ടല്ല ഇത് എഴുതുന്നത്.
അപരാധികള്‍ രക്ഷപ്പെട്ടാല്‍ പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന പ്രയോഗം പോലും വ്യഭിചരിക്കപ്പെട്ടിരിക്കുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും അപരാധികള്‍ രക്ഷപ്പെടണം എന്ന തലത്തിലേയ്‌ക്ക് താറുമാറായ ഈ സമ്പ്രദായങ്ങളെ പൊളിച്ചെഴുത്തിന് വിധേയമാക്കാന്‍ സമയം വല്ലാതെ വൈകിയിരിക്കുന്നു.വേലി തന്നെ വിള തിന്നുന്ന കാലത്ത് വിശേഷിച്ചും.
ഇസ്‌ലാം ഓണ്‍ലൈവിനുവേണ്ടി
ഇസ്‌ലാം ഓണ്‍ലൈവിനുവേണ്ടി
0 comments:
Post a Comment
Note: Only a member of this blog may post a comment.