Saturday, August 12, 2017

കാഞ്ഞിരക്കാടുകള്‍ ചന്ദന മരത്തില്‍ വീണാല്‍

കാഞ്ഞിരക്കാടുകള്‍ ചന്ദന മരത്തില്‍ വീണാല്‍
ഉപരോധം പ്രഖ്യാപിച്ചവരുടെ ഭാഷയും ശൈലിയും,ഉപരോധിക്കപ്പെട്ട രാജ്യത്തിന്റെ സം‌യമനവും പക്വമായ പ്രതികരണങ്ങളും രണ്ട്‌ സം‌സ്‌കാരങ്ങളെയാണ്‌ പ്രതിനിധീകരിക്കുന്നത്‌.അധാര്‍‌മ്മികതയുടേതും ധാര്‍‌മ്മികതയുടേതും.കാഞ്ഞിരക്കാടുകള്‍ ചന്ദന മരത്തില്‍ വീണാല്‍ എന്ന പ്രയോഗത്തെ അന്വര്‍‌ഥമാക്കിയ നാളുകള്‍ക്ക്‌ ലോകം സാക്ഷി.

പ്രത്യക്ഷത്തില്‍ ഖത്തര്‍ ഒറ്റപ്പെട്ടതു പോലെയാണെങ്കിലും സുമനസ്സുകളില്‍ ഈ രാജ്യം ഒറ്റപ്പെട്ടിട്ടില്ല.ഉപരോധ രാജ്യങ്ങളിലെ മനുഷ്യ സ്നേഹികളുടെ ഉള്ളകങ്ങളില്‍ പോലും ഒരു തേങ്ങള്‍ നിലച്ചിട്ടില്ല.ഉപരോധം പ്രഖ്യാപിച്ച്‌ നിമിഷങ്ങള്‍‌ക്കകം ഇസ്രാഈല്‍ സ്വാഗതം പാടി വന്നതും,ഉപരോധ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ അധിനിവേശ രാഷ്‌ട്രത്തെ എണ്ണി പ്പറയുന്ന സാഹചര്യവും,ഖത്തറിനോട്‌ അനുഭാവം പ്രകടിപ്പിക്കുന്നവര്‍‌ക്ക്‌ കടുത്ത ശിക്ഷ പ്രഖ്യാപിക്കപ്പെട്ടതും മധ്യേഷ്യന്‍ ജന മനസ്സുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.എല്ലാ അര്‍‌ഥത്തിലുള്ള അന്തര്‍ ദേശീയ നിയമങ്ങളും ലം‌ഘിക്കപ്പെട്ടത് ഭീകര വാദം എന്നു ഉരുവിടുമ്പോഴേക്കും അലിഞ്ഞ്‌ പോകും എന്ന ദുര്‍മോഹത്തിനും ഇവിടെ ക്ഷതം സം‌ഭവിച്ചിട്ടുണ്ട്‌.തെളിച്ചു പറഞ്ഞാല്‍ തങ്ങളുടെ രാഷ്‌ട്രീയ അതി മോഹത്തിന്‌ ഖത്തറിനെ ബലിയാടാക്കുകയാണെന്ന പച്ച പരമാര്‍‌ഥം ചില ലോക രാഷ്ട്ര നേതാക്കള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുണ്ട്‌.

ഈജിപ്‌ഷ്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന രാഷ്‌ട്രത്തലവനെ തുറുങ്കിലടച്ച പട്ടാള അട്ടിമറിക്കാരനായ ഏകാധിപതി, അയല്‍ രാജ്യത്തിന്റെ തന്ത്ര പ്രധാന വാര്‍‌ത്താ വിതരണ ശൃഖലകളില്‍ അനധികൃതമായി നുഴഞ്ഞു കയറ്റം നടത്താന്‍ നേതൃത്വം കൊടുത്ത രാജ കുമാരന്മാര്‍,ഖുദ്‌സിന്റെ പരിപാലനത്തിനും പരി രക്ഷക്കും ജീവിതം തന്നെ സമരമാക്കിയവരെ ഭീകരരായി ചിത്രീകരിക്കുന്ന സയണിസ്റ്റുകളേക്കാള്‍ വലിയ സയണിസ ലഹരി ബാധിച്ച പരിചാരകരും പാദ സേവകരും.തങ്ങളുടെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ക്കപ്പുറം ഒന്നും ഉരിയാടരുതെന്നു ശഠിക്കുന്ന  ഈ ഉപജാപക സം‌ഘം പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങള്‍ കേള്‍‌ക്കാനും അനുസരിക്കാനും സാമാന്യ ബോധമുള്ളവര്‍‌ക്ക്‌ കഴിഞ്ഞു കൊള്ളണമെന്നില്ല.മനുഷ്യത്വമുള്ളവര്‍‌ക്കും.

സയണിസത്തിന്റെ തലയണ മന്ത്രത്തിനൊപ്പം കൂടപ്പിറപ്പുകളെ ഒറ്റപ്പെടുത്തുകയും ഒറ്റുകൊടുക്കുകയും ചെയ്യുകയാണ്‌ പരിപാലക രാജ്യങ്ങളും പങ്കാളികളും.ഭീകര തീവ്ര അസഹിഷ്‌ണുതകളൊക്കെ യഥേഷ്‌ടം ആരോപിച്ച്‌ പരസ്‌പര വിരുദ്ധ പ്രസ്‌താവനകളുടെ നെറികേടില്‍ പരിഹാസ്യരാകുകയും ചെയ്യുന്നു.സകലമാന ഭയാനകതകളേയും കാരുണ്യ രഹിത ഭാവങ്ങളേയും നാണിപ്പിക്കുന്ന വികൃത വേഷങ്ങളില്‍ നര്‍ത്തനമാടിത്തിമര്‍‌ക്കുന്നു.സങ്കുചിതത്വത്തിന്റെ സകല വാതായനങ്ങളും കൊട്ടിയടച്ച്‌ കൊണ്ട്‌. എന്നാല്‍ ആരോപിക്കപ്പെടുന്നവരാകട്ടെ വിശാലതയുടെ സകല മേലാപ്പുകളും മലര്‍‌ക്കെ തുറന്നിട്ട്‌ സുസ്വാഗതം പാടുകയാണ്‌.

രായ്‌ക്കു രായ്മാനം മണ്ണും വിണ്ണും കടലും കരയും കൊട്ടിയടച്ച്‌ യുദ്ധ സമാന സാഹചര്യം ഒരിക്കല്‍ കൂടെ ഓര്‍‌ത്തു പോകുകയാണ്‌.മാസങ്ങള്‍ തന്നെ നീണ്ട കഥയും കഥയില്ലായ്‌മയും പലരും പലവിധത്തിലും പങ്കുവെച്ചിരുന്നു.ഇപ്പോള്‍ ഉപരോധം വിധിക്കപ്പെട്ട രാജ്യത്തിന്റെ വിസാ ഔദാര്യ വാര്‍‌ത്തയും വാര്‍ത്തയുടെ വരകളും വരികളും ധര്‍‌മ്മ ബോധത്തിലും ഒരു വേള നര്‍‌ബോധത്തിലും ഒക്കെ വിളമ്പിക്കൊണ്ടിരിക്കുകയാണ്‌.കൂട്ടത്തില്‍ ഒരു മര്‍‌മ്മം വിളമ്പനാകുമോ എന്നാണ്‌ ഈയുള്ളവന്റെ ആലോചന.ചില അറബി സുഹൃത്തുക്കളുമായി നടന്ന സം‌ഭാഷണത്തിന്റെ പ്രതിഫലനമാണ്‌ ഈ കുറിപ്പ്‌.

ഒരു യുദ്ധ സാഹചര്യം സൃഷ്‌ടിക്കപ്പെടുമ്പോള്‍ പ്രവാസികള്‍ ഒന്നൊഴിയാതെ അവസാനത്തെ വണ്ടിയും കേറി പോകും എന്നായിരുന്നിരിക്കണം നല്ല അയല്‍‌ക്കാരുടെ ദിവാ സ്വപ്നം.ഇവ്വിധം സം‌ഭവിച്ചു പോകുമോ എന്ന ചെറിയ വിധത്തിലെങ്കിലും ഉള്ള ആശങ്കയൊക്കെ ഈ കൊച്ചു രാജ്യത്തിനും സ്വാഭാവികമായും ഉണ്ടയിക്കാണും.

മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അതാ ഒരു സ്‌ക്രോളിങ് വാര്‍ത്ത.ഖത്തറിലെ മാളുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍‌ക്കായി ജനം തിരക്ക്‌ കൂട്ടുന്നു.പാലും മുട്ടയും പഴങ്ങളും വാങ്ങിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇന്ത്യക്കാര്‍ അഥവാ മലയാളികള്‍ നെട്ടോട്ടം പായുന്നു.ഈ രാജ്യത്ത്‌ നില നില്‍‌ക്കുന്ന സുരക്ഷിതത്വ ബോധത്തിന്റെ വമ്പിച്ച തെളിവായി പ്രവാസി സമുഹത്തിന്റെ ഈ നീക്കത്തെ ലോകവും ലോകരും വിലയിരുത്തി.ലോകത്തെ വലിയ പൊലീസിന്റെ കളം മാറ്റത്തിനു പിന്നില്‍ പോലും ഈ രാജ്യത്തെ ഇന്ത്യന്‍ സമൂഹമടക്കമുള്ള പ്രവാസികളുടെ സ്വധീനവും അവരുടെ അവസരോചിതമായ പ്രതികരണങ്ങളും അനുഭാവപൂര്‍‌ണ്ണമായ നിലപാടും ആണെന്നു കൂടെ വായിക്കാന്‍ മറന്നു പോകരുത്.ഇന്ത്യയില്‍ ഒരു വര്‍‌ഗീയാധിപത്യം നില നില്‍‌ക്കുമ്പോള്‍ തന്നെയാണ്‌ ഇതൊക്കെ എന്നതും ശ്രദ്ധേയമത്രെ.

ചുരുക്കി പറഞ്ഞാല്‍ എയര്‍ പോര്‍ട്ടിലേക്ക്‌ ആരും പാഞ്ഞ്‌ പോയില്ല.ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയെ ചൊല്ലി ആരോ ഒരു മുഖ്യന്‍ പറയാന്‍ ഒരുങ്ങും മുമ്പ്‌ വായ അടപ്പിക്കാനും ആളുണ്ടായി.അതോടെ ദിവാ സ്വപ്നക്കാരുടെ ഏറ്റവും വലിയ കണക്ക്‌ പിഴച്ചവളേക്കാളും പിഴച്ചു എന്ന പോലെ നിലം പതിച്ചു.ഖത്തറിന്‌ ആത്മ വീര്യവും കൂടി.പിന്നെ കാലാവസ്ഥ നാള്‍‌ക്ക്‌ നാള്‍ പുരോഗമിച്ചു.ഒടുവില്‍ വിസാ ഔദാര്യത്തോളം എത്തി നില്‍‌ക്കുന്നു.

ഒരു വാക്ക്‌ കൂടെ ഈ രാജ്യത്തിന്റെ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇന്ത്യന്‍ സമൂഹം വലിയ പങ്കുവഹിച്ചു എന്ന്‌ മണലാരണ്യത്തിലെ മുഴുവന്‍ രാജ കുമാരന്മാരും രാജ്യക്കാരും ഒരു പോലെ വിശ്വസിക്കുന്നു..
12.08.2017

0 comments:

Post a Comment

Note: Only a member of this blog may post a comment.