Monday, January 1, 2018

നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു

നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു
അന്ത്യ പ്രവാചക ചരിത്രത്തിലെ ആദ്യത്തെ ഹിജറ എന്നറിയപ്പെടുന്ന അബ്‌സീനിയാ പലായന  പശ്ചാത്തലം അവധാനതയോടെ തന്നെ പഠിച്ചിരിക്കേണ്ടതത്രെ.ഒരു പ്രതിസന്ധിഘട്ടത്തിലെടുക്കപ്പെട്ട നയ നിലപാടുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.മക്കയില്‍ നിന്നെത്തിയ പുതു വിശ്വാസികളായവര്‍ക്ക്‌ അഭയം നിഷേധിക്കണമെന്ന മക്കാ മുശ്‌രിക് സം‌ഘത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതും നജ്ജാശി എന്ന ക്രിസ്‌തീയ രാജാവിന്റെ അനുകമ്പ വിശ്വാസി സമൂഹത്തിന്‌ ലഭിച്ചതും,അദ്ധേഹം തന്നെ വിശ്വാസം ആശ്ലേഷിച്ചതും ചരിത്രമാണ്‌.
പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളില്‍ ആരെങ്കിലും തിന്മ കണ്ടാല്‍ അത് കൈകൊണ്ട് തടയുക, അല്ലെങ്കില്‍ നാവുകൊണ്ട് തടയുക, അതിനും സാധിക്കില്ലെങ്കില്‍ ഹൃദയംകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക.' 'മനുഷ്യ സമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. 

നന്മയെ പ്രസരിപ്പിക്കുകയും തിന്മയെ നിരുത്സാഹപ്പെടുത്തുകയും എന്നതായിരിയ്‌ക്കും ഒരു വിശ്വാസിയുടെ ശൈലി.ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന മുസ്‌ലിം പ്രദേശങ്ങളും രാജ്യങ്ങളും പലതരത്തിലുള്ള പാഠങ്ങളും നമുക്ക്‌ നല്‍‌കുന്നുണ്ട്‌.അഥവാ നേര്‍ക്കു നേരെ നാം കണ്ടു കൊണ്ടിരിക്കുന്ന അക്രമിയും അതിന്റെ ചാലക ശക്തികളും തീര്‍‌ച്ചയായും ഉണ്ട്‌.എന്നിരുന്നാലും ഇതിന്റെ കാര്യ കാരണങ്ങളിലേയ്‌ക്ക്‌ ആത്മാര്‍ഥമായി കണ്ണോടിച്ചാല്‍ ലഭിക്കുന്ന ചില നഗ്ന സത്യങ്ങളുണ്ട്‌.നന്മയെ കയ്യൊഴിയുകയും തിന്മയോട്‌ രാജിയാകുകയും ചെയ്‌തതിന്റെ അനിവാര്യമായ പരിണിതിയാണെന്നു മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌.

പൊതുവെ വിവക്ഷിക്കപ്പെടുന്ന സനാതന മൂല്യങ്ങള്‍ എല്ലാ സമൂഹത്തിനും ബാധകമത്രെ.കൊല്ലും കൊലയും അക്രമവും അടിച്ചമര്‍ത്തലും മദ്യവും മദിരാക്ഷിയും തുടങ്ങിയവയെ അം‌ഗീകരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.ഇവ്വിഷയത്തില്‍ രാഷ്‌ട്രീയ അന്താരാഷ്‌ട്രീയ നിയമ സം‌ഹിതകള്‍ പോലും ഉണ്ട്‌.എന്നാല്‍ ഇസ്‌ലാമും ഇതര സാമൂഹിക വ്യവസ്ഥകളും തമ്മില്‍ കാതലായ ഒരു വ്യത്യാസമുണ്ട്‌.ഏതെങ്കിലും ഒരു നീച കൃത്യത്തിനെതിരെ വിരലുയര്‍ത്തുക എന്നതിനെക്കാള്‍ ആ കൃത്യത്തിലേയ്‌ക്കുള്ള സകല പഴുതും പാതയും അടക്കാനുള്ള ശ്രമവും ഇസ്‌ലാം സ്വീകരിക്കും.ഇത്തരത്തിലുള്ള പഴുതടക്കലുകളാകട്ടെ ഇതര സമൂഹങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നു മാത്രമല്ല ഇസ്‌ലാമിനെതിരെ പട നീക്കം നടത്താന്‍ പോലും കാരണമാകുന്നു എന്നതത്രെ ഖേദകരം.

മനുഷ്യരെല്ലാവരും അക്രമത്തെ കുറിച്ച്‌ വാചാലരാകുന്നു.വിശ്വാസികള്‍ പ്രത്യേകിച്ചും.എന്നാല്‍ നാമോരുത്തരും വിവിധങ്ങളായ കാരണങ്ങളാല്‍ അക്രമികളായിരിയ്‌ക്കാം.ചിലര്‍ സ്വന്തത്തോട്‌ തന്നെ അക്രമം പ്രവര്‍‌ത്തിക്കുന്നവരാകാം.അല്ലെങ്കില്‍ ഇണ തുണകളോട്‌,കുടും‌ബത്തോട്‌,സഹവാസിയോട്‌,സമൂഹത്തോട്‌ ഇങ്ങനെ പോകുന്നു പട്ടിക.ഓരോ വ്യക്തിയും സ്വയം നന്നാകാന്‍ ശ്രമിക്കുക.ഒപ്പം തന്റെ സഹവാസികളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുക.ഇതിന്റെ പ്രതിഫലനം ഘട്ടം ഘട്ടമായി കുടും‌ബത്തില്‍ അയല്‍‌ക്കാര്‍ക്കിടയില്‍ സമൂഹത്തില്‍ രാജ്യങ്ങളില്‍ വ്യാപിച്ചു കൊണ്ടേയിരിയ്‌ക്കും.ഉത്തമ സമൂഹം എന്ന സ്ഥാനം നേടാന്‍ ഒരേയൊരു ഉപാതിയേഉള്ളൂ. നന്മ പ്രസരിപ്പിക്കുക തിന്മയെ ചെറുക്കുക.ദൈവത്തിന്റെ സം‌പ്രീതരായ ദാസന്മാരാകുക.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
01.01.2018

0 comments:

Post a Comment

Note: Only a member of this blog may post a comment.