Friday, December 12, 2014

മനം മാറ്റം തടയാനാകില്ല

മനം മാറ്റം തടയാനാകില്ല
നെറികെട്ട സമുഹത്തില്‍ നെറികേടുകള്‍ നിയമമായി വരും.കാരണം ജനാധിപത്യത്തില്‍ ഭുരിപക്ഷം എന്തു പറയുന്നു എന്നതായിരിയ്‌ക്കും അന്തിമ തീരുമാനം.നമ്മുടെ രാജ്യത്ത്‌ ചിലയിനം കാലികളെ മാതാക്കളായി പരിഗണിക്കണം എന്ന തിട്ടൂരം വന്നു കഴിഞ്ഞു.ഇനി ഭാവിയില്‍ ചിലയിന മൃഗങ്ങളെ ഇണകളാക്കണം എന്ന ഒരു നിയമം വന്നു കൂടെന്നില്ല.

ജനാധിപത്യ സം‌വിധാനം മനോഹരമായി അനുഭവേദ്യമാകണമെങ്കില്‍ സമൂഹം നന്നായിരിക്കണം.മഹദ്‌ ഗ്രന്ഥങ്ങളും അതിന്റെ ദാര്‍‌ശനിക ഭാവങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെടുക തന്നെ വേണം.ചില ദര്‍‌ശനങ്ങളുടെ വാഹകരെന്നു അവകാശപ്പെടുന്നവര്‍ ഒരു പക്ഷെ ആ ദര്‍‌ശനത്തോട്‌ നീതി പുലര്‍ത്താത്ത അവസ്ഥ ഉണ്ടായേക്കും.

നമ്മുടെ രാജ്യത്ത്‌ അധികവും ഏതു ദര്‍‌ശനത്തിന്റെ അനുഗാമികളാണെന്നു പറഞ്ഞാലും ആള്‍‌ക്കൂട്ട സംസ്‌കാരമാണ്‌ അവരിലധികവും പ്രതിഫലിക്കുന്നത്‌.ലോകത്ത്‌ അം‌ഗ ബലത്തില്‍ കുറവൊന്നും അല്ലാത്ത ഇസ്‌ലാമിക ദര്‍‌ശനത്തിന്റെ അനുയായികളെ കണ്ടിട്ടൊന്നുമായിരിക്കില്ല ഇപ്പോഴും ആളുകള്‍ അതിലേയ്‌ക്ക്‌ ആകര്‍‌ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നത്‌.മറിച്ച്‌ വിശുദ്ധ ഗ്രന്ഥവും അനുബന്ധ പഠന മനനങ്ങളും നടത്തുമ്പോള്‍ ഈ ദര്‍‌ശനത്തെ കയ്യൊഴിയാന്‍ ആകുന്നില്ല എന്നതായിരിക്കണം യാഥാര്‍ഥ്യം.അതിനാല്‍ വിശ്വാസ സ്വാതന്ത്ര്യം നിയമം മൂലം തടയപ്പെട്ടാല്‍ 'മതം മാറ്റം' സാങ്കേതികാര്‍‌ഥത്തില്‍ നിലച്ചേക്കും.മനം മാറ്റം നടന്നു കൊണ്ടേയിരിയ്‌ക്കും.അതു തടയാന്‍ ലോകത്ത്‌ ഒരു ശക്തിക്കും കഴിയില്ല.

ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ടെന്നും ആരാധ്യരായ വേറേയും ദൈവങ്ങളുണ്ടെന്നും ഒരാള്‍ വിശ്വസിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കാണ്‌ ആ തീരുമാനത്തെ തടയിടാനാകുക.ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുമില്ലെന്നും ദൈവ സങ്കല്‍‌പം കേവലം ഭാവനാ വിലാസങ്ങളാണെന്നും ഒരു ദൈവവും ഇല്ലെന്നും ഒരാള്‍ വിശ്വസിക്കാന്‍ തിരുമാനിച്ചാല്‍ ആര്‍ക്കാണ്‌ ആ തീരുമാനത്തെ മാറ്റാനാകുക.ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ടെന്നും ആശക്തി മാത്രമാണ്‌ ദൈവം എന്നും മറ്റൊരു ദൈവവും ഇല്ലെന്നും ഒരാള്‍ വിശ്വസിക്കാന്‍ തിരുമാനിച്ചാല്‍ ആര്‍ക്കാണ്‌ ആ തീരുമാനത്തെ കൂച്ച്‌ വിലങ്ങിടാനാകുക.
19.08.2017

0 comments:

Post a Comment

Note: Only a member of this blog may post a comment.