Tuesday, July 29, 2014

പ്രതിജ്ഞയും പ്രാര്‍ഥനയുമായി

പ്രതിജ്ഞയും പ്രാര്‍ഥനയുമായി
കായലും  കുളങ്ങളും തോടുകളും കൈവഴികളും   തെങ്ങിന്‍ തോപ്പും വയലോലകളും മറ്റുകൃഷിയിടങ്ങളും ഒക്കെയുള്ള മനോഹരമായ ഗ്രാമം ​.അവിടെ വിശാലമായ കളിപ്പറമ്പ്‌ .ആകാശത്തോളം ഉയര്‍ന്നു പന്തലിച്ച്‌ തണലിട്ടു നില്‍ക്കുന്ന ചക്കരമാവ്‌.സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍   ഈ മാവിന്‍ ചോട്ടിലാണ്‌ പഞ്ചായത്ത്‌.കളിപറയുന്നതും കഥപറയുന്നതും ജിവിത വ്യഥകള്‍ പങ്കുവയ്‌ക്കുന്നതും വീട്ടു വര്‍ത്തമാനങ്ങളും നാട്ടു വര്‍ത്തമാനങ്ങളും ഒളിച്ചും തെളിച്ചും പറയുന്നതും ഇവിടെയായിരുന്നു.ഞങ്ങള്‍  മുഹമ്മദുമാര്‍ക്കും മുരളിധരന്മാര്‍ക്കും ജോസേഫുമാര്‍ക്കും പരസ്‌പരം ഒളിച്ചുവയ്‌ക്കാനൊന്നും ഇല്ലായിരുന്നു. ഇന്ന്‌ പഴയ ഗ്രാമീണ ഭംഗി വെട്ടിനിരത്തപ്പെട്ടിരിക്കുന്നു.നിഷ്‌കളങ്കമായ സൌഹൃദാന്തരീക്ഷവും .

പുതിയ തലമുറയിലെ കുട്ടികള്‍ തങ്ങളുടേതുമാത്രമായ തീരങ്ങളിലും   തുരുത്തുകളിലുമാണ്‌ സുഹൃദങ്ങള്‍ പങ്കിടുന്നത്‌.പഴയ കളിപ്പറമ്പില്‍ പുതിയ രമ്യഹര്‍മ്മങ്ങളുയര്‍ന്നിരിക്കുന്നു.തണല്‍ മരം വെട്ടി മാറ്റപ്പെട്ടിരിക്കുന്നു.ഓലമേഞ്ഞ ഓത്തുപള്ളി വലിയ കെട്ടിടമായി മാറിയിരിക്കുന്നു.കെട്ടി ഉയര്‍ത്തപ്പെട്ട മതിലും മറയും വന്നിരിക്കുന്നു.അവിടെയാണ്‌ മുഹമ്മ്ദുമാരുടെ സദസ്സ്‌.തൊട്ടപുറത്തെ കാലഹരണപ്പെടാറായി നിന്നിരുന്ന വഴിയമ്പലം പുനരുദ്ധരിച്ചിരിച്ച്‌ ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.മുരളീധരന്മാരുടെ താവളം അവിടെയാണ്‌.മറ്റൊരുകൂട്ടര്‍ കുരിശുപള്ളി പരിസരത്താണ്‌ ഒത്തുകൂടുന്നത്‌.സമൂഹങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ രൂപം പൂണ്ടിരിക്കുന്നു.ആത്മീയ ഹാവ ഭാവങ്ങളുടെ മത്സരത്തട്ടകങ്ങളും മതങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ വീറും വാശിയും   ആയിരിക്കണം ഈ ദയനീയാവസ്ഥയുടെ കാരണമെന്ന്‌ പറയപ്പെടുന്നു.പത്രവാര്‍ത്തകള്‍ പോലും ഒരുമിച്ചിരുന്ന്‌ വായിക്കാന്‍ പറ്റാത്തവിധം സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.ഇത്തരത്തിലൊരു ദുരന്തഭൂമികയുടെ കാരണം ആത്മീയതയാണെങ്കില്‍ ആത്മീയത എന്താണ്‌ എന്ന്‌ ഹൃസ്വമായെങ്കിലും അറിയേണ്ടത്‌ അനിവാര്യമായി മാറുന്നു.
ആത്മീയത:
മനുഷ്യന്‌ വികാര വിചാരങ്ങള്‍ ഉണ്ടാകുന്നത് പ്രകൃതിദത്തമാണ്‌ തന്റെ സഹോദരന്റെ വികാര വിചാരങ്ങളെ വായിക്കാന്‍ കഴിയുന്നത് ബുദ്ധിപരമാണ്‌ .അയാളുടെ ആവശ്യങ്ങള്‍ക്ക് ഒരു പക്ഷെ പരിഹാരം കാണേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രയത്നിക്കാന്‍ ഒരുങ്ങുന്നത്‌ മാനുഷികമാണ്‌. തന്റെ സഹോദരന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും അയാളുടെ പ്രയാസം തന്റെ പ്രയാസമായി അനുഭവേദ്യമാക്കുകയും ചെയ്യുന്നത് ആത്മീയമാണ്‌. .
രണാങ്കണത്തില്‍ ദാഹിച്ച് വലഞ്ഞവര്‍ക്ക് ശുദ്ധജലം കൊണ്ടുവരപ്പെട്ടപ്പോള്‍ എനിക്കല്ല അയാള്‍ക്ക് എന്ന് പറഞ്ഞ് ദാഹ ജലം ഓരോരുത്തരിലേയ്‌ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതും അവസാനം ആരും കുടിക്കാതെ കണ്ണടക്കുകയും ചെയ്‌തത് ചരിത്രമാണ്‌.ഭൌതികന്റെ വീക്ഷണത്തില്‍ ഇവരെപ്പോലെ വിഡ്ഡികള്‍ ലോകത്ത് ആരും ഇല്ല.എന്നാല്‍ തന്റെ ആവശ്യത്തേക്കാള്‍ തന്റെ സഹോദരന്റെ ആവശ്യത്തിന്‌ പ്രാധാന്യം കൊടുക്കുമ്പോള്‍ ആസ്വദിക്കുന്ന ദാഹ ശമനം അനിര്‍വചനീയമത്രെ.ചുരുക്കത്തില്‍ ‍‍ ‍ ‍ മാനുഷികതയുടെ ഏറ്റവും ഉയര്‍ന്ന വിതാനമാണ്‌ ആത്മീയത.അതിനാലാണ്‌ പ്രവാചകശ്രേഷ്‌ഠന്‍ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായത്.

മാനുഷികതയുടെ ഏറ്റവും ഉദാത്തമായ വിതാനമാണ്‌ ആത്മീയതയെങ്കില്‍ നമ്മുടെ നാടിന്റെ ദുരവസ്ഥയുടെ യഥാര്‍ഥകാരണക്കാര്‍ കപട മത ഭ്രാന്തന്മാരും ആത്മീയ കച്ചവടക്കാരുമാണെന്ന്‌ സമ്മതിക്കേണ്ടിവരും .

ഗ്രമീണതയുടെ ഹരിതാഭമായ പഴയകാല സൌഹൃദലോകത്തെ നമുക്ക്‌ വീണ്ടെടുക്കാം. പഴയകാല തണല്‍ മരങ്ങള്‍ ആദ്യം നമ്മുടെ ഹൃദായന്തങ്ങളില്‍ നട്ടുപിടിപ്പിക്കാം  

ലോകാനുഗ്രഹിയായ പ്രവാചകന്റെ യഥാര്‍ഥ അനുയായി ഭൂമിയിലെ സകല മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും ആശാകേന്ദ്രമായിരിക്കും .അവന്‍ ഒരു തണല്‍ മരം പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കും .അതുവഴി കടന്നു പോകുന്ന മനുഷ്യര്‍ക്കും കാലികള്‍ക്കും തണലേകിക്കൊണ്ട്‌ ഇടത്താവളം പോലെ അഭയകേന്ദ്രം പോലെ.പാറി പറന്നെത്തുന്ന പറവകള്‍ അതിലെ കായ്‌കനികള്‍ കൊത്തിത്തിന്നും അതിന്റെ ചില്ലകളില്‍ കൂടുകൂട്ടും .വ്രത വിശുദ്ധിയുടെ പരിസമാപ്‌തിയില്‍ ശവ്വാല്‍  പിറയുടെ നിറവില്‍    പുതിയ മനുഷ്യനായി പിറവിയെടുത്ത്‌ പുത്തന്‍ പ്രതീക്ഷകളുമായി പറന്നടുക്കാം ഒരേ ചില്ലയിലേയ്‌ക്ക്‌.അവിടെയിരുന്ന്‌ നമുക്കൊരുമിച്ച്‌ പ്രതിജ്ഞ ചെയ്യാം  വ്യത്യസ്ഥമായൊരു പുലരിയ്‌ക്ക്‌ വേണ്ടി.ഒരു യുഗപ്പിറവിയ്‌ക്ക്‌ വേണ്ടി.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണ കാലത്തെ താലോലിച്ചുകൊണ്ട്‌ പ്രതിജ്ഞയോടെ പ്രാര്‍ഥനയോടെ ഹൃദ്യമായ ആശംസകള്‍....
29.07.2014

0 comments:

Post a Comment

Note: Only a member of this blog may post a comment.