Monday, June 30, 2014

കര്‍മ്മ ഭൂമിയിലെ കര്‍ഷകനാകുക

കര്‍മ്മഭൂമിയിലെ ര്‍ഷകനാകുക'
നന്നായറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്‌ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, രക്ഷിതാവില്‍ നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല.'(ഖുര്‍ആന്‍)

ജീവിതത്തെ കുറിച്ച് ഒരു ഭൗതികന്റെ കാഴ്ചപ്പാട് കൃത്യമായി ഖുര്‍ആന്‍ പറഞ്ഞു തരുന്നു. സാങ്കല്‍പിക ലോകത്തിരുന്ന് മനപ്പായസമുണ്ണുന്നവരുടെ ദൗര്‍ഭാഗ്യവും  ബുദ്ധിപരമായ സമീപനം കൈകൊള്ളുന്നവരുടെ സൗഭാഗ്യവും കാവ്യാത്മകമായി വരച്ചിടുന്നു ഖുര്‍ആന്‍. ഭൗതികാലങ്കാരങ്ങളുടെ വര്‍ണ്ണപ്പകിട്ട് തികച്ചും നൈമിഷികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ വളരെ ശക്തമായി പ്രതിധ്വനിക്കുന്നുണ്ട് ഈ വിശുദ്ധ വചനത്തില്‍.  

മഴപെയ്ത് ചെടികള്‍ കിളിര്‍ത്ത് വളരുമ്പോഴും വിളയുമ്പോഴും ഏതു കര്‍ഷകനാണ് സന്തോഷിക്കാതിരിക്കുക എന്ന ചോദ്യം സ്വന്തം നെഞ്ചിലേയ്ക്ക് വിരല്‍ ചൂണ്ടി ഉന്നയിക്കുമ്പോള്‍ പുതിയ ചിലമാനങ്ങള്‍ ഈ സൂക്തത്തിലൂടെ ഉരുത്തിരിയും. അഥവാ ശരാശരി കര്‍ഷകരുടെയെല്ലാം സങ്കല്‍പം ഇത്തരത്തില്‍ തന്നെ എന്ന പരമാര്‍ഥം ഓര്‍മ്മവരും. ഈ കൃഷിയിടം ഭൗതികലോകമാണെന്നും ഈ പാടവരമ്പത്തെ കര്‍ഷകന്‍ ആദം സന്താനങ്ങളുടെ പ്രതീകമാണെന്നും തിരിച്ചറിയും. ഈ തിരിച്ചറിവ് അനായാസം സാധിച്ചെന്ന് വരില്ല, സാക്ഷാല്‍ ഉടമയെകുറിച്ച് അടിമയില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വവും ആദരവും ആരാധനയും യഥാവിധി പാലിച്ചുകൊണ്ടല്ലാതെ. പ്രഭുവും പ്രജയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ജീവിത വ്യവഹാരങ്ങളില്‍ പ്രകടമാകും. അധരങ്ങള്‍ സ്‌ത്രോത്രങ്ങള്‍ കൊണ്ട് നനയും, അകതാരില്‍ ആരോഗ്യകരമായ ചിന്തകള്‍ വിളയും, പരാതികളും പരിഭവങ്ങളുമില്ലാത്ത മനുഷ്യനെ കണ്ട് മാലാഖമാര്‍ അത്ഭുതം കൂറും. സ്രഷ്ടാവും സൃഷ്ടിയും പരസ്പരം തൃപ്തിപ്പെടുന്ന വിതാനം. വിശ്വാസിയുടെ കാര്യം അത്ഭുതകരമെന്ന് പ്രവാചക ശ്രേഷ്ഠന്‍ വിശേഷിപ്പിച്ച സന്ദര്‍ഭം.

വികല സങ്കല്‍പ പൂജകരായ ആധുനിക ആസറുമാരുടെ അഗ്‌നികുണ്ഡങ്ങളില്‍ വിശ്വാസിയുടെ മനോധൈര്യം കത്തിയമരുകയില്ല. അഹങ്കാരികളായ ഫറോവമാരുടെ മായാജാല കസര്‍ത്തുകള്‍ കണ്ട് അവന്റെ കണ്ണുകളില്‍ ഇരുട്ട് പടരുകയും ഇല്ല. തിന്മയുടെ വിഷ ബീജങ്ങള്‍ പടര്‍ത്തുന്ന പൗരോഹിത്യപരിശകളുടെ വിടുപണിയില്‍ നിരാശനാകുകയും ഇല്ല. മറിച്ച് വിശ്വാസിയുടെ ശുഭപ്രതീക്ഷയില്‍ അഗ്‌നികുണ്ഡം തണുത്തുറക്കും. വിഷ സര്‍പ്പങ്ങള്‍ അപ്രത്യക്ഷമാകും. പ്രതിരോധവും പരിഹാരവുമായി ഒരു സുവിശേഷകന്‍ അവതരിക്കും. 

വിശ്വവിഖ്യാതനായ കവി അല്ലാമ ഇഖ്‌ബാലിന്റെ പ്രസിദ്ധമായ ഒരു കവിതയിലെ ആദ്യപാദത്തിലെ വരികളുടെ രത്‌നച്ചുരുക്കം സാന്ദര്‍ഭികമായി കുറിക്കട്ടെ. 'ഞാന്‍ മോശയുടെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച് സാമിരിയുടെ കുഴലൂത്തില്‍ പെട്ട് നശിച്ച് കൊണ്ടിരിക്കുകയാണ്. നീ അബ്രഹാമിന്റെ പാരമ്പര്യ പാതയ്ക്ക് പകരം ആസറിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്'. ആധുനിക സാമിരിമാരുടേയും ആസറുമാരുടേയും മാന്ത്രിക കുരുക്കിലും ദൈവ സങ്കല്‍പത്തിലും വിശ്വാസി സമൂഹം അകപ്പെട്ടിരിക്കുന്നു എന്നു സാരം. സകല നിരര്‍ഥക സങ്കല്‍പങ്ങളുടേയും കഴുത്തറത്തു കോടാലി തൂക്കാന്‍ അബ്രഹാം വരുമായിരിയ്ക്കും, കുരുതിക്കളത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വിമോചകപുത്രന്‍ നൈല്‍ നദിയുടെ തീരത്തണയുമായിരിയ്ക്കും!

മത്സരിച്ചു മുന്നേറുവിന്‍, നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും വാനഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും. അത് ദൈവത്തിന്റെ ഔദാര്യമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. ദൈവം മഹത്തായ ഔദാര്യമുടയവനല്ലോ.(ഖുര്‍ആന്‍)

ക്ഷണഭംഗുരമായ ഐഹിക വിഭവങ്ങളുടെ പളപളപ്പിന് വേണ്ടി കിതച്ചോടുന്നതിനേക്കാള്‍ അഭികാമ്യമായ ഒരു കുതിച്ചോട്ടരീതി ദൈവം വിവരിച്ചു തരുന്നുണ്ട്. ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്‍ക്കുന്ന നന്മയിലേയ്ക്കുള്ള മത്സരത്തിന്റെ വിശാലമായ ഭൂമികയിലെ കഠിനാധ്വാനിയായ കര്‍ഷകനാകുക. ശുഭ പ്രതീക്ഷയുടെ തോട്ടങ്ങളില്‍ കര്‍മ്മ നിരതനായി ഉഴുതുമറിച്ച് നന്മയുടെ വിത്തുകള്‍ വിതയ്ക്കുക. അവിടെ വളരുന്ന കളകളെ യഥാസമയം പിഴുതെറിഞ്ഞ് ആത്മാര്‍ഥതയുടെ പോഷണം നല്‍കി വളര്‍ത്തി ഉടയ തമ്പുരാനില്‍ ഭരമേല്‍പിച്ച് വിളവെടുപ്പിന് കാത്തിരിക്കുക.
30.06.2014
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.