Thursday, March 3, 2016

നെയ്‌തിരിയെ നേരിടാന്‍ കെല്‍പില്ലാത്ത ഇരുട്ട്‌

നെയ്‌തിരിയെ നേരിടാന്‍ കെല്‍പില്ലാത്ത ഇരുട്ട്‌
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘങ്ങളും സംഘടനകളും സമൂഹത്തിന്റെ തന്നെ ഭാഗമാണ്. അതിനാല്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സാംസ്‌കാരിക അപജയങ്ങളുടെ പ്രതിഫലനങ്ങള്‍ എല്ലാറ്റിലും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പ്രകടമായേക്കാം. അതുകൊണ്ടാണ് ആത്യന്തികമായി സമൂഹം നന്നാവണം എന്നു പറയുന്നത്. നല്ല സമൂഹത്തില്‍ നിന്നും നല്ല സംഘങ്ങളും സംഘടനകളും സേവകരും വളര്‍ന്നു വരും. വര്‍ത്തമാന രാജ്യത്തിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥ, വിധ്വംസക വിദ്വേഷ പ്രചാരകന്മാരെ ആചാര്യന്മാരായി ഗണിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു ജന സംഘം ശക്തിയാര്‍ജിച്ചുവെന്നതും, അവര്‍ കാവിയും കാക്കിയുമുടുത്തു കുറുവടിയുമായി രാജ്യത്തുടനീളം സൈ്വരവിഹാരം നടത്താന്‍ തക്ക അധികാര രാഷ്ട്രീയ കാലാവസ്ഥ രൂപംപൂണ്ടു എന്നതുമാണ്.

മുറിവുണങ്ങാത്ത ചില പ്രദേശങ്ങളിലെ ചലവും ചോരയും ദുര്‍ഗന്ധവും കൊണ്ട് പടുത്തുയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന സംവിധാനങ്ങളുടെ കരിയും കറയും ശുചിയാക്കുക എന്നത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല. എന്നാല്‍ അരക്ഷിതാവസ്ഥ മുതലെടുക്കാനൊരുങ്ങിയവര്‍ക്ക് സോഷ്യല്‍ മിഡിയയുടെ കാട്ടില്‍ ഒരു തീപ്പൊരി പോസ്റ്റിയാല്‍ മതിയാകും.

സ്‌നേഹവും സഹൃദവും മനുഷ്യത്വവും സുരക്ഷിതാവസ്ഥയുടെ പ്രാധാന്യവും നിമിഷാര്‍ധം കൊണ്ട് പ്രസരിപ്പിക്കാനാകില്ല. സംയമനത്തോടെ ബുദ്ധിപരമായി കളത്തിലിറങ്ങിയില്ലെങ്കില്‍ മഹാ ദുരന്തങ്ങള്‍ക്ക് സാക്ഷികളാകേണ്ടിവരും. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കാട്ടു കുറുക്കന്മാര്‍ കാവല്‍ക്കാരാകുന്നതിലെ അസാംഗത്യം ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ബാധം തുടരുക തന്നെ വേണം.

അധര്‍മ്മത്തിന്റെ തുരുമ്പെടുത്ത തൂണുകളില്‍ എത്ര ആകര്‍ഷകമാക്കി പടുത്തുയര്‍ത്തപ്പെട്ട പറുദീസയാണെങ്കിലും നിലം പരിശാകുന്ന കാലം വിദൂരത്തല്ല. ഇതായിരിക്കാം ഒരു ശുഭ പ്രതിക്ഷകന്റെ ആത്മ വിശ്വാസം.

ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം മാത്രം പൂക്കുന്ന ദുര്‍‌ഗന്ധം വമിപ്പിക്കുന്ന 'റ്റിറ്റാഅരും' വിരിയുന്നു എന്ന കാരണത്താല്‍ സുഗന്ധമുള്ള പൂക്കളൊന്നും തങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താറില്ല. ഓരോന്നും സ്വത സിദ്ധമായ രൂപവും ഭാവവും ഗന്ധവുമായിരിക്കും പ്രസരിപ്പിക്കുക. ഓരോന്നിന്റെയും സ്വഭാവ വിശേഷങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കുകയും ഇല്ല. കൊടിത്തൂവയെ ചൂണ്ടി കുറുന്തോട്ടിയാണെന്നു എത്ര ആണയിട്ടുറപ്പിച്ചാലും സാധൂകരിക്കപ്പെടുകയില്ല. ഒരു പക്ഷെ താല്‍കാലികമായി വിശ്വസിക്കപ്പെട്ടാലും ഒരു വേള അടുത്തറിയുന്ന സാഹചര്യത്തില്‍ ചൊറിയുന്ന ചെടിയും തൊടിയും സുബോധമുള്ളവര്‍ തൂത്തെറിയാതിരിക്കില്ല.

ഇടപെടലുകളുടെ പൂര്‍ണ്ണ സൗന്ദര്യം പീലിവിടര്‍ത്തിക്കൊണ്ട് നമ്മുടെ മാനത്ത് രൂപം പൂണ്ട കാര്‍മേഘങ്ങളെ പെയ്‌തൊഴിപ്പിക്കാന്‍ ഇനിയും താമസിക്കരുത്. മധുര മനോഹരമായ ഒരു സൗഹൃദത്തില്‍ അനുഭവേദ്യമായ ഇരട്ടി മധുരത്തിന്റെ കഥ പങ്കുവെച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ഒരാള്‍ പതിവായി ഒരു വൃദ്ധയില്‍ നിന്നും മധുര നാരങ്ങ വാങ്ങിക്കും. ഒന്നെടുത്ത് രുചിച്ച് പുളി രസമാണെന്നു പറഞ്ഞ് രുചിച്ചു നോക്കാന്‍ ആവശ്യപ്പെട്ട് ഒരെണ്ണം വൃദ്ധയ്ക്ക് കൊടുക്കും. ദിവസങ്ങള്‍ നീങ്ങി. ഒരിക്കല്‍ ഇയാളുടെ സഹധര്‍മ്മിണി ആശ്ചര്യപ്പെട്ടപ്പോള്‍ വൃദ്ധയെ നാരങ്ങ കഴിപ്പിക്കാനുള്ള തന്ത്രമാണിതെന്നു അയാള്‍ വിവരിച്ചു. കുറ്റം പറഞ്ഞ് നിത്യവും നാരങ്ങ വാങ്ങിക്കുന്ന ഇയാള്‍ക്ക് തൂക്കത്തിലധികം കൊടുക്കുന്ന വൃദ്ധയോട് സമീപസ്ഥനായ കച്ചവടക്കാരന്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍ അയാളുടെ നന്മ മനസ്സിലാക്കിക്കൊണ്ടാണെന്നു അവര്‍ പ്രതിവചിച്ചു. അഥവാ രണ്ട് സദ്‌വിചാരങ്ങള്‍ സമ്മേളിച്ച ഇടപാടില്‍ ഒരു നാരങ്ങത്തോട്ടം തന്നെ രൂപം കൊള്ളുന്നു എന്നര്‍ഥം. ഭൂമിയിലെ സകല മധുരങ്ങളേയും വെല്ലുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഇത്തരം മുഹൂര്‍ത്തങ്ങളില്‍ വിഭാവന ചെയ്യാന്‍ സാധിക്കുമായിരിക്കും.

അന്ധകാരാവൃതമായ പ്രദേശത്താണ് പ്രകാശത്തിന് കൂടുതല്‍ തെളിച്ചവും വെളിച്ചവും കൈവരുന്നത്. ദുര്‍ഗന്ധ ഭൂമികയിലാണ് സുഗന്ധം ഏറെ ആകര്‍ഷിക്കപ്പെടുന്നതും. വെളിച്ചം പരത്തും എന്ന ഘോര ഗര്‍ജ്ജനത്തേയ്ക്കാള്‍ ഒരു കൈത്തിരി തെളിയിക്കുക എന്ന എളിയ ശ്രമമാണ് അഭികാമ്യം. ദുര്‍ഗന്ധത്തെ പഴിക്കുക എന്നതിനെക്കാള്‍ സുഗന്ധം പ്രസരിപ്പിക്കുക എന്ന ദൗത്യമാണ് കരണീയം. എത്ര കരിമ്പടം പുതച്ച കൂരിരുട്ടിനും ഒരു നെയ്ത്തിരിയെ നേരിടാന്‍ കെല്‍പില്ലെന്നു മറക്കാതിരിക്കുക. ക്രിയാത്മകമായി കര്‍മ്മം നടക്കുമ്പോള്‍ സര്‍ഗാത്മകമായി ധര്‍മം പൂവണിയും.
03.03.2016
ഇസ്‌ലാം ഓണ്‍ ലൈവിനുവേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.