Monday, June 15, 2026

മുഹറം പിറന്നു

ഹിജ്‌‌റ പുതു വര്‍‌ഷം 1448  പിറന്നു.ചന്ദ്രമാസ കലണ്ടറിലെ ഒന്നാം മാസമാണ് മുഹറം. ഇന്ന് നാം എണ്ണുന്ന മാസങ്ങളുടെ നാമങ്ങള്‍ പ്രവാചക പ്രഭു മുഹമ്മദ് നബിയുടെ കാലത്തിനു വളരെ മുമ്പ് തന്നെ നിലനിന്നിരുന്നു. അന്നും വര്‍‌ഷത്തിലെ ആദ്യ മാസം മുഹറം തന്നെ. പ്രവാചകന്റെ ഹിജ്റ നടന്നത് യഥാര്‍‌ഥത്തില്‍ മുഹറ മാസത്തിലല്ല. ഹിജ്റ വര്‍‌ഷം എണ്ണിത്തുടങ്ങിയപ്പോൾ മുഹറം ആദ്യ മാസമായി എന്ന് മാത്രം. മുഹറം പ്രവാചകന് ശേഷം പ്രസിദ്ധമായത് കർബല ചരിത്രവുമായി ബന്ധെപ്പെട്ടാണ്. സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമായിരുന്നു കർബല.

മുഹറം ഹിജ്‌റ വർഷത്തിലെ ആദ്യമാസമാണ് എന്നത് കൊണ്ട് തന്നെ വിശ്വാസി സമൂഹത്തില്‍ അത് ഓർമ്മിക്കപ്പെടുന്നു. വിശ്വാസികളുടെ ആരാധന കാര്യങ്ങളിൽ സൂര്യനെ പോലെ ചന്ദ്രനും സ്ഥാനമുണ്ട്.അഞ്ചു നേരത്തെ നമസ്‌കാര സമയവുമായി ബന്ധപ്പെട്ട് സൂര്യനെ പിന്തുടരുമ്പോൾ നോമ്പ് ഹജ്ജ് നിര്‍‌ബന്ധ ദാനം പോലുള്ള കാര്യങ്ങൾക്ക് ചന്ദ്രനെ പിന്തുടരുന്നു. സൂര്യ മാസവും ചന്ദ്ര മാസവും ലോകത്ത് അംഗീകരിച്ച രീതികളാണ് എന്ന് കൂടി ചേർത്ത് വായിക്കണം.

ഹിജറ കലണ്ടർ ചരിത്രത്തിന്റെ ഭാഗമാണ്. ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ചതിൽ ഹിജ്റയുടെ പങ്കു വലുതാണ്. അന്ന് വരെ ഇസ്‌‌ലാമികമായ പ്രബോധനം കേവലം വിശ്വാസത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇസ്‌ലാമിക ദര്‍‌ശനം ഭൂമിയിൽ നടപ്പാകാൻ തുടങ്ങി എന്നതാണ് ഹിജ്റയുടെ കാതൽ. ഒരു അഭയാർഥി എന്ന നിലയിലാണ് പ്രവാചകൻ മക്കയിൽ നിന്നും യഥ്‌രിബിലേക്ക് പോകുന്നത്.പിന്നീട് യഥ്‌രിബ് ഒരു നാഗരികതയായി പട്ടണം എന്നര്‍‌ഥമുള്ള മദീനയാകുന്നതും മദീനയുടെ ഭരണാധികാരിയായ പ്രവാചകനെയുമാണ്‌ ലോകം കണ്ടത്.തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഈ ചരിത്ര മുഹൂര്‍‌ത്തത്തോളം വിപ്ലവകരമായ ഒരു ചരിത്രഗാഥയുടെ മാതൃക ഇന്നേവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ലോകത്തിന്റെ പല ഭാഗങ്ങളിലും മുഹറം മറ്റൊരു രീതിയിൽ ആചരിക്കപ്പെടുന്നു. ഷിയാ സംസ്കാരത്തിൽ മുഹറം ഒരു ദുഃഖ സ്മരണയാണ്‌. കർബല എല്ലാവര്‍‌ക്കും നൽകുന്നത് ദുഃഖ പൂർണമായ ഓർമ്മകൾ തന്നെയാണ്. ഇമാം ഹുസൈനും കുടുംബവും ക്രൂരമായി കൊലചെയ്യപ്പെട്ട ചരിത്രം നാം കുറച്ചു മാത്രം ഓർക്കാൻ ആഗ്രഹിക്കുന്നു. 

സുന്നി ഷിയാ എന്ന വേർതിരിവിനു ആക്കം കൂട്ടിയ കാരണം കൂടിയായിരുന്നു കർബല.ഒരു സുന്നീ വിരുദ്ധതയുടെ ആഘോഷമാണ് ആ നിലയിൽ മുഹറം. മുആവിയയും മകൻ യസീദുമാണു പ്രതി സ്ഥാനത്ത്. അതിന്റെ ചരിത്ര പരിശോധന ഇന്നും അപൂർണമായി നിൽക്കുന്നു. ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ ഇമാം ഹുസൈൻ ശ്രമിച്ചു എന്ന് ഒരു വിഭാഗം സമര്‍‌ഥിക്കുന്നു. അതെ സമയം ഖിലാഫത്തിൽ നിന്നും രാജ വാഴ്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ചോദ്യം ചെയ്യാൻ ശ്രമിച്ച ഇമാം ഹുസൈൻ എന്ന വിപ്ലവകാരിയെ കുറിച്ച് മറുവിഭാഗം വായിക്കുന്നു.എങ്കിലും ഇമാം ഹസൈനോടും കുടുംബത്തോടും ഭരണകൂടം ചെയ്‌തത് അക്രമം തന്നെ എന്ന് വിശ്വസിക്കുന്നതാണ്‌ ചരിത്രപരമായ നീതി.

അടിച്ചമർത്തപ്പെട്ട ജനതയുടെ സ്വാതന്ത്യത്തെ കുറിച്ച സ്വപ്‌നമാണ് ഹിജ്റ നൽകുന്ന സന്ദേശം. എല്ലാം പ്രതികൂലമാകുന്ന സാഹചര്യത്തിൽ പോലും ദൈവത്തില്‍ പ്രതീക്ഷ അർപ്പിക്കാൻ കഴിയുക എന്നത് വിശ്വാസത്തിന്റെ അറ്റമാണ്. ഥൗര്‍ ഗുഹയിൽ വെച്ച് പുറത്തുള്ള ശത്രുവിനെ കുറിച്ച് വേവലാതി പറഞ്ഞ പ്രവാചകന്റെ പ്രിയപ്പെട്ട അനുചരനായ അബൂബക്കറിനോട് മൂന്നാമനായി ദൈവമുണ്ട് എന്ന് പറഞ്ഞു സ്വാന്തനപ്പെടുത്തുന്ന പ്രവാചക ശ്രേഷ്‌ഠനെ നാം കാണുന്നു. തങ്ങളെ ഒറ്റുകൊടുക്കാന്‍ അടുത്ത് വന്ന സുറാഖയുടെ കൈപിടിച്ച് “ ഈ കൈകളിൽ റോമ ചക്രവർത്തിയുടെ വളകൾ അണിയിക്കും” എന്ന് പ്രവചിക്കുന്ന ശുഭാപ്‌‌തി വിശ്വാസിയായ പ്രവാചകനെയാണ്‌ ചരിത്രം വരച്ചു കാണിക്കുന്നത്.

അഥവാ എല്ലാം ഉപേക്ഷിച്ച് നഷ്‌ടബോധത്തോടെ പലായനം ചെയ്‌ത നിസ്സഹാനെയല്ല പകരം ആത്മവീര്യത്തോടെ നേടിയെടുക്കാനുള്ള വിജയ പ്രതീക്ഷയിൽ മുന്നേറുന്ന ധീരനായ പ്രവാചകനെ കുറിച്ചാണ്‌ ചരിത്രം വാചാലമാകുന്നത്.ഹിജ്റ നിരാശയല്ല പ്രതീക്ഷയാണ് നൽകുന്നത്.

=========

ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള നബിമാരുടെ ജീവിതത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ദിവസമാണ് മുഹറം 9.10. 

യൂസുഫ് നബി, നൂഹ് ‌നബി, ഇബ്‌റാഹീം നബി,യൂനുസ്‌ നബി, ഈസാ നബി തുടങ്ങിയവരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രുക്കളുടെ അപായങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ പവിത്ര മാസമാണിത്‌.

ആദം നബിയുടെ തൗബ സ്വീകരിക്കപ്പെട്ടത് മുഹറം പത്തിനാണ്. 

നൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ യാത്ര അവസാനിപ്പിച്ചതും നങ്കൂരമിട്ടതും മുഹറം പത്തിനാണ്. 

മഹാനായ കലീമുല്ലാഹി മൂസ നബിക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും മുഹറത്തിലാണ്.

യ‌അ്‌കൂബ് നബിയുടെ കാഴ്ചശക്തി തിരിച്ചു കിട്ടിയതും മഹാനായ സുലൈമാൻ നബിക്ക് രാജാധികാരം ലഭിച്ചതും മുഹറം പത്തിനാണ്. 

ചരിത്രം സാക്ഷ്യം വഹിച്ച സംഭവ ബഹുലമായ ഒട്ടേറെ വിസ്മയങ്ങള്‍ മുഹറ മാസത്തിലാണ് സംഭവിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

------------

01. ഇബ്റാഹീം നബി അഗ്നി കുണ്ഠത്തില്‍ നിന്നു രക്ഷപ്പെട്ടു.

02. യൂസുഫ് നബി (അ)ജയില്‍ മോചിതനായി.

03. അയ്യൂബ് നബിയുടെ മാറാവ്യാധി സുഖപ്പെട്ടു

04. മൂസ നബിയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനതയെ ഫറോവയില്‍ നിന്നു മോചിപ്പിക്കുകയും ചെങ്കടലിൽ ഫറോവ മുങ്ങി താഴുകയും ചെയ്തു.

05. ദാവൂദ് നബിയുടെ പാപമോചനം.

06. സുലൈമാന്‍ നബിക്ക് രാജാധികാരം തിരികെ ലഭിച്ചത്.

07. യൂനുസ് നബി മത്സ്യത്തിന്റെ ഉദരത്തില്‍ നിന്നു പുറംതള്ളപ്പെട്ടത്.

08. ഈസാ നബി ക്രൂശിക്കപ്പെടാതെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടത്.

09. മുഹമ്മദ് നബിക്ക് അത്യുന്നതമായ പദവി ലഭിച്ചത്.

10. ഖിളര്‍ നബിയുടെ വിജ്ഞാനത്തില്‍ വര്‍ദ്ധനവ് നേടിയത്.

11. സ്വര്‍ഗവും നരകവും സൃഷ്‌ടിക്കപ്പെട്ടത്.

12. അര്‍ശും കുര്‍സും സൃഷ്‌ടിക്കപ്പെട്ടത്.

13. ലൗഹും ഖലമും സൃഷ്‌ടിക്കപ്പെട്ടത്.

14. ജിബ്രീല്‍, മീകാഈല്‍, ഇസ്റാഫീല്‍, അസ്റാഈല്‍ എന്നീ മാലാഖമാര്‍ സൃഷ്‌ടിക്കപ്പെട്ടത്.

15. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്.

=============

സമ്പാദനം

എം


0 comments:

Post a Comment

Note: Only a member of this blog may post a comment.