അക്രമത്തിന് ഇരയായവന്‍ പ്രതിരോധിക്കാനും പ്രതിഷേധിക്കാനും തുടങ്ങി.കൂടെ നില്‍ക്കുന്നവരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.അക്രമിക്കപ്പെട്ടയാള്‍ വീണ്ടും തന്റെ പ്രതിഷേധം തുടര്‍ന്നപ്പോള്‍, കൂടെയുള്ളവര്‍ ചോദിച്ചു "താങ്കളെന്തിനു ഒറ്റയ്‌ക്ക് ശബ്‌ദിക്കണം. ഞങ്ങള്‍ കൂടെ ഇല്ലേ "കൂട്ടമായി നില്‍ക്കുന്നതിലും ശബ്‌ദിക്കുന്നതിലും വിരോധമൊന്നും ഇല്ല.മാത്രമല്ല അങ്ങനെയും നാം നടത്തുന്നുമുണ്ട്. എന്നിരുന്നാലും,നാമെല്ലാവരും ഒത്തു കൂടി നില്‍ക്കുമ്പോള്‍ പോലും എന്നെ മാത്രമായിരുന്നുവല്ലോ അക്രമി ഉന്നം വെച്ചത് ? അയാള്‍ വിശദീകരിച്ചു.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഇരകളുടെ ഒറ്റക്കുള്ള നിലവിളികള്‍ ഉയരുന്നതില്‍ ആരും അസ്വസ്ഥത പ്രകടിപ്പിക്കേണ്ട കാര്യമൊന്നുമില്ല.തികച്ചും സ്വാഭാവികം മാത്രം.
ഈ സ്വാഭാവികത മനസ്സിലാകാഞ്ഞിട്ടൊന്നും അല്ല.ചില കപട വിപ്‌ളവ വെറിയന്മാരുടെ വീര ശൂര പരാക്രമം.എല്ലാറ്റിന്റെയും പിതൃത്വം ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ സൂത്രമാണന്നേ വിലയിരുത്താനാകൂ.
ബാല്യ കാലത്തെ വിദ്യാലയ കാലം സാന്ദര്‍ഭികമായി ഓര്‍ത്തു പോകുകയാണ്.വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ഹാജറാകാന്‍ കഴിയാതെ വന്നാല്‍ അവധിയെടുക്കാനുണ്ടായ സാഹചര്യം കാണിക്കുന്ന ഒരു കത്ത് രക്ഷാകര്‍ത്താവിന്റെ കയ്യൊപ്പോട് കൂടെ വേണമെന്ന് നിബന്ധനയുണ്ടായിരുന്നു.കത്തിന്റെ രൂപം അധ്യാപകന്‍ ബോഡില്‍ എഴുതി കാണിക്കുകയും ചെയ്‌തിരുന്നു.എല്ലാ കുട്ടികളും അത് പകര്‍ത്തി എഴുതിയെടുത്തു.പിന്നീട് അവധിയെടുക്കുന്ന അവസരത്തിലൊക്കെ അധ്യാപകന്‍ നിര്‍ദേശിച്ച കത്തിന്റെ പകര്‍പ്പ് വെള്ളക്കടലാസില്‍ രക്ഷിതാവിന്റെ സാക്ഷ്യത്തോടെ എല്ലാവരും കൊണ്ടുവരുമായിരുന്നു.പഠിപ്പ് മുടങ്ങാനുണ്ടായ കാരണം എന്തു തന്നെയായാലും 'പനിയും തലവേദനയും'എന്ന പ്രസ്‌തുത കത്തിലെ വാചകത്തിന് ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.
ഇതു പോലെ ചെഞ്ചായം കലര്‍ന്ന ബുദ്ധി ജീവികളുടെ കാര്യവും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയത്രെ.അഥവാ ഇസ്‌ലാം എന്ന പനിയും മദൂദി എന്ന തല വേദനയും.പണ്ടെന്നോ കാട്ടിക്കൊടുക്കപ്പെട്ട ഒരു കാരണം കാണിക്കലിന്റെ പകര്‍പ്പാണ് ഇന്നും സ്ഥാനത്തും അസ്ഥാനത്തും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അധര്‍മ്മത്തിന്റെ വാഹകരേയും ധര്‍മ്മത്തിന്റെ പ്രബോധകരേയും ഒരേശ്രേണിയില്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടുള്ള അത്ഭുതകരമായ താരതമ്യങ്ങളും ഈ രാഷ്‌ട്രീയ പ്രഭുക്കള്‍ നിരത്തുന്നുണ്ട്.സാത്വികനായ മൗദുദിയുടെ പേരു പറഞ്ഞ് ഒരു കൊതുക് പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ഗോള്‍ വാള്‍ക്കറുടെ പ്രേരണയാല്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പോലും കഴിയില്ലെന്ന പച്ചയായ സത്യവും ആര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്.
മതേതരവാദികളുടെ അനവസരത്തിലുള്ള അതിരുവിട്ട ചില മുന്‍ വിധി വര്‍ത്തമാനങ്ങള്‍ ഫാഷിസ്റ്റുകള്‍ക്ക് നല്ല വിഭവമായി മാറാറുണ്ട്.നേരും നെറിയുമില്ലാത്ത ഇവരുടെ അതിരുവിട്ട വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതില്‍ ചെറുതല്ലാത്ത പങ്കും മതേതര വാദികളുടെ ഇത്തരം നിലപാടുകള്‍ കാരണമാകാറുണ്ട്. വേട്ടക്കാരെ വിമര്‍ശിക്കണമെങ്കില്‍ ഇരയേയും പഴിക്കണമെന്ന അലിഖിത നിയമം പോലും രാജ്യത്തെ പൊതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പാലിച്ചു പോരുന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെയത്രെ.നീതിന്യായ നിയമപാലകരില്‍ ഒരു വലിയ വിഭാഗവും ഈ പാതയില്‍ തന്നെയാണെന്നതും അതിലേറെ വേദനാജനകമത്രെ.
അറബി പ്രയോഗങ്ങളോട് പോലും അസ്വസ്ഥതകാണിക്കും വിധമുള്ള ചില ഭാഷാ പണ്ഡിതന്മാരുടെ ആഹ്വാനവും ഈയിടെ ശ്രദ്ധിക്കപ്പെട്ടു.അറബി പ്രയോഗങ്ങള്‍ ഒഴിവാക്കാനുള്ള ആഹ്വാനവും,ഇരകള്‍ ഒറ്റക്ക് പ്രതിഷേധിക്കുന്നതിലെ ആശങ്കയും,ഇതിലൊക്കെ കാര്യമുണ്ടെന്നു തോന്നുന്ന ഈ രാജ്യത്തിന്റെ ഏറെക്കുറെയുള്ള പൊതു ബോധവും രാജ്യം അകപ്പെട്ട ദുരവസ്ഥയുടെ ആഴത്തെയാണ് ചൂണ്ടി ക്കാണിക്കുന്നത്.
അത്യുന്നതനായ ദൈവം എന്ന് പറയുമ്പോള്‍ തോന്നാത്ത അലര്‍ജി അല്ലാഹു അക്‌ബര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് നിസ്സാരമായ വിഷയമല്ല.യഹോവ,ഗോഡ്,ഈശ്വരന്‍,ദൈവം എന്നൊക്കെ പരാമര്‍ശിക്കുന്നതിന്റെ അറബിക് രൂപമാണ് അല്ലാഹു.അല്ലാതെ ഏതെങ്കിലും ചരിത്ര പുരുഷന്മാരുടെയൊ, പ്രവാചകന്മാരുടെയൊ, പരിവ്രാചകന്മാരുടെയൊ ഒന്നും പേരല്ല; അല്ലാഹു എന്ന പ്രയോഗം എന്ന് അറിയാത്തവരൊന്നുമല്ല ഇത്തരം അഭ്യര്‍ഥനകളുമായി വരുന്നതെന്നത് തീര്‍ത്തും ലജ്ജാകരമാണ്.
രാജ്യത്ത് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുണ്ട്.ഇപ്പോള്‍ ഇന്ത്യാ മഹാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത് വംശീയതയിലും വര്‍ഗ്ഗീയതയിലും അഭിരമിക്കുന്ന സംസ്‌കാരം തൊട്ടു തീണ്ടാത്ത ഒരു കൂട്ടം നേതൃത്വം കൊടുക്കുന്ന സര്‍ക്കാറാണ്.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തിനും രാജ്യ നിവാസികള്‍ക്കും സഹിക്കേണ്ടി വന്നതും വന്നു കൊണ്ടിരിക്കുന്നതുമായ പ്രതിസന്ധികളും പ്രയാസങ്ങളും വിവരണാതീതമത്രെ.
ജനഹിതത്തിന് എതിരെ പ്രവര്‍ത്തിച്ചവര്‍ ഫാഷിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട ജന സംഘം മാത്രമാണ് എന്നൊന്നും നമുക്ക് അഭിപ്രായമില്ല.വിശിഷ്യാ രാജ്യത്തെ ന്യൂന പക്ഷ സമൂഹത്തെ ഓളിഞ്ഞും തെളിഞ്ഞും അമ്പെയ്‌തവരിലും വില്ല് കുലച്ചു കൊണ്ടിരിക്കുന്നവരിലും എല്ലാവര്‍ക്കും മോശമല്ലാത്ത പങ്കുണ്ട് എന്നു തന്നെയാണ് അനുഭവം.ഓരോ പാര്‍ട്ടിയുടേയും പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍,അവര്‍ ചെയ്‌തു കൂട്ടിയ അക്രമങ്ങളിലും നെറികേടുകളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നതത്രെ യാഥാര്‍ഥ്യം.
എന്നാല്‍ രാജ്യത്തെ ഇതര രാഷ്‌ട്രിയ പാര്‍ട്ടികള്‍ക്ക് എന്തൊക്കെ പോരായ്‌മകള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ഉതകുന്ന ഒട്ടേറെ വിഭാവനകള്‍ നെയ്‌തുകൊണ്ടിരിക്കാനുള്ള ആസൂത്രണങ്ങളും പദ്ധതികളും ഉണ്ട്.അതേ സമയം ഫാഷിസത്തിന്റെ പക്കല്‍ ന്യൂനപക്ഷത്തോടുള്ള കടുത്ത അസഹിഷ്‌ണുത മാത്രമാണ് കൈമുതലായിട്ടുള്ളൂ എന്നതായിരിക്കണം ഈ 'ജന സംഘത്തെ' ഇതര രാഷ്‌ട്രീയ സംവിധാനങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നത്.
കേരളത്തിലെ മുന്‍ ഡിജിപിയെപ്പോലെയുള്ള വ്യക്തിത്വങ്ങള്‍ യുക്തിരഹിതമായ ചില വര്‍ത്തമാനങ്ങള്‍ പങ്കുവെച്ച സാഹചര്യത്തില്‍ അവസരോചിതമായി ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.വിശ്വാസികള്‍ പന്നി മാംസം കഴിക്കരുതെന്നു ശാസിക്കപ്പെട്ടത് പന്നി ഒരു വിഭാഗം മനുഷ്യരുടെ മാതാവൊ പിതാവൊ ആയതുകൊണ്ടല്ല.മറിച്ച് പ്രസ്‌തുത മാംസം മനുഷ്യന്റെ ആരോഗ്യത്തിനു നല്ലതല്ല എന്നതു കൊണ്ടത്രെ.പന്നി മാംസം കഴിക്കുന്ന ജൂത ക്ര്‌സ്‌തീയ വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്നതു പോലും അനുവദിക്കുന്ന ദര്‍ശനമത്രെ ഇസ്‌ലാം.അഥവാ തങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടത് മറ്റുള്ളവര്‍ക്കും നിഷിദ്ധമാക്കണമെന്ന നിലപാട് വിശ്വാസികള്‍ക്കില്ല ഖുര്‍ആന്‍ അവ്വിധം പഠിപ്പിക്കുന്നുമില്ല.ഖുര്‍ആന്‍ നിരോധിച്ച ഏതു കാര്യവും ആര്‍ക്കും പരിശോധിച്ചു നോക്കാവുന്നതാണ്.
മദ്യം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍,മത്സ്യം-വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്‍, ജീവികളുടെ രക്തം, നായ, പന്നി, കുരങ്ങ്, കഴുത തുടങ്ങിയ മൃഗങ്ങള്‍,മാംസഭുക്കുകളായ മൃഗങ്ങള്‍,കാലു കൊണ്ട് ഇരപിടിക്കുന്ന പക്ഷികള്‍,പൂച്ച-എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍, മ്‌ളേചഛ്തയുമായി ബന്ധപ്പെടുന്ന ജീവികള്‍,കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍ ഇതൊക്കെ വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്.സാമാന്യ ബോധമുള്ളവരും ഇതൊക്കെ ഒഴിവാക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യമാണ്.
പച്ചക്ക് തിന്നുന്നവനും ചുട്ടുകൊല്ലുന്നവനും തല്ലിക്കൊന്നു തിന്നുന്നവനും ഒക്കെ സംസ്‌കാരമുള്ളവരും അനുവദനീയമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹരിക്കുന്നവര്‍ സംസ്‌കാരം കെട്ടവരും എന്നൊക്കെയുള്ള നിരര്‍ഥകമായ വര്‍ത്തമാനങ്ങള്‍ കേന്ദ്ര മന്ത്രി സഭയിലെ മുതിര്‍ന്ന നേതാക്കള്‍പോലും പുലമ്പിക്കൊണ്ടിരിക്കുന്ന അവസ്ഥയും വേദനാജനകം തന്നെ.
ക്രൈസ്‌തവ സമുദായത്തിലെ ഒരു വിഭാഗം അവരുടെ ആഘോഷങ്ങളില്‍ പോര്‍ക്ക് മാംസവും പശുമാംസവും പരിഗണിക്കാറുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ പശുമാംസം ആരും ഇഷ്‌ടപ്പെടുന്നില്ല.അഥവാ കാലികളിലെ ആണ്‍ വര്‍ഗങ്ങളെയാണ് മലയാളി മാംസ ഭുക്കുകള്‍ ജാതി മതഭേദമേന്യ ഇഷ്‌ടപ്പെടുന്നത് എന്നതായിരിക്കാം കൂടുതല്‍ ശരി.
വിശ്വാസപരമായി അപജയം സംഭവിച്ചവര്‍ പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്‌തേക്കാം.ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആരാധിക്കപ്പെടുന്ന വസ്‌തുക്കള്‍ ചേതനമാവട്ടെ അചേതനമാവട്ടെ എന്തായാലും അതിനെ അവഹേളിക്കാനൊ അവമതിക്കാനൊ പാടില്ലെന്നാണ് വിശ്വാസികള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.അഥവാ ഗോക്കള്‍ ആരുടെയെങ്കിലും ആരാധ്യ വസ്‌തുവാണെങ്കില്‍ അവരുടെ വികാരം മാനിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്.
പൗരത്വ ഭേദഗതിയെ കുറിച്ചും പൗരത്വ രജിസ്‌റ്ററിനെ കുറിച്ചും അരങ്ങിലും അണിയറയിലും പ്രകോപന സ്വഭാവത്തിലും പരിഹാസ ഭാവത്തിലും സംസാരിച്ചു കൊണ്ടേ ഇരുന്ന ഭരണ നേതൃത്വത്തിലുള്ളവരുടെ ശൈലിയില്‍ രസകരമായ ചില ഭാവമാറ്റങ്ങളൊക്കെ കാണാന്‍ കഴിയുന്നുണ്ട്.അഥവാ പ്രതിപക്ഷമാണത്രെ രാജ്യത്തെ ന്യൂന പക്ഷങ്ങളെ പേടിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്.രാജ്യത്തെ പൗരന്മാരൊന്നും വ്യാകുലരാകേണ്ട കാര്യമില്ലെന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സമര പ്രഖ്യാപനം പ്രാരംഭം കുറിച്ചതു മുതല്‍ രാജ്യത്തെ തെരുവുകളൊക്കെ എത്ര ശാന്ത ഗംഭീരമായിട്ടാണ് നിറഞ്ഞൊഴുകുന്നത് എന്ന് അന്താരാഷ്‌ട്ര സമൂഹം പോലും വിലയിരുത്തുന്നുണ്ട്.എന്നാല്‍ പൗരത്വ നിയമ ഭേദഗതിയുടെ അനുകൂലികളെന്നു പറഞ്ഞ് രംഗത്തിറങ്ങുന്നവരുടെ കുത്തഴിഞ്ഞ കൂത്താട്ടങ്ങള്‍ തികച്ചും പൈശാചികമാണ്.
വംശീയതയും വര്‍ഗ്ഗീയതയും പരസ്‌പര വിദ്വേഷവും ഭീതിയും വിതച്ച് അധികാരത്തിലെത്തിയവര്‍ക്ക്,സാഹോദര്യത്തിന്റെയും സമത്വ ഭാവനയുടേയും ശാന്തി സമാധാനത്തിന്റെയും സമരമുറകള്‍ സഹിക്കുന്നില്ല.അതിനാലാണ് ഭീകര ഫാഷിസ്റ്റ് സേനകളെ ഉപയോഗിച്ച് സമരമുഖങ്ങളെ വികൃതമാക്കാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യമൊട്ടുക്കും പടര്‍ന്നു പന്തലിച്ച സമര കാഹളത്തിനു തിരികൊളുത്തിയ തിരിയും, തീപ്പൊരിയും, മുദ്രയും,കലാലയാന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ട വിപ്‌ളവ ധ്വനിയും യാതൃശ്ചികമായി സംഭവിച്ചതാകുകയില്ല; പ്രകൃതിയുടെ കാവ്യ നീതിയാണ്. പൂര്‍ത്തീകരിക്കാനുള്ള ചരിത്ര രചനയാണ്.മലബാറിന്റെ പേരക്കുട്ടികളിലൂടെ നിര്‍വഹിക്കാനുള്ള മഹാ കാവ്യത്തിലെ മന്ത്ര മനോഹരമായ ഈരടികളാണ്.
സത്യ സാക്ഷ്യത്തില്‍ അഭിമാനിക്കുന്ന ദൈവത്തെ മാത്രം ഭയമുള്ളവര്‍ എന്നാല്‍,സനാതന ധാര്‍മ്മിക മൂല്യങ്ങളെ മുഖവിലക്കെടുക്കുന്നവരും, സേവന സന്നദ്ധ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിത്തിരിക്കാന്‍ പ്രതിജ്ഞാബദ്ധരും,സമൂഹത്തോടും സമൂഹിക ക്രമങ്ങളോടും പ്രതിബദ്ധതയുള്ളവരും ആണെന്നാണ് അര്‍ഥം.അല്ലാതെ യുക്തി ദീക്ഷയില്ലാത്തവരും അരാഷ്‌ട്രീയ വാദികളും ആണെന്നല്ല.എന്നാല്‍ അനീതിയുടെ തേര്‍വാഴ്‌ചയില്‍,നിയമ വാഴ്‌ചക്ക് നിലതെറ്റിയാല്‍,ക്രമം തെറ്റിയ സമൂഹത്തില്‍ വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം എന്നു പറയുന്നത് സായുധന്റെ ആവേശത്തെപ്പോലും നിര്‍വീര്യമാക്കുന്ന സത്യസാക്ഷ്യത്തിന്റെ ചൂണ്ടു വിരല്‍ തന്നെയായിരിയ്‌ക്കും. വിധേയത്വത്തിന്റെ കൂപ്പുകൈ ആയിരിയ്ക്കില്ല.
0 comments:
Post a Comment
Note: Only a member of this blog may post a comment.