Tuesday, March 14, 2017

നന്മയുടെ വിളവെടുപ്പു കാലം വിദൂരമല്ല.

നന്മയുടെ വിളവെടുപ്പു കാലം വിദൂരമല്ല.
വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ വിജയ പരാജയങ്ങളുടെ കാരണങ്ങള്‍ പലതുമാകാം. സാങ്കേതിക സംവിധാനങ്ങളുടെ വിശ്വാസ്യതയിലേക്കും മറ്റും മാത്രം വിരല്‍ ചൂണ്ടി രക്ഷപ്പെടുന്നതിനോട് പൂര്‍ണ്ണമായും യോജിക്കാനാകുന്നില്ല. മറിച്ച് ഫാസിസത്തിന്റെ അപകടങ്ങളെ പച്ചയായി ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതായിരിക്കണം കൂടുതല്‍ പരമാര്‍ഥം.

യാത്രാ മധ്യേ എത്തിപ്പെട്ട തുരുമ്പെടുത്ത പാലത്തിനടുത്തെത്തിയപ്പോള്‍ ഇതുവഴി എങ്ങനെ ഇനി യാത്ര തുടരും എന്ന് ആശങ്കപ്പെട്ട് ആരും യാത്ര നിര്‍ത്തിവെക്കാറില്ല. തല്‍ക്കാലം കരകടക്കാന്‍ തുരുമ്പെടുത്ത പാലം തന്നെയാണ് ഉപയോഗപ്പെടുത്തുക. ഭാരതത്തിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒരു തുരുമ്പെടുത്ത പാലത്തിനരികെയാണ് എത്തപ്പെട്ടിട്ടുള്ളത്. ഈ പാലത്തെ സുരക്ഷിതമായി പുതുക്കി പണിയുവാനുള്ള ഒരുക്കങ്ങളാണ് ഇനി നടക്കേണ്ടത്. അല്ലാതെ ഇതിന്റെ കേടുപാടുകളെ കുറിച്ച് സംസാരിച്ചതു കൊണ്ട് പാലം സുരക്ഷിതമായ യാത്രാ സൗകര്യമായി പരിണമിക്കുകയില്ല.

പാലത്തിന്റെ അപകടാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ എല്ലാവരും എല്ലാം മറന്നു കളത്തിലിറങ്ങും. പാലത്തിന്റെ അപകടാവസ്ഥ ഇനിയും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നത് വലിയ ദുരന്തമത്രെ. കേടുപാടുകളുള്ള പാലത്തിലൂടെ ചിലര്‍ക്ക് യാത്ര ദുര്‍ഘടമാകുകയും വേറെ ചിലര്‍ക്ക് സുഖകരമാകുകയും എന്ന നിഗമനം ബുദ്ധിപരമല്ല. മുന്നറിയിപ്പ് നല്‍കാന്‍ നിയുക്തരായവര്‍ക്ക് ജനങ്ങളുടെ മൊത്തം യാത്രാ സൗകര്യത്തിന് വിഘാതമായ രീതിയില്‍ അപകടാവസ്ഥയെ ഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

ദുര്‍ഗന്ധം വമിക്കുന്ന പ്രദേശത്തു കൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ടവരുടെ വസ്ത്രത്തിലും ശരീരത്തിലും ദുര്‍ഗന്ധത്തിന്റെ അണുക്കളും അംശങ്ങളും പറ്റിപ്പിടിക്കും. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നു മാത്രം. ഇതിലെ അണുബാധ നിമിത്തമുള്ള അനാരോഗ്യകരമായ അവസ്ഥയും ഉണ്ടായേക്കാം. ഇതില്‍ കുപിതരായിട്ടു മാത്രം കാര്യമില്ല. കുചേലനും, കുബേരനും, വിവരമുള്ളവനും വിവരമില്ലാത്തവനും, വിദ്യാര്‍ഥിയും അധ്യാപകനും, നിയമ ലംഘകനും നിയമ പാലകനും, പ്രജയും പ്രജാപതിയും ഒക്കെ പ്രസ്തുത അണുബാധയ്ക്ക് വിധേയരായേക്കാം. സാംസ്‌കാരികമായി കെട്ടു നാറിയ തീരത്തും ഓരത്തും അധിവസിക്കാന്‍ വിധിക്കപ്പെട്ടവരുടെ അവസ്ഥയും ഇതില്‍ നിന്നും ഭിഹ്നമല്ല. ആത്യന്തികമായി സമൂഹം നന്നാകുക എന്നതു തന്നെയാണ് പ്രധാനം. അതിനാല്‍ എല്ലാ അര്‍ഥത്തിലുമുള്ള വൃത്തി ഹീനമായ സാഹചര്യങ്ങളേയും അതിനുള്ള സാധ്യതകളേയും സാധുതകളേയും ഉന്മൂലനം ചെയ്യാനുള്ള അജണ്ടകളുടെ അടിസ്ഥാനത്തിലായിരിക്കണം ബുദ്ധിയും ബോധവുമുള്ളവര്‍ പ്രവര്‍ത്തന നിരതരാവേണ്ടത്. സകല ദുര്‍ഗന്ധങ്ങളില്‍ നിന്നുമുള്ള മുക്തി എല്ലാ കാലത്തേയും തേട്ടമാണ്. ചുരുക്കത്തില്‍ നല്ല അന്തരീക്ഷം ഇവിടെ മനോഹരമായ അവസ്ഥയും വ്യവസ്ഥയും സംജാതമാകും.

കാത്തു രക്ഷിക്കാന്‍ ഒരു രക്ഷകനുണ്ടെന്ന ദൃഢ സ്വരത്തില്‍ ചോര്‍ന്നു പോകുന്ന ശത്രുവിന്റെ ഊര്‍ജ്ജവും ഊര്‍ന്നു വിഴുന്ന ഉടവാളും ഒരു കടങ്കഥയല്ല. പ്രവാചകനെ പഴിച്ച് വഴി നീളെ നടന്ന ഉമ്മാമയുടെ നിരര്‍ഥകമായ വാക്കുകള്‍ക്ക് മുന്നില്‍ പുഞ്ചിരിയുടെ പൂ നിലാവ് പടര്‍ന്നപ്പോള്‍ സത്യ സാക്ഷ്യം മൊഴിഞ്ഞ് സത്യ സരണി പ്രാപിച്ചതും കെട്ടുകഥയല്ല. സിംഹത്തെ പോലെ ഗര്‍ജ്ജിച്ച് ആട്ടിന്‍ കുട്ടിയെപ്പോലെ കൂട്ടില്‍ കയറിയ വിസ്മയാവഹമായ ചരിതങ്ങളും ഐതിഹ്യമല്ല.

നന്മയുടെ വിത്തുകള്‍ പാകുക. തിന്മയുടെ കളകള്‍ പിഴുതെറിയുക. ഇതായിരിക്കണം സഹൃദയരുടെ അജണ്ടകളില്‍ വര്‍ണ്ണം പകര്‍ന്ന മഷി പുരണ്ട് നില്‍ക്കേണ്ടത്. നന്മ വിതക്കാന്‍ മണ്ണിലിറങ്ങുക. വിളവെടുപ്പു കാലം വിദൂരമല്ല.
14.03.2017
ഇസ്‌ലാം ഓണ്‍‌ലൈവ്

0 comments:

Post a Comment

Note: Only a member of this blog may post a comment.