Sunday, December 4, 2016

അസാധുകാലത്തെ വ്യാകുലതകള്‍

അസാധുകാലത്തെ വ്യാകുലതകള്‍
2016 നവംബര്‍ ആദ്യവാരം മുതല്‍ തുടങ്ങിയ 'അസാധുകാല ബാധ' ഇപ്പോഴും തുടരുകയാണ്. ആദ്യത്തെ ഒരാഴ്ച ജനങ്ങള്‍ പൂര്‍ണ്ണമായും പരിഭ്രാന്തിയിലായിരുന്നു. പിന്നീട് വ്യത്യസ്തങ്ങളായ ഉത്തരവുകളുടേയും പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകളുടേയും അനിശ്ചിതത്വം നിറഞ്ഞ നാളുകളായിരുന്നു. അസാധുവാക്കപ്പെട്ട ആയിരത്തിനും, അഞ്ഞൂറിനും പകരം രണ്ടായിരം രൂപയുടെ നോട്ട് ഇറക്കിയതിന്റെ പ്രഹരം കനത്തതായിരുന്നു. തൊണ്ട വരണ്ട് ദാഹാര്‍ത്തനായ ഒരാള്‍ക്ക് ആഴക്കിണര്‍ കാട്ടിക്കൊടുത്തു എന്ന പ്രയോഗം പോലെ ആഴവും ഈണവുമുള്ള പ്രഹരം. രണ്ടായിരം വേണ്ട എന്നു ഫലകങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും കാണാമായിരുന്നു. മണിക്കൂറുകളോളം വരി നിന്നാല്‍ മാത്രമേ ബാങ്കില്‍ നിന്നായാലും എ.ടി.എം കേന്ദ്രങ്ങളില്‍ നിന്നായാലും നിശ്ചിത പണം ലഭിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടും അതില്‍ എന്തെങ്കിലും ഒക്കെ നിക്ഷേപമുള്ളവരുടേയോ, വിദേശത്തു നിന്നും തങ്ങളുടെ ബന്ധുക്കള്‍ വഴി ബാങ്കില്‍ പണമെത്താന്‍ സാധ്യതയുള്ളവരുടേയൊ അവസ്ഥയാണിത്.

കൂലി വേലകളിലും ഇതര നിത്യ വരുമാനമുണ്ടാക്കി ജീവിച്ചു പോരുന്നവരുടെയും കാര്യം ഏറെ ദയനീയമാണ്. ജോലിയും വേതനവും ഇല്ലാത്തവര്‍ പണിയും പണവുമില്ലാതെ ദുരിതത്തിന്റെ മേല്‍ ദുരിതം പേറുന്നവര്‍. കട കമ്പോളങ്ങളില്‍ ആളൊഴിഞ്ഞ പ്രതീതി. ദാരിദ്ര്യ രേഖയിലുള്ളവരും അതിന്റെ മുകളിലാണെന്നു പറയുന്നവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദയനീയം തന്നെ. കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നെട്ടോട്ടമോടുന്നവര്‍, ചികിത്സയ്ക്കും, മരുന്നിനും വേണ്ടി വെപ്രാളപ്പെടുന്നവര്‍, അതിലുപരി ബന്ധുക്കള്‍ മരണപ്പെട്ട് സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താന്‍ പോലുമാകാതെ നട്ടം തിരിയുന്നവര്‍ എല്ലാ വാര്‍ത്തകളും അത്യന്തം വേദനാ ജനകം. വായ്പ വാങ്ങാനും കഴിയില്ല. ലഭിക്കാനുള്ള സാധ്യതയുമില്ല. വീട്ടു വളപ്പിലെ കായക്കുലയൊ മറ്റെന്തെങ്കിലും കായ്കനികളൊ പറിച്ച് പച്ചക്കറി കടകളില്‍ കൊണ്ടുപോയി പകരം അത്യാവശ്യ വസ്തുക്കള്‍ വാങ്ങുന്ന അവസ്ഥയും ഗ്രാമീണ മേഖലയില്‍ ഉണ്ട്.

രാഷ്ട്രീയ തീരുമാനങ്ങളുടെ അപജയങ്ങള്‍ ചൂണ്ടികാണിക്കപ്പെടുമ്പോള്‍ രാഷ്ട്ര സ്‌നേഹത്തിന്റെ മുദ്രകളുയര്‍ത്തി 'ചെക്ക്' പറയുന്ന പ്രവണത ലജ്ജാകരമാണ്. പാശ്ചാത്യന്‍ കരാള ഹസ്തങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഒരു തുള്ളി വിയര്‍പ്പൊഴുക്കാത്തവരാണ് രാഷ്ടത്തിനുവേണ്ടി രക്തമൊഴുക്കിയവരോട് രാജ്യ സ്‌നേഹം പ്രകടിപ്പിക്കാന്‍ കല്‍പ്പിക്കുന്നതെന്നതും ഖേദകരമാണ്. രാഷ്ട്രം എന്നാല്‍ ഒരു ഭൂപ്രദേശം മാത്രമല്ല. ആ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ജനസഞ്ചയം കൂടിയാണ്. അവരുടെ നോവും വേവും ഒരു രാഷ്ട്ര സങ്കല്‍പത്തിന്റെ അഭിവാജ്യ ഘടകമായിരിക്കണം. മണ്ണെന്നു പറഞ്ഞു വീമ്പു പറയുന്നതിലല്ല മണ്ണിന്റെ മക്കളോടുള്ള അനുകമ്പയിലാണ് ദേശക്കൂറ് കുടികൊള്ളുന്നത്.

സാമ്പത്തിക അരാജകത്വം സൃഷ്ടിക്കപ്പെട്ടത് സമ്പത്തിന്റെ വികേന്ദ്രീകരണത്തിനു പകരം ധ്രുവീകരണം സംഭവിച്ചതാണെന്നു എല്ലാവരും സമ്മതിക്കുന്നു. അഥവാ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയാണിതിനു കാരണം. അതിനാല്‍ ഈ വ്യവസ്ഥയില്‍ നിന്നുള്ള മോചനത്തെ കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഈ അസമത്വത്തിന്നെതിരെ വിരലുയര്‍ത്തി സമ്പത്തിന്റെ അവകാശം സ്‌റ്റേറ്റ് എന്ന സങ്കല്‍പത്തിലേയ്ക്ക് ഉരുത്തിരിഞ്ഞുള്ള ഇസങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നവര്‍ സജീവമാണ്. ഈ മണ്ണില്‍ സകല വിഭവങ്ങളും ആകാശത്തു നിന്നുള്ള അനുഗ്രഹം വഴി പെയ്തിറക്കുന്നവനാരാണോ അവന്‍ അഥവാ ദൈവം തന്നെയാണ് സാക്ഷാല്‍ സമ്പത്തിന്റെ അവകാശി എന്നോര്‍മിപ്പിക്കുന്ന ഇസ്‌ലാമിക വിഭാവനയും ഗൗരവപൂര്‍വം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇടിവെട്ടേറ്റവന് പാമ്പു കടിയേറ്റതുപോലെയാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

പണപ്പെരുപ്പത്തിനും കള്ളപ്പണത്തിനും കാരണക്കാരായവര്‍ക്ക് ഈ ദുരന്തകാലത്തു പോലും ഒരു പ്രയാസവും ഇല്ല. കറിവേപ്പില മുതല്‍ കരിമീന്‍ വരെ ഡിജിറ്റല്‍ പണം കൊടുത്തു വാങ്ങിക്കാനാകും. വമ്പന്‍ ഭോജന ശാലകളിലും, സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഡബിറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ വഴി കച്ചവടം പൊടി പൊടിക്കുമ്പോള്‍ സാധാരണക്കാരന്റെ ഇടനാഴികള്‍ വിജനമാണ്. അവരനുഭവിക്കുന്ന വ്യഥകളും വിവരണാതീതമാണ്. കള്ളപ്പണം മൂലമുള്ള വിലക്കയറ്റത്തില്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയാണ് അതിനെ പ്രതിരോധിക്കാനെന്ന മട്ടില്‍ നടത്തുന്ന 'നിഴല്‍ യുദ്ധത്തിലും' ഊര്‍ദ്ധശ്വാസം വലിക്കുന്നത്.

രാജ്യത്തെ സാധാരണക്കാരായ പൗരന്മാരെ കടുത്ത നിരാശയിലാഴ്ത്തിയ സന്ദര്‍ഭത്തില്‍ പോലും ശക്തമായി പ്രതികരിച്ചുണരാന്‍ പ്രതിപക്ഷത്തിനാവുന്നില്ല എന്നത് അത്യന്തം ഖേദകരമത്രെ. ഒരുമിച്ച് കളത്തിലിറങ്ങിയാല്‍ തങ്ങളുടെ പ്രതാപത്തിന് കോട്ടം തട്ടുമോ എന്നായിരിക്കാം ഈ രാഷ്ട്രീയ സംഘങ്ങളുടെ ഉള്‍വിളി. നീതി പീഠം പോലും ഒരു വേള ഭാരതീയരുണര്‍ന്നെഴുന്നേല്‍ക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രജകള്‍ അര്‍ഹിക്കുന്ന പ്രജാപതി തന്നെയായിരിക്കണം സിംഹാസനത്തിലുള്ളത്. ഇതു കൊണ്ടാണ് പഴമക്കാര്‍ പറഞ്ഞത് 'ഒരു രാജ്യത്തിന്റെ ഭരണാധികാരി ആരാണെന്നു മനസ്സിലാക്കിയാല്‍ ആ രാജ്യ നിവാസികളെ പഠിക്കാം' എന്ന് 'സ്വയം പരിവര്‍ത്തനവിധേമാകാതെ പരിവര്‍ത്തിക്കപ്പെടുകയില്ല'ന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ്യം.

04.12.2016
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.